അർത്ഥശാസ്ത്രം

ബി സി നാലാം നൂറ്റാണ്ടിൽ ചാണക്യൻ എഴുതിയ പ്രബന്ധം
(Arthashastra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർത്ഥശാസ്ത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അർത്ഥശാസ്ത്രം (വിവക്ഷകൾ) എന്ന താൾ കാണുക. അർത്ഥശാസ്ത്രം (വിവക്ഷകൾ)

ചാണക്യൻ അഥവാ കൗടില്യൻ ബി സി നാലാം നൂറ്റാണ്ടിൽ എഴുതിയ പ്രബന്ധമാണ് അർത്ഥശാസ്ത്രം. രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ എന്നത്തേക്കും മികച്ച കൃതികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

അർത്ഥശാസ്ത്രം

തിരുത്തുക

രാഷ്ട്രമീമാംസാ പ്രതിപാദകമായ കൃതി. ചന്ദ്രഗുപ്തമൗര്യന്റെ (ഭ.കാ. ബി.സി. 324-300) പ്രധാന സചിവൻ എന്നു പ്രസിദ്ധനും, പില്ക്കാലത്തു ചാണക്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിൽ സുവിദിതനും, പ്രായോഗിക രാജ്യതന്ത്രപടുവുമായ കൌടില്യൻ രാഷ്ട്രമീമാംസ, ഭരണനീതി എന്നീ വിഷയങ്ങളെ ആധാരമാക്കി രചിച്ച പ്രാമാണിക ഗ്രന്ഥം. ഏതാണ്ട് 18 നൂറ്റാണ്ടുകൾക്കു ശേഷം ഇതേ വിഷയങ്ങളെ പുരസ്കരിച്ച് ഇറ്റാലിയൻ നയതന്ത്രപടുവായ നിക്കൊളൊ മാക്കിയവെല്ലി (1469-1527) രചിച്ച ദ് പ്രിൻസ് (മലയാളവിവർത്തനം-രാജനീതി) എന്ന കൃതിയും കൌടിലീയാർത്ഥശാസ്ത്രവും പല രാജ്യങ്ങളിലെയും രാഷ്ട്രമീമാംസാപണ്ഡിതന്മാരുടെ താരതമ്യ പഠനത്തിനു വിധേയമായിട്ടുണ്ട്. ഈ കൃതിയിൽ ആവിഷ്കൃതമായിരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തങ്ങളെ ആധാരമാക്കിയുള്ള താരതമ്യാന്വേഷണങ്ങൾ പ്രാചീന യവനദാർശനികന്മാരായ പ്ലേറ്റോ (ബി.സി. 427-347) യുടെ റിപ്പബ്ലിക്കിലും അരിസ്റ്റോട്ടലിന്റെ (ബി.സി. 384-322) പോളിറ്റിക്സിലും വരെ ചിലപ്പോൾ ചെന്നെത്തുന്നതായി കാണാൻ കഴിയും. ഭൌതികവിജ്ഞാനീയം, അതിഭൗതികവാദം (Meta-physics), മനഃശാസ്ത്രം, തർക്കശാസ്ത്രം, ധർമനീതി എന്നിവയിൽ പ്രബലമായി ഉറപ്പിച്ചിട്ടുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിമർശനങ്ങൾ സമഗ്രമായ ഉപപാദനത്തിനു വിധേയമായിട്ടുള്ള ഏറ്റവും പ്രാചീനവും പ്രാമാണികവുമായ ഭാരതീയ ഗ്രന്ഥമാണ് കൗടിലീയാർത്ഥശാസ്ത്രം എന്ന കാര്യത്തിൽ കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ പണ്ഡിതന്മാരും ഏകകണ്ഠതയാണ് പുലർത്തുന്നത്.

ഗ്രന്ഥനാമം

തിരുത്തുക

അർത്ഥം എന്ന വാക്കിന് ധനം, മൂല്യം, പൊരുൾ, നേടേണ്ടത് (പുരുഷാർത്ഥം) തുടങ്ങിയ അർത്ഥങ്ങളുണ്ട്. അർത്ഥശാസ്ത്രം എന്ന പദത്തിനു സാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള വിജ്ഞാനശാഖ എന്നതോടൊപ്പം രാജ്യഭരണ പ്രശ്നങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം എന്ന അർത്ഥവും, കൗടില്യന്റെ കാലത്തിനു മുൻപുതന്നെ, സിദ്ധിച്ചിരുന്നു. മഹാഭാരതത്തിൽ അർജുനനെപ്പറ്റി പറയുന്ന കൂട്ടത്തിൽ,

'സമാപ്തവചനേ തസ്മി-

ന്നർത്ഥശാസ്ത്രവിശാരദഃ

പാർത്ഥോ ധർമാർത്ഥതത്ത്വജ്ഞോ

ജഗൗ വാക്യമതന്ദ്രിതഃ' (ശാന്തിപർവം, 161-9)

എന്നും, 'ഉത്തമന്മാരായ രാജാക്കന്മാർ അർത്ഥശാസ്ത്രതത്ത്വങ്ങളെ മുറുകെപ്പിടിക്കും', 'യഥാർത്ഥശാസ്ത്രേനുപശിഷ്ടജുഷ്ടേ' (290-104) എന്നും പ്രസ്താവമുണ്ട്. ഇതേ വിഷയങ്ങളെക്കുറിച്ച്, കൌടില്യന്റെ കൃതിയെ ഉപജീവിച്ചുകൊണ്ടുതന്നെ പില്ക്കാലത്ത് എഴുതപ്പെട്ടിട്ടുള്ള കാമന്ദകീയ നീതിസാരം, ക്ഷേമേന്ദ്രന്റെ നീതികല്പതരു, ചണ്ഡേശ്വരന്റെ രാജനീതിരത്നാകരം, സോമദേവന്റേതെന്നു കരുതപ്പെടുന്ന നീതിവാക്യാമൃതം, വൈശമ്പായനന്റെ നീതിപ്രകാശിക തുടങ്ങിയ കൃതികളിൽ അർത്ഥശാസ്ത്രത്തിനു പൊതുവേ നീതിശാസ്ത്രം എന്ന പദമാണ് ഉപയോഗിച്ചു കാണുന്നത്. രാഷ്ട്രമീമാംസയ്ക്ക് 'രാജനീതി' എന്നും ശിക്ഷാശാസ്ത്ര (Penology) ത്തിനു 'ദണ്ഡനീതി' എന്നും മറ്റും പിന്നീട് സിദ്ധിച്ച രൂഢീസംജ്ഞകളിലും 'നീതി' എന്ന പദം ആവർത്തിക്കപ്പെട്ടിരിക്കുന്നു. രാജനീതിയെക്കുറിച്ചും രാജശാസ്ത്രത്തെക്കുറിച്ചും ലഭിച്ചിട്ടുള്ള ഏറ്റവും പ്രാചീനമായ ഗ്രന്ഥം കൗടിലീയാർത്ഥശാസ്ത്രമാണ്.

ഉള്ളടക്കത്തിന്റെ സംവിധാനം

തിരുത്തുക

തന്ത്രയുക്തി എന്നു പേര് നല്കപ്പെട്ടിട്ടുള്ള അവസാന (പതിനഞ്ചാമത്തെ) പ്രകരണത്തിന്റെ ആദ്യവാക്യങ്ങളിലാണ് 'അർത്ഥ'ത്തെയും 'അർത്ഥശാസ്ത്ര'ത്തെയും നിർവചിച്ചിരിക്കുന്നത്. 'മനുഷ്യാണാം വൃത്തിരർത്ഥഃ മനുഷ്യവതീഭൂമിരിത്യർത്ഥഃ; തസ്യാപൃഥിവ്യാലാഭപാലനോപായഃ ശാസ്ത്രം അർത്ഥശാസ്ത്രമിതി' (അർത്ഥമെന്നാൽ മനുഷ്യരുടെ വൃത്തി; അതായതു മനുഷ്യർ നിറഞ്ഞ ഭൂമി; അങ്ങനെയുള്ള ഭൂമിയുടെ ലബ്ധിക്കും പാലനത്തിനും ഉപായമായ ശാസ്ത്രം അർത്ഥശാസ്ത്രം). അധികരണം എന്നു പേരു നല്കപ്പെട്ടിട്ടുള്ള 15 ഭാഗങ്ങളായാണ് അർത്ഥശാസ്ത്രത്തിന്റെ സംവിധാനം. ഓരോ അധികരണവും അദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. ഗ്രന്ഥത്തിന്റെ ആദ്യം മുതൽ അവസാനംവരെ ഓരോ അധികരണത്തിലെയും അതിലുള്ള അദ്ധ്യായങ്ങളിലെയും പ്രതിപാദ്യവിഷയങ്ങളെ അനുക്രമമായി നമ്പരിട്ട് ഓരോന്നിനെയും ഓരോ പ്രകരണം എന്നു വിളിക്കുന്നു; അങ്ങനെ അർത്ഥശാസ്ത്രത്തിലുള്ള പ്രകരണങ്ങളുടെ ആകെ സംഖ്യ 180 ആണ്. ചില പ്രകരണങ്ങൾക്ക് ഉപശീർഷകങ്ങളുണ്ട്. രചന ഏറിയകൂറും ഗദ്യത്തിലാണെങ്കിലും, ഒരു പ്രത്യേക വിഷയത്തെ വിശദീകരിച്ചു കഴിഞ്ഞാൽ സാധാരണ ഓരോ അനുഷ്ടുപ്പ് ശ്ലോകം കാണാം. മിക്കവാറും ഈ ശ്ലോകങ്ങൾ അദ്ധ്യായങ്ങളുടെ അവസാനത്തിലാണ്. അതുവരെ വിസ്തരിച്ചു പ്രതിപാദിച്ചതിന്റെ രത്നച്ചുരുക്കമാണ് ഈ ശ്ലോകങ്ങളിൽ കാണുന്നത്.

മേൽ പ്രസ്താവിച്ചതുപോലെ 15 അധികരണങ്ങളിലായി 195 ശീർഷകങ്ങളിലാണ് അർത്ഥശാസ്ത്രം രചിക്കപ്പെട്ടിരിക്കുന്നത്; എങ്കിലും ചില പ്രകരണങ്ങളിൽ ഒന്നിലധികം ഉപശീർഷകങ്ങൾ ഉള്ളതുകൊണ്ട് ഇതിൽ പ്രതിപാദിതമായ വിഷയങ്ങളുടെ സംഖ്യ ഏതാണ്ട് ഇരുനൂറിനടുത്തു വരും. രാഷ്ട്രമീമാംസ, നയതന്ത്രം, ചാരവൃത്തി, യുദ്ധം, സമാധാനം, ദണ്ഡനീതി, ശിക്ഷാശാസ്ത്രം, സിവിൽ-ക്രിമിനൽ നടപടിക്രമങ്ങൾ, സാമൂഹിക-സാൻമാർഗിക മര്യാദകൾ, വിവാഹം, ദായക്രമം, സ്വത്തവകാശം, വ്യാപാര വാണിജ്യ ബന്ധങ്ങൾ, ഭരണവകുപ്പുവിഭജനം, പൊതുവായ പെരുമാറ്റസംഹിത തുടങ്ങി മനുഷ്യ വ്യവഹാരപരിധിയിൽ ഉൾപ്പെടേണ്ട ഘടകങ്ങളിലൊന്നു പോലും കൗടില്യൻ ഈ പ്രാമാണികകൃതിയിൽ നിന്നൊഴിവാക്കിയിട്ടില്ലെന്നു ശീർഷകനാമങ്ങൾ തന്നെ വ്യക്തമാക്കുന്നു. ഇതിലെ അധികരണങ്ങൾ അനുക്രമമായി താഴെ കൊടുക്കുന്നു:

 1. വിനയാധികാരികം (21 വിഷയങ്ങൾ)
 2. അധ്യക്ഷപ്രചാരം (40 വിഷയങ്ങൾ)
 3. ധർമസ്ഥീയം (25 വിഷയങ്ങൾ)
 4. കണ്ടകശോധനം (13 വിഷയങ്ങൾ)
 5. യോഗവൃത്തം ( 7 വിഷയങ്ങൾ)
 6. മണ്ഡലയോനി ( 2 വിഷയങ്ങൾ)
 7. ഷാഡ്ഗുണ്യം (32 വിഷയങ്ങൾ)
 8. വ്യസനാധികാരികം ( 8 വിഷയങ്ങൾ)
 9. അഭിയാസ്യൽകർമം (12 വിഷയങ്ങൾ)
 10. സാംഗ്രാമികം (13 വിഷയങ്ങൾ)
 11. സംഘവൃത്തം ( 2 വിഷയങ്ങൾ)
 12. ആബലീയസം ( 9 വിഷയങ്ങൾ)
 13. ദുർഗലംഭോപായം ( 6 വിഷയങ്ങൾ)
 14. ഔപനിഷദികം ( 4 വിഷയങ്ങൾ)
 15. തന്ത്രയുക്തി (തന്ത്രയുക്തികൾ എന്ന ഒരു വിഭാഗം)

മൊത്തത്തിൽ 195 വിഷയങ്ങൾ.

സാമാന്യം ദീർഘമായ ഈ വിഷയാനുക്രമണിക പരിശോധിച്ചാൽ, 'രാജധർമം', 'നീതിശാസ്ത്രം', 'രാജ്യഭരണം' എന്നെല്ലാം പറയാവുന്ന രാഷ്ട്രമീമാംസാസംഹിതയിൽ കൌടില്യൻ എത്ര ആഴത്തിലും പരപ്പിലും പ്രവേശിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. ഇതിലെ പ്രതിപാദ്യവിഷയങ്ങളുടെ ബാഹുല്യം ഒരു പഠിതാവിനെ ആദ്യം ഒന്ന് അമ്പരിപ്പിക്കുമെങ്കിലും, അർത്ഥശാസ്ത്രം സയുക്തികമായ വിഷയ വിഭജനത്തിന്റെയും പൌർവാപര്യസമന്വയത്തിന്റെയും വിദഗ്ദ്ധാസൂത്രണത്തിന്റെയും സത്ഫലങ്ങൾ ഉൾക്കൊള്ളുന്ന ഒരു അസാമാന്യ സൃഷ്ടിയാണെന്നതിനു സംശയമില്ല.

ഭാഷാസവിശേഷതകൾ

തിരുത്തുക

അർത്ഥശാസ്ത്രത്തിൽ ആകെ 150 അദ്ധ്യായങ്ങളും 180 പ്രകരണങ്ങളും 6,000 ശ്ലോകങ്ങളുമാണുള്ളതെന്ന് ആദ്യത്തെ അദ്ധ്യായം അവസാനിക്കുന്നിടത്ത് കൗടില്യൻ തന്നെ പറഞ്ഞിട്ടുണ്ട് (ശാസ്ത്രസമുദ്ദേശഃ സപഞ്ചാശദധ്യായശതം സാശീതി പ്രകരണശതം ഷട്ശ്ലോകസഹസ്രാണാമിതി). അർത്ഥശാസ്ത്രത്തെക്കുറിച്ച് ദശകുമാരചരിതത്തിൽ ദണ്ഡി പരാമർശിക്കുമ്പോഴും 6,000 ശ്ലോകങ്ങൾ അതിലുണ്ടെന്നു പറയുന്നുണ്ടെങ്കിലും (ഇയമിദാനീമാചാര്യവിഷ്ണുഗുപ്തേന മൌര്യാർഥോ ഷഡ്ഭിഃശ്ലോകസഹസ്രൈഃസംക്ഷിപ്താ) പല അദ്ധ്യായങ്ങളുടെ വിവിധ ഭാഗങ്ങളിലായി 380 ശ്ലോകങ്ങൾ മാത്രമുള്ള ഒരു ഗദ്യഗ്രന്ഥമാണ് ലഭ്യമായിട്ടുള്ളത്.

പൊതുവേ നോക്കിയാൽ ആദ്യകാല 'സൂത്രശാസ്ത്ര'ങ്ങളിലെ പ്രതിപാദനരീതിയും ഭാഷാപ്രയോഗവിധങ്ങളുമാണ് അർത്ഥശാസ്ത്രത്തിലുള്ളത്. ഗദ്യഭാഗങ്ങളെല്ലാം ചെറിയ വാക്യങ്ങളിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു; ശ്ലോകങ്ങൾ എല്ലാം തന്നെ അനുഷ്ടുപ്പ് വൃത്തത്തിലാണെന്നു പറയാം. ഗദ്യഭാഗങ്ങളെ അപേക്ഷിച്ച് പദ്യങ്ങൾ അതീവലളിതങ്ങളാണ്.

പ്രതിപാദ്യവിഷയങ്ങളുടെ കാഠിന്യവും അവയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികസംജ്ഞകളുടെ ബാഹുല്യവും അവയുടെ വിവൃതിയിൽ നല്കിയിരിക്കുന്ന ശൈലിയുടെ സവിശേഷതകളും അർത്ഥശാസ്ത്രത്തെ ആദ്യം സമീപിക്കുന്ന ഒരു പഠിതാവിനെ അല്പം വിഷമിപ്പിച്ചുവെന്നു വരാം. മറ്റു ഗ്രന്ഥകാരന്മാരോ വ്യാഖ്യാതാക്കളോ ഉപയോഗിച്ചിട്ടില്ലാത്തവയും, ഉണ്ടെങ്കിൽത്തന്നെ വ്യത്യസ്താർത്ഥങ്ങളിൽ പ്രയോഗിച്ചിട്ടുള്ളവയും ആയ പല പദങ്ങളും അർത്ഥശാസ്ത്രത്തിൽ സുലഭമാണ്. അനർഥ്യൻ (ദ്രോഹശീലൻ), അന്വാധി (രക്ഷാകർത്താവ്), അപസാരം (നീതീകരണം), അവസ്ഥ (ഉറപ്പ്, ജാമ്യം), ആബന്ധ്യം (ആഭരണം), ഉപലിംഗം (ഊഹം, തെളിവ്), പ്രകർമം (ചാരിത്രധ്വംസനം), പ്രവഹണം അല്ലെങ്കിൽ പ്രഹവണം (വിനോദയാത്ര, പാനസത്കാരം), ഭർമണ്യം (ഭാര്യയ്ക്ക് ചെലവിന് കൊടുക്കുന്ന ധനം), മാനവൻ (കൊള്ളക്കാരൻ), രൂപാജീവ (കുലട), വിവീത (മേച്ചിൽസ്ഥലം), വിശിഖം (വഴി), വീവധം (സൈന്യങ്ങൾക്കുള്ള വിഭവങ്ങൾ), സംയാനം (സമുദ്രയാത്ര), സംവദനം (സ്ത്രീകളെ വശീകരിക്കൽ), സ്ഥാപ്യം (പണയം, സ്ത്രീധനം) മുതലായി എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും എടുത്തുകാണിക്കാൻ കഴിയും. ഇവയ്ക്കു പുറമേ, രത്നങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ 'ആളകന്ദികം' (ബർബരദേശത്ത് സമുദ്രത്തിന്റെ ഒരു ഭാഗമായ അളകന്ദത്തിൽ ഉണ്ടാകുന്നത്), കാർദമികം (പാരസിക-പാഴ്സി?-പ്രദേശത്തുള്ള കർദമനദിയിൽ), കൌടം (മലയാദ്രിയുടെയും ദക്ഷിണസമുദ്രത്തിന്റെയും ഇടയിലുള്ള കോടി എന്ന സ്ഥലത്ത്), കൌലേയം (സിംഹളദ്വീപിൽ മയൂരഗ്രാമത്തിലുള്ള കൂല എന്ന സ്ഥലത്ത്), വൈവർണികം (യവനദ്വീപിൽ വിവർണ സമുദ്രത്തിൽ) എന്നു തുടങ്ങി ഭൂമിശാസ്ത്രപരമായും മറ്റും പല പദശൈലീസൃഷ്ടികളും കൌടില്യൻ നടത്തിയിട്ടുണ്ട്. ഈ രീതിയിൽ അർത്ഥം കണ്ടെത്താവുന്ന ശൈലീപ്രയോഗങ്ങളാണ് 'ഛായാപൌരുഷം' (ശങ്കുപ്രമാണം അതായത് ഒരാളിന്റെ നിഴൽ തന്നിൽത്തന്നെ ഒതുങ്ങുന്ന വലിപ്പം), 'ഹൈമന്യം' (ഹിമജലംകൊണ്ട് സസ്യങ്ങൾ വളരുന്ന സ്ഥലം) മുതലായവ മക്കുണം എന്ന വാക്ക് കൊമ്പില്ലാത്ത ആന എന്ന അർത്ഥത്തിൽ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.

'അപകാരയിത്വാ', 'അഭിമന്ത്രയിത്വാ', അവഘോഷയിത്വാ', 'ഉൻമാദയിത്വാ', 'നിസ്താരയിത്വാ', 'പ്രവാസയിത്വാ', 'സംപുരയിത്വാ' തുടങ്ങി ഉപസർഗങ്ങളുള്ള ക്രിയകൾ 'ക്ത്വാന്ത'ത്തിൽ പ്രയോഗിക്കുന്ന പതിവ് അർത്ഥശാസ്ത്രത്തിനുശേഷം സംസ്കൃതത്തിൽ അത്ര സാധാരണമല്ലാതായിത്തീർന്നിട്ടുണ്ട്.

