ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)

(2012 ഡെൽഹി കൂട്ട ബലാത്സംഗ കേസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡൽഹി നഗരത്തിൽ 2012 ഡിസംബർ 16 നു രാത്രിയിൽ സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ[2]എന്ന വൈദ്യവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണിത്.[3] സംഭവത്തിൽ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു.[4]

ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)
Silent Protest at India Gate.jpg
Protesters at India Gate in Delhi
ദിവസം 16 December 2012
സമയം 1:54 am IST (UTC+05:30)
സ്ഥലം Delhi India
ഫലം Ram Singh (died in trial period); other adult convicts sentenced to death by hanging; juvenile defendant released on 20 December 2015, two days later The Juvenile Justice (Care and Protection of Children) Amendment Bill 2015 was passed by the Rajya Sabha
രേഖപ്പെടുത്തിയ പരിക്കുകൾ 1 (male victim)
Reported death(s) 1 (Jyoti Singh) on 29 December 2012
Verdict Guilty
Convictions Rape, murder, kidnapping, robbery, assault[1]

ഈ സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയർത്തി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും മറ്റും ഇതേ തുടർന്ന് ചർച്ചകളുണ്ടാവുകയും, ഡൽഹിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന ഈ പ്രതിക്ഷേധങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായി. പെൺകുട്ടി കാമുകനോടൊപ്പം രാത്രിയിൽ യാത്ര ചെയ്തു എന്നതാണ് ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യാനുള്ള കാരണമായി പ്രതികൾ കോടതിയെ ബോധിപ്പിച്ചത്.[5]

തങ്ങളുടെ അപേക്ഷകൾ ഘട്ടംഘട്ടമായി ഫയൽ ചെയ്തുകൊണ്ട് വധശിക്ഷ മാറ്റിവയ്ക്കാമെന്നുള്ള ഉദ്ദേശത്താൽ പ്രായപൂർത്തിയായ നാല് പ്രതികളും ഈ കേസിലെ നിയമനടപടികൾക്ക് മനഃപ്പൂർവ്വം കാലതാമസം വരുത്തുകയും നീതിപീഠത്തെയും ജനങ്ങളേയും നിരാശപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അധികൃതർ ആരോപിച്ചിരുന്നു. 2020 ജനുവരി 17 ന് പ്രതികളുടെ ദയാഹർജികൾ നിരസിക്കപ്പെട്ടതിനേത്തുടർന്ന് ദില്ലി കോടതി കുറ്റവാളികൾക്ക് രണ്ടാമത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രായപൂർത്തിയായ നാല് പ്രതികളെയും 2020 മാർച്ച് 20 ന് പുലർച്ചെ 5: 30 ന് തിഹാർ ജയിലിൽ തൂക്കിലേറ്റി. മുപ്പത് മിനിറ്റിനുശേഷം അവർ മരിച്ചതായി പ്രഖ്യാപിച്ചു.[6]

പെൺകുട്ടിയും സുഹൃത്തുംകൂടി ദക്ഷിണ ഡെൽഹിയിൽ മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ്ലൈൻ ബസ്സിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പാരാമെഡിക്കൽ കോഴ്സിനു പഠിക്കുന്ന പെൺകുട്ടി ഡെൽഹിയിൽ പരിശീലനത്തിനായി വന്നതായിരുന്നു. 2012 ഡിസംബർ 16 ന് ദക്ഷിണ ഡെൽഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററിൽ സിനിമകണ്ടതിനുശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ഒപ്പം പോയതായിരുന്നു സുഹൃത്ത്. ബസ്സിലുണ്ടായിരുന്ന ആറുപേർ ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങി. ഇതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികൾ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവർ പെൺകുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെൺകുട്ടിയെ ഇരുമ്പു വടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽവെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിടയിൽ അക്രമികളിലൊരാൾ അവരുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 11 മണിയോടെ ഇരുവരേയും അർദ്ധനഗ്നരായി റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികൾ കടന്നുകളഞ്ഞു. ഒരു വഴിപോക്കനാണ് ഇരുവരെയും കണ്ട് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. [7] .

