സ്കറിയ സക്കറിയ
മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്, ഗവേഷകൻ എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയായിരുന്നു സ്കറിയ സക്കറിയ (1947 - 2022 ഒക്ടോബർ 18). ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തിയതിൽ ഇദ്ദേഹം പങ്ക് വഹിച്ചിരുന്നു. ജൂതമലയാളം, മലയാളം എന്നിവയാണ് ഇദ്ദേഹത്തിന് താല്പര്യമുള്ള വിഷയങ്ങൾ.[1]
ജീവിതരേഖ
തിരുത്തുകസ്കറിയാ സക്കറിയ 1947-ൽ എടത്വാ ചെക്കിടിക്കാട് കരിക്കംപള്ളിൽ കുടുംബത്തിൽ ജനിച്ചു.
ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് 1969-ൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി. 1968-ൽ കേരള സർവ്വകലാശാലയുടെ സചിവോത്തമസ്വർണ്ണമെഡൽ ലഭിച്ചു.
1992-ൽ കേരള സർവ്വകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിൽ നിന്ന് ഇദ്ദേഹത്തിന് പി.എച്ച്.ഡി. ലഭിച്ചു. ‘’പ്രാചീനമലയാളഗദ്യത്തിന്റെ വ്യാകരണവിശകലനം‘’ (A Grammatical Analysis of Early Missionary Malayalam Prose Texts) ആയിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. 1990-ൽ ഫ്രെയ്ബർഗ്ഗിലെ ഗെയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപഠനം. അലക്സാണ്ടർ ഫോൺ ഹുംബോൾട്ട് ഫെല്ലോ എന്ന നിലയിൽ ജർമ്മനിയിലും സ്വിറ്റ്സർലാണ്ടിലുമുള്ള സർവ്വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങൾ നടത്തി.
1962 മുതൽ 82 വരെ ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ഇദ്ദേഹം ലക്ചററും 1982 മുതൽ 94 വരെ പ്രഫസറും ആയി ജോലി ചെയ്തിരുന്നു. 1994 മുതൽ 1997 വരെ ഇദ്ദേഹം കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ റീഡറായും 1997 മുതൽ 2007 വരെ മലയാളം പ്രഫസറായും അതോടൊപ്പം കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു.
കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിലും കേരള കലാമണ്ഡലത്തിലും ഇദ്ദേഹം വിസിറ്റിംഗ് പ്രഫസറായിരുന്നു. കേരളത്തെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള താപസം[പ്രവർത്തിക്കാത്ത കണ്ണി] എന്ന മൂന്നു മാസം കൂടുമ്പോൾ പുറത്തിറങ്ങുന്ന മലയാളം ഇംഗ്ലീഷ് ഭാഷകളിലുള്ള ജേണലിന്റെ എഡിറ്ററാണിദ്ദേഹം. ഓശാന മൗണ്ടിന്റെ ബൈബിൾ തർജമയിൽ എൻ.വി. കൃഷ്ണവാര്യരുമായി സഹകരിച്ചു.കേരള സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ മുതിർന്ന ഉപദേഷ്ടാവായും പ്രവർത്തിച്ചു. തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിൻ്റെ ക്യുറേറ്റർ.
ബെൻ സ്വി ഇൻസ്റ്റിറ്റ്യൂട്ട്, ജെറുസലേമിലെ ഹീബ്രൂ സർവ്വകലാശാല എന്നിവയുമായി സഹകരിച്ച് ഡോ. സ്കറിയാ സക്കറിയ "ജൂതരുടെ മലയാളം പെൺപാട്ടുകൾ" ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.[2]
2022 ഒക്ടോബർ 18ന് അന്തരിച്ചു.
ഭാര്യ- മേരിക്കുട്ടി (അടുക്കളയിൽ നിന്ന് കിച്ചനിലേക്ക് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.) മക്കൾ: ഡോ.സുമ സ്കറിയ, ഡോ.അരുൾ ജോർജ് സ്കറിയ. മരുമക്കൾ: ഡോ. വി ജെ വർഗീസ്, ഡോ. നീത മോഹൻ.
പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ
തിരുത്തുക- കൃതികൾ
- പ്രാചീനഗദ്യ മാതൃകകൾ - ഉദയംപേരൂർ മുതൽ മിലാൻ വരെ. 2019-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചു.
- മലയാളവഴികൾ - സ്കറിയാ സക്കറിയയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ (ഡോ എൻ അജയകുമാർ, ഡോ സുനിൽ പി ഇളയിടം എന്നിവർ ചേർന്ന് എഡിറ്റ് ചെയ്തു) 2019-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചു.
- കാർകുഴലി - ജൂതരുടെ മലയാളം പെൺപാട്ടുകൾ. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.
- മലയാളവും ഹെർമൻ ഗുണ്ടർട്ടും - തുഞ്ചത്തെഴുതച്ഛൻ മലയാള സർവകലാശാല പ്രസിദ്ധീകരിച്ചു
- കാർകുഴലി - യെഫേഫിയാ, ജ്യൂവിഷ് വിമൺസ് സോങ്സ് ഇൻ മലയാളം വിത്ത് ഹീബ്രൂ ട്രാൻസ്‌ലേഷൻസ് (ഒഫൈറ ഗമ്ലിയേലിനൊപ്പം ഗ്രന്ഥം എഡിറ്റ് ചെയ്യുകയും മുഖവുരയ്ക്കും വിമർശനാത്മകമായ പരിചയപ്പെടുത്തലിനുമൊപ്പം) 2005-ൽ ജറുസലേമിലെ ഹീബ്രൂ സർവ്വകലാശാലയിലെ ബെൻ-സ്വി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.
- ഓ ലവ്‌ലി പാരറ്റ്! ജ്യൂവിഷ് വിമൺസ് സോങ്ങ്സ് ഫ്രം കേരള (തർജ്ജമ ബാർബറ ജോൺസണിനൊപ്പം). 2005-ൽ ജറുസലേമിലെ ഹീബ്രൂ സർവ്വകലാശാലയിലെ ജ്യൂവിഷ് മ്യൂസിക് റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ചു.
- ഇൻ മൈനം ലാൻഡ് ലെബെൻ വെർഷൈഡെൻ വോൾകർ (മലയാളം ജൂത സംഗീതത്തിന്റെ ആന്തോളജി. ആൽബ്രെച്റ്റ് ഫെൻസിനോട് ചേർന്ന് പ്രസിദ്ധീകരിച്ചത്. ഇതിനൊപ്പം ജർമൻ തർജ്ജമയുമുണ്ട്). 2002-ൽ ജർമനിയിലെ ഷ്വാബെൻ വെർലാഗ് പ്രസിദ്ധീകരിച്ചത്.
- ചങ്ങനാശേരി '99 (എ പോളിഫോണിക് എക്സ്പിരിമെന്റൽ ലോക്കൽ ഹിസ്റ്ററി). 1999-ൽ കോട്ടയത്തെ കറണ്ട് ബുക്ക്സ് പ്രസിദ്ധീകരിച്ചത്.
- 500 ഇയേഴ്സ് ഓഫ് കേരള - എ കൾച്ചറൽ സ്റ്റഡി ( വിജയമോഹൻ പിള്ള, വി.ജെ. വർഗീസ് എന്നിവർക്കൊപ്പം രചിച്ചത്) 1999-ൽ അസോസിയേഷൻ ഫോർ കമ്പാരിറ്റീവ് സ്റ്റഡീസ്, കറണ്ട് ബുക്ക്സ് എന്നിവ ചേർന്ന് പ്രസിദ്ധീകരിച്ചത്.
