അലക്സിയസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അലക്സിയസ് (വിവക്ഷകൾ) എന്ന താൾ കാണുക.
|
|
ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു അലക്സിയസ് IV. അലക്സിയസ് III അന്ധനാക്കി വധിച്ച (1195) ചക്രവർത്തിയായ ഐസക്ക് II-ന്റെ പുത്രനായിരുന്നു അലക്സിയസ് ആഞ്ജലസ്. കുരിശുയുദ്ധത്തിലെ കക്ഷികളെ കോൺസ്റ്റാന്റിനോപ്പിളിലേക്കു ക്ഷണിച്ചുവരുത്തി. അവരുടെ സഹായത്തോടെ ഐസക്ക് ചക്രവർത്തിയായപ്പോൾ അലക്സിയസ് IV സഹചക്രവർത്തിയായി; ഐസക്കിന്റെ മരണത്തെത്തുടർന്ന് പൂർണാധികാരം പിടിച്ചെടുത്തു. സൈനികസാമ്പത്തിക സഹായങ്ങൾ നൽകി കുരിശുയുദ്ധത്തിൽ പങ്കെടുക്കുന്നവരെ സഹായിക്കാമെന്നു ചക്രവർത്തി വാഗ്ദാനം ചെയ്തിരുന്നു. ഇതു ചക്രവർത്തിക്കു പാലിക്കാൻ കഴിയാഞ്ഞതിനെത്തുടർന്ന് അവരുമായി കലഹത്തിലായി. അലക്സിയസ് IIIന്റെ ജാമാതാവായ ഡ്യൂക്കാസ് മുർട്ട് സുപ്ലസ്സിന്റെ നേതൃത്വത്തിൽ കുരിശുയുദ്ധക്കാർ അലക്സിയസ് IVനെ വളഞ്ഞു. 1204 ഏപ്രിൽ 4-ന് അവർ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി അലക്സിയസ് IV നെ വധിച്ചു. ഐസക്കും ഇതോടൊപ്പം നിര്യാതനായി. ഫ്ലാൻഡേഴ്സിലെ ബാൾഡ്വിനെ കുരിശുയുദ്ധക്കാർ അവിടത്തെ ലത്തീൻ ചക്രവർത്തിയാക്കി. പക്ഷേ, ഡ്യൂക്കാസ് ഇത് അംഗീകരിക്കാതെ അലക്സിയസ് V എന്ന പേരു സ്വീകരിച്ച് ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു.