ഹോളി ഫാമിലി ഫെറോന ചർച്ച്, രാജപുരം
കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ രാജപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ ആരാധനാലയമാണ് ഹോളി ഫാമിലി ഫെറോന ചർച്ച്. കോട്ടയം രൂപതയുടെ കീഴിൽ മലബാറിലുള്ള ഒരു പ്രമുഖ പള്ളിയാണിത്. 1943-ൽ ആണിത് സ്ഥാപിതമായത്. സീറോ മലബാർ സഭയുടെ മലബാർ മേഖലയിലെ ആദ്യ ദേവാലയമാണ് രാജപുരത്തേത്[1]
ചരിത്രം
തിരുത്തുകകോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും മലയോരമേഖലയിലേക്ക് കുടിയേറിപ്പാർത്ത് ക്നാനായ ക്രിസ്ത്യൻ കർഷകരുടെ ചരിത്രവുമായി ബന്ധപ്പെട്ട പള്ളിയാണ് രാജപുരത്തെ ഹോളി ഫാമിലി ഫെറോന ചർച്ച്. മംഗലാപുരം സെയിന്റ് അലോഷ്യസ് കോളേജിലെ പ്രൊഫസറായിരുന്ന വി. ജെ. ജോസഫിന്റേയും കോട്ടയം രൂപതയുടെ ബിഷപ്പായിരുന്ന അലക്സാണ്ടർ ചൂളപ്പറമ്പിന്റേയും പ്രയത്നഫലമായി മലബാറിൽ 1800 ഏക്കർ ഭൂമി വാങ്ങിക്കുകയും അത് 72 കുടുംബങ്ങൾക്ക് പന്ത്രണ്ടര ഏക്കർ വെച്ച് നൽകുകയും ഉണ്ടായി. 1943 ഫെബ്രുവരിയിൽ എത്തിയ സംഘം ഏച്ചിക്കോൽ എന്നറിയപ്പെടുന്ന സ്ഥലത്ത് കാടുവെട്ടിത്തെളിച്ച് നൂറടി നീളമുള്ള ഷെഡുണ്ടാക്കി താമസം തുടങ്ങി. ഏച്ചിക്കോൽ എന്ന സ്ഥലമാണ് പിന്നീട് രാജപുരമായി മാറിയത്. തങ്ങൾക്ക് ഓരോരുത്തർക്കും കിട്ടിയ സ്ഥലം നറുക്കിട്ടെടുത്ത് ഓരോരുത്തരായി അവിടങ്ങളിൽ വീടു വെച്ച് താമസം തുടങ്ങിയപ്പോൾ അവർ ആദ്യം താമസിച്ച ഷെഡിനെ പള്ളിയാക്കി മാറ്റുകയായിരുന്നു. പിന്നീട് 1962 -ലാണ് ഇന്നുകാണുന്ന രീതിയിലുള്ള പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
1944-ൽ ഈ മേഖലയിൽ ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ചു കിട്ടി. ഈ പള്ളിയോട് ചേർന്നു തന്നെ ഹോളി ഫാമിലി ഹൈസ്‌കൂളും സ്ഥിതി ചെയ്യുന്നു. 1953 നവംബർ 28-നാണ് ഇപ്പോൾ കാണുന്ന ദേവാലയം നിർമ്മാണം ആരംഭിച്ചത്. 1962 ഓഗസ്റ്റ് 15-ന് മാർ തോമസ് തറയിൽ മെത്രാൻ പുതിയ ദേവാലയം കൂദാശ ചെയ്തു. ഇവിടുത്തെ പ്രധാന തിരുനാൾ കുടിയേറ്റ തിരുനാൾ എന്നാണറിയപ്പെടുന്നത്. മലയോരമേഖലയുടെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയവയാണ് ഈ പള്ളിയും സ്‌കൂളും.