ആര്യാ പള്ളം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിലെ പ്രസിദ്ധയായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു ആര്യാ പള്ളം. യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്നു. തൃശൂരിലെ ഒരു പ്രസ്സിൽ കുറച്ചുകാലം ജോലിചെയ്തിരുന്ന സമയത്ത് വി.ടി. ഭട്ടതിരിപ്പാട്, ഇ എം എസ് തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.[1]
ആര്യാ പള്ളം | |
---|---|
ജനനം | 1908 |
മരണം | 1989 |
തൊഴിൽ | സാമൂഹ്യ പരിഷ്കർത്താവ് , നവോത്ഥാനനായിക |
ജീവിതപങ്കാളി(കൾ) | പള്ളത്ത് കൃഷ്ണൻ നമ്പൂതിരി |
സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ആര്യാപള്ളത്തിന്റെ നേതൃത്വത്തിൽ വിധവാ മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവ നടക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ധാരാളം നമ്പൂതിരി യുവാക്കളെ അണിചേർക്കുവാനും തുടർന്ന് സ്വാതന്ത്ര്യസമരത്തിലും പങ്കെടുപ്പിക്കാനും ഇവർക്കു് സാധിച്ചു.[2] മലബാറിലെ സ്ത്രികളുടെ മാറ് മറയ്ക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകി.
ആദ്യകാല ജീവിതം
തിരുത്തുകമാധവശ്ശേരി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയും ആര്യാ അന്തർജ്ജനവുമാണ് മാതാപിതാക്കൾ. സ്വന്തം സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായിരുന്നു കണ്ടു വളർന്നത്. സ്ത്രീ ജന്മം ഒരു ശാപമായായിരുന്നു അക്കാലത്തെ സവർണകുടുംബങ്ങൾ കണ്ടിരുന്നത്. വൈവാഹിക ജീവിതം വളരെക്കുറച്ചു പേർക്കുമാത്രമായിരുന്നു വിധിച്ചിരുന്നത്, ഇനി വിവാഹം നടന്നാൽ തന്നെ വൃദ്ധനായ ഏതെങ്കിലും ഒരാളായിരിക്കും വരൻ.[3] ഋതുമതികളായ സ്ത്രീകൾക്കുള്ള വിലക്കുകൾ, മാറുമറയ്ക്കാതെ നടക്കുക ഇത്തരം അനാചാരങ്ങൾക്കെതിരേ പ്രവർത്തിക്കേണ്ടതുണ്ടെന്ന് ആര്യ മനസ്സിലാക്കി. പതിമൂന്നാം വയസ്സിലായിരുന്നു വിവാഹം. പുലാമന്തോൾ പള്ളത്തു മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയായിരുന്നു ഭർത്താവ്. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന തെറ്റായ ആചാരങ്ങൾക്കെതിരേ ആര്യ ശബ്ദമുയർത്തിത്തുടങ്ങി. ഭർത്താവിന്റെ പൂർണ്ണ പിന്തുണയും അവർക്കുണ്ടായിരുന്നു.
സാമൂഹിക പ്രവർത്തനങ്ങൾ
തിരുത്തുകഭർത്തൃപിതാവിന്റെ ആജ്ഞകളെ ലംഘിച്ചു. മാറുമറച്ചു നടക്കാൻ തുടങ്ങി. മറക്കുടയും ഘോഷയാത്രയും ഇല്ലാതെ ഇല്ലത്തിനു പുറത്തിറങ്ങി സഞ്ചരിക്കാൻ തുടങ്ങി. മറ്റു മതക്കാരുകൂടി പങ്കെടുത്ത സമ്മേളത്തിൽ സംബന്ധിച്ചു. ഹരിജൻ കുട്ടികളെ ക്ഷേത്രത്തിൽ കയറ്റി. സ്വന്തം മക്കളെ മറ്റു ജാതിയിലുള്ളവർക്ക് വിവാഹം ചെയ്തു കൊടുത്തു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പത്താംദിവസം സമരപന്തലിൽ ആര്യ പ്രസംഗിച്ചു, കെ.കേളപ്പന് ശേഷം താൻ തന്നെ നിരാഹാരം കിടക്കാമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു.[4] താഴെക്കിടയിൽ ജീവിക്കുന്ന സ്ത്രീകൾ കഴുത്തിൽ കല്ലുമാലയും കെട്ടി നടക്കുന്നതിനെതിരേ വ്യാപകമായ പ്രചരണം സംഘടിപ്പിച്ചു. ഇതിനു വേണ്ടി ചങ്ങലയും, വളയും മറ്റാഭരണങ്ങളും അവർ ഉപേക്ഷിച്ചു. രാഷ്ട്രീയമായ അടിമത്തവും, സാമ്പത്തികമായ അടിമത്തവും ഉന്മൂലനം ചെയ്യാതെ സാമൂഹികമായ തുലനം കൈവരുകയില്ലെന്ന മനസ്സിലാക്കിയ ആര്യ ഈ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദേശീയ പാർട്ടിയായ കോൺഗ്രസ്സിൽ ചേർന്നു.
രാഷ്ട്രീയത്തിലേക്ക്
തിരുത്തുകതൊഴിലാളികളെ അണിനിരത്താതെ ഒരു ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കുവാനാവില്ല എന്നു മനസ്സിലാക്കിയ ആര്യ, കർഷകരെ ജന്മിത്തത്തിനെതിരായ സമരത്തിൽ കർഷകരെ അണിനിരത്തി. കോൺഗ്രസ്സിൽ സോഷ്യലിസ്റ്റ് നീക്കങ്ങൾ രൂപപ്പെട്ടപ്പോൾ ആര്യ അതിന്റെ ഭാഗമായി മാറി. സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ ആര്യ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തിച്ചേർന്നു. മഹിളാസംഘത്തിന്റെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്നു. മലബാറിൽ മഹിളാസംഘം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിയായിരുന്നു ആര്യ.[5] കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ ആര്യയും മറ്റു നേതാക്കളെപ്പോലെ പലവിധ പീഡനങ്ങൾക്കും ഇരയായി. ആര്യയുടെ വീട്ടിൽ ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ താമസിച്ചിരുന്നു.
പാലിയം സമരകാലത്ത് സത്യഗ്രഹത്തിൽ പങ്കെടുത്തു. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികളെ നയിച്ചാണ് ആര്യ പാലിയം സമരമുഖത്തെത്തിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ ആര്യ സി.പി.ഐ.എമ്മിനോടൊപ്പം നിന്നു. 1989 ൽ അന്തരിച്ചു.[6]
അവലംബം
തിരുത്തുക- ↑ "'സ്ത്രി', ദേശാഭിമാനി, ആഗസ്ത് 30, 2011". Archived from the original on 2016-03-05. Retrieved 2011-10-30.
- ↑ കൊപ്പം ഗ്രാമ പഞ്ചായത്ത് ചരിത്രം
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 23. ISBN 81-262-0482-6.
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 24. ISBN 81-262-0482-6.
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 25. ISBN 81-262-0482-6.
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 25. ISBN 81-262-0482-6.