ഉത്തർപ്രദേശിലെ ബല്ല്യ എന്ന സ്ഥലത്തെ മേദ്വാര കലാൻ ഗ്രാമത്തിൽനിന്നുള്ള ഫിസിയോതെറാപ്പി ബിരുദവിദ്യാർത്ഥിനിയാണ് അക്രമത്തിനിരയായ പെൺകുട്ടി. ഡെൽഹിയിൽ പരിശീലനത്തിനായി വന്നതായിരുന്നു. കൂടെയുണ്ടായിരുന്ന 28 കാരനായ സുഹൃത്ത് ഖോരക്പൂർ സ്വദേശിയാണ്. ബലാത്സംഗത്തിനിടയിൽ ഗുരുതരമായ ക്ഷതങ്ങളേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സിച്ചു. ആന്തരാവയവങ്ങൾക്കുണ്ടായ ക്ഷതവും തലച്ചോറിലുണ്ടായ അണുബാധയും നിയന്ത്രണവിധേയമാവാതിരുന്നതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകാനെന്നപേരിൽ ഡിസംബർ 27 ന് സർക്കാർ മുൻകൈയ്യെടുത്ത് സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് ആ കുട്ടി മരണപ്പെടുകയായിരുന്നു. സിംഗപ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ചികിത്സയിലിരുന്ന ഡെൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ച് പെൺകുട്ടിക്ക് മൂന്നു തവണ ഹൃദയാഘാതം വന്നുവെന്ന് സിംഗപ്പൂർ ആശുപത്രി അധികൃതർ ഒരു മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു [8] ചികിത്സയ്ക്കിടെ ബോധം കൈവന്നപ്പോൾ പെൺകുട്ടി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി കൊടുത്തതായി പത്രവാർത്തകൾ പറയുന്നു [9].

കുറ്റവാളികൾ

തിരുത്തുക

ഈ സംഭവവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് 6 പേരെ അറസ്റ്റു ചെയ്യുകയുണ്ടായി. [10] ഉത്തർപ്രദേശിലെ ബദയൂൺ സ്വദേശിയായ പതിനേഴുകാരൻ ദില്ലിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ വെച്ച് അറസ്റ്റിലായി. പുറംലോകത്തിന് അജ്ഞാതനായി തുടരുന്ന കുറ്റവാളികളിലെ ഏറ്റവും ക്രൂരനായി അറിയപ്പെടുന്ന പതിനേഴുകാരൻ അന്നുമാത്രമാണ് മറ്റുള്ളവരുമായി പരിചയപ്പെടുന്നത്.

  1. രാംസിംഗ് - ബസ്സിന്റെ ഡ്രൈവർ (ഇയാൾ 2013 മാർച്ച് 11-ന് ജയിലിനുള്ളിൽ വെച്ച് ആത്മഹത്യ ചെയ്തു)[11]
  2. മുകേഷ് സിംഗ് - രാംസിംഗിന്റെ സഹോദരൻ
  3. വിനയ് ശർമ്മ - ഒരു ജിംന്യേഷത്തിന്റെ പരിശീലകൻ
  4. പവൻ ഗുപ്ത - ഒരു പഴക്കച്ചവടക്കാരൻ
  5. രാജു
  6. അക്ഷയ് ഥാക്കൂർ - ഡെൽഹിയിൽ ജോലി തേടി വന്ന ഒരു യുവാവ്.

ഇവരെ അറസ്റ്റിനുശേഷം തിഹാർ ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റു തടവുകാർ ഇവർക്കെതിരേ കടുത്ത ആക്രമണം അഴിച്ചു വിട്ടു. ഇവരുടെ സുരക്ഷയെക്കരുതി പ്രത്യേക മുറിയിലാണ് ആറുപേരെയും പിന്നീട് പാർപ്പിച്ചത് [12] [13].

കുറ്റാരോപണം

തിരുത്തുക

മുകേഷ്, വിനയ്, പവൻ എന്നിവരെ 19 ആം തീയതി തന്നെ സാകേത് കോടതിക്കു മുമ്പിൽ ഹാജരാക്കി. അവിടെവെച്ച് പ്രതികളിൽ മൂന്നുപേർ കുറ്റസമ്മതം നടത്തുകയുണ്ടായി. കോടതി ഇവരെ പതിനാലു ദിവസത്തെ റിമാന്റിലേക്ക് വിട്ടു. വിനയ്ശർമ്മ തനിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. താൻ പെൺകുട്ടിയുടെ സുഹൃത്തിനെ ഉപദ്രവിക്കുക മാത്രമേ ചെയ്തുള്ളു എന്നും, മറ്റ് കാര്യങ്ങളിൽ യാതൊരു പങ്കുമില്ല എന്നും കോടതിക്കു മുമ്പിൽ മൊഴി നൽകി. മുകേഷ് എന്നയാൾ കുറ്റസമ്മതം നടത്തിയില്ല, എന്നു മാത്രമല്ല ഒരു തിരിച്ചറിയൽ പരേഡിന് തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരേ പോലീസ് ചാർത്തിയിരിക്കുന്നത്. സെക്ഷൻ 365 (തട്ടിക്കൊണ്ടുപോകലും, പീഡിപ്പിക്കലും), 376 (2)(g) (കൂട്ട ബലാത്സംഗം), 377 (അസ്വാഭാവികമായ നിയമലംഘനം), 394 (മോഷണശ്രമത്തിനിടെയുള്ള പീഡനം) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ കേസ്.

സമൂഹത്തിന്റെ പ്രതികരണം

തിരുത്തുക

സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ടവർ ഈ സംഭവത്തെ നിഷ്ഠൂരം എന്ന് വിശേഷിപ്പിച്ചാണ് പ്രതികരിച്ചത്. തികച്ചും നിന്ദ്യമായ സംഭവം എന്നാണ് പ്രധാനമന്ത്രി മൻമോഹൻസിങ് ഈ സംഭവത്തോട് പ്രതികരിച്ചത്. പാർലിമെന്റിലെ ഇരു സഭകളും ഈ സംഭവത്താൽ ശബ്ദമുഖരിതമായി. കുറ്റവാളികളെ തൂക്കിക്കൊല്ലണം എന്നാണ് പ്രതിപക്ഷനേതാവായ സുഷമാസ്വരാജ് ആവശ്യപ്പെട്ടത്. കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി നേതാവു കൂടിയായ സോണിയാ ഗാന്ധി സഫ്ദർജംഗ് ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിക്കുകയും ആശുപത്രി അധികൃതരോട് വിവരങ്ങൾ ആരായുകയും ചെയ്തു [14].

ഇതുപോലെയാണ് നമ്മൾ സ്ത്രീകളോട് പെരുമാറുന്നതെങ്കിൽ, ദൈവത്തിനു മാത്രമേ ഈ സമൂഹത്തെ രക്ഷിക്കാനാവു എന്നാണ് പ്രശസ്ത ക്രിക്കറ്റ് താരമായ യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചിട്ടത്.

ഡെൽഹിയിൽ പെൺകുട്ടി അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബാൻകി മൂൺ അതിയായ ദുഃഖം രേഖപ്പെടുത്തി. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ തടയാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഐക്യരാഷ്ട്രസഭയുടെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു [15] .ഡൽഹിയിൽ കോൺഗ്രസ് പാർട്ടി തോൽക്കാനും അരവിന്ദ് കേജരിവാൾ അധികാരത്തിലെത്താനും ഈ പ്രതിഷേധങ്ങൾ കാരണമായി

പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധന

തിരുത്തുക

പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും, അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും പ്രധാനമന്ത്രി ജനങ്ങളോടായി നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. ഡെൽഹി സംഭവം നടന്നതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക പ്രതികരണം ആയിരുന്നു ഇത്. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും, അത് തടയാനായി എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ജനങ്ങൾക്കുറപ്പു നൽകി.[16] താൻ മൂന്നു പെൺകുട്ടികളുടെ പിതാവാണെന്നും, ഈ സംഭവം നിങ്ങളോരോരുത്തർക്കും എന്ന പോലെ എന്നിലും ഭീതി ജനിപ്പിച്ചു എന്നും അദ്ദേഹം തുടർന്നു പറയുകയുണ്ടായി [16]

സമരങ്ങൾ

തിരുത്തുക

2012 ഡിസംബർ 22 ന് ഡെൽഹിയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പൊതുജനം സമരവുമായി മുന്നിട്ടിറങ്ങി. ഇന്ത്യ ഗേറ്റ്, റെയ്സിന കുന്ന് എന്നിവിടങ്ങളിൽ പ്രതിഷേധവുമായി അക്രമാസക്തമായ ജനക്കൂട്ടം തടിച്ചുകൂടി. പ്രധാനികളായ രാഷ്ട്രീയക്കാർ താമസിക്കുന്ന ഇടമാണ് റെയ്സിന കുന്ന്. ഇവിടങ്ങളിൽ സമരക്കാരെ പിരിച്ചുവിടാനായി , ജലപീരങ്കിയും, കണ്ണീർവാതകവു, ലാത്തിചാർജ്ജും പ്രയോഗിക്കേണ്ടി വന്നു. എന്നിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാതെ അവിടത്തന്നെ കുത്തിയിരുന്നു സമരം ചെയ്യുകയായിരുന്നു. കുറ്റവാളികൾക്ക് മരണശിക്ഷ തന്നെ നൽകണം എന്നതായിരുന്നു അവരുടെ ആവശ്യം. ഡൽഹിയിൽ ജന്ദർമന്തർ ഒഴികെ എല്ലായിടത്തും നിരോധനാജ്ഞ പുറപ്പെടുവിക്കുകയുണ്ടായി. [17]