രാഷ്ട്ര സങ്കല്പം

തിരുത്തുക

ഏറ്റവും സാധാരണമായ ഭരണവ്യവസ്ഥ രാജവാഴ്ചയാണെന്നുള്ള മുൻവിധിയോടുകൂടിയാണ് അർത്ഥശാസ്ത്രത്തിലെ പ്രതിപാദനം. മാത്സ്യന്യായം (വലിയ മത്സ്യം ചെറിയ മത്സ്യത്തെ വിഴുങ്ങുന്നതുപോലെ, ശക്തിയുള്ളവൻ ദുർബലനെ ഇല്ലാതാക്കുന്ന രീതി) കൊണ്ട് മനുഷ്യർ വലഞ്ഞപ്പോഴാണ് അവർ വൈവസ്വത മനുവിനെ രാജാവാക്കിയതെന്നും, ധാന്യങ്ങളുടെ ആറിലൊന്നും മറ്റു സമ്പത്തുകളുടെ പത്തിലൊന്നും രാജഭോഗ (നികുതി) മായി അദ്ദേഹത്തിനു നൽകിയതിനെത്തുടർന്ന് അദ്ദേഹം അവർക്ക് 'യോഗക്ഷേമം' വിതരണം ചെയ്തു തുടങ്ങിയെന്നും രാജവാഴ്ചയുടെ ഉത്പത്തിയെപ്പറ്റി ഇതിൽ ഒരു കഥയുണ്ട്.

പ്രജകൾക്ക് യോഗക്ഷേമം ഉറപ്പുവരുത്തുന്നതിനു രാജാവ് അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളെക്കുറിച്ച് അർത്ഥശാസ്ത്രം ദീർഘമായി ഉപന്യസിക്കുന്നു. ശൂന്യനിവേശനം (തരിശുഭൂമി കൃഷിയോഗ്യമാക്കുക), സേതുബന്ധം (ജലസേചനത്തിന് അണകെട്ടുക), വണിക് പഥനിർമ്മാണം (നിരത്തുകൾ ഉണ്ടാക്കുക), വ്രജം (കന്നുകാലികൾക്ക് മേച്ചിൽസ്ഥലങ്ങൾ), ഖനി തുടങ്ങിയവയുടെ സംരക്ഷണം എന്നിവയാണ് രാജാവിന്റെ പ്രാഥമിക കടമകൾ. 'വിജിഗീഷു'വായ രാജാവ് ശത്രുക്കളുമായി 'കർമസന്ധി' ഉണ്ടാക്കി സമാധാനം ഉറപ്പുവരുത്തണം. വർണാശ്രമധർമങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ദണ്ഡനീതി നിഷ്കൃഷ്ടമായി നടപ്പിൽ വരുത്താൻ രാജാവ് ഒരിക്കലും അശ്രദ്ധ കാണിച്ചുകൂടാ. ഇങ്ങനെയുള്ള കാര്യങ്ങളിൽ രാജാവിനെ സഹായിക്കേണ്ട അമാത്യന്മാർക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെയും അവർക്കു നല്കേണ്ട ശമ്പളത്തെയുംപറ്റി അർത്ഥശാസ്ത്രം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്; ഒരു മന്ത്രിയുടെ സ്ഥാനത്തു മന്ത്രിസഭതന്നെയാകാം. ഒരു രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി മറ്റൊരാളെ വാഴിക്കുന്നതിനുള്ള ഉപജാപങ്ങളെയും അവയെ നേരിടേണ്ട വിധങ്ങളെയും വിവരിക്കുമ്പോൾ കൌടില്യൻ ഒരാധുനികരാഷ്ട്രതന്ത്രജ്ഞന്റെ പ്രായോഗികവൈഭവം പ്രകടിപ്പിക്കുന്നു.

സാമ്പത്തികപ്രശ്നങ്ങൾ

തിരുത്തുക

സുനിർവചിതമായ അതിർത്തികളോടുകൂടിയ ഒരു ഭൂപ്രദേശമോ ജനങ്ങളോ കൂടാതെ ഒരു ജനപദം (രാഷ്ട്രം) ഉണ്ടാകുക സാധ്യമല്ല ('നഹ്യജനോജനപദോ രാജ്യമജനപദം വാ ഭവതി'). ശത്രുബാധയിൽ നിന്ന് അനായാസമായി സംരക്ഷിക്കാൻ കഴിയുന്നതും കൃഷിഭൂമി, ഖനി, വനം, മേച്ചിൽസ്ഥലം, രാജവീഥി തുടങ്ങിയവയുള്ളതും അധ്വാനശീലരായ കർഷകർ നിറഞ്ഞതും ആയിരിക്കണം രാജ്യം. കൃഷി, പശുപാലനം, വാണിജ്യം എന്നിവയാണ് മൂന്നു മുഖ്യ 'വൃത്തി'കൾ. രാജ്യത്തിനു സമാഹരിക്കാൻ കഴിയുന്ന കാർഷിക-സൈനിക ശക്തികളെക്കുറിച്ചു പരാമർശിക്കുമ്പോൾ, അവയെ കൗടില്യൻ 'കർഷകപ്രായജനപദം' എന്നും 'ആയുധീയപ്രായജനപദം' എന്നും വിവേചനം ചെയ്തുപറയുന്നു. സ്വകാര്യസ്വത്തിനു സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കവെതന്നെ സർക്കാർവകയായുള്ള ഭൂമികളും ഉണ്ടായിരുന്നു എന്ന് 'സിതാധ്യക്ഷ'ന്റെ കടമകളെ വിവരിക്കുന്ന പ്രകരണം വ്യക്തമാക്കുന്നു. ഏറ്റവും നല്ല കൃഷിഭൂമിയെ കൌടില്യൻ 'അദേവമാതൃക' എന്നു വിളിക്കുന്നു; മഴയെയും മറ്റും ആശ്രയിക്കാതെ ജലസേചനം നടത്തപ്പെടുന്നവയാണ് ഇവ.

'കരം', 'ബലി', 'ദണ്ഡം', 'ഭാഗം' എന്നിങ്ങനെ നാലുതരം വരുമാനങ്ങളാണ് സർക്കാരിനുള്ളതെന്നു പറയുന്നുണ്ട്. ഇവ പണമായും ഉത്പന്നമായുമുള്ള പലവിധ നികുതികളെ സൂചിപ്പിക്കുന്നു. സർക്കാർ നടത്തുന്ന ജലസേചനപദ്ധതികളിൽനിന്നും ഗുണം സിദ്ധിച്ചിട്ടുള്ള ഭൂമികൾക്ക് 'ഉദകഭാഗം' എന്ന പേരിലുള്ള അഭിവൃദ്ധിനികുതി (Betterment tax) കൊടുക്കേണ്ടതുണ്ട്. എന്നാൽ ജലസേചന സൗകര്യം ഭൂമിയുടെ ഉടമസ്ഥൻതന്നെ ഉണ്ടാക്കിയതാണെങ്കിൽ 'സ്വസേതു' വായ ആ ഭൂമിക്ക് ഇത്തരം കരം കൊടുക്കേണ്ടതില്ല.

സിതാധ്യക്ഷൻ (കൃഷിവകുപ്പ്), വിവീതാധ്യക്ഷൻ (മേച്ചിൽസ്ഥലം), ഗോധ്യക്ഷൻ (മൃഗസംരക്ഷണം), പണ്യാധ്യക്ഷൻ (വാണിജ്യം) എന്നിവരാണു സർക്കാരിലേക്ക് മുതൽക്കൂട്ടുണ്ടാക്കുന്നതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാർ. ഒരു വിധത്തിലും കൃഷിയോഗ്യമാക്കാൻ വയ്യാത്ത തരിശുഭൂമികളെ 'ഭൂമിച്ഛിദ്രം' എന്ന പേരിൽ കന്നുകാലി-മേച്ചിൽസ്ഥലങ്ങളാക്കി. അവ ഉപയോഗിക്കുന്നവരിൽനിന്നും കരം ഈടാക്കിവന്നു. വനംവകുപ്പിനു രണ്ട് വിഭാഗങ്ങളുണ്ട്: ദ്രവ്യവനവും (തടികളും ലോഹങ്ങളും വനോത്പന്നങ്ങളും ലഭിക്കുന്നവ) ഹസ്തിവനവും (ആനകളെയും മറ്റു ഉപയോഗയോഗ്യമായ ജന്തുക്കളെയും പിടിക്കാനുള്ളവ). സാധനങ്ങളുടെയും ഉത്പന്നങ്ങളുടെയും കയറ്റുമതിയും വിദേശരാജ്യങ്ങളുമായുള്ള വ്യാപാരബന്ധവും നിയന്ത്രിക്കുകയാണ് പണ്യാധ്യക്ഷന്റെ ജോലി. വിദേശരാജ്യങ്ങളുമായി ചരക്കുകൾ കൈമാറുന്നത് 'പണ്യപ്രതിപണ്യം' എന്ന പേരിൽ അറിയപ്പെടുന്നു. 'നാവാധ്യക്ഷന്റെ' മേല്നോട്ടത്തിൽ ജലമാർഗ്ഗമായ ചരക്കുകളുടെ കയറ്റിറക്കുമതികളും, സാർഥവാഹകസംഘങ്ങളുടെ സഹായത്തോടുകൂടി കരമാർഗ്ഗമായ വാണിജ്യവ്യാപാരങ്ങളും നടത്തപ്പെട്ടുവന്നു. 'വർത്തനി' എന്ന പേരിൽ ചുങ്കം ചുമത്തുന്ന ഏർപ്പാടിനും വ്യവസ്ഥയുണ്ടായിരുന്നു.

ആയമാനം, വ്യാവഹാരികം, ഭാജനം തുടങ്ങിയ അളവുതൂക്ക ഉപകരണങ്ങളെയും, കാകനി, പണം തുടങ്ങിയ നാണയങ്ങളെയും പറ്റി അർത്ഥശാസ്ത്രം പറയുന്നുണ്ട്. കമ്മട്ടത്തിന്റെ തലവൻ ലക്ഷണാധ്യക്ഷനാണ്. 'രൂപിക', 'വ്യാജി' എന്നീ പേരുകളിൽ പറയുന്ന ആദായമാർഗങ്ങൾ വില്പന നികുതിയാണെന്നും 'പാരീക്ഷിക' എന്നത് പദാർഥങ്ങളെ പരിശോധിക്കുന്നവനുള്ള പ്രതിഫലം (ളലല) ആണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. മൂല്യം, പരിഘ, ശുല്കം, അത്യയം, വൈധരണം, രൂപ, രൂപിക, ധാതു തുടങ്ങിയ വരുമാന മാർഗങ്ങളെപ്പറ്റിയും പരാമർശം കാണാം.

