സർ‌റിയലിസം

(സർറിയലിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1920-കളുടെ മദ്ധ്യത്തിൽ ആരംഭിച്ച കലാ പ്രസ്ഥാനമാണ് സർറിയലിസം[1]. ഈ പ്രസ്ഥാനത്തിലെ അംഗങ്ങളുടെ ദൃശ്യ കൃതികൾക്കും രചനകൾക്കുമാണ് സർറിയലിസം പ്രസിദ്ധം. ആശ്ചര്യത്തിന്റെ കളി, അവിചാരിതമായ കൂട്ടിച്ചേർക്കലുകൾ, നോൺ സെക്വിറ്റർ, തുടങ്ങിയവ സർറിയലിസ്റ്റ് കൃതികളുടെ പ്രത്യേകതയാണെങ്കിലും സർറിയലിസ്റ്റ് കലാകാരന്മാർ തങ്ങളുടെ കൃതികളെ സർറിയലിസ്റ്റ് തത്ത്വചിന്താധാരയുടെ പ്രകാശനമായും കൃതി അതിന്റെ ഒരു ഭാഗമായും മാത്രം കരുതുന്നു. സർറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ ആന്ദ്രെ ബ്രെട്ടൺ സർറിയലിസം എല്ലാത്തിനും ഉപരി ഒരു വിപ്ലവപ്രസ്ഥാനം ആണെന്ന് പ്രഖ്യാപിച്ചു. അനേകം പ്രസിദ്ധ ചിത്രകാരന്മാർ സർറിയലിസ്റ്റ് വീക്ഷണഗതി അംഗീകരിക്കുകയും ഒരു പ്രസ്ഥാനമായി അതിനെ വളർത്തുകയും ചെയ്തു. എങ്കിലും ആ പ്രസ്ഥാനത്തിൽ അംഗങ്ങളല്ലാതിരുന്ന പ്രശസ്ത സ്പാനിഷ് ചിത്രകാരൻമാരായ ഡാലിയുടെയും പിക്കാസോയുടെയും ചിത്രങ്ങളാണ് സർറിയലിസത്തിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളായി ലോകം മുഴുവൻ അറിയപ്പെടുന്നത്. ഇരുപതാം ശതകത്തിലെ നാടകവേദിയിൽ സർറിയലിസം വമ്പിച്ച പരിവർത്തനങ്ങൾ വരുത്തി. നാടകത്തിനു പുറമെ കവിത, കഥ, നോവൽ എന്നീ സാഹിത്യരൂപങ്ങളിലും സർറിയലിസ്റ്റ് സമീപനം പുതിയ പരീക്ഷണങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട് . ഫ്രാൻസ് കാഫ്കയുടെ കഥകളിലും നോവലുകളിലും ലൂയി ബന്യൂവലിന്റെ ചലച്ചിത്രങ്ങളിലും സർറിയലിസ്റ്റ് മാതൃകയിലുളള അതീതകല്പനകൾ നിർണായകമായ പങ്കു വഹിക്കുന്നു. ഏഞ്ജൽ'സ് എഗ്ഗ്, എൽ ടോപ്പോ തുടങ്ങിയ ചലച്ചിത്രങ്ങളെയും ഈ കലാ പ്രസ്ഥാനം സ്വാധീനിച്ചു.

മാക്സ് ഏൺസ്റ്റ്. ദ് എലെഫന്റ് സെലെബെസ്, 1921

ചരിത്രം

തിരുത്തുക

ഒന്നാം ലോകമഹായുദ്ധകാലത്തെ ദാദാ രചനകൾക്കു ശേഷം 1920-കളിൽ പാരീസ് ഏറ്റവും പ്രധാന കേന്ദ്രമായി രൂപപ്പെട്ട് സർറിയലിസം ലോകമെമ്പാടും വ്യാപിച്ചു.പ്രത്യക്ഷയാഥാർഥ്യങ്ങളെ ചിത്രീകരിക്കുന്ന റിയലിസത്തിന്റെ പരിമിതികളെ അതിലംഘിക്കാൻ കലാകാരൻമാർ നടത്തിയ അന്വേഷണത്തിൽ നിന്നാണ് യൂറോപ്പിലെ ചിത്രകലാരംഗത്ത് സർറിയലിസം രൂപം കൊണ്ടത്. അചിരേണ അടിസ്ഥാനപരമായ ഒരു കലാദർശനമായി അതു വികസിക്കുകയും മറ്റു കലകളിലേക്കും സാഹിത്യത്തിലേക്കും വ്യാപിക്കുകയും ചെയ്തു. ഇംപ്രഷനിസത്തിൽനിന്ന് ആരംഭിച്ച പരീക്ഷണങ്ങളുടെ പരിണതഫലമാണ് ചിത്രകലയിലെ സർറിയലിസം.

സിദ്ധാന്തം

തിരുത്തുക

റിയലിസത്തിന് യാഥാർഥ്യങ്ങളുടെ ബാഹ്യപ്രതീതി പകർത്തിവയ്ക്കുവാൻ മാത്രമേ കഴിയുന്നുള്ളുവെന്നും അവയ്ക്കു പിന്നിലെ സമഗ്രവും സങ്കീർണവുമായ സാക്ഷാൽ യാഥാർഥ്യം കലാസൃഷ്ടിയിലൂടെ ആസ്വാദകർക്ക് അനുഭവപ്പെടുത്തിയാൽ മാത്രമേ കല സാർഥകവും സൃഷ്ടിപരവും ആകുകയുള്ളുവെന്നും സർറിയലിസം കരുതുന്നു. യാഥാർഥ്യത്തിന്റെ പിന്നിലെ യാഥാർഥ്യം അഥവാ പ്രത്യക്ഷപ്രതിഭാസങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കാത്തതും അനുഭവിച്ചു മാത്രം അറിയാവുന്നതുമായ യാഥാർഥ്യം മൂർത്തമായി ആവിഷ്ക്കരിക്കാനാണ് അത് ശ്രമിക്കുന്നത്. പരിചിതമായ രൂപത്തിലുള്ള സ്വാഭാവികതയോടും ലാളിത്യത്തോടും കാര്യകാരണബന്ധത്തോടുംകൂടി അതിനെ ചിത്രീകരിക്കാൻ കഴിയുകയില്ല. അതിനാൽ പ്രത്യക്ഷതലത്തിൽ അസംഭവ്യങ്ങളും പൊരുത്തക്കേടുകൾ ഉണ്ടെന്നു തോന്നിക്കുന്നവയുമായ രൂപങ്ങളും അസാധാരണ വർണവിന്യാസങ്ങളും അടങ്ങുന്ന ചിത്രങ്ങൾ രചിച്ച് അവയിലൂടെ യാഥാർഥ്യത്തിന്റെ അദൃശ്യതലങ്ങൾ വ്യഞ്ജിപ്പിക്കാൻ ആ ആശയത്തിനായി.



ചില സർറിയലിസ്റ്റ് ചിത്രങ്ങൾ

തിരുത്തുക
  1. In 1917, Guillaume Apollinaire coined the term "Surrealism" in the program notes describing the ballet Parade which was a collaborative work by Jean Cocteau, Erik Satie, Pablo Picasso and Léonide Massine: "From this new alliance, for until now stage sets and costumes on one side and choreography on the other had only a sham bond between them, there has come about, in Parade, a kind of super-realism ('sur-réalisme'), in which I see the starting point of a series of manifestations of this new spirit ('esprit nouveau')."
"https://ml.wikipedia.org/w/index.php?title=സർ‌റിയലിസം&oldid=3678890" എന്ന താളിൽനിന്ന് ശേഖരിച്ചത്