സ്വർഗ്ഗാരോഹണഗോവണി

(സ്വർഗ്ഗാരോഹണ ഗോവണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സന്യാസജീവിതം നയിക്കുന്നവർ‍ക്ക് മാർഗ്ഗനിർദ്ദേശം നൽകാനായി, ആറാം നൂറ്റാണ്ടിൽ ഈജിപ്തിലെ സീനായ് മലയിൽ വിശുദ്ധ കാതറൈന്റെ നാമത്തിലുള്ള ആശ്രമത്തിന്റെ അധിപനായിരുന്ന യോഹന്നാൻ എന്ന താപസൻ (ക്രി.പി. 525-606 മാർച് 25)ഗ്രീക്ക് ഭാഷയിൽ എഴുതിയ പുസ്തകമാണ് സ്വർഗ്ഗരോഹണ ഗോവണി (The Ladder of Divine Ascent). ഗ്രന്ഥകർത്താവ് അറിയപ്പെടുന്നത് തന്നെ ഗ്രന്ഥവുമായി അദ്ദേഹത്തിനുള്ള ബന്ധം സൂചിപ്പിക്കുന്ന യോഹന്നാൻ ക്ലിമാക്കസ്(Saint John Climacus) അല്ലെങ്കിൽ ഗോവണിയുടെ യോഹന്നാൻ എന്ന പേരിലാണ്. ക്രൈസ്തവസന്യാസവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾക്കിടയിൽ ഒരു ക്ലാസിക്കായി കണക്കാക്കപ്പെടുന്ന 'ഗോവണി' ഏറെ മാനിക്കപ്പെടുന്നത് പൗരസ്ത്യ സഭകളിലാണ്.

ഈജിപ്തിലെ സീനായ് ഉപദ്വീപിൽ വി.കാതരൈന്റെ ആശ്രമത്തിലുള്ള സ്വർഗ്ഗാരോഹണ ഗോവണിയുടെ ചിത്രം (പന്ത്രണ്ടാം നൂറ്റാണ്ടിൽ വരച്ചത്). സന്യാസികൾ യേശുവിലേക്കുള്ള ഗോവണി ചവിട്ടിക്കയറുന്നതും, ചിലരൊക്കെ വീഴുന്നതും, കാണാം.


മുപ്പത് പടികൾ

 
Scala paradisi, 1492

ഈ കൃതി ആദ്ധ്യാത്മികജീവിത്തിലെ പുരോഗതിയുടെ ഘട്ടങ്ങളെ ഒരു ഗോവണിയുടെ പടികളായി കാണുന്നു. ഗ്രന്ഥകാരന്റെ ഭാവനയിൽ ‍ഭൂമിയിൽ നിന്നു സ്വർഗ്ഗത്തോളമെത്തുന്ന ആദ്ധ്യാത്മിക പുരോഗതിയുടെ ഗോവണിക്ക്, 30 പടികളുണട്.[1] ആദ്യത്തെ പടി ലോകപരിത്യാഗവും അവസാനത്തേത് ഗുണത്രയമായ വിശ്വാസം, പ്രത്യാശ സ്നേഹം എന്നിവ ചേർന്നതുമാണ്. പടികളുടെ പട്ടിക ഇതാണ്.

