ആലം

(Alum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരട്ട സൾഫേറ്റുകളാണ് ആലങ്ങൾ. പൊട്ടാസ്യം സൾഫേറ്റും അലൂമിനിയം സൾഫേറ്റും ചേർന്ന ലവണത്തെ പൊട്ടാഷ് ആലം എന്ന് വിളിക്കുന്നു. പൊട്ടാസ്യം സൾഫേറ്റിന് പകരം സോഡിയം സൾഫേറ്റായാൽ സോഡാ ആലമെന്നും (Na2SO4·Al2(SO4)3·24H2O) അമോണിയം സൾഫേറ്റ് ആണെങ്കിൽ അമോണിയം ആലം (NH4Al(SO4)2·12H2O) എന്നും പറയുന്നു. അലൂമിനിയം സൾഫേറ്റിന് പകരം ക്രോമിയം, ഇരുമ്പ് എന്നിവയുടെ സൾഫേറ്റുകളും ഉപയോഗിക്കാറുണ്ട്. ക്രോം ആലം (K2Cr(SO4)2·12H2O) ഇപ്രകാരം നിർമ്മിക്കുന്ന ഒന്നാണ്.

ആലം പരൽ
ക്രോം ആലം ചേർന്ന ആലം പരൽ. ക്രോം ആലത്തിന്റെ സാന്നിദ്ധ്യം വയലറ്റ് നിറം നൽകുന്നു.

ആലത്തിന്റെ ഉപയോഗങ്ങൾ

തിരുത്തുക
  • തുണികളിൽ ചായം ഉറപ്പിച്ച് പറ്റിപ്പിക്കുന്നതിനുള്ള മോർഡന്റായി ആലം ഉപയോഗിക്കുന്നു. ആലത്തിന്റെ ലായനിയിൽ മുക്കിയ ശേഷമാണ് തുണികൾ ചായത്തിൽ മുക്കുന്നത്
  • തുകൽ ഊറക്കിടാൻ ആവശ്യമായ അലൂമിനിയം ഹൈഡ്രോക്സൈഡിന്റെ സ്രോതസ്സായി ആലം ഉപയോഗിക്കാം
  • മലിനജല സംസ്കരണം, ജലശുദ്ധീകരണം തുടങ്ങിയവക്ക്
  • ഫോം അഗ്നിശമനികൾ നിർമ്മിക്കുന്നതിന് ആലം ഉപയോഗിക്കുന്നു. ആലവും അലക്കുകാരവും ചേർന്നാൽ പശിമയുള്ള അലൂമിനിയം ഹൈഡ്രോക്സൈഡും കാർബൺ ഡയോക്സൈഡ് വാതകവും ഉണ്ടാകും. കാർബൺ ഡയോക്സൈഡ് കുമിളകൾ വേഗത്തിൽ പൊട്ടിപ്പോകാതെ അലൂമിനിയം ഹൈഡ്രോക്സൈഡ് നോക്കുന്നു.

നിർമ്മാണ രീതി

തിരുത്തുക

അലൂമിനിയം സൾഫേറ്റും പൊട്ടാസ്യം സൾഫേറ്റും മോളാർ അനുപാതത്തിലെടുത്ത് ജലത്തിൽ ലയിപ്പിക്കുന്നു. ഇവ വെവ്വേറെ ചൂടാക്കിയ ശേഷം കലർത്തുക. ഈ മിശ്രിതത്തെ ബാഷ്പീകരിച്ച് ഗാഢത വർദ്ധിപ്പിക്കുന്നു. ഈ ഗാഢമിശ്രിതം തണുക്കുമ്പോൾ പൊട്ടാഷ് ആലത്തിന്റെ വലിയ പരലുകൾ ലഭിക്കുന്നു. ഇത്തരത്തിൽ മറ്റ് ആലങ്ങളും തയ്യാറാക്കാം.

സദൃശസംയുക്തങ്ങൾ

തിരുത്തുക

അലൂമിനിയത്തിനു പകരം ഗാലിയം, ഇൻഡിയം, സ്കാൻഡിയം, ടൈറ്റേനിയം, ക്രോമിയം, ഇരുമ്പ്, കൊബോൾട്ട്, മോളിബ്ഡിനം, റുഥീനിയം, റോഡിയം, ഇറിഡിയം തുടങ്ങിയ ലോഹങ്ങളുടെ ട്രൈവേലന്റ് സൾഫേറ്റുകളും ആലങ്ങൾ ഉണ്ടാക്കുന്നു. ഓർഗാനിക് അമിനുകൾ, ഹൈഡ്രസിൻ തുടങ്ങിയവയുടെ മോണോവേലന്റ് അയോണുകളും ഉപയോഗിക്കാം. സൾഫേറ്റുകളേപ്പോലെത്തന്നെ സെലീനേറ്റുകളും സ്ഥിരതയുള്ള ആലങ്ങൾ ഉണ്ടാക്കുന്നു. ക്രോമേറ്റ്, മോളിബ്ഡേറ്റ്, ടങ്സ്റ്റേറ്റ് എന്നിവയും ആലങ്ങൾ രൂപീകരിച്ചേക്കാം.

"https://ml.wikipedia.org/w/index.php?title=ആലം&oldid=3348596" എന്ന താളിൽനിന്ന് ശേഖരിച്ചത്