'സൂത്രാധ്യക്ഷൻ' (നെയ്ത്തുവ്യവസായമേധാവി), 'രഥാധ്യക്ഷൻ' (വാഹനവകുപ്പ്), 'വൈയാവൃത്യകാരൻ' (കച്ചവട ഏജന്റ്), 'കർമകാരൻ' (പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള പണിക്കാരൻ), 'ദാസൻ' (അടിമ) തുടങ്ങിയവരും ഓരോ വിധത്തിൽ രാജഭണ്ഡാരത്തിലെ മുതൽക്കൂട്ടിനു സംഭാവന ചെയ്തുവന്നു.

ഭരണസംവിധാനം

തിരുത്തുക

ഭരണകാര്യങ്ങളിൽ രാജാവ് കഴിഞ്ഞാൽ അധികാരശ്രേണിയിൽ അനുക്രമമായി സ്ഥാനം പിടിച്ചിരുന്നവർ മന്ത്രി, പുരോഹിതൻ, സേനാപതി, യുവരാജാവ് എന്നിവരാണ്. അന്തഃപുരരക്ഷികളുടെ കൂട്ടത്തിൽ ദൗവാരികന്മാർ, അന്തർവംശികന്മാർ, അന്തരമാത്യൻമാർ തുടങ്ങിയവരെ കാണാം.

ഭരണശ്രേണിയുടെ മേധാവിയായ സമാഹർത്താക്കൾ ഏതാണ്ട് ഇന്നത്തെ ചീഫ് സെക്രട്ടറിയുടെ സ്ഥാനമാണ് വഹിച്ചിരുന്നത്. രാജ്യത്തിലെ ദുർഗ (കോട്ട) ങ്ങളിലൊഴികെ ബാക്കിയെല്ലാറ്റിലും അദ്ദേഹത്തിന്റെ അധികാരം വ്യാപിച്ചിരുന്നു. രാജ്യത്തെ ജില്ലകളായി തിരിച്ച് ഓരോന്നിലും സ്ഥാനികൻ (Collector) മാരെ നിയമിക്കുകയും ഇദ്ദേഹത്തിന്റെ ജോലിയായിരുന്നു. എട്ടോ പത്തോ ഗ്രാമങ്ങളുൾപ്പെട്ട റവന്യൂഘടകത്തിന്റെ മേധാവിക്ക് 'ഗോപൻ' എന്നായിരുന്നു പേര് (തഹസീൽദാർ).

സ്വർണംകൊണ്ടും വെള്ളികൊണ്ടും പണിയെടുക്കുന്നവരുടെ മേല്നോട്ടം വഹിക്കുന്ന 'സുവർണാധ്യക്ഷൻ', അയാളുടെ കീഴിൽ 'സൗവർണികൻ', ധാന്യം, ക്ഷാരം, സ്നേഹം തുടങ്ങിയവയുടെ മേധാവിയായ 'കോഷ്ഠാഗാരാധ്യക്ഷൻ', വ്യാപാരച്ചരക്കുകളുടെ 'അർഘാന്തര' (വിലവ്യത്യാസ) വും പ്രിയാപ്രിയതയും നിർണയിക്കേണ്ട പണ്യാധ്യക്ഷൻ, വൃത്തിക്കും പുരരക്ഷയ്ക്കും വേണ്ട നടപടികൾ നടത്തുന്ന കുപ്യാധ്യക്ഷൻ, ആയുധങ്ങളുടെ തരവും പ്രമാണവും കാലവും വേതനവും ഫലനിഷ്പത്തിയും നിർണയിച്ച് അവയെ പണിയിക്കുന്ന 'ആയുധാഗാരാധ്യക്ഷൻ', കൃഷിതന്ത്രവും ഗുല്മവൃക്ഷായുർവേദവും പഠിച്ച് കാർഷികപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന 'സിതാധ്യക്ഷൻ', മദ്യനിർമ്മാണവിതരണങ്ങളുടെ തലവനായ 'സുരാധ്യക്ഷൻ' (എക്സൈസ്), പക്ഷിമൃഗമത്സ്യാദികളെ ബന്ധിക്കുകയോ ഹിംസിക്കുകയോ ചെയ്യുന്നവർക്ക് 'ഉത്തമസാഹസദണ്ഡം' കല്പിക്കുന്ന 'സൂനാധ്യക്ഷൻ' ജലഗതാഗതവകുപ്പ് മേധാവിയായ 'നാവാധ്യക്ഷൻ', മൃഗസംരക്ഷണവകുപ്പിലെ 'ഗോധ്യക്ഷൻ', തുരഗസേന, ഗജസേന, രഥസേന, പദാതി എന്നിവയുടെ അധിപതികളായ അശ്വാധ്യക്ഷൻ, ഹസ്ത്യധ്യക്ഷൻ, രഥാധ്യക്ഷൻ, പത്ത്യധ്യക്ഷൻ എന്നിവർ, 'പ്രണിധി'കൾ (രാജ്യാന്തരസ്ഥാനപതികൾ) തുടങ്ങിയ നിരവധി മേധാവികളുടെ കീഴിലാണ് രാജ്യഭരണഘടകങ്ങളായ വിവിധ വകുപ്പുകൾ സംഘടിക്കപ്പെട്ടിരുന്നത്. രാജ്യതലസ്ഥാനത്തുള്ള 'അക്ഷപടലം' എന്ന സ്ഥാപനം വിലപ്പെട്ട രേഖകൾ സൂക്ഷിക്കുകയും എല്ലാ വകുപ്പുകളിലെയും കണക്കുകൾ പരിശോധിക്കുകയും ചെയ്യാൻ നിയുക്തരായവരുടെ കേന്ദ്രമാണ് (records-cum-audit office).

രഹസ്യാന്വേഷണവകുപ്പുദ്യോഗസ്ഥന്മാർ സംസ്ഥൻമാരെന്നും സഞ്ചാരികൾ എന്നും രണ്ടുതരത്തിലുണ്ടായിരുന്നു. ഇവരുടെ കീഴിൽ 'സത്രി'കൾ (അപസർപ്പകന്മാർ), 'രസദ'ൻമാർ (ശത്രുക്കൾക്ക് വിഷം കൊടുക്കുന്നവർ), 'തീക്ഷ്ണ'ൻമാർ (ഏത് അറ്റകൈയും കാണിക്കുന്നവർ) എന്നിങ്ങനെ പലതരക്കാരുണ്ട്. വലിയ ഉദ്യോഗസ്ഥന്മാരുടെ പിന്നാലെ അവരുടെ പ്രവൃത്തിസ്ഥലങ്ങളിലും അന്തഃപുരങ്ങളിലും യഥേഷ്ടം സഞ്ചരിച്ച് രഹസ്യവസ്തുതകൾ കണ്ടുപിടിക്കാൻ ചാണക്യന്റെ സർക്കാർ സുന്ദരികളായ യുവതികളെ 'ഭിക്ഷുണി'കളായും 'പരിവ്രാജിക'കളായും അയയ്ക്കുന്ന പതിവും പ്രചാരത്തിലിരുന്നതായി അർഥശാസ്ത്രത്തിൽനിന്നും ഗ്രഹിക്കാം.

നീതിന്യായഭരണം

തിരുത്തുക

നീതിന്യായവിധികർത്താക്കളെ (ജഡ്ജിമാർ) 'ധർമസ്ഥ'ൻമാർ എന്നാണ് വിളിക്കുന്നത്. ധർമത്തിന് നിയമം എന്ന അർത്ഥം കൊടുത്ത് മനുസ്മൃതിയിലും ഈ സംജ്ഞ ഒരിടത്തു പ്രയോഗിച്ചിട്ടുണ്ട്. (8:57). 'രാജപ്രണിധി' എന്ന 16-ാം പ്രകരണത്തിൽ പൌരജാനപദൻമാരുടെ കാര്യങ്ങളെ രാജാവ് നോക്കണമെന്നു പറയുന്നിടത്ത് രാജാവും ധർമസ്ഥന്റെ കടമകൾ ചെയ്തുവന്നിരുന്നതായി സൂചനയുണ്ട്. നീതിന്യായ-ഭരണചരിത്രത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ രാജാവുതന്നെ പ്രാഡ്വിവാകനായിരുന്നെന്നോ രാജാവ് മാത്രമേ പ്രാഡ്വിവാകനായിട്ടുണ്ടായിരുന്നുള്ളുവെന്നോ വരാവുന്നതാണ്. അമാത്യപദവിയിലുള്ള മൂന്നു ധർമസ്ഥൻമാർ വീതം ജനപദസന്ധി (അതിർത്തി) യിലും സംഗ്രഹണ (പത്തു ഗ്രാമങ്ങളുടെ ആസ്ഥാനം) ത്തിലും ദ്രോണമുഖ (400 ഗ്രാമങ്ങളുൾപ്പെട്ട പ്രദേശത്തിന്റെ-ജില്ലയുടെ-തലസ്ഥാനം) ത്തിലും സ്ഥാനീയ (രാജ്യതലസ്ഥാനം) ത്തിലും വ്യവഹാരങ്ങളെ സംബന്ധിച്ച കാര്യങ്ങൾ നോക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവാദവിഷയമായ വസ്തുവിന്റെ മൂല്യം നിർണയിക്കുന്നതിനു 'കുശല'ന്മാർ വേണം. വിവാഹം, വിവാഹമോചനം, ഋണബാദ്ധ്യത, ക്രയവിക്രയങ്ങൾ തുടങ്ങിയവ സംബന്ധിച്ചു മാത്രമല്ല അവിഹിതമായ ദാസവിക്രയം ('സാഹസം' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്-sale of a slave), അനുപ്രവേശം (trespass), കലഹം (affray), വാക്പാരുഷ്യം (defamation), പ്രഹതം (injury) മുതലായ ക്രിമിനൽ കുറ്റങ്ങൾക്കുള്ള നടപടിക്രമങ്ങളും ശിക്ഷാവിധികളും ഇതിലുണ്ട്. അധികാരവൃത്ത- (Jurisdiction) ത്തിന് പുറത്തുള്ളതിന് 'ദേശച്ഛല'മെന്നും, കാലഹരണപ്പെട്ടതിനു 'കാലച്ഛല'മെന്നും ആണ് ഇതിൽ പ്രയോഗിച്ചിട്ടുള്ള സംജ്ഞകൾ.

വ്യവഹാരങ്ങളിൽ ഹാജരാകുന്ന സാക്ഷികളെ ദ്രഷ്ടാക്കളെന്നും ഉപദ്രഷ്ടാക്കളെന്നും ശ്രോതാക്കളെന്നും ഉപശ്രോതാക്കളെന്നും വിളിക്കുന്നു. വാദി-പ്രതികളോടും സാക്ഷികളോടും ചോദ്യങ്ങൾ ചോദിച്ചാണ് ധർമസ്ഥൻ ന്യായനിർണയനം നടത്തുന്നത്. പല സാക്ഷികൾ പരസ്പരവിരുദ്ധമായ മൊഴി നല്കുമ്പോൾ അവരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായമോ ധർമസ്ഥനു നേരിട്ടു വിശ്വാസമുള്ളവരുടെ മൊഴികളോ ആണ് സ്വീകരിക്കപ്പെടുക.