  1. ലോകത്തെ പരിത്യജിക്കൽ
  2. നിസ്സംഗത്വം
  3. പരദേശവാസം
  4. അനുസരണം
  5. പശ്ചാത്താപം
  6. മരണത്തെപ്പറ്റിയുള്ള ഓർമ്മ
  7. പാപബോധത്തിൽ നിന്നുണ്ടാകുന്ന സന്തോഷപര്യവ്സായിയായ ദുഃഖം
  8. കോപത്തെ കീഴടക്കൽ
  9. വിദ്വേഷത്തെ ജയിക്കുന്നത്
  10. പരദൂഷണം നടത്താതിരിക്കുന്നത്
  11. ആലോചനാപൂർ‌വമായ മൗനം
  12. അസത്യഭാഷണം വർജ്ജിക്കുന്നത്
  13. ആശാഭരിതനായിരിക്കുന്നത്
  14. ഭോജനാസക്തിയെ ജയിക്കുന്നത്
  15. ബ്രഹ്മചര്യനിഷ്ഠ
  16. ധനമോഹത്തെ ജയിക്കുന്നത്
  17. ദാരിദ്ര്യത്തെ പുണരുന്നത്
  18. ആത്മീയമാന്ദ്യത്തിൽ നിന്നുള്ള മുക്തി
  19. പ്രർഥനക്കായുള്ള ജാഗരണം
  20. ഭോഗാസക്തിക്കെതിരെ നിത്യജാഗ്രത
  21. ഭയത്തെ ജയിക്കൽ
  22. വ്യർഥാഭിമാനം വർജ്ജിക്കുന്നത്
  23. ദൈവദൂഷണം നടത്താതിരിക്കുന്നത്
  24. ആർജ്ജവം(ലാളിത്യം)പാലിക്കുന്നത്
  25. വിനയശീലം വികസിപ്പിക്കുന്നത്
  26. വിവേകവാനായിരിക്കുന്നത്
  27. ആത്മാവിന്റെ ആഴങ്ങളെ സ്പർശിക്കുന്ന നിശ്ചലത
  28. പ്രാർഥന
  29. പ്രശാന്തത
  30. വിശ്വാസം, പ്രത്യാശ, സ്നേഹം

വിട്ടുവീഴ്ചയില്ലാത്ത വിരക്തി

ആധുനികദൃഷ്ടിയിൽ അതികഠിനവും അപ്രായോഗികവും എന്നു തോന്നിയേക്കവുന്ന വിട്ടുവീഴചയില്ലാത്ത വിരക്തിയുടെ വഴിയാണ് പുണ്യപൂർണത അന്വേഷിക്കുന്നവർക്കായി ഈ ഗ്രന്ഥം നിർദ്ദേശിക്കുന്നത്. ആ വഴി പിന്തുടരുന്നവർ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും മരണത്തെപ്പറ്റി ധ്യാനിക്കുന്നവരായിരിക്കുമത്രെ. ഉറങ്ങുവാനൊരുങ്ങുമ്പൊൾ മരണശയ്യയെ അവലംബിക്കാൻ പോവുകയാണെന്നും കിടക്കുമ്പോൾ കുഴിമാടത്തിലാണെന്നും അവർ കരുതും. മരണസമയത്ത് ഉപകരിക്കാത്ത ഒന്നിനെപ്പറ്റിയും അവർ ആകുലചിത്തരാവുകയില്ല. ഓരോദിവസവും ജീവിതത്തിലെ അവസാനത്തേതാണെന്നു കരുതാത്തവന് ഒരുദിവസവും വിശുദ്ധിയിൽ ജീവിക്കുവാൻ സാധിക്കുകയില്ല. മരണത്തെപ്പറ്റിയുള്ള ധ്യാനമാണ് ഏറ്റവും വലിയ തത്ത്വശാസ്ത്രം. ഭോഗാസക്തിയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്, നായെ എറിഞ്ഞോടിക്കാൻ കല്ലിനു പകരം അപ്പക്കഷണം ഉപയോഗിക്കുന്നത് പോലെയാണ് എന്ന് ഗ്രന്ഥകാരൻ പറയുന്നു. തലോടുകയും ലാളിക്കുകയും ചെയ്താൽ മെരുങ്ങുന്ന സിംഹമല്ല നമ്മുടെ ശരീരം എന്നു പറയുന്ന ഗ്രന്ഥകാരൻ, ഉദരത്തെ തൃപ്തിപ്പെടുത്തുകയും അതേസമയം ഭോഗാസക്തിയെ ജയിക്കുകയും ചെയ്യാമെന്നു കരുതുന്നതിനെ എണ്ണ കോണ്ട് തീയെ കെടുത്താമെന്നു കരുതുന്നതിനോടാണ് ഉപമിക്കുന്നത്.

