ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Cherunniyoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

8°43′04″N 76°44′40″E / 8.7178°N 76.7444°E / 8.7178; 76.7444 തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂർ .[2]. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വടക്കു ഭാഗത്തായി വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി പഞ്ചായത്ത് എന്നിവയും തെക്ക് വക്കം പഞ്ചായത്തും കിഴക്കു ഭാഗത്ത് ഒറ്റൂർ പഞ്ചായത്തും പടിഞ്ഞാറ് വെട്ടൂർ പഞ്ചായത്തും ചെറുന്നിയൂരിന്റെ അതിർത്തി പങ്കിടുന്നു.

ചെറുന്നിയൂർ
Map of India showing location of Kerala
Location of ചെറുന്നിയൂർ
ചെറുന്നിയൂർ
Location of ചെറുന്നിയൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല ചിറയൻകീഴ്
ഏറ്റവും അടുത്ത നഗരം വർക്കല
ലോകസഭാ മണ്ഡലം ചിറയൻകീഴ് ലോക്സഭാമണ്ഡലം
നിയമസഭാ മണ്ഡലം ആറ്റിങ്ങൽ നിയമസഭാമണ്ഡലം
ജനസംഖ്യ 37,219 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

ചരിത്രം

തിരുത്തുക

ആറ്റിങ്ങൽ തായ‌‌വഴികൾ തങ്ങിയിരുന്ന കൊല്ലമ്പുഴ നിന്നും 10 കി.മീ. ചുറ്റളവിൽ വരുന്ന ചെറുന്നിയൂരം ഈ തായ്വഴിയുടെ ഭരണ നിയന്ത്രണത്തിൽപ്പെട്ടതായിരുന്നു. ഈ പഞ്ചായത്ത് പ്രദേശത്തെ ഭൂമികളാകെ പണ്ടാരം വക എന്നും, പണ്ടാരപ്പാട്ടം എന്നും നാമകരണം ചെയ്യപ്പെട്ടിരുന്നു. രാജഭരണകാലത്ത് ജന്മി-നാടുവാഴിത്തം ഈ ഗ്രാമത്തിലും നിലനിന്നിരുന്നു. ബ്രിട്ടീഷ് സ്വാധീനവും ചെറുന്നിയൂരിൽ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് അതിർത്തിയിലെ "വെന്നികോട്" എന്ന സ്ഥലം "ബെന്നി സായിപ്പ്" തങ്ങിയിരുന്ന സ്ഥലമായിരുന്നു. നൂറു കൊല്ലങ്ങൾക്കപ്പുറം പഴക്കമുള്ള ഒരു പാശ്ചാത്യ ബംഗ്ലാവ് ഇപ്പോഴും അവിടെയുണ്ട്. അകത്തു മുറിയിൽ ബ്രിട്ടീഷ് ഭരണ കാലത്തെ ഒരു ഓഫീസ് കെട്ടിടവും കാണാൻ കഴിയും.

സ്ഥലനാമോൽപത്തി

തിരുത്തുക

രാജാക്കന്മാരുടെ യാത്രാവേളകളുമായി ബന്ധപ്പെടുത്തി ഈ പ്രദേശത്തിന് ചെറുന്നിയൂർ എന്ന് നാമം കൈവന്നു എന്ന് പറയപ്പെടുന്നു. 'ചെറുനീർ' എന്നാൽ 'ഇളനീർ' എന്നും കേരസമ്യദ്ധമായ ചെറുന്നിയൂരിൽ വച്ച് യാത്രാമധ്യേ തിരുമനസ് ഇളനീർ പാനം ചെയ്കയാൽ ചെറുതീരമുള്ള ഊര് അഥവാ ചെറുന്നിയൂർ എന്ന പേര് ലഭിച്ചെന്ന് ഒരു വാദമുണ്ട്. നിരവധി തോടുകളും ഊറ്റുകളും മറ്റു നീരൊഴുക്കുകളും ഉണ്ടായിരുന്ന പ്രദേശമായതിനാൽ, "ചെറു നീരൊഴുക്കുകളുടെ ഊര്" എന്ന അർത്ഥത്തിൽ ചെറുന്നിയൂര് എന്ന പേരു വന്നെന്ന മറ്റൊരു വാദവും നിലവിലുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