ആഭ്യന്തരസുരക്ഷിതത്വം

തിരുത്തുക

'കണ്ടകശോധന' എന്ന നാലാം അധികരണത്തിൽ ജനങ്ങളുടെ 'യോഗക്ഷേമ'ങ്ങളെ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെപ്പറ്റിയാണു വിവരിച്ചിരിക്കുന്നത്. കണ്ടകങ്ങൾ (മുള്ളുകൾ) പോലെ ജനങ്ങൾക്ക് ദ്രോഹകാരികളായിട്ടുള്ള കാരുക്കൾ, വൈദേഹകന്മാർ തുടങ്ങിയവരെ അമർച്ച ചെയ്യാൻ പ്രദേഷ്ടാക്കൾ, സമാഹർത്തൃപ്രണിധികൾ, സ്ഥാനികന്മാർ, നാഗരികന്മാർ തുടങ്ങിയ പൊലീസുദ്യോഗസ്ഥന്മാരുടെ കടമകൾ ഇതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാരെ തിരഞ്ഞുപിടിക്കുന്ന ജോലിയും ഇവരുടേതാണ്. ഇക്കൂട്ടർ രഹസ്യമായി പ്രവർത്തിക്കേണ്ട വിധങ്ങൾ ധാരാളമായി വിശദീകരിച്ചിരിക്കുന്നു. സിദ്ധന്മാർ, താപസന്മാർ, പ്രവ്രജിതന്മാർ, ചക്രചരന്മാർ (നാടുചുറ്റി സഞ്ചരിക്കുന്നവർ), ചാരണന്മാർ, പ്രച്ഛന്ദകന്മാർ (മായാവികൾ), കുഹകന്മാർ (ഇന്ദ്രജാലക്കാർ), കാർത്താന്തികന്മാർ (ജ്യോതിഷികൾ), നൈമിത്തികന്മാർ (നിമിത്തങ്ങൾ പറയുന്നവർ), ചികിത്സകന്മാർ, ഉൻമത്തന്മാർ, മൂകന്മാർ, ബധിരന്മാർ, ജഡന്മാർ (മൂഢരെന്ന് ഭാവിക്കുന്നവർ), അന്ധന്മാർ, വൈദേഹകന്മാർ (വ്യാപാരികൾ), കാരുക്കൾ (ശില്പികൾ), കുശീലവന്മാർ (നടന്മാർ), വേശന്മാർ (വേശ്യകളെ കൂട്ടിക്കൊടുക്കുന്നവർ), ശൗണ്ഡികന്മാർ (കള്ളുകടക്കാർ), ആപൂപികന്മാർ (പലഹാരക്കച്ചവടക്കാർ) തുടങ്ങിയവരുടെ വേഷം ധരിച്ച് ഈ ഗൂഢപുരുഷന്മാർ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള 'ശൗചാശൗച'ങ്ങളെ കണ്ടുപിടിക്കാൻ സഞ്ചരിച്ചുകൊണ്ടിരിക്കണം. ഇവരെ പൊതുവേ 'ഗൂഢാജീവി'കൾ എന്നു പറയുന്നു. പലതരം അപസർപ്പണവിധങ്ങളും ഇതിൽ വിവരിച്ചിട്ടുണ്ട്.

ധർമസ്ഥന്മാരെന്ന പ്രാഡ്വിവാകന്മാരും പ്രദേഷ്ടാക്കൾ എന്ന പൊലീസുദ്യോഗസ്ഥന്മാരും തമ്മിലുള്ള വിവേചനം ആധുനിക സിവിൽ-ക്രിമിനൽ പ്രവൃത്തിവിഭജനവുമായി ഏറെക്കുറെ സാമ്യം വഹിക്കുന്നു. നിരപരാധികളെ ശിക്ഷിച്ചാൽ, അവരിൽ ചുമത്തുന്ന പിഴയുടെ മുപ്പതിരട്ടി രാജാവ് തന്നിൽ ചുമത്തി വരുണന് അർപ്പിച്ചശേഷം ബ്രാഹ്മണർക്കു വിതരണം ചെയ്താൽ മാത്രമേ 'ദണ്ഡാപചാരപാപം' ശമിക്കുകയുള്ളു.

വിദേശബന്ധങ്ങളും രാജ്യരക്ഷയും

തിരുത്തുക

സ്വാമി, അമാത്യൻ, ജനപദം, ദുർഗം, കോശം; ദണ്ഡം (യുദ്ധം), മിത്രം എന്നീ ഏഴെണ്ണമാണ് പ്രകൃതിസമ്പത്തുകൾ. ഇവയിൽ ഓരോ സമ്പത്തിന്റെയും ഗുണങ്ങൾ വിവരിച്ചശേഷം രാജ്യത്തിന്റെ പ്രതിരോധത്തിന് അത്യാവശ്യമായിട്ടുള്ളത് ദുർഗവും ദണ്ഡവുമാണെന്നു പറയുന്നു. അതിർത്തിസംരക്ഷണത്തിന് 'അന്തപാലൻമാരെ' നിയോഗിക്കണം. ഗജതുരഗരഥപദാതിസേനകൾക്കു പ്രത്യേകം മേധാവികൾ ('അനേകമുഖ്യ'ന്മാർ) വേണം. ബ്രാഹ്മണരുൾപ്പെടെയുള്ള എല്ലാ വർണങ്ങളിൽനിന്നും ആളെ ചേർത്താണ് സൈന്യസംവിധാനം നടത്തേണ്ടത്.

സേനാബലത്തെ ആറായി വിഭജിച്ചിരിക്കുന്നു: മൗലബലം (സ്ഥിരപട്ടാളം), ഭൃതകബലം (പ്രത്യേകാവശ്യങ്ങൾക്ക് സംഘടിപ്പിക്കപ്പെടുന്നത്), ശ്രേണീബലം (സ്ഥിരമായി മറ്റു തൊഴിലുകളിൽ ഉൾപ്പെട്ടിരിക്കുന്നവരെ യുദ്ധത്തിനു നിയോഗിക്കുന്നത്), മിത്രബലം (ബന്ധുക്കൾ നല്കുന്ന സൈന്യം), അമിത്രബലം (ശത്രുവിനെ ജയിച്ച് കീഴടക്കിയ പട്ടാളം), ആടവികബലം (യാത്രയിൽ വഴി കാണിക്കാനുള്ള നാസീരപങ്ക്തി). പട്ടാളത്തിൽ പത്ത് സേനാംഗങ്ങൾക്ക് (അതായത് പത്ത് ഹസ്തികൾ, പത്ത് അശ്വങ്ങൾ, പത്ത് രഥങ്ങൾ, പത്ത് പദാതികൾ) പതിയായിട്ടുള്ളവൻ പദികനും, പത്ത് പദികന്മാർക്കുള്ള നേതാവ് സേനാപതിയും, പത്ത് സേനാപതികളുടെ മേധാവി നായകനും ആണ്. സൈന്യവിന്യസനങ്ങളിൽ ഏറ്റവും മുൻപിൽ നായകനും ഏറ്റവും പിന്നിൽ സേനാപതിയും നടക്കുന്നു. പട്ടാളത്തിന്റെ നിശ്ചയദാർഢ്യത്തെയും സത്യസന്ധതയെയും പരിശോധിക്കാനും പരീക്ഷിക്കാനും ചാരവൃത്തി നടത്തിക്കൊണ്ട് സ്ത്രീകളും വേശ്യകളും ശില്പികളും നടന്മാരും സൈനികവൃത്തരും സൈന്യത്തിന്റെ കൂടെത്തന്നെ ഉണ്ടായിരിക്കേണ്ട ആവശ്യവും ഊന്നിപ്പറയുന്നുണ്ട്. ആയുധങ്ങളുടെ പ്രയോഗവിഷയങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അവിടവിടെ കാണാം.

വിദേശനയത്തെ നിയമനം ചെയ്യുന്ന വ്യവസ്ഥകളെ 'ഷാഡ്ഗുണ്യ' സിദ്ധാന്തത്തിൽ കൗടില്യൻ ഒതുക്കിയിരിക്കുന്നു. സന്ധി (സാമ്പത്തികക്കരാറുകൾ), വിഗ്രഹം (ദ്രോഹാചരണം), ആസനം (സന്ധിവ്യവസ്ഥാലംഘനം), യാനം (ശക്തിവികസനം), സംശ്രയം (തന്നെയോ തന്റെ ദ്രവ്യങ്ങളെയോ അപരന് അധീനമാക്കുക), ദ്വൈധീഭാവം (സന്ധിവിഗ്രഹങ്ങളെ രണ്ടിനെയും കൊള്ളുക) എന്നിവയാണ് ഷാഡ്ഗുണ്യങ്ങൾ.

പരസ്പരബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ഛേദിക്കുന്നതിലും അറിഞ്ഞിരിക്കേണ്ട പന്ത്രണ്ടുതരം രാജാക്കന്മാരെക്കുറിച്ച് ഇതിൽ വിവരിക്കുന്നുണ്ട്: (1) വിജിഗീഷു (ആത്മസമ്പത്തും ദ്രവ്യപ്രകൃതി സമ്പത്തുകളും നിറഞ്ഞ ആക്രമണസന്നദ്ധൻ); (2) അരി (തൊട്ടടുത്തു കിടക്കുന്ന രാജ്യത്തിലെ രാജാവ്); (3) മിത്രം (അതിന്നടുത്ത ഭൂമിയുടെ അധിപതി); (4) അരിമിത്രം (ശത്രുവിന്റെ ബന്ധു); (5) മിത്രമിത്രം; (6) അരിമിത്രമിത്രം; (7) പാർഷ്ണിഗ്രാഹൻ (പിന്നിൽ നിന്നുകൊണ്ട് കാൽമടമ്പുകളെ പിടിച്ചുവലിക്കുന്ന അരിമിത്രം); (8) ആക്രന്ദൻ (വിജിഗീഷുവിന്റെ ബന്ധു); (9) പാർഷ്ണിഗ്രാഹാസരൻ (10) ആക്രന്ദാസരൻ (വിജിഗീഷുമിത്രമിത്രം); (11) മധ്യമൻ (വിജിഗീഷുവിന്റെ ബന്ധു); (12) ഉദാസീനൻ (നിഷ്പക്ഷൻ).

