പരാശക്തി
സാമാന്യമായ ശാക്തേയ വിശ്വാസത്തിലും, ഹൈന്ദവ വിശ്വാസത്തിലും പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽപ്പമാണ് പരാശക്തി' അഥവാ ആദിപരാശക്തി. പരാശക്തി എന്നാൽ പരമമായ ഊർജം എന്നാണ് അർത്ഥം. പരബ്രഹ്മം, പരമാത്മാവ്, ഈശ്വരി, പരമേശ്വരി, ജഗദീശ്വരി, ഭഗവതി, മഹാമായ തുടങ്ങിയ വാക്കുകൾക്ക് തുല്യമായി പരാശക്തി എന്ന പദം ഉപയോഗിക്കാറുണ്ട്. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം. ശാക്തേയ സമ്പ്രദായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവമാണ് ഭഗവതിയായ ആദിപരാശക്തി. പൊതുവേ ഭഗവതി എന്ന് പറയുന്നത് ആദിപരാശക്തിയേയും ആ ഭഗവതിയുടെ വിവിധ ഭാവങ്ങളെയും തന്നെയാണ്. പ്രാചീന ഗോത്ര ആരാധനയിലും, മാതൃ ദൈവ സങ്കല്പത്തിലും, ഹിന്ദു വിശ്വാസത്തിലും ദേവി പരാശക്തിയുടെ ആരാധന കാണാം. ഊർവരത, മണ്ണിന്റെ ഫലഭൂയിഷ്ടി, കാർഷിക സമൃദ്ധി, ഐശ്വര്യം, ബലം, യുദ്ധ വിജയം, വിദ്യ എന്നിവ പരാശക്തിയുമായി ബന്ധപെട്ടു കിടക്കുന്നു. ശാക്തേയ വിശ്വാസപ്രകാരം ആദിമൂല ഭഗവതിയാണ് ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽപ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് പ്രപഞ്ച സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ മഹാശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു. പ്രാചീന മാതൃ ദൈവ ആരാധനയുടെ പിന്തുടർച്ച ആണിത്.
എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് ആദിപരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാന ഭാവങ്ങൾ പരാശക്തിക്ക് കണക്കാക്കുന്നു. മഹാമായ, ഭുവനേശ്വരി, രാജരാജേശ്വരി, ഈശ്വരി, പരമേശ്വരി, മഹേശ്വരി, ജഗദീശ്വരി, ത്രിപുര സുന്ദരി, ദുർഗ്ഗ, ഭദ്രകാളി, ചണ്ഡിക, നാരായണി, ലളിത, ഭഗവതി തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.
ദേവീ മാഹാത്മ്യം, ദേവി ഭാഗവതം, ലളിത സഹസ്രനാമം, കാളിക പുരാണം, സൗന്ദര്യ ലഹരി തുടങ്ങിയവ പരാശക്തിയുടെ വർണ്ണനകൾ അടങ്ങിയ ഗ്രന്ഥങ്ങളാണ്. ചൊവ്വ, വെള്ളി, അമാവാസി, പൗർണമി, നവരാത്രി, തൃക്കാർത്തിക തുടങ്ങിയവ വിശേഷ ദിവസങ്ങൾ.
വിശ്വാസം
തിരുത്തുകദേവീ ഭാഗവതം, ദേവീമാഹാത്മ്യം എന്നിവ അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. മറ്റുള്ള എല്ലാ ദേവതാസങ്കൽപ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും പ്രപഞ്ചവും ആദിപരാശക്തി എന്ന സർവ്വേശ്വരിയിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. ആദിപരാശക്തിയായ ഭുവനേശ്വരി മണിദ്വീപം എന്ന സ്വർഗീയ നഗരിയിൽ ബ്രഹ്‌മാ, വിഷ്ണു, രുദ്രൻ തുടങ്ങിയ സർവ്വദേവന്മാരാലും സ്തുതിക്കപ്പെട്ടു സദാശിവ ഫലകത്തിൽ ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ ഇരിക്കുന്ന ജഗദീശ്വരി ആണ്. ആ സർവേശ്വരിയുടെ ഇരുവശത്തും ലക്ഷ്മിയും സരസ്വതിയും നിൽക്കുന്നു. ആ ഭഗവതിയുടെ മൂന്ന് ഭാവങ്ങളാണ് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവർ. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു. ഇവ യഥാക്രമം താമസിക, രാജസിക, സാത്വിക ഗുണങ്ങളായി വർണ്ണിക്കപ്പെടുന്നു. ഇതിന്റെ മറ്റൊരു വകഭേദമാണ് ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാർ എന്ന് ദേവി ഭാഗവതം പ്രസ്ഥാവിക്കുന്നു. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്ത്വിക, രാജസ, താമസ ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ.
ദേവി മഹാത്മ്യത്തിൽ ത്രിമൂർത്തികളായ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാരും തൃദേവിമാരായ ഉമ, ലക്ഷ്മി, സരസ്വതി തുടങ്ങിയവരും ആദിപരാശക്തിയായ മഹാലക്ഷ്മിയിൽ നിന്നാണ് അവതരിച്ചത്. കൂടാതെ മഹാകാളിയും മഹാസരസ്വതിയും മഹാലക്ഷ്മിയിൽ നിന്നും അവതരിച്ചവരാണ്. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി സർവ്വായുധധാരിയായി പരാശക്തി മഹാലക്ഷ്മിയായി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദുർഗ്ഗയ്ക്കും, ഭുവനേശ്വരിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പൂർണ്ണ ചന്ദ്രൻ ഉദിക്കുന്ന (പൗർണമി ദിവസം) ഭുവനേശ്വരിയായ ദുർഗ്ഗ ആയും അമാവാസി ദിവസം കാളി ആയും സങ്കൽപ്പിക്കപ്പെടുന്നു.
"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്.
ശൈവ വിശ്വാസപ്രകാരം പരമശിവന്റെ പത്നിയാണ് ആദിശക്തി ആയ സാക്ഷാൽ ലളിതാത്രിപുരസുന്ദരി. പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തിയായി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - എന്നിവയാണ് പഞ്ചകൃത്യങ്ങൾ. മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതിയായി ജനിച്ചു. ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.
ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സാത്ത്വിക ഭാവം) സാത്ത്വിക ഭാവത്തെ ഉണർത്തി അന്നപൂർണേശ്വരിയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യരുടെ ദുഖങ്ങളെയും ദുർഗതികളെയും നശിപ്പിക്കുന്നു, ആപത്തിൽ രക്ഷയും ഐശ്വര്യവും പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി, ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു, രോഗദുരിതങ്ങളെ ഇല്ലാതാക്കി സദാ ശുഭം പ്രധാനം ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്.
ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിതാ സഹസ്രനാമത്തിൽ ശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.
ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിതാസഹസ്രനാമം, ലളിത ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യലഹരിയിലും ആദിപരാശക്തിയെ ശിവശക്തൈക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു.
ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല 1.ശൈലപുത്രി, 2.ബ്രഹ്മചാരിണി, 3.ചന്ദ്രഖണ്ഡ, 4.കൂശ്മാണ്ട, 5.സ്കന്ദ മാതാ, 6.കാർത്ത്യായനി, 7.കാളരാത്രി,8.മഹാഗൗരി, 9.സിദ്ധിധാത്രി തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുല ദൈവമായി ഭഗവതി മാറിയത്.