1927-ൽ ശങ്കരവിലാസം പ്രൈമറി സ്കൂൾ എന്ന ഒരു മാനേജ്മെന്റ് സ്കൂൾ ചെറുന്നിയൂർ ചാക്കപ്പൊയ്കയിൽ ആരംഭിച്ചു. ശ്രീ കടത്തൂർ നീലകണ്ഠപ്പിള്ള എന്ന അദ്ധ്യാപകന്റെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം രൂപീകരിക്കപ്പെട്ടത്. ഇന്ന് ഇത് ചെറുന്നിയൂർ ഗവ: എൽ പി എസ്സ് എന്നറിയപ്പെടുന്നു. രണ്ടാമതായി ചെറുന്നിയൂർ പഞ്ചായത്ത് അതിർത്തിയിൽ രൂപീകൃതമായ സ്കൂൾ പാലച്ചിറ മുസ്ലീം എൽ പി എസ്സ് ആയിരുന്നു. ശ്രീ പ്ലാവിള മൈതീൻ, പുത്തൻ പുരയിൽ മീരാ സായു എന്നിവരുടെ നേതൃത്വത്തിലെ ഒരു മാനേജ്മെന്റ് കൊച്ചു പാലച്ചിറ എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടു കൊടുത്ത ഈ സ്കൂൾ ഇന്ന് ഗവ: മുസ്ലീം എൽ പി എസ്സ് എന്നറിയപ്പെടുന്നു. അപ്പർ പ്രൈമറി വിഭാഗത്തിലെ ആദ്യത്തെ സ്കൂളാണ് സെയിന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. മുടിയക്കോട്. 1951 ൽ ഫാദർ ജോസഫ് സ്ഥാപിച്ചതാണിത്. താന്നിമൂട് കെ ജി ജി എൽ പി എസ്സ്, ശ്രീ എച്ച് എസ്സ് തങ്ങൾ പാലച്ചിറ മുക്കിനു സമീപം സ്ഥാപിച്ച ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ എൽ പി യു പി സ്കൂൾ എന്നിവ പഞ്ചായത്തിലെ മറ്റു പ്രമുഖ വിദ്യാലയങ്ങളാണ്. ചെറുന്നിയൂരിലെ ഏക ഹൈസ്കൂളാണ് ചെറുന്നിയൂർ ഗവണ്മെന്റ് ഹൈസ്കൂൾ. 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചില അൺ എയിഡഡ് വിദ്യാലയങ്ങളും ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലുണ്ട്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