ഭോജനവേളകളിൽ ആഹാരപ്രിയർ തുള്ളിച്ചാടുന്നു എന്നാൽ ദൈവസ്നേഹമുള്ളവർ ഈർഷ്യകൊള്ളുന്നു. ഉന്നതമായ സിംഹാസനത്തിൽ ഉപവിഷ്ടനായ രാജാവിനെപ്പോലെ സന്യാസി സ്വന്തം ഹൃദയത്തെ ഭരിക്കണം. ധനമോഹം വിഗ്രഹാരാധനയാണ്. ദരിദ്രനായ സന്യാസി ലോകത്തിന്റെ അധിപനാണ്. ഗർ‌‍വിഷ്ഠനായ മനുഷ്യൻ വിശ്വാസിയെങ്കിലും വിഗ്രഹാരാധകനാണ്. ദൈവത്തിന്റെ ദാസനായിരിക്കുന്നവൻ ഒരു യജമാനനെയേ ഭയപ്പെടുന്നുള്ളു. അല്ലാത്തവനെ, സ്വന്തം നിഴൽ പോലും ഭയപ്പെടുത്തുന്നു. സ്നേഹം വിട്ടുപോകുമ്പോഴൊക്കെ ഭയം പ്രത്യക്ഷപ്പെടുന്നു, എന്നിങ്ങനെയുള്ള പ്രബോധനങ്ങളാണ്‌ ഗ്രന്ഥം നൽകുന്നത് [1]

ഗൃഹസ്ഥാശ്രമികളോട്

വൈരാഗികൾക്കായി കഠിനതരമായ ഈ മാർഗ്ഗം നിർദ്ദേശിക്കുന്ന ക്ലിമാക്കസ് ഗൃഹസ്ഥാശ്രമികളുടെ കാര്യത്തിൽ കുറേക്കൂടി സൗമ്യനാണ്. അവർരോട് അദ്ദേഹം ഇപ്രകാരം പറയുന്നു.[2]

ഗോവണിയുടെ പ്രാധാന്യം

പൗരസ്ത്യക്രൈസ്തവസഭകളിൽ ബൈബിളും യാമപ്രാർഥനയും കഴിഞ്ഞാൽ ഏറ്റവുമേറെ പ്രചാരമുള്ള ഗ്രന്ഥമാണ് സ്വർഗ്ഗാരാഹണ ഗോവണി എന്നു പറയപ്പെടുന്നു.[3] പാശ്ചാത്യലോകത്ത് ക്രിസ്തുദേവാനുകരണത്തിനുള്ള സ്ഥാനമാണ് പൗരസ്ത്യസഭകളിൽ ഇതിന് എന്ന് കരുതുന്നു. [4]


അവലംബം

  1. സ്വർ‍ഗ്ഗാരോപണ ഗോവണി, സാധു മാത്യുവിന്റെ ഇംഗ്ലീഷിൽ നിന്നുള്ള മലയാളം പരിഭാഷ - പ്രസാധനം, കുരുശുമല ആശ്രമം, വാഗമൺ, കോട്ടയം
  2. സ്വർഗ്ഗാരോപണ ഗോവണി, ഒന്നാം പടി, ഖണ്ഡിക 21
  3. The Ladder of Divine Ascent - ഓർത്തൊഡോക്സ് വിക്കി - http://orthodoxwiki.org/The_Ladder_of_Divine_Ascent
  4. മലയാളം പരിഭാഷക്ക്, ജോസഫ് അഞ്ചനാട്ട് എഴുതിയ അവതാരിക

കുറിപ്പുകൾ

  • ^ പടികളുടെ സംഖ്യയായ മുപ്പതിനെ പരസ്യജീവിതം തുടങ്ങുമ്പോൾ യേശുവിനുണ്ടായരുന്ന മുപ്പത് വയസ്സുമായി ബന്ധപ്പെടുത്തി ക്ലീമാക്കസ് ഗ്രന്ഥാവസാനത്തിൽ വിശദീകരിക്കുന്നുൺട്.
"https://ml.wikipedia.org/w/index.php?title=സ്വർഗ്ഗാരോഹണഗോവണി&oldid=3313111" എന്ന താളിൽനിന്ന് ശേഖരിച്ചത്