- സമാഹാരങ്ങളും പുനഃപ്രസിദ്ധീകരണങ്ങളും ചരിത്രരേഖകളുടെ പ്രസിദ്ധീകരണവും മറ്റും (കമന്ററിയോടുകൂടി)
- തർജ്ജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ (ജയ സുകുമാരനൊപ്പം) അസോസിയേഷൻ ഓഫ് കമ്പാരിറ്റീവ് സ്റ്റഡീസ്, കറണ്ട് ബുക്ക്സ് എന്നിവ ചേർന്ന് 1997-ൽ പ്രസിദ്ധീകരിച്ചത്.[3]
- കേരള പാണിനീയത്തിന്റെ ശതാബ്ദി പതിപ്പ് വിമർശനാത്മകമായ മുഖവുര, അടിക്കുറിപ്പുകൾ, അപ്പന്റിക്സ്, ഇൻഡക്സ് എന്നിവയോടുകൂടി 1996-ൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു.
- ദി ആക്റ്റ്സ് ആൻഡ് ഡിക്രീ ഓഫ് ദി സിനഡ് ഓഫ് ഡയമ്പർ (1599). 1995-ൽ ഐ.ഐ.സി.എസ്. പാല പ്രസിദ്ധീകരിച്ചു.
- കാനൺസ് ഓഫ് ഡയമ്പർ സിനഡ് ഇൻ മലയാളം (1599), 1995-ൽ ഐ.ഐ.സി.എസ്. പാല പ്രസിദ്ധീകരിച്ചു.
- ട്യൂബിങ്ങൺ സർവ്വകലാശാലയുടെ മലയാളം മാനുസ്ക്രിപ്റ്റ് സീരീസ് 1994-96 (ജനറൽ എഡിറ്റർ)
- പയ്യന്നൂർ പാട്ട് (പി. ആന്റണിക്കൊപ്പം) ഇത് മലയാളത്തിലെ ആദ്യ സ്വതന്ത്ര സാഹിത്യ കൃതിയാണെന്ന് കരുതപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലോ പതിനാലാം നൂറ്റാണ്ടിലോ പേരറിയാത്ത ഒരാൾ രചിച്ചതാണിത്. ഭർത്താവിന്റെ മരണത്തിനു പകരം ചോദിക്കാനായി മകനെ കൊല്ലുന്ന നീലാക്ഷിയുടെ കഥയാണിത്.[4]
- പഴശ്ശി രേഖകൾ (ജോസഫ് സ്കറിയയ്ക്കൊപ്പം)
- തച്ചോളി പാട്ടുകൾ (പി. ആന്റണിക്കൊപ്പം)
- അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട് (മനോജ് കുറൂരിനോടൊപ്പം)
- തലശ്ശേരി രേഖകൾ (ജോസഫ് സ്കറിയയ്ക്കൊപ്പം) 1786-1800 കാലഘട്ടത്തിൽ വടക്കൻ മലബാറിലെ നിവാസികൾ എഴുതിയ 1429 കത്തുകളാണ് ഇതിന്റെ ഉള്ളടക്കം. പ്രാദേശിക രാജാക്കന്മാർ, സാധാരണക്കാർ, കേരളം സന്ദർശിക്കുകയോ ഭരിക്കുകയോ ചെയ്ത വിദേശികൾ എന്നിവർ എഴുതിയ കത്തുകൾ ഇക്കൂട്ടത്തിലുണ്ട്. [5]
- ഹെർമൻ ഗുണ്ടർട്ട് സീരീസ് 1991-92 (8 ഗ്രന്ഥങ്ങൾ)
- തിരഞ്ഞെടുത്ത ചെറുകഥകൾ 1990 (വിമർശനാത്മകമായ മുഖവുരയ്ക്കൊപ്പം - സമ്പാദനം) ഡി.സി. ബുക്ക്സ് 1991
- തിരഞ്ഞെടുത്ത ചെറുകഥകൾ 1989 (വിമർശനാത്മകമായ മുഖവുരയ്ക്കൊപ്പം - സമ്പാദനം) ഡി.സി. ബുക്ക്സ് 1990
- തിരഞ്ഞെടുത്ത ചെറുകഥകൾ 1988 (വിമർശനാത്മകമായ മുഖവുരയ്ക്കൊപ്പം - സമ്പാദനം) ഡി.സി. ബുക്ക്സ് 1989
- ഫുൾമണിയുടെ കഥ (മലയാളം ഭാഷയിലെ ആദ്യ നോവലാണിത്. 1851-ലെ ബംഗാളി നോവലിന്റെ തർജ്ജമയായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 130 വർഷങ്ങൾക്കുശേഷമായിരുന്നു ഒരു റീ പ്രിന്റ് ഉണ്ടാകുന്നത്. ഈ ഗ്രന്ഥം ഇദ്ദേഹം ട്യൂബിഗ്നൺ സർവ്വകലാശാലയിൽ നിന്ന് കണ്ടെത്തി എഡിറ്റ് ചെയ്ത് ഒരു വിമർശന പഠനത്തോടൊപ്പം പ്രസിദ്ധീകരിക്കുകയാണുണ്ടായത്) 1989-ൽ ഡി.സി. ബുക്ക്സാണ് ഇത് പ്രസിദ്ധീകരിച്ചത്.
- ചർച്ചയും പൂരണവും (ഡോ. പി.ജെ. തോമസ് 1935-ൽ രചിച്ച ക്രിസ്ത്യാനികളും മലയാള സാഹിത്യവും എന്ന കൃതിക്ക് 280 പുറങ്ങളുള്ള ഒരു അപ്പൻഡിക്സ്) പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ 100 അപൂർവ്വ ഗ്രന്ഥങ്ങളെ ഈ പഠനം അക്കാദമിക ലോകത്തിനു മുന്നിലെത്തിക്കുന്നു. ട്യൂബിഗ്നൺ സർവ്വകലാശാലയിൽ നിന്നു ലഭിച്ച രേഖകൾ ഈ കൃതിയിൽ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. 1989-ൽ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ചത്.
- കടങ്കഥകൾ (കേരളത്തിലെ പ്രസിദ്ധമായ 800 കടങ്കഥകൾ ഇവ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളെ അടിസ്ഥാനമാക്കി തരംതിരിച്ചിരിക്കുന്നു. മിക്ക കടം കഥകളൂം തെങ്ങ്, ആന, ചെണ്ട, പുഴ മുതലായവയെ അടിസ്ഥാനമാക്കിയുള്ളതാണ്. 1988-ൽ ചങ്ങനാശ്ശേരിയിലെ അസ്സീസി ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചത്.
- തിരഞ്ഞെടുത്ത ചെറുകഥകൾ 1987 (വിമർശനാത്മകമായ മുഖവുരയ്ക്കൊപ്പം - സമ്പാദനം) ഡി.സി. ബുക്ക്സ് 1988
- തിരഞ്ഞെടുത്ത ചെറുകഥകൾ 1986 (വിമർശനാത്മകമായ മുഖവുരയ്ക്കൊപ്പം - സമ്പാദനം) ഡി.സി. ബുക്ക്സ് 1987
- രണ്ട് പ്രാചീന ഗദ്യ കൃതികൾ (1599, 1606 എന്നീ വർഷങ്ങളിലെ രണ്ടു മിഷനറി മലയാളം ഗദ്യ് കൃതികളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഇതിനൊപ്പം ചരിത്രപരവും ഭാഷാശാസ്ത്രപരവുമായ പ്രാധാന്യത്തെപ്പറ്റിയുള്ള നീണ്ട വിമർശനാത്മകമായ വിവരണവും പഴയ വാക്കുകളുടെ ഗ്ലോസറിയുമുണ്ട്) 1976-ൽ പ്രസിദ്ധീകരിച്ചത്.
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- 1967-ൽ കേരള സർവ്വകലാശാല നൽകുന്ന സചിവോത്തമ ഷഷ്ട്യബ്ദ പൂർത്തി മെമ്മോറിയൽ സ്വർണ്ണമെഡൽ ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
- ഇദ്ദേഹം ജർമ്മനിയിലെ ട്യൂബിങ്ങൺ സർവ്വകലാശാലയിൽ 1993 -ൽ ഡി.എ.എ.ഡി ഫെലോ ആയും 1990-91-ൽ എ.വി.എച്ച്. ഫെലോ ആയും 1995-ൽ അലക്സാണ്ടർ ഫോൺ ഹംബോൾട്ട് റിസേർച്ച് ഫെലോ ആയും പ്രവർത്തിച്ചിരുന്നു.