തിരുത്തുക

1970 ൽ ആരംഭിച്ച റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ്‌ ആന്റ് ലൈബ്രറി [3] പ്രദേശത്തെ പ്രമുഖമായ ഒരു സാംസ്കാരിക സ്ഥാപനമാണ്. ഒരു എ ഗ്രേഡ് വായനശാല റെഡ്സ്റ്റാറിനുണ്ട്. നാടകം, ചിത്ര രചന, സാഹിത്യം, കായിക മേഖല, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ ഈ പ്രസ്ഥാനം സജീവമാണ്. ചെറുന്നിയൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മറ്റൊരു സംഘടനയായിരുന്നു വൈ എം സി എ. ഒട്ടനവധി നാടകങ്ങൾ വൈ എം സി എ യുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയിട്ടുണ്ട്. മൂന്ന് മറ്റു വായനശാലകളും ഒരു സാംസ്കാരിക കേന്ദ്രവും പഞ്ചായത്തിന്റെ പരിധിയിലുണ്ട്. മുടിയക്കോട് എം എസ് എസ് സി, കട്ടിങ്ങിലെ സാംസ്കാരിക കേന്ദ്രം തുടങ്ങി നിരവധി ക്ലബ്ബുകളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. ഒട്ടനവധി നാടക സംഘങ്ങളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. സോപാനം ആർട്സ്, വർക്കല ഭൂമിക, ആറ്റിങ്ങൽ സൗമ്യസാര (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തുടങ്ങിയ പ്രൊഫഷണൽ നാടക സംഘങ്ങൾ അവയിൽ ചിലതാണ്. കേരള സർക്കാർ, കേരള സംഗീത നാടക അക്കാദമി എന്നിവയുടേതുൾപ്പെടെ ഒട്ടനവധി സംസ്ഥാന തല പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നാടകകൃത്തായ ചെറുന്നിയൂർ ജയപ്രസാദ്, [4] ഹാസ്യനടൻ എന്ന നിലയിൽ നാടകരംഗത്ത് പ്രശസ്തനായ ചെറുന്നിയൂർ നമശിവായൻ, നാടക - സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചെറുന്നിയൂർ ബാബു, വർക്കല ജോയി തുടങ്ങി ഒട്ടനവധി കലാകാരന്മാരും ചെറുന്നിയൂരുണ്ട്.

വാണിജ്യ-ഗതാഗത പ്രാധാന്യം

തിരുത്തുക

1877-ലും 1880 ലുമായി വർക്കല തോടിൽ ഒന്നും രണ്ടും തുരങ്കങ്ങളുടെ പണി പൂർത്തിയായതോടെ തിരുവനന്തപുരം വരെ നീളുന്ന ഒരു ജലഗതാഗത മാർഗ്ഗം ഉണ്ടായി. നടയറ കടവിൽ നിന്നും ചെറുന്നിയൂർ പഞ്ചായത്തിന്റെ തെക്കു കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പുത്തൻ കടവിലേക്കുള്ള റോഡിന് 1877-നും പിറകോട് 15-ാം ശതകത്തിന്റെ ആദ്യപകുതിയിലേയ്ക്ക് നീളുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. ഈ ദൂരത്തിൽ ആദ്യകാലം മുതൽക്കുള്ള വിശാലമായ പാത ഇന്നും വലിയ മാറ്റങ്ങളില്ലാതെ നിലനിൽപ്പുണ്ട്. കോഴിത്തോട്ടം കായലിൽ നിലനിൽക്കുന്ന ഈ കടവിൽ നിന്നും കഴക്കൂട്ടത്തിനടുത്ത് കഠിനംകുളത്തുള്ള കായലിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കും ജലഗതാഗത മാർഗ്ഗം നിലനിന്നിരുന്നു.

വർക്കല നിന്നും ആറ്റിങ്ങലേക്കുള്ള ഒരു പാത ഇന്ന് ചെറുന്നിയൂർ പഞ്ചായത്തു വഴി കടന്നു പോകുന്നുണ്ട്. ഇത് ചെറുന്നിയൂർ - കവലയൂർ റൂട്ട് എന്നാണ് അറിയപ്പെടുന്നത്. പഞ്ചായത്ത് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അകത്തുമുറിയിൽ ഒരു റെയിൽവേ സ്റ്റേഷനും നിലവിലുണ്ട്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

1954-ൽ മുടിക്കോട് മേക്കോണം അയന്തി, പാലച്ചിറ, വെന്നിക്കോട്, അകത്തുമുറി, കാറാത്തല, ചെറുന്നിയൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചെറുന്നിയൂർ പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടു. ആദ്യത്തെ പ്രസിഡന്റ് തൊടിയിൽ എൻ. നടരാജനായിരുന്നു. ആദ്യ കാലത്ത് വാടക കെട്ടിടത്തിലാണ് പഞ്ചായത്ത് പ്രവർത്തിച്ചിരുന്നത്. 1965 ൽ സ്വന്തം കെട്ടിടത്തിലേക്ക് പഞ്ചായത്ത് ഓഫീസ് മാറുകയുണ്ടായി. ഇപ്പോൾ അമ്പിളി ചന്തയ്ക്കടുത്തുള്ള ഒരു ബഹുനില മന്ദിരത്തിലാണ് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

