ദക്ഷിണ മുംബൈയിലെ ഒരു തിരക്കേറിയ ചത്വരമാണ് ഹുതാത്മാ ചൗക്ക് (മറാത്തി: हुतात्मा चौक). "രക്തസാക്ഷി ചത്വരം" എന്നാണ് ഈ പേരിന്റെ അർത്ഥം. മുംബൈയിലെ പ്രശസ്തമായ ഫ്ലോറാ ഫൗണ്ടൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഹുതാത്മാ ചൗക്കിലെ "മാർട്ടിയർ വിത്ത് എ ഫ്ലെയിം" പ്രതിമ. പിന്നിലായി ഫ്ലോറാ ഫൗണ്ടനും കാണാം

പേരിനു പിന്നിൽ

തിരുത്തുക

മുൻപ് ഫ്ലോറ ഫൗണ്ടൻ എന്ന പേരിലാണ് ഈ ചത്വരം അറിയപ്പെട്ടിരുന്നത്. സംയുക്ത മഹാരാഷ്ട്രക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട സംയുക്ത മഹാരാഷ്ട്ര സമിതിയുടെ 105 പ്രവർത്തകരുടെ സ്മരണക്കായി 1961-ൽ ഔദ്യോഗികമായി ഹുതാത്മാ ചൗക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു [1].

ചരിത്രം

തിരുത്തുക

1956-ലാണ് സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭം ആരംഭിച്ചത്. അതേ വർഷം തന്നെ മഹാഗുജറാത്ത് പ്രക്ഷോഭവും ആരംഭിച്ചു. ഈ രണ്ടു കൂട്ടരും ബോംബെ നഗരം തങ്ങളുടെ സംസ്ഥാനത്ത് ചേർക്കണമെന്ന് വാദിച്ചു. നഗരത്തെ ഒന്നുകിൽ ഗുജറാത്ത് സംസ്ഥാനത്തോട് ചേർക്കുക അല്ലെങ്കിൽ ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുക എന്നതായിരുന്നു ശക്തരും സമ്പന്നരുമായിരുന്ന ഗുജറാത്തി വ്യാപാരികളുടെ ആവശ്യം. അന്ന് ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മൊറാർജി ദേശായി ഇതിനനുകൂലമായ നിലപാടെടുത്തു. തുടർന്ന് പ്രഹ്ലാദ് കേശവ് ആത്രേ, പ്രബോധങ്കർ ഠാക്കറെ (ബാൽ ഠാക്കെറെയുടെ പിതാവ്), പി എം ജോഷി, കേശവ്റാവു ജേധെ, ഷഹീർ അമർ ഷെയ്ഖ് എന്നിവ മറാഠി ഐക്യത്തിന്റെ വികാരങ്ങളെ ഉണർത്തുന്ന പ്രസംഗങ്ങളിലൂടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകി[2]. 1955 നവംബർ 21 ന് സേനാപതി ബാപതിന്റെ നേതൃത്വത്തിൽ തുണിമിൽ , ഡോക്ക് തൊഴിലാളികൾ (ഏകദേശം 4.5 ലക്ഷം പേർ) സമരം ചെയ്തു. ഇടതുപക്ഷം സംസ്ഥാന നിയമസഭയിലേക്ക് നയിച്ച പ്രകടനം പോലീസ് തടയാൻ ശ്രമിച്ചു. ഫ്ളോറ ഫൗണ്ടനിലെ മോർച്ചയിൽ പൊലീസ് വെടിവെയ്പിൽ 15 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1960 മേയ് 1-ന് ഇപ്പോഴത്തെ മഹാരാഷ്ട്ര സംസ്ഥാനം രൂപംകൊണ്ടപ്പോഴാണ് സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം ലക്ഷ്യം കൈവരിച്ചത്.

ഇവിടെയുള്ള പ്രതിമ “മാർട്ടിയർ വിത്ത് എ ഫ്ലെയിം” (ജ്വാലയേന്തിയ രക്തസാക്ഷി) എന്ന പേരിൽ അറിയപ്പെടുന്നു. സോവിയറ്റ് ശൈലിയിലുള്ള ഈ പ്രതിമ ഈ നഗരഭാഗത്തിന്റെ വാസ്തുശിൽപ്പശൈലിക്ക് യോജിച്ചതല്ല എന്ന വിമർശനം പല ശിൽപ്പികളും അഭിപ്രായപ്പെട്ടിട്ടുണ്ട്[3].

  1. Mhaske, Pandurang (1 May 2010). "Hutatma Chowk: Where peace was dealt a bloody blow". DNA India. Retrieved 16 August 2018.
  2. https://www.thequint.com/videos/news-videos/maharashtra-day-bombay-106-died-in-firing-ordered-by-morarji-desai
  3. http://shekhar.cc/2005/04/15/the-hidden-history-of-hutatma-chowk/

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹുതാത്മാ_ചൗക്ക്&oldid=2899947" എന്ന താളിൽനിന്ന് ശേഖരിച്ചത്