- 2000, 2001, 2002 എന്നീ വർഷങ്ങളിൽ ജെറുസലേമിലെ ഹീബ്രൂ സർവ്വകലാശാലയിലെ ബെൻ-സ്വി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണാദ്ധ്യാപകനായി. ജോലി ചെയ്തു. ജൂത സ്ത്രീകളുടെ മലയാളം ഗാനങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ വിഷയം.
- 2002-ൽ ഓക്സ്ഫോഡ് സർവ്വകലാശാലയിൽ പ്രഭാഷണം.
- 2004-ൽ മലയാളപഠനത്തെ സാംസ്കാരികപഠനം എന്ന നിലയിലേയ്ക്ക് വികസിപ്പിച്ചതിന് മികച്ച യൂണിവേഴ്സിറ്റി അദ്ധ്യാപകനുള്ള പി.കെ.ബി. നായർ പുരസ്കാരം ലഭിക്കുകയുണ്ടായി,
- 2005-ൽ കാർകുഴലി, ജ്യൂവിഷ് വിമൺസ് സോങ്സ് ഇൻ മലയാളം വിത്ത് ഹീബ്രൂ ട്രാൻസ്‌ലേഷൻസ് എന്ന ഗ്രന്ഥത്തിന് ലച്ച്മി ജെസ്സോറാം ഗിദ്വാണി പുരസ്കാരം ലഭിക്കുകയുണ്ടായി.
- 2007-ൽ ഇദ്ദേഹത്തിന്റെ അറുപതാം പിറന്നാൾ അനുബന്ധിച്ച് സംസ്കാരപഠനം എന്ന പേരിൽ ഒരു ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി.
- 2008-ൽ ഇദ്ദേഹം ഹാർവാർഡ് സർവ്വകലാശാല, കോർണൽ സർവ്വകലാശാല, സിറാക്കൂസ് സർവ്വകലാശാല, മേരിലാന്റ് സർവ്വകലാശാല, ലൈബ്രറി ഓഫ് കോൺഗ്രസ്എന്നിവിടങ്ങളിൽ പ്രഭാഷണം നടത്തുകയുണ്ടായി.
- 2018 - ദക്ഷിണയുടെ ഭാഷാചാര്യ പുരസ്കാരം നേടി.
- 2018 - ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.
- ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ കൈരളി ലെഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ് നേടി.
- തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ഡിലിറ്റ് ബിരുദം നൽകി ആദരിച്ചു.
- മഹാത്മാഗാന്ധി സർവ്വകലാശാല ഡിലിറ്റ് ബിരുദം നൽകി ആദരിച്ചു.
അവലംബം
തിരുത്തുക- ↑ "ജ്യൂവിഷ് ലാംഗ്വേജ് റിസേർച്ച് വെബ് സൈറ്റ്". ജ്യൂവിഷ് ലാംഗ്വേജസ്.ഓർഗ്. Archived from the original on 2012-12-08. Retrieved 2013 സെപ്റ്റംബർ 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ദി ജ്യൂവിഷ് വിമൺ ക്രൂൺഡ് ഇൻ മലയാളം". ദി ഹിന്ദു. 2003 മേയ് 15. Archived from the original on 2010-11-29. Retrieved 2013 സെപ്റ്റംബർ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "തർജ്ജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ". ഇന്ദുലേഖ. Archived from the original on 2014-08-20. Retrieved 2013 സെപ്റ്റംബർ 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ "പയ്യന്നൂർ പാട്ട്". ഇന്ദുലേഖ. Archived from the original on 2014-08-20. Retrieved 2013 സെപ്റ്റംബർ 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ "തലശ്ശേരി രേഖകൾ". ഇന്ദുലേഖ. Archived from the original on 2014-08-20. Retrieved 2013 സെപ്റ്റംബർ 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://keralasahityaakademi.org/pdf/Award_2018.pdf
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- സ്വകാര്യ വെബ് സൈറ്റ് Archived 2014-11-04 at the Wayback Machine.