ഭൂപ്രകൃതി

തിരുത്തുക

പാലച്ചിറ,വടശ്ശേരിക്കോണം എന്നീ ഉയർന്ന വടക്കൻ പ്രദേശങ്ങളിൽ നിന്ന് തെക്ക് ഭാഗത്തേക്ക് കിഴക്കും പടിഞ്ഞാറുമായി ചരിഞ്ഞുകിടക്കുന്ന ഒരു ഭൂവിഭാഗമാണ് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്. കോഴിത്തോട്ടം കായലിലേക്ക് ഒരു ഉപദ്വീപിന്റെ ആകൃതിയിലാണ് ഈ ഭൂവിഭാഗം കിടക്കുന്നത് . കമ്പിക്കകം, കിഴക്കുള്ള വെള്ളിയാഴ്ചക്കാവ്, വടക്കുപടിഞ്ഞാറുള്ള അയന്തി എന്നിവ താഴ്ന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ. മരക്കടമുക്ക് എന്ന സ്ഥലം വരെയുള്ള കുന്നും, പള്ളിക്കുന്നും, പടിഞ്ഞാറു ഭാഗത്തെ കല്ലുമലക്കുന്നും,പാലച്ചിറയുമാണ്. കല്ലുമലക്കുന്നാണ് ഏറ്റവും വലിയ കുന്ന്. പള്ളിക്കുന്നാണ് ഏറ്റവും ചെറുത് . കാറാത്തല-വെള്ളിയാഴ്ച്ചക്കാവ് തോട്, ചാക്കപ്പൊയ്ക മംഗ്ളാവിൽ-പുത്തൻകടവ് തോട് തുടങ്ങി നിരവധി തോടുകളും, ശിവൻനട വലിയകുളം, വലിയവിളാകംകുളം, അയന്തിക്കുളം എന്നിങ്ങനെയുള്ള അനവധി കുളങ്ങളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സുകൾ. ഉയരമുള്ള പ്രദേശങ്ങളും വയലുകളും (ഏലാകൾ ) കൂടിച്ചേരുന്ന ഒരു ഭൂപ്രകൃതി കായൽത്തീരങ്ങളിൽ അവസാനിക്കുന്നു . കുത്തനെയുള്ള ചരിവുകൾ, കുന്നുകൾ, ചെറിയ ചരിവുകൾ, വയലേലകൾ എന്നിവ മാറി മാറി വരുന്ന ഭൌമപ്രകൃതിയാണ് പഞ്ചായത്തിലെ വാർഡുകളിൽ പൊതുവായി കാണാൻ കഴിയുന്നത്. സമുദ്രനിരപ്പിൽ നിന്നും നൂറ് മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങൾ പഞ്ചായത്തിലുണ്ട്. താഴ്വാരങ്ങൾ, തീരസമതലങ്ങൾ എന്നിങ്ങനെ വർഗ്ഗീകരിക്കാവുന്ന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ഏലാകൾ ഈ പഞ്ചായത്തിലുണ്ട്. ചെറുന്നിയൂർ, പാലച്ചിറ, മുടിയാക്കോട്, കാറാത്തല, വെന്നിക്കോട്, അയന്തി എന്നിവയാണവ.അനിയന്ത്രിതമായ വയൽ നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും കാരണം ഈ ഏലാകൾ നാശോന്മുഖമാണ്. ലാറ്ററൈറ്റ് (ബി ഹോറൈസൺ ഇല്ലാത്തത് ) എന്ന മണ്ണിനം പ്രമുഖമായ തെക്കൻ ഇടനാടൻ സോൺ എന്ന കാർഷിക കാലാവസ്ഥാമേഖലയിലാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ഇത് തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ കാണപ്പെടുന്ന ഒരു കാർഷിക കാലാവസ്ഥാ മേഖലയാണ്.[5]