  • ഡിസംബർ 16, രാത്രി 9.15. ദക്ഷിണ ഡെൽഹിയിൽ നിന്നും ദ്വാരകയിലേക്കു പോകാനായി ബസ്സിൽ കയറിയ പെൺകുട്ടി ക്രൂരമായി പീഡിക്കപ്പെടുന്നു.
  • ഡിസംബർ 17: പോലീസ് കുറ്റവാളികളെ തിരിച്ചറിയുന്നു.
  • ഡിസംബർ 18: ഇന്ത്യയിൽ ഒട്ടാകെ പ്രതിഷേധം. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രതിപക്ഷനേതാവ്. കുറ്റവാളികളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുന്നു.
  • ഡിസംബർ 19: പെൺകുട്ടിയുടെ നില ഗുരുതരം. തന്നെ രക്ഷിക്കാനാവുമോ എന്ന് ഡോക്ടർമാരുടെ സംഘത്തോട് പെൺകുട്ടി എഴുതിചോദിച്ചു.
  • ഡിസംബർ 20: ഡെൽഹി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പ്രതിഷേധം.
  • ഡിസംബർ 21: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുറ്റവാളികളിൽ ഒരാളെ പെൺകുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.
  • ഡിസംബർ 22: രാജ്യവ്യാപകമായി പ്രതിഷേധം. ഇന്ത്യാഗേറ്റിലും, റെയ്സിന കുന്നിലും പ്രതിഷേധ ജ്വാലകൾ.
  • ഡിസംബർ 23: പ്രതിഷേധം അക്രമാസക്തമാകുന്നു. പെൺകുട്ടിയുടെ ആരോഗ്യനില വീണ്ടും തകരാറിൽ.
  • ഡിസംബർ 24: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. ശാന്തരായിരിക്കാൻ അപേക്ഷിക്കുന്നു.
  • ഡിസംബർ 25: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പിന്നീട് രാത്രിയോടെ വീണ്ടും വഷളാകുന്നു.
  • ഡിസംബർ 26: എയർ ആംബുലൻസിൽ പെൺകുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.
  • ഡിസംബർ 27: പെൺകുട്ടി അത്യാസന്നനിലയിൽ. ഡെൽഹി പ്രതിരോധ കോട്ട.
  • ഡിസംബർ 28: പെൺകുട്ടിയുടെ അവയവങ്ങളിൽ അണുബാധയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സിംഗപ്പൂരിലേക്കു കൊണ്ടു വരുന്നതിനു മുമ്പ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാരുടെ റിപ്പോർട്ട്.
  • ഡിസംബർ 29: ഇന്ത്യൻ സമയം രാത്രി രണ്ടേകാലിന് പെൺകുട്ടി മരണത്തിനു കീഴടങ്ങി.
  • ഡിസംബർ 29: ഡെൽഹിയിൽ മഹാവീർ എൻക്ലേവ്‌സിനു (സെക്ടർ 24) സമീപത്തുള്ള ശ്മശാനത്തിൽ ശവസംസ്കാരം.[18]
  • ഡിസംബർ 29: പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
  • ജനുവരി 03: സാകേത് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.[19].
  • മാർച്ച് 10:കേസിലെ കുറ്റവാളിയായ രാംസിംഗ് ജയിലിനുള്ളിൽ തൂങ്ങിമരിച്ചു [11].
  • ഓഗസ്റ്റ്‌ 30: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നുവർഷം തടവ്.[20] (സംഭവത്തിലെ ഏറ്റവും ക്രൂരനായ വ്യക്‌തിത്വമായി വിശേഷിപ്പിക്കപ്പെട്ട 17 കാരന്റെ വിചാരണ നടന്നത്‌ ജുവനൈൽ ജസ്‌റ്റീസ്‌ ബോർഡിന്‌ മുമ്പാകെയാണ്‌).
  • സെപ്റ്റംബർ 13 : കുറ്റവാളികളെന്ന കണ്ടെത്തലോടെ നാലു പ്രതികളെ സാകേതിലെ കോടതി മരണം വരെ തൂക്കിലിടാൻ വിധിച്ചു.[21]
  • മാർച്ച് 20, 2020 : കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയതിനു പിടിക്കപ്പട്ട 6 പേരിൽ ശിക്ഷിക്കപ്പെട്ട നാലുപേരും മാർച്ച് 20 ന് വെള്ളിയാഴ്ച പുലർച്ചെ ഡെൽഹിയിലെ തിഹാർ ജയിലിൽ തൂക്കിലേറ്റപ്പെട്ടു.[22]
  1. Gardiner Harris (3 January 2013). "Murder Charges Are Filed Against 5 Men in New Delhi Gang Rape". The New York Times. Retrieved 3 January 2013.
  2. മിറർ പത്രത്തിൽ വന്ന വാർത്ത പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് - ശേഖരിച്ച തീയതി ജാനുവരി 5, 2013