'രാജമണ്ഡല'ത്തെ പന്ത്രണ്ടായി വിഭജിച്ചുകൊണ്ടുള്ള ഈ വർഗീകരണം, ഒരു രാജ്യം മറ്റു ചില സഖ്യശക്തികളോടൊത്ത് സമീപജനപദങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന സാധ്യതയെ വിഭാവനം ചെയ്തുകൊണ്ടുള്ളതാണ്. അക്കാലത്തെ നന്ദ-മൌര്യവംശങ്ങളുടെ ചരിത്രം ഇത്തരം ഒരു വിഭജനത്തിനു ചാണക്യനെ പ്രേരിപ്പിച്ചു എന്നു വേണം വിചാരിക്കുക.

വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളെ നിയന്ത്രിക്കാനും അവയുമായി കൂടിയാലോചനകൾ നടത്താനും നിസ്രഷ്ടാർഥന്മാർ, പരിമിതാർഥന്മാർ, ശാസനാഹരന്മാർ എന്നിങ്ങനെ മൂന്നുതരം 'ദൂതൻ' (സ്ഥാനപതി) മാരെ നിയോഗിക്കേണ്ടതിനെപ്പറ്റിയും വിവരിക്കുന്നുണ്ട്. അവർക്കോരോരുത്തർക്കുമുള്ള കർത്തവ്യാധികാരങ്ങളും എടുത്തുപറഞ്ഞിരിക്കുന്നു.

യുദ്ധം ചെയ്യുന്ന അണികൾക്കു പുറകിൽ ചികിത്സകന്മാർ ശസ്ത്രങ്ങളും യന്ത്രങ്ങളും മരുന്നുകളും എണ്ണകളും വസ്ത്രങ്ങളും കൈയിലെടുത്തും, സ്ത്രീകൾ അന്നപാനോപകരണങ്ങളേന്തിയും പ്രോത്സാഹനവചസ്സുകൾ പറഞ്ഞും എപ്പോഴും ഉണ്ടാകണമെന്നു സാംഗ്രാമികാധികരണത്തിൽ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

സാമ്രാജ്യത്വപ്രവണതകളെ ഉണർത്തത്തക്കവണ്ണം ആക്രമണത്തെയും ശത്രുജയത്തെയും ഉത്തമമാതൃകകളായി പ്രകീർത്തിക്കുന്ന ഒരു ഗ്രന്ഥമാണ് അർത്ഥശാസ്ത്രം എന്ന് ഇതിൽ നിന്നെല്ലാം തെളിയുന്നു.

സാമൂഹികജീവിതം

തിരുത്തുക

അർത്ഥശാസ്ത്രം മുഖ്യമായും രാഷ്ട്രമീമാംസയെയും രാജധർമങ്ങളെയും കുറിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാണെങ്കിലും സമൂഹഘടനയെയും ആചാരാനുഷ്ഠാനങ്ങളെയും പറ്റി പല വിവരങ്ങളും അതിൽ നിന്നും ലഭിക്കുന്നുണ്ട്. രാഷ്ട്രീയ കാര്യങ്ങളിലെന്നപോലെ സാമൂഹിക മര്യാദകളെ സംബന്ധിച്ച പ്രശ്നങ്ങളിൽ നിഷ്കൃഷ്ടമായ വ്യവസ്ഥകളെന്തെങ്കിലും ചെയ്യാൻ കൗടില്യൻ ഇതിൽ താത്പര്യം കാണിച്ചിട്ടില്ല എന്നതു ശരിതന്നെ; പക്ഷേ, താൻ ചുറ്റുപാടും കണ്ട സാമൂഹ്യജീവിതത്തിന്റെ ഒരു പ്രതിഫലനംകൂടിയായി ഈ കൃതിയെ സംവിധാനം ചെയ്യാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.

വേദേതിഹാസങ്ങളിൽ വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന വർണാശ്രമധർമങ്ങൾ ശരിക്കും ദീക്ഷിക്കപ്പെടുന്നുണ്ടോ എന്നു നോക്കാനും, കർത്തവ്യലോപം വരുന്നിടങ്ങളിൽ അതുമാറ്റി ധർമത്തിന്റെ നിഷ്കൃഷ്ടമായ പ്രയോഗം ഉറപ്പുവരുത്താനും ബാധ്യസ്ഥൻ രാജാവാണ് (രാഷ്ട്രം). ചാതുർവർണ്യത്തിൽ ഏറ്റവും മേലേക്കിടയിൽ നില്ക്കുന്നതു ബ്രാഹ്മണൻ തന്നെ. വിജ്ഞാനവിതരണം, പൗരോഹിത്യം, ബുദ്ധിപരമായ പ്രവർത്തനങ്ങൾ എന്നിവയോടൊപ്പം ബ്രാഹ്മണർ സൈനികസേവനവും നടത്തിവന്നു. മന്ത്രിപദം, ദേശാന്തരദൌത്യം തുടങ്ങിയവയും ഇവരിൽ നിക്ഷിപ്തമായിരുന്നു.

ചതുർവർണങ്ങളിലുൾപ്പെട്ട ശൂദ്രരെ അർത്ഥശാസ്ത്രം ആര്യസമുദായങ്ങളുടെ ഗണനയിലാണുൾപ്പെടുത്തിയിരിക്കുന്നത്. അനാര്യവർണങ്ങളിൽ ഉൾപ്പെട്ടതായി ഇതിൽ എണ്ണിപ്പറഞ്ഞിരിക്കുന്ന ചണ്ഡാലൻ, മ്ളേച്ഛൻ, ശ്വപാകി, അന്താവസായി, പാഷണ്ഡൻ, പാഷണ്ഡാവാസൻ തുടങ്ങിയവരെ അടിമകളായി (ദാസന്മാർ) ക്രയവിക്രയം ചെയ്യാമെങ്കിലും, ശൂദ്രനുൾപ്പെടെയുള്ള ആര്യന്മാരെ ഇങ്ങനെ കച്ചവടച്ചരക്കുകളാക്കരുതെന്ന് വിലക്കിയിട്ടുണ്ട് (ആര്യപ്രാണമപ്രാപ്തവ്യവഹാരം ശൂദ്രം വിക്രയാധാനം നയതഃ സ്വജനസ്യദ്വാദശപണോ ദണ്ഡഃ..........നത്വേവാര്യസ്യ ദാസഭാവഃ).

ആര്യന്മാരെയും അനാര്യന്മാരെയും കുറിച്ചുള്ള ഈ പരാമർശനങ്ങളോടൊപ്പം പല സങ്കരജാതികളെയും, 'ആടവികൻ' തുടങ്ങിയ ചില ഗിരിവർഗജനതകളെയും പറ്റി കൌടില്യൻ പറയുന്നുണ്ട് (ഈ പർവതവാസികളെക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട സൈന്യദളമാണ് അടവീബലം). ബാഹീരികൻ, ദ്വാരബാഹീരികാദേയൻ തുടങ്ങിയവർ ഒരുവിഭാഗം നാടോടിവർഗം (Nomads) ആയിരുന്നെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. മോഷണം, കവർച്ച, അഗമ്യഗമനം തുടങ്ങിയവ നടത്തിയ ബ്രാഹ്മണരെ 'മാനവ'ന്മാർ എന്നും മറ്റു കാരണങ്ങളാൽ ജാതിഭ്രംശം സംഭവിച്ചവരെ 'വ്രാത്യ'ന്മാർ എന്നും അക്കാലത്ത് പറഞ്ഞുവന്നു.

വിവാഹം, വിവാഹമോചനം, ഭാര്യാഭർത്തൃബന്ധം, വൈധവ്യം, പിന്തുടർച്ചാവകാശം തുടങ്ങിയവയെപ്പറ്റിയുള്ള നിയമവ്യവസ്ഥകൾക്കും ക്ഷേത്രാരാധന, മദ്യപാനം, പൊതുഭക്ഷണശാലകൾ, ആഭരണധാരണം, നൃത്തനാടകങ്ങൾ, വ്യായാമം, ഭിക്ഷാടനം തുടങ്ങിയവയുടെ വിവരണങ്ങൾക്കും അർത്ഥശാസ്ത്രം ധാരാളം സ്ഥലം വിനിയോഗിച്ചിട്ടുണ്ട്. ഇതിൽ എണ്ണിപ്പറഞ്ഞിരിക്കുന്ന ദേവീദേവന്മാർ അപരാജിത, അപ്രതിഹതൻ, ജയന്തൻ, വൈജയന്തൻ, ശിവൻ, വൈശ്രവണൻ, അശ്വിനീദേവകൾ, ശ്രീഭഗവതി, മദിര (വാരുണീദേവി) എന്നിവർ മാത്രമാണ്; ഇവർക്കു വേണ്ട ദേവാലയശില്പങ്ങളെ മാത്രമേ പ്രാധാന്യം നല്കി വിവരിച്ചിട്ടുള്ളു; എന്നാൽ, നഗരദുർഗത്തിൽ വടക്കുമുതലാരംഭിക്കുന്ന നാലു പ്രധാന ഗോപുരദ്വാരങ്ങളിലെ അധിഷ്ഠാനമൂർത്തികൾ ബ്രഹ്മാവും ഇന്ദ്രനും യമനും സേനാപതി(സുബ്രഹ്മണ്യൻ)യുമായിരിക്കുമെന്നു പറഞ്ഞിട്ടുണ്ട്. വരുണൻ, നാഗരാജാവ്, സങ്കർഷണൻ എന്നീ ദേവതകളെയും ദേശദേവത, നഗരദേവത, രാജദേവത എന്നീ പരദൈവങ്ങളെയും ദേവവൃഷം, ദേവപശു എന്നീ പൂജ്യമൃഗങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾ വിഗ്രഹാരാധനാപ്രസ്ഥാനത്തിന്റെ വികസനത്തിൽ ഒരു പ്രത്യേക ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതായി കണക്കാക്കാം.