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

ചെറുന്നിയൂർ മുക്ക് എന്നറിയപ്പെടുന്ന ഒരു കവലയാണ് ചെറുന്നിയൂരിലെ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രം. നിരവധി കച്ചവട സ്ഥാപനങ്ങളും, ബാങ്ക് (എസ്. ബി. റ്റി), പോസ്റ്റ് ഓഫീസ്, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ചെറുന്നിയൂരിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകുന്ന അഞ്ച് പ്രധാന റോഡുകൾ ഇവിടെ കൂടി ചേരുന്നു.

അമ്പിളി ചന്ത എന്നയിടത്താണ് ചെറുന്നിയൂർ വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, പ്രധാന ചന്ത എന്നിവ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂർ മുക്കിനും അമ്പിളിചന്തയ്ക്കും ഇടയിലാണ് ഗവ: ഹൈസ്കൂൾ, ഗവ: എൽ പി സ്കൂൾ, റെഡ്സ്റ്റാർ വായനശാല എന്നിവയുള്ളത്. ദളവാപുരം, പാലച്ചിറ മുക്ക്, മരക്കട മുക്ക്, വെള്ളിയാഴ്ച കാവ്, ശാസ്താം നട, കട്ടിങ്ങ്, വെന്നികോട്, അകത്തുമുറി, കല്ലുമലക്കുന്ന്, അച്ചുമ്മാ മുക്ക്, അയന്തി എന്നിവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന കവലകൾ. ദളവാപുരത്തിനടുത്താണ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും മൃഗാശുപത്രിയും. പൊതു ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കട്ടിങ്ങ് ജംഗ്ഷനടുത്താണ്. മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്. പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്.

ഭരണസംവിധാനം

തിരുത്തുക

ഗ്രാമപഞ്ചായത്ത് വാർഡുകൾ

തിരുത്തുക
  1. അയന്തി
  2. പാലച്ചിറ
  3. വടശ്ശേരിക്കോണം
  4. തെറ്റിക്കുളം
  5. നെല്ലേറ്റിൽ
  6. അച്ചുമ്മാമുക്ക്
  7. ദളവാപുരം
  8. ചെറുന്നിയൂർ
  9. ചാക്കപൊയ്ക
  10. മുടിയാക്കോട്
  11. താന്നിമൂട്
  12. വെന്നികോട്
  13. കട്ടിംഗ്
  14. കല്ലുമലക്കുന്ന്

ഗ്രാമ പഞ്ചായത്ത് മെമ്പർമാർ (2010)

തിരുത്തുക
  1. ലളിത രാജൻ - ബി.ജെ.പി - വനിത സംവരണം - അയന്തി
  2. ജാൻസിബിൻ - ഐ.എൻ.സി - വനിത സംവരണം - പാലച്ചിറ
  3. എം. ജഹാംഗീർ - ഐ.എൻ.സി - ജനറൽ - വടശ്ശേരിക്കോണം
  4. എസ്. ഓമനക്കുട്ടൻ - ഐ.എൻ.സി - ജനറൽ - തെറ്റിക്കുളം
  5. ഓമന ശിവകുമാർ - സി.പി.ഐ (എം)- വനിത സംവരണം - നെല്ലേറ്റിൽ
  6. സലിം യൂസഫ് - ഐ.എൻ.സി - ജനറൽ - അച്ചുമ്മാമുക്ക്
  7. എസ്. ശിവപ്രസാദ്ബി - ബി.ജെ.പി - ജനറൽ - ദളവാപുരം
  8. സി. ബാലകൃഷ്ണൻ നായർ - സി.പി.ഐ (എം)- ജനറൽ - ചെറുന്നിയൂർ
  9. എൽ. സജൻ - സി.പി.ഐ (എം) - എസ്‌ സി - ചാക്കപൊയ്ക
  10. ഉഷാകുമാരി. എസ് - സി.പി.ഐ (എം) - എസ്‌ സി വനിത - മുടിയക്കോട്
  11. ശശികല. എസ് - ഐ.എൻ.സി - വനിത - താന്നിമൂട്
  12. എ. ചന്ദ്രലേഖ - സി.പി.ഐ (എം) - വനിത - വെന്നിക്കോട്
  13. നവപ്രകാശ്. എൻ - സി.പി.ഐ (എം) - ജനറൽ - കട്ടിംഗ്
  14. എ. കെ. സരസ്വതി - സി.പി.ഐ (എം) - എസ്‌ സി വനിത - കല്ലുമലക്കുന്ന്

