അബ്ദുൽ റഹിം ഖാനി ഖാനൻ

(Abdul Rahim Khan-I-Khana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഗൾസേനാനിയും രാജ്യതന്ത്രജ്ഞനും പണ്ഡിതനും കവിയുമായിരുന്നു അബ്ദുൽ റഹിം ഖാൻ-ഇ-ഖാനൻ (ഹിന്ദി: अब्दुल रहीम ख़ान-ए-ख़ाना, ഉർദു: عبدالرحيم خانخان), കൂടതെ റഹിം എന്നും അറിയപ്പെടുന്നു (रहीम, رحیم). ബൈറാംഖാന്റെ പുത്രനായി 1556 ഡിസബർ 16-ന് ജനിച്ചു. മിഴ്സാ അബ്ദുൽ റഹിം എന്നും മിഴ്സാഖാൻ എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മാതാവ് ഹൂമായൂൺ ചക്രവർത്തിയുടെ (1507-1555) പത്നീസഹോദരിയായിരുന്നു. അബ്ദുൽ റഹിം കാറാ കോയുൻലു തുർക്ക്മെൻ വിഭാഗത്തിലെ ബഹാർലു ഗോത്രക്കാരൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ നാലാം വയസ്സിൽ പിതാവ് വധിക്കപ്പെട്ടു. വിധവയായിത്തീർന്ന സലീമാബീഗത്തെ അക്ബർ ഭാര്യയായി സ്വീകരിക്കുകയും ബാലനായ അബ്ദുൽ റഹീമിനെ തന്റെ മേൽനോട്ടത്തിൽ വളർത്തുകയും ചെയ്തു. ചക്രവർത്തി ഇദ്ദേഹത്തിന് ഉന്നതവിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങൾ ഏർപ്പാടു ചെയ്തുകൊടുത്തു. 1573 ആഗസ്റ്റിൽ അക്ബർ നടത്തിയ ഗുജറാത്ത് ആക്രമണങ്ങളിൽ അബ്ദുൽ റഹിം പങ്കെടുത്തു. അന്നു പല കലാപകാരികളെയും ഇദ്ദേഹം അമർച്ച ചെയ്തു.

അബ്ദുൽ റഹിം ഖാൻ-ഇ-ഖാനൻ
Young Abdul Rahim Khan-I-Khana being received by Akbar
ജീവിതപങ്കാളി Mah Banu Begum
മക്കൾ
Jana Begum
Two sons
രാജവംശം Jalayirid
പിതാവ് Bairam Khan
മാതാവ് daughter of Jamal Khan of Mewat
കബറിടം Tomb of Abdul Rahim, Delhi
മതം Islam
അബ്ദുൽ റഹിം ഖാന്റെശവകുടീരം

ഗുജറാത്ത് ഗവർണർ

തിരുത്തുക
 
ബാലനായ അബ്ദുൽ റഹിം ഖാനെ അക്ബർ സ്വീകരിക്കുന്നു

1576-ൽ അബ്ദുൽ റഹിം ഗുജറാത്ത് ഗവർണർ ആയി നിയമിക്കപ്പെട്ടു. 1578-ലെ ഗോൽക്കൊണ്ട, കുംഭാൽമർ എന്നീ ആക്രമണങ്ങളിൽ ഇദ്ദേഹം പങ്കെടുത്ത് വിജയം നേടുകയും ചക്രവർത്തിയുടെ പ്രീതിയും വിശ്വാസവും ആർജിക്കുകയും ചെയ്തു. ഈ വിശ്വാസത്തിന്റെ പ്രതീകമായി രാജ്യത്തിലെ ഏറ്റവും വലിയ പദവികളിലൊന്നായ മീർ അർദ് ആയി ഇദ്ദേഹം നിയമിക്കപ്പെട്ടു; ഒരു ജാഗീറും ഇദ്ദേഹത്തിന് നൽകപ്പെട്ടു. 1584 ജനുവരിയിൽ നാദോത്ത്, സർഖേജ് എന്നീ യുദ്ധങ്ങളിലൂടെ ഇദ്ദേഹം മുസഫർഷാ (ഗുജറാത്ത്)യെ അമർച്ച ചെയ്തു. ഈ യുദ്ധവിജയങ്ങളുടെ അംഗീകാരമെന്ന നിലയിൽ ഖാൻ-ഇ-ഖാനാൻ എന്ന പദവി അക്ബർ ചക്രവർത്തി ഇദ്ദേഹത്തിനു നൽകി. രാജകൊട്ടാരത്തിലെ ഏറ്റവും വലിയ പദവിയായ വക്കീൽസ്ഥാനം 1589-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അക്കൊല്ലംതന്നെ ഇദ്ദേഹം ചക്രവർത്തിക്ക് ബാബർനാമയുടെ പേർഷ്യൻ വിവർത്തനമായ വാഖിഅത്ത്-ഇ-ബാബുരി സമർപ്പിച്ചു. 1590-91 കാലത്ത് ഇദ്ദേഹം താറ്റായിലും പിന്നീട് 1593-ൽ ഡെക്കാൺ ആക്രമണത്തിലും പങ്കെടുത്തു. 1610-ലെ ആക്രമണം പരാജയത്തിൽ കലാശിച്ചു. ഡെക്കാണിലായിരുന്ന അബ്ദുൽ റഹിം 1622-ൽ തിരിച്ചുവിളിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ സ്ഥാനമാനങ്ങൾ അതോടെ നഷ്ടപ്പെട്ടു. എന്നാൽ 1625-ൽ ജഹാംഗീർചക്രവർത്തി ഇദ്ദേഹത്തിനു നഷ്ടപ്പെട്ടുപോയ പദവികൾ തിരിച്ചുകൊടുത്തതിനു പുറമേ ഒരുലക്ഷം രൂപയും പാരിതോഷികമായി നൽകി. യുദ്ധപര്യടനത്തിന് തയ്യാറായിക്കൊണ്ടിരിക്കവേ 1626-ൽ ഇദ്ദേഹം രോഗശയ്യാവലംബിയാവുകയും 1627-ൽ 71-ആമത്തെ വയസ്സിൽ നിര്യാതനാവുകയും ചെയ്തു. ഡൽഹിയിലെ ഷെയ്ഖ് നിസാമുദ്ദീൻ ഔലിയായുടെ ശവകുടീരത്തിനു സമീപത്തായി മൃതദേഹം സംസ്കരിക്കപ്പെട്ടു.

