ഗിയ്യോം അപ്പോലിനേർ

(Guillaume Apollinaire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു ഫ്രഞ്ചുകവിയായിരുന്നു ഗിയ്യോം അപ്പോലിനേർ (ഫ്രഞ്ച്: [ɡijom apɔliˈnɛʁ]; റോം, 26 ഓഗസ്റ്റ് 1880 – 9 നവംബർ 1918, പാരീസ്) മാതാവ് പോളണ്ടുകാരിയും പിതാവ് ഇറ്റലിക്കാരനും ആയിരുന്നു. മൊനാക്കോയിലായിരുന്നു വിദ്യാഭ്യാസം. 1902-ൽ പാരിസിൽ സ്ഥിരതാമസമാക്കി. ആദ്യകാല കവിതകൾ റെവ്യൂ ബ്ലാൻഷ്[1] (Revue Blanche)യിലും പ്ലൂമി(plume)ലും പ്രസിദ്ധപ്പെടുത്തി. അൽകൂൾസ്[2] (Alcools-1913) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടുകൂടി അപ്പോളിനേർ, കവി പദവിയിൽ പ്രതിഷ്ഠിതനായി. സാങ്കേതിക വൈദഗ്ദ്ധ്യം, ശൈലീവൈചിത്ര്യം, അപൂർവബിംബ സന്നിവേശം, ചിഹ്നനവർജ്ജനം എന്നീ സവിശേഷതകൾകൊണ്ട് ഈ കൃതി അനുവാചകലോകത്തെ ആകർഷിച്ചു. കാലിഗ്രാംസ്[3] (Calligrammes1918) എന്ന കൃതിയാണ് മറ്റൊരു പ്രധാന സംഭാവന. നോവൽ‍, ചെറുകഥ, നാടകം എന്നീ സാഹിത്യശാഖകളിലും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തന്റെ കാലഘട്ടത്തെ, ഒരു നരവംശവിജ്ഞാനീയവിദഗ്ദ്ധന്റെ സൂക്ഷ്മതയോടെ പഠിച്ച് പല അപൂർവഗ്രന്ഥങ്ങളും പ്രസാധനം ചെയ്തു. ഒരു യഥാർഥ ദേശീയവാദിയായിരുന്ന ഇദ്ദേഹം ഒന്നാം ലോകയുദ്ധത്തിൽ ഒരു പടയാളിയായി പങ്കെടുത്തു. യുദ്ധവിരാമപ്രഖ്യാപനത്തിന് അല്പം മുൻപ് (1918 നവംബർ 9) മുറിവേറ്റ് മരിച്ചു. ഫ്രാൻസിൽ മാത്രമല്ല, യൂറോപ്പ് ഒട്ടാകെ കവിതയിലെ ആധുനികതയ്ക്ക് അപ്പോളിനേർ മാർഗദർശനം നൽകി. ഗതാനുഗതികമായ നിയന്ത്രണങ്ങളിൽനിന്ന് കവിതയെ സ്വതന്ത്രമാക്കിയ ഇദ്ദേഹത്തിന്റെ കൃതികൾ വിഷാദാത്മകതയും വിനോദാത്മകതയും മാറിമാറി പ്രതിഫലിപ്പിക്കുന്നവയും എപ്പോഴും ആത്മാർഥതാ പൂർണവുമാണ്.

ഗിയ്യോം അപ്പോലിനേർ
Apollinaire (left) and André Rouveyre, 1914
ജനനം(1880-08-26)26 ഓഗസ്റ്റ് 1880
Rome, Italy1
മരണം9 നവംബർ 1918(1918-11-09) (പ്രായം 38)
Paris, France
തൊഴിൽPoet, Writer, Art critic

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോളിനേർ, ഗിയ്യോം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഗിയ്യോം_അപ്പോലിനേർ&oldid=3630525" എന്ന താളിൽനിന്ന് ശേഖരിച്ചത്