ഗ്രാമ പഞ്ചായത്ത് ഭരണസമിതി (2010)

തിരുത്തുക
  1. പ്രസിഡന്റ് : ഉഷാകുമാരി. എസ്
  2. വൈസ് പ്രസിഡന്റ് : നവപ്രകാശ്. എൻ

സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പർമാർ

തിരുത്തുക
ധനകാര്യം
തിരുത്തുക
  1. നവപ്രകാശ്. എൻ - ചെയർമാൻ
  2. ലളിത രാജൻ - മെമ്പർ
  3. എം. ജഹാംഗീർ - മെമ്പർ
  4. എസ്. ശിവപ്രസാദ് - മെമ്പർ
വികസനകാര്യം
തിരുത്തുക
  1. ഓമന ശിവകുമാർ - ചെയർമാൻ
  2. എസ്. ഓമനക്കുട്ടൻ - മെമ്പർ
  3. എ. കെ. സരസ്വതി - മെമ്പർ
ക്ഷേമകാര്യം
തിരുത്തുക
  1. എ. ചന്ദ്രലേഖ - ചെയർമാൻ
  2. ജാൻസിബിൻ - മെമ്പർ
  3. സി. ബാലകൃഷ്ണൻ നായർ - മെമ്പർ
ആരോഗ്യം -വിദ്യാഭ്യാസം
തിരുത്തുക
  1. ശശികല. എസ്ൻ - ചെയർമാൻ
  2. സലിം യൂസഫ്മെ - മ്പർ
  3. എൽ. സജൻ - മെമ്പർ

പൊതുവിവരങ്ങൾ

തിരുത്തുക
  1. ജില്ല : തിരുവനന്തപുരം
  2. ബ്ലോക്ക്‌‌ : വർക്കല
  3. വിസ്തീർണ്ണം : 10.87 ച.കി.മി
  4. തദ്ദേശ സ്ഥാപനത്തിന്റെ കോഡ് : G010106
  5. വാർഡുകളുടെ എണ്ണം : 14
  6. ജനസംഖ്യ : 16325
  7. പുരുഷന്മാർ‍ : 7495
  8. സ്ത്രീകൾ‍ : 8830
  9. ജനസാന്ദ്രത : 1502
  10. സ്ത്രീ : പുരുഷ അനുപാതം : 1178
  11. മൊത്തം സാക്ഷരത : 87.44
  12. സാക്ഷരത (പുരുഷന്മാർ ) : 92.22
  13. സാക്ഷരത (സ്ത്രീകൾ ) : 83.42
  1. "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
  2. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്)
  3. http://myredstar.webs.com/[പ്രവർത്തിക്കാത്ത കണ്ണി]
  4. http://cherunniyoorjayapras.wix.com/home# Archived 2016-03-04 at the Wayback Machine.! ചെറുന്നിയൂർ ജയപ്രസാദ്
  5. http://www.kau.edu/pop/agro-ecologicalzonesofkerala.htm Archived 2013-04-05 at the Wayback Machine. "കേരള കാർഷിക സർവ്വകലാശാല"