അർത്ഥശാസ്ത്രവും രാജാവും

തിരുത്തുക

കൗടിലീയാർത്ഥശാസ്ത്രം വിവർത്തിതരൂപത്തിലും വ്യാഖ്യാനങ്ങളോടുകൂടിയും യൂറോപ്യൻ രാജ്യങ്ങളിൽ പ്രചരിച്ചു തുടങ്ങിയ നാൾമുതൽ ഇതിലെ സിദ്ധാന്തങ്ങളും ആധുനികരാഷ്ട്രമീമാംസാതത്ത്വങ്ങ-ളും തമ്മിൽ താരതമ്യപഠനം നടത്താനുള്ള ഒരു പ്രവണത പാശ്ചാത്യചിന്തകന്മാരിൽ വർദ്ധമാനമായി കാണപ്പെട്ടുവരുന്നു. ജർമൻപണ്ഡിതനായ എച്ച്. യാക്കോബി 1911-ൽ പ്രസിദ്ധീകരിച്ച ഒരു അർത്ഥശാസ്ത്രപഠനത്തിൽ (Zur Fruhge schichte des Indi sehen Philosophie) കൌടില്യനെ ജർമൻ രാഷ്ട്രതന്ത്രജ്ഞനായ ബിസ്മാർക്കും (1815-98) ഇംഗ്ളീഷ് ദാർശനികനായ തോമസ് ഹോബ്സും (1588-1679) ഇറ്റാലിയൻ രാഷ്ട്രമീമാംസാപണ്ഡിതനായ നിക്കോളോ മാക്കിയവെല്ലി (1469-1527)യുമായി മാത്രമല്ല നീതിസാര കർത്താവായ കാമന്ദകനുമായും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇവർ തമ്മിലുള്ള സാമ്യം നാലു മുഖ്യഘടകങ്ങളിൽ ദൃശ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു:

(1) മനുഷ്യനെ ഭരിക്കുന്നത് യുക്തിവിചാരമല്ല, ക്ഷണിക വികാരങ്ങളാണ്; ദണ്ഡ (ശിക്ഷാ) വ്യവസ്ഥകൾ ഉണ്ടാകാൻ ഇതാണ് കാരണം; (2) രാഷ്ട്രങ്ങൾ തമ്മിൽ എപ്പോഴും ശത്രുതയിലും അവിശ്വാസത്തിലും വർത്തിക്കുന്നു; ബലപ്രയോഗവും ചതിയും ഉപജാപങ്ങളുമുണ്ടാകുന്നത് ഇതുകൊണ്ടാണ്; (3) മതവിശ്വാസങ്ങൾക്കും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കും ഭരണക്രമത്തിൽ സ്ഥാനമില്ല; (4) രാജവാഴ്ചയാണ് ഏറ്റവും നല്ല ഭരണസമ്പ്രദായം.

പ്രാചീന യവനചരിത്രകാരനായ തൂസിഡൈഡസു (ഏകദേശം ബി.സി. 464-404) മായി കൗടില്യനെ താരതമ്യപ്പെടുത്തുന്ന പണ്ഡിതന്മാരുമുണ്ട്.

ഏറെക്കുറെ 18 ശതാബ്ദങ്ങളുടെ അന്തരമുണ്ടെങ്കിലും ചാണക്യനും മാക്കിയവെല്ലിയും പ്രതിപാദനത്തിനു തിരഞ്ഞെടുത്ത വിഷയങ്ങളിലും അവർ ജീവിച്ച ചരിത്ര പശ്ചാത്തലങ്ങളിലും പല സാജാത്യങ്ങളും ദൃശ്യമാണെന്നു മിക്ക ആധുനിക ചിന്തകന്മാരും സമ്മതിച്ചിട്ടുണ്ട്. 'ഇന്ത്യയിലെ മാക്കിയവെല്ലി' എന്ന് പാശ്ചാത്യ ചരിത്രകാരന്മാർ ചാണക്യനെ വിശേഷിപ്പിക്കാറുണ്ട്. ഏതു സന്ദർഭത്തിലും പ്രായോഗികവും സാധുവുമെന്നു സമർത്ഥിക്കാവുന്ന സത്യങ്ങൾ മാത്രമേ മാക്കിയവെല്ലിയുടെ രാജാവിലും കൗടില്യന്റെ അർത്ഥശാസ്ത്രത്തിലും ഉള്ളു. തങ്ങൾക്ക് അറിയാൻ ഇടയായതും ബോധ്യപ്പെട്ടതുമായ രാഷ്ട്രീയ സത്യങ്ങൾ ആത്മവഞ്ചന കൂടാതെ പരസ്യമായി വിളിച്ചുപറയാൻ ധൈര്യപ്പെട്ട അതികായന്മാരാണ് ഇവർ രണ്ടുപേരും. ഗ്രീക്ക് ആക്രമണങ്ങളിൽ നിന്നും വിമോചിതയായി, ശക്തനായ ഒരു രാജാവിന്റെ കീഴിൽ ഒരഖണ്ഡഭാരതം ഐശ്വര്യസമൃദ്ധമായി രൂപപ്പെടുത്തുന്നതിനുള്ള അഭിവാഞ്ഛ അർത്ഥശാസ്ത്രപ്രണയനത്തിന്റെ പിന്നിൽ കൌടില്യനുണ്ടായിരുന്നെങ്കിൽ, ഫ്രഞ്ചുകാരുടെയും സ്പെയിൻകാരുടെയും നുകങ്ങളിൽനിന്നും രക്ഷപ്പെട്ട ഒരു ഇറ്റാലിയൻ രാഷ്ട്രത്തിന്റെ സൃഷ്ടി മാക്കിയവെല്ലിയുടെ രാജാവിന്റെ ലക്ഷ്യമായിരുന്നു.

എന്നാൽ സാദൃശ്യങ്ങൾ ഇവിടെ അവസാനിക്കുന്നു. ചരിത്രസംഭവങ്ങളെ ഉറ്റുനോക്കി, അതിൽ നിന്നും പല പാഠങ്ങളും പഠിച്ചുകൊണ്ടുള്ള ചരിത്രപരമായ ഒരു രചനാപദ്ധതിയാണ് രാജാവിന്റെ പിന്നിലുള്ളത്. തന്റെ വാദഗതികളെയെല്ലാം യഥാർത്ഥത്തിൽ നടന്നതും നടക്കുന്നതുമായ സംഭവങ്ങൾകൊണ്ട് മാക്കിയവെല്ലി നിസ്സന്ദേഹം സമർത്ഥിക്കുന്നുണ്ട്; അതേസമയം അർത്ഥശാസ്ത്രം ചരിത്രഗതിയെ തിരിഞ്ഞുനോക്കുന്നതേയില്ല; കൌടില്യൻ ചരിത്രത്തിന്റെ നേരെ കണ്ണടച്ചുവെന്നല്ല ഇതിനർഥം. സംഭവ്യമായ പല രാഷ്ട്രീയ പ്രതിഭാസങ്ങളെയും കുറിച്ച് വിഭാവന ചെയ്യുകയും അവയെ നേരിടേണ്ട പദ്ധതികളെ നിർദ്ദേശിക്കുകയും ചെയ്യുകയാണ് കൗടില്യന്റെ വഴി. ഇദ്ദേഹത്തിന്റെ മനനമണ്ഡലത്തിൽ പ്രതിഫലിച്ച സംഭവഗതികൾ അന്നും പില്ക്കാലത്തും ഇന്ത്യയിൽ-പുറത്തും-ഉണ്ടായിട്ടുണ്ടെന്നുള്ളതിൽ സംശയിക്കാനില്ല. എന്നാൽ ഇദ്ദേഹം വെറുമൊരു സ്വപ്നജീവിയായിരുന്നില്ല. ധർമ്മശാസ്ത്രവും അർത്ഥശാസ്ത്രവും എന്ന പ്രബന്ധത്തിൽ എം.വിന്റേണിറ്റ്സ് പറയുന്നു: 'പലഘട്ടങ്ങളിലും ഒരു യാഥാസ്ഥിതിക ബ്രാഹ്മണനെന്നും മതാനുഷ്ഠാനങ്ങളുടെ അനുവർത്തനത്തിനു ശാഠ്യം പിടിക്കുന്നവനെന്നും അർത്ഥശാസ്ത്രത്തിന്റെ പല ഭാഗങ്ങളിലും തെളിയിക്കുന്ന അതേ കൌടില്യൻ തന്നെ..... മതസങ്കല്പങ്ങളുടെ ദുരുപയോഗങ്ങളെന്നും മനുഷ്യവിശ്വാസങ്ങളുടെ നേരെയുള്ള അവസ്കന്ദനമെന്നും പറയേണ്ട കാര്യങ്ങളെ തിരസ്കരിക്കുന്നതിനുവേണ്ട പ്രായോഗിക തന്ത്രോപായങ്ങൾ ശുപാർശ ചെയ്യാൻ ഒരു മനസ്സാക്ഷിക്കുത്തും കാണിക്കുന്നില്ലെന്നുള്ളത് അസാധാരണമായിരിക്കുന്നു.' പ്രായോഗിക രാഷ്ട്രതന്ത്രജ്ഞൻമാരെക്കുറിച്ചു പറയുമ്പോൾ ഇതിൽ അസാധാരണ സന്ദർഭങ്ങളിൽ അസാധാരണ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ അംഗീകരിച്ച്, അവ സിദ്ധാന്തതലത്തിലേക്കുയർത്തി പ്രചരിപ്പിക്കാൻ സഫലമായി ഉദ്യമിക്കുകയേ കൗടില്യൻ അർത്ഥശാസ്ത്രത്തിൽ ചെയ്തിട്ടുള്ളു.

അർത്ഥശാസ്ത്രവും ഇന്ത്യയും

തിരുത്തുക

ഈ പ്രാമാണിക ഗ്രന്ഥത്തിന്റെ പഴയ താളിയോലപ്പകർപ്പുകൾ വളരെ വിരളമായി മാത്രമേ കണ്ടുകിട്ടാനുള്ളു എന്നതുകൊണ്ട് ഭാരതീയർ ഇതിലെ സിദ്ധാന്തങ്ങളെ നിരാകരിക്കുകയാണ് ചെയ്തത് എന്ന് ഒരു വാദമുണ്ട്. ഒരുവേള ജീവിത മണ്ഡലങ്ങളിലെല്ലാം സദാചാരമൂല്യങ്ങൾക്കു മാത്രം ഊന്നൽകൊടുക്കുന്ന ഒരുവിഭാഗം പണ്ഡിതന്മാർ ഇതിനെ നിരുപാധികം അംഗീകരിച്ചുകാണാനിടയില്ല എന്നതു ശരിയായിരിക്കാമെങ്കിലും (അശ്വഘോഷൻ ബുദ്ധചരിതത്തിൽ അർത്ഥശാസ്ത്രത്തെ നിശിതമായി വിമർശിക്കുന്നുണ്ട്), ഇതിന്റെ പദവിക്ക് സാരമായ ഊനം തട്ടിയിട്ടുണ്ടെന്നു കരുതാൻ പാടില്ല. മഹായാന ബുദ്ധമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ ലങ്കാവതാരസൂത്രം കൗടില്യനെ ഒരു ഋഷിയായി ബഹുമാനിക്കുന്നു; ചൈനീസ് സഞ്ചാരിയായ ഇ-ത്സിങ്ങിന്റെ (എ.ഡി. 6-7 നൂറ്റാണ്ടുകൾ) പ്രശംസയ്ക്കു പാത്രമായ ആര്യശൂരന്റെ ജാതകമാല എന്ന ബുദ്ധമതഗ്രന്ഥം അർത്ഥശാസ്ത്രസിദ്ധാന്തങ്ങളോടുള്ള ആധമർണ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ദിഗംബരജൈനപണ്ഡിതനായ സോമദേവൻ (എ.ഡി. 10-ാം നൂറ്റാണ്ട്) തന്റെ നീതിവാക്യാമൃതത്തിൽ കൌടില്യനെ 'നയവിത്ത്' എന്നു ശ്ളാഘിക്കുന്നു. അതുപോലെ ദണ്ഡി ദശകുമാരചരിതത്തിലും വിശാഖദത്തൻ മുദ്രാരാക്ഷസം നാടകത്തിലും കൗടില്യന്റെ രാഷ്ട്രമീമാംസാ പാണ്ഡിത്യത്തെക്കുറിച്ചു പരാമർശിക്കുന്നതു ഭക്ത്യാദരപൂർവമാണ്.