  3. "ഡെൽഹി കേസ്". ദ ഹിന്ദുസ്ഥാൻ ടൈംസ്. 19 ഡിസംബർ 2012. Archived from the original on 2012-12-19. Retrieved 19 ഡിസംബർ 2012.
  4. ഇക്കണോമിക്ക് ടൈംസ് ശേഖരിച്ചത് 29 ഡിസംബർ 2012
  5. ഡെൽഹിയിൽ പ്രതിഷേധം വ്യാപിക്കുന്നു Archived 2012-12-23 at the Wayback Machine. മാതൃഭൂമി ഓൺലൈൻ എഡിഷൻ
  6. https://www.indiatoday.in/india/story/nirbhaya-gang-rape-murder-convicts-executed-hanged-delhi-tihar-jail-1657649-2020-03-20
  7. ഡെൽഹി സംഭവത്തിലെ പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് വിദഗ്ദചികിത്സക്കായി കൊണ്ടുപോയി Archived 2012-12-30 at the Wayback Machine. ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത - ശേഖരിച്ചത് 28 ഡിസംബർ 2012
  8. പെൺകുട്ടി ഇപ്പോഴും അപകടനിലയിൽ തന്നെ ടൈംസ് ഓഫ് ഇന്ത്യ - മൗണ്ട് എലിസബത്ത് ആശുപത്രിയിലെ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം - ശേഖരിച്ച തീയതി, 28 ഡിസംബർ 2012
  9. മജിസ്ട്രേറ്റ് മുമ്പാകെ പെൺകുട്ടി മൊഴി നൽകി ന്യൂഡൽഹി ടെലിവിഷൻ വാർത്ത - ശേഖരിച്ചത് 23 ഡിസംബർ 2012
  10. ഡെൽഹി സംഭവം പ്രതികളെ അറസ്റ്റു ചെയ്തു ന്യൂഡെൽഹി ടെലിവിഷൻ
  11. 11.0 11.1 "ഡൽഹി കൂട്ടമാനഭംഗം: മുഖ്യപ്രതി തൂങ്ങിമിരിച്ച നിലയിൽ". മാതൃഭൂമി. Archived from the original on 2013-03-14. Retrieved 2013-11-03.
  12. ഡെൽഹി കുറ്റവാളികൾക്കെതിരേ തിഹാർ ജയിലിൽ ആക്രമണം ഇന്ത്യാ ടുഡേ -വാർത്ത ശേഖരിച്ചത് 20 ഡിസംബർ 2012
  13. ഡെൽഹി കേസ്, കുറ്റവാളികൾക്കെതിരേ സഹതടവുകാരുടെ ആക്രമണം ഇന്റർനാഷണൽ ബിസിനസ്സ് ടൈംസ് - വാർത്ത ശേഖരിച്ചത് 21 ഡിസംബർ 2012
  14. സോണിയാ ഗാന്ധി സഫ്ദർജംഗ് ആശുപത്രി സന്ദർശിച്ചു ഡി.എൻഎ ഇന്ത്യ - വാർത്ത ശേഖരിച്ചത് 19 ഡിസംബർ 2012
  15. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബാൻകി മൂണിന്റെ പ്രസ്താവന Archived 2012-12-30 at the Wayback Machine. മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 30 ഡിസംബർ 2012
  16. 16.0 16.1 "ഡെൽഹി കേസ്:പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു". ദ ടൈംസ് ഓഫ് ഇന്ത്യ. 24 ഡിസംബർ 2012. Retrieved 24 ഡിസംബർ 2012.
  17. ഡൽഹിയിൽ നിരോധനാജ്ഞ ന്യൂഡൽഹി ടെലിവിഷൻ വാർത്ത - ശേഖരിച്ചത് 23 ഡിസംബർ 2012
  18. ഡെൽഹിയിലെ ക്രൂരത -നാൾവഴി Archived 2012-12-30 at the Wayback Machine. മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 30 ഡിസംബർ 2012
  19. പോലീസ് സാകേത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു Archived 2013-01-04 at the Wayback Machine. മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 03 ജനുവരി 2013
  20. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റക്കാരൻ, 3 വർഷം ജുവൈനൽ ഹോമിൽ.[പ്രവർത്തിക്കാത്ത കണ്ണി]
  21. "ഇന്ത്യാ വിഷൻ : ഡൽഹി കൂട്ടബലാത്സംഗം: കേസിന്റെ നാൾവഴികൾ". Retrieved 2013 സെപ്റ്റംബർ 13. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  22. "Four Nirbhaya gang rape and murder case convicts hanged in in Delhi's Tihar Jail, victim's parents say justice finally done".