ചൗരി ചൗരാ സംഭവം

ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നടന്ന പോലീസ്‌ വെടിവെപ്പ്
(Chauri Chaura incident എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പോലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്.[1]. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.

ചൗരി ചൗരാ സംഭവത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചിരിക്കുന്ന രക്തസാക്ഷി സ്മാരകം

പശ്ചാത്തലം

തിരുത്തുക

ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും തുരത്തണമെങ്കിൽ ആദ്യം വേണ്ടത് ഇന്ത്യയിൽ നിന്നും അവർക്കു ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുകയാണ് എന്ന തീരുമാനപ്രകാരം ഗാന്ധിയും അനുയായികളും 1922 ഫെബ്രുവരി 1-ന് സിവിൽ ആജ്ഞാലംഘനം ഗുജറാത്തിലെ ബർദോളിയിൽ നിന്നും തുടങ്ങാൻ തീരുമാനിച്ചു.[2] തുച്ഛമായ വിലയ്ക്ക് ബ്രിട്ടൺ ഇന്ത്യയിൽ നിന്നും പരുത്തി വാങ്ങിക്കൊണ്ടുപോയി തുണി നെയ്തുണ്ടാക്കി അത് കപ്പലിൽ ഇന്ത്യയിൽ കൊണ്ടുവന്ന് ഗണ്യമായ ലാഭത്തിന് വിറ്റുപോന്ന പ്രവണത അവസാനിപ്പിക്കുവാൻ വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു.[3] ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾക്ക് നാടെങ്ങും തീയീട്ടാണ് ജനങ്ങളിതിനോട് പ്രതികരിച്ചത്.

ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. അവർ മുപ്പതിനായിരത്തോളമാളുകളെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ സമരം കൂടുതൽ ശക്തമാകാൻ പോവുകയാണെന്ന് ഗാന്ധി വൈസ്രോയിയെ എഴുതിയറിയിച്ചു. നികുതി കൊടുക്കുവാൻ വിസമ്മതിക്കുവാനും ബ്രിട്ടീഷ് നിയമങ്ങളെ അവഗണിക്കുവാനും ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടു.[3]

അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഊർജ്ജം സംഭരിച്ച് ആയിരക്കണക്കിനാളുകൾ ജയിലിൽ പോയി. ബോംബേയിലെ ഗവർണർ ഈ സമരത്തെ ലോകചരിത്രത്തിലെ ഏറ്റവും ഭീമമായ പരീക്ഷണം എന്നാണ് വിശേഷിപ്പിച്ചത്.[3] അങ്ങനെ സമരം എല്ലാ അർത്ഥത്തിലും വിജയത്തിനടുത്തെത്താറായി നിന്നദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറുന്നത്.

ഫെബ്രുവരി 2-ന് നിസഹകരണപ്രസ്ഥാനത്തിന്റെ അനുയായികൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് പ്രാദേശിക മാർക്കറ്റിൽ നടത്തിയ ജാഥയ്ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെതിരെ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 -ന് ചൗരി ചൗരായിലുള്ള ലോക്കൽ മാർക്കറ്റിൽ വെച്ച് ഒരു മദ്യശാലയ്ക്കെതിരെ ധർണനടത്താൻ ജനനേതാക്കൾ തീരുമാനിച്ചത്.[4] ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സായുധപോലീസുകാരെ ഗവന്മെന്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് അയക്കുകയുണ്ടായി. ഗവണ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആൾക്കൂട്ടം മുന്നോട്ട് നീങ്ങി. സാഹചര്യം നിയന്ത്രണവിധേയമാക്കുവാനായി പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. എന്നാൽ ഇത് വിപരീതഫലമാണുണ്ടാക്കിയത്. ജനക്കൂട്ടം പോലീസുകാർക്കെതിരെ വീറോടെ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും തുടങ്ങി. ഇതോടെ മുന്നോട്ടുകുതിക്കുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ പോലീസ് സബ് ഇൻസ്പെക്ടർ നിർദ്ദേശിച്ചു. മൂന്ന് പേർ ആ നിമിഷം വെടിയേറ്റ് വീണു. അതിലധികം പേർക്ക് പരിക്കേറ്റു.[5]

ഇതോടെ ജനങ്ങളുടെ വീറും വാശിയും പരകോടിയിലെത്തി. അവർ ആക്രോശിച്ചുകോണ്ട് മുന്നോട്ടുകുതിച്ചു. ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ നേർക്ക് കുതിച്ചുവരുന്നത് കണ്ട് നിയന്ത്രണം കൈവിട്ടത് മനസ്സിലാക്കിയ പോലീസുകാർ പിന്തിരിഞ്ഞോടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. തങ്ങളുടെ നേതാക്കളുടെ മൃതശരീരത്തിന് പകരം ചോദിക്കാനായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നാലുഭാഗത്ത് നിന്നും തീകൊളുത്തി.[5]

സബ് ഇൻസ്പെക്ടറടക്കം 22 പോലീസുകാർ ജീവനോടെ സ്റ്റേഷനുള്ളിൽ കിടന്ന് വെന്തുമരിച്ചു.[5]

ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു.[2] തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു.[5] സംഭവത്തെത്തുടർന്ന് അദ്ദേഹം അഞ്ച് ദിവസം നിരാഹാരമനുഷ്ഠിച്ചു.[5] അങ്ങനെ വിജയത്തോടടുത്തു നിന്ന നിസ്സഹകരണപ്രസ്ഥാന പ്രവർത്തനങ്ങൾ 1922 ഫെബ്രുവരി 12-ഓടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയതലത്തിൽ നിർത്തിവെച്ചു.[4]

  1. ഗാന്ധി: എ പൊളിറ്റിക്കൽ ആന്റ് സ്പിരിച്വൽ ലൈഫ് (കാതറിൻ ടിഡ്രിക്). 2006. p. 176-180.
  2. 2.0 2.1 മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.
  3. 3.0 3.1 3.2 ഡൊമിനിക് ലാപ്പിയർ, ലാറി കൊളിൻസ് (2012-08-24). സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഡി.സി. ബുക്സ്. ISBN 9788171300938.{{cite book}}: CS1 maint: year (link)
  4. 4.0 4.1 ഡോ. കെ. വേലായുധൻ നായർ, പി. എ വാരിയർ (2009 മെയ്). ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ. ഡി.സി. ബുക്ക്സ്. ISBN 978 81 264 2335 4. {{cite book}}: Check date values in: |year= (help)CS1 maint: year (link)
  5. 5.0 5.1 5.2 5.3 5.4 "Nationalist Mob Sets Fire to a Police Station in Chauri Chaura Incident, Prompting Mahatma Gandhi to Call Off the Non-Cooperation Movement". വേൾഡ് ഹിസ്റ്ററി പ്രൊജക്ട്. Archived from the original on 2013-06-13. Retrieved 2013 ജൂൺ 15. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ചൗരി_ചൗരാ_സംഭവം&oldid=4145488" എന്ന താളിൽനിന്ന് ശേഖരിച്ചത്