ഷാനവാസ്ഖാൻ, മിഴ്സാ ദാറാബ്, മിഴ്സാ റഹ്മാൻ ദാദ്, മിഴ്സാ അമറ്ല്ലാ എന്നീ നാലു പുത്രൻമാരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇവരിൽ മിഴ്സാ റഹ്മാൻ ദാദ് അറബി, പേർഷ്യൻ, തുർക്കി, ഹിന്ദി എന്നീ ഭാഷകളിൽ പണ്ഡിതനായിരുന്നു. പുത്രിയായ ജാനിബീഗത്തെ അക്ബറിന്റെ പുത്രനായ ദാനിയാൽ രാജകുമാരനാണ് വിവാഹം കഴിച്ചത്.

സാഹിത്യസംഭാവനകൾ

തിരുത്തുക

മികച്ച ഒരു കവി എന്ന നിലയിൽ അബ്ദുൽ റഹിം പ്രത്യേകം പ്രശംസയർഹിക്കുന്നു

  • ദോഹാവലി (റഹീംസത്സയി)
  • ബർവൈനായികാഭേദ്
  • ബർവൈമദനാഷ്ടക്
  • ശൃംഗാരസോരഠ്
  • നഗരശോഭ
  • രാസപഞ്ചാധ്യായി
  • റഹീം രത്നവലി
  • ഖേഡകൌതുകജാതകം
  • റഹീംകാവ്യം
  • ഫുട്ക്കൽ കവിത്തസവൈയേ

എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികൾ ഇവയിൽ ദോഹാവലിക്കാണ് പ്രമുഖ സ്ഥാനം. ബർവൈനായികാഭേദ് ശൃംഗാരപ്രധാനമായ കൃതിയാണ്. സംസ്കൃത ഹിന്ദീമിശ്രമായ ശൈലിയിലാണ് മദനാഷ്ടക് രചിച്ചിരിക്കുന്നത്. നഗരശോഭയിൽ വിഭിന്ന ജാതിക്കാരായ സ്ത്രീകളുടെ സൗന്ദര്യം വർണിച്ചിരിക്കുന്നു. ഈ കവിയുടെ ഭാഷാശൈലി ലളിത സുന്ദരവും അലങ്കാരഭരിതവുമാണ്. മഹാകവി തുളസീദാസ് അബ്ദുൽറഹിമിന്റെ അടുത്ത മിത്രവും, ബിഹാരി ഒരാരാധകനുമായിരുന്നു.

വ്രജഭാഷ, അവധി എന്നീ ഭാഷകൾ സൗകര്യംപോലെ ഇദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. ഉപദേശസൂക്തങ്ങൾ, കൃഷ്ണഭക്തിഗീതങ്ങൾ എന്നിവ വിദ്വാൻമാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. ഉപദേശസൂക്തങ്ങളുടെ ഒരു മാതൃക താഴെക്കൊടുക്കുന്നു. -

റഹിമനജാചകതാഗഹേ, ബഡേച്ഛോട്ട് ഹ്വൈജാത്, നാരായണഹുംകോഭയോ ബാവന അംഗുരഗാത് 

(സാരം: യാചിക്കാൻ പോകുന്നവൻ എത്ര വലിയവനായാലും കൊച്ചാകേണ്ടിവരും. നാരായണൻ തന്നെയാണ് ഉദാഹരണം. മഹാബലിയോട് ഭൂമി യാചിക്കാൻ പോയത് അൻപത്തിരണ്ടംഗുലമുള്ള വാമനന്റെ രൂപത്തിലായിരുന്നല്ലോ).

ഹിന്ദിയും സംസ്കൃതവും പരസ്പരം സമ്മേളിച്ചുള്ള ശൈലീസൗന്ദര്യം അബ്ദുൽ റഹിമിന്റെ കാവ്യത്തിൽ ദൃശ്യമാണ്. ആത്മാനുഭൂതിയുടെ അനർഗളപ്രവാഹവും ഹൃദയസംവാദകക്ഷമതയും ഇദ്ദേഹത്തിന്റെ കവിതയുടെ സവിശേഷതകളായി എടുത്തുപറയാവുന്നതാണ്. അതുകൊണ്ടാണ് അബ്ദുൽ റഹിമിന്റെ നീതിവാക്യങ്ങൾ ഉത്തരേന്ത്യയിൽ സാർവജനീനമായിത്തീർന്നത്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ റഹിം ഖാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_റഹിം_ഖാനി_ഖാനൻ&oldid=3975846" എന്ന താളിൽനിന്ന് ശേഖരിച്ചത്