വിവർത്തനങ്ങളും പഠനങ്ങളും

തിരുത്തുക

കൗടിലീയാർത്ഥശാസ്ത്രത്തിന്റെ ആദ്യത്തെ മുദ്രിതപാഠം പുറത്തുവന്നത് 1909-ൽ മൈസൂറിൽ നിന്നുമായിരുന്നു. ആർ. ശ്യാമശാസ്ത്രി പ്രസാധനം ചെയ്ത ഈ കൃതി അന്നുമുതൽ ഇന്ത്യയിലും പുറത്തുമുള്ള നിരവധി പണ്ഡിതന്മാരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പല യൂറോപ്യൻ ഭാഷകളിലും വിവർത്തനങ്ങളായും ഭാഷ്യങ്ങളായും ഭാഗികവും സമഗ്രവുമായ പഠനങ്ങളായും പലതരത്തിലുള്ള പുനഃസൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. ഇറ്റാലിയൻ ഭാഷയിൽ എം. വല്ലാവ്രിയും (II Primo Adhikarana del, 1915), ഇംഗ്ളീഷിൽ ആർ. ശ്യാമശാസ്ത്രിയും (1915), ആർ.പി. കാങ്ലേയും (1963), ജർമനിൽ ജെ. ജോളിയും (Das attindische Buch von Welt und Staatsleben;Das Arthacastra des Kavtilya, 1925-26), റഷ്യനിൽ വി.ഐ. കല്യനോവും (Arthasatra ili navaka politiki, 1959) ആണ് വിവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ബിബ്രിലോയ് ർ, എ. ഹില്ലിബ്രാൻഡ്, ഒ. സ്റ്റീൻ, സ്റ്റെൻകൊനോഫ്, എഫ്. വിൽഹെം, എൻ.എൻ.ലാ, എൽ.റിനൗ, ഐ.പി. ബെയ്കോഫ്, എച്ച്.ബർജർ, ജെ.കാർപന്റിയർ, പി.എസ്. ഗർടൺ, സി. ഡബ്ള്യു, ഗുർണർ, എച്ച്.ജാക്കോബി, ഇ.എച്ച്. ജോൺസ്റ്റൺ, എ.ബി. കീത്ത്, ഡബ്ള്യു.റൂബൻ, വി. സൻഡേഴ്സ്, എൽ. സ്റ്റേൺബാക്ക് തുടങ്ങിയ നിരവധി യൂറോപ്യൻ പണ്ഡിതന്മാർ ഈ പുസ്തകത്തെ സമഗ്രമായോ പ്രത്യേക വിഷയങ്ങളെടുത്തോ അഗാധപഠനത്തിനു വിധേയമാക്കുകയും പല പ്രസിദ്ധീകരണങ്ങൾവഴി ഇതിലെ സിദ്ധാന്തങ്ങൾ രാജ്യാന്തരങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബംഗാളിയിൽ രാധാഗോവിന്ദബസകും (1950) ഗുജറാത്തിയിൽ ജയ്സുഖ്റായ് ജോഷിപുരയും (1930) ഹിന്ദിയിൽ പ്രാൺനാഥ് വിദ്യാലങ്കാർ (1923), ഉദയവീരശാസ്ത്രി (1925), ഗംഗാപ്രസാദ്ജി ശാസ്ത്രി (1940), ദേവ്ദത്തശാസ്ത്രി (1957), വാചസ്പതിഗെയ്രോള (1962) എന്നിവരും മറാഠിയിൽ ജെ.എസ്. കരൻഡികർ, ബി.ആർ. ഹിവർഗം വൊൺകർ എന്നിവർ ചേർന്നും (1927-29), ഒറിയയിൽ അനന്തരാമകരശർമയും (1963-64), തമിഴിൽ എം.കെ. ചെട്ടിയാരും പി.എസ്. രാമാനുജാചാരിയും ചേർന്നും (1955) തെലുഗുവിൽ എം.വെങ്കിടരംഗയ്യയും എ. വെങ്കിടാശാസ്ത്രിയും ചേർന്നും (1923) കൌടിലീയാർത്ഥശാസ്ത്രം വിവർത്തനം ചെയ്തിട്ടുണ്ട്.

യൂറോപ്യൻ ഭാഷകളിലെന്നപോലെ ഈ ഗ്രന്ഥത്തെ ആസ്പദമാക്കി വിവിധ ഭാരതീയ ഭാഷകളിൽ നടത്തപ്പെട്ടിട്ടുള്ള ഗവേഷണപഠനങ്ങൾ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങളായും പ്രബന്ധങ്ങളായും പുറത്തുവന്നിട്ടുണ്ട്. ഇതിലെ അധികരണങ്ങളിലുൾപ്പെട്ട വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചു രചിക്കപ്പെട്ടിട്ടുള്ള ഉപന്യാസങ്ങളും 'അർത്ഥശാസ്ത്രസാഹിത്യ' സമ്പത്തിന്റെ മുഖ്യഘടകങ്ങളാണ്. സംസ്കൃതത്തിൽ ഇതിനുണ്ടായിട്ടുള്ള എണ്ണപ്പെട്ട വ്യാഖ്യാനങ്ങൾ ഭട്ടസ്വാമിയുടെ പ്രതിപദപഞ്ചിക, ഭിക്ഷുപ്രഭമതിയുടെ ജയമംഗള, മാധവയജ്വാവിന്റെ നയചന്ദ്രിക എന്നിവയാണ്.

കേരളത്തിൽ

തിരുത്തുക

ഒരുവേള കൗടിലീയാർത്ഥശാസ്ത്രത്തിന് ഉണ്ടായിട്ടുള്ള ആദ്യത്തെ അന്യഭാഷാവിവർത്തനം മലയാളത്തിലേതായിക്കൂടെന്നില്ല. മലയാളസാഹിത്യത്തിന്റെയെന്നല്ല, അതിലെ ഗദ്യസാഹിത്യശാഖയുടെ തന്നെ വളർച്ചയുടെ പ്രഥമവികസ്വരഘട്ടത്തെക്കുറിക്കുന്ന ഒരു അസുലഭകൃതിയാണ് എ.ഡി. 9 മുതൽ 12 വരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ രചിച്ചതെന്നു കരുതപ്പെടുന്ന ഭാഷാകൗടലീയം. അർത്ഥശാസ്ത്രത്തിന്റെ ആദ്യത്തെ ഏഴധികരണങ്ങൾ മാത്രമേ ഇതിൽ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുള്ളു. 'ഇനി അധ്യക്ഷൻ കൺപാൻ വരും കാലമാവിതു, ആടിത്തിങ്കൾ വരുവിതു', 'രാജാവിനുടയ ഭാഗ്യമെല്ലോ കാട്ടിലിരുന്ന എങ്കളൈയും രക്ഷിക്കിന്റിതു എന്റുചൊല്ലി രാജാവിന്ന് പടും കൂറ് താങ്കളുപയോഗിപ്പിതില്ലേ' എന്നു തുടങ്ങിയ ആദിമഭാഷാഗദ്യരൂപങ്ങൾ നിറഞ്ഞ ഈ കൃതി രാമവർമ അപ്പൻതമ്പുരാൻ കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരിക്കുന്ന കാലത്ത് (1930-40) മുദ്രിതമായി.

മഹാമഹോപാധ്യായ ടി. ഗണപതി ശാസ്ത്രി ശ്രീമൂലം വ്യാഖ്യാനത്തോടുകൂടി മൂന്നു ഭാഗങ്ങളായി അർത്ഥശാസ്ത്രം തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്തു (1924-25). കെ. സാംബശിവശാസ്ത്രി ഇതിന്റെ ഒന്നാമത്തെയും (1930) രണ്ടാമത്തെയും (1938) ഭാഗങ്ങളും വി.എ. രാമസ്വാമി ശാസ്ത്രി മൂന്നാമത്തെ ഭാഗവും (1945) മലയാള വ്യാഖ്യാനങ്ങളോടുകൂടി പിന്നീട് തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചു.

അർത്ഥശാസ്ത്രത്തിനു മലയാളത്തിലുണ്ടായിട്ടുള്ള മറ്റൊരു മുഖ്യവിവർത്തനം കെ. വാസുദേവൻമൂസ്സതിന്റേത് (കെ.വി.എം.) ആണ് (1935). ഇതിന്റെ രണ്ടാം പതിപ്പ് എൻ.വി. കൃഷ്ണവാരിയർ പുനഃപ്രസാധനം ചെയ്തു (1961).

പഴയ കൗടലീയംഗദ്യത്തിന്റെ 4-7 അധികരണങ്ങൾ മാത്രം കെ. എൻ. എഴുത്തച്ഛൻ പ്രസാധനം ചെയ്തു ചെന്നൈയിൽനിന്നും പ്രകാശിപ്പിച്ചിട്ടുണ്ട് (1960). നോ: കൗടല്യൻ; മാക്കിയവെല്ലി; രാജാവ് അർത്ഥശാസ്ത്രത്തെക്കുറിച്ചു എം.ജി.എസ്. നാരായണന്റെ പഠനം ശ്രദ്ധേയമാണ്.[1] കേരളത്തിൽ ലഭ്യമായ നീതിശാസ്ത്ര ഗ്രന്ഥങ്ങളും അവയെക്കുറിച്ചു പിൽക്കാലത്തുണ്ടായ പഠനങ്ങളെയും ആറ്റുകാൽ ശങ്കരപ്പിള്ളയുടെ ഹിന്ദുശാസ്ത്രസാരസംഗ്രഹം പഠനവും ഡൊണാൾഡ് ആർ. ഡേവിസിന്റെ നീതിസാര പഠനങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. [2]

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അർത്ഥശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
 1. എം.ജി.എസ്. നാരായണൻ, അർത്ഥശാസ്ത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം
 2. ധർമ്മശാസ്ത്രങ്ങളുടെ പ്രാഗ്‌രൂപവും നീതിശാസ്ത്രങ്ങളുടെ കേരളീയ പരിപ്രേക്ഷ്യവും (കേരളത്തിലെ നീതിശാസ്ത്രങ്ങൾ) , എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022
"https://ml.wikipedia.org/w/index.php?title=അർത്ഥശാസ്ത്രം&oldid=3752113" എന്ന താളിൽനിന്ന് ശേഖരിച്ചത്