ചോമ്പാല കുഞ്ഞിപ്പള്ളി
മാഹിക്കടുത്ത ചോമ്പാലയിലെ ഒരു പ്രദേശവും ആരാധാനാലയവും വിശേഷിപ്പിക്കപ്പെടുന്ന നാമമാണ് കുഞ്ഞി പള്ളി. മാഹിയിൽ നിന്നും മൂന്ന് കിലോമീറ്റർ അരികെ സ്ഥിതിചെയ്യുന്ന കുഞ്ഞിപ്പള്ളി കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ അഴിയൂർ വില്ലേജിലാണ് ഉൾപ്പെടുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇസ്‌ലാം മത പ്രചാരണ ലക്ഷ്യവുമായി ഇറാഖിൽ നിന്നെത്തിയ സൂഫി സന്യാസികളിലൂടെയാണ് കുഞ്ഞിപ്പള്ളിയുടെ ചരിത്രം വികസിക്കുന്നത്. [1] അലിയ്യുൽ കൂഫി എന്ന സൂഫി സിദ്ധൻ പെരിങ്ങത്തൂരിൽ താവളമുറപ്പിച്ചപ്പോൾ സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ മാഹിക്കടുത്ത ചോമ്പാല പ്രദേശത്ത് വാസമുറപ്പിച്ചു. ചില അത്ഭുത പ്രവർത്തനങ്ങൾക്കുടമയായ ഈ സിദ്ധനിൽ സംപ്രീതനായ നാടുവാഴി പാരിതോഷികമായി ഹസ്സൻ സുഹ്‌റവർദി ആവശ്യപ്പെട്ട പ്രകാരം ചോമ്പാലയിലെ വിജന പ്രദേശത്ത് ഭൂമി അനുവദിച്ചു നൽകി. ലഭിച്ച ഭൂമിയിൽ സാവിയ പണിതു മത പ്രചാരണം നടത്തിയ ഇദ്ദേഹം കാരണമായി ഒട്ടനേകം പേർ ഇസ്‌ലാം മതം സ്വീകരിച്ചതായി വിശ്വസിക്കപ്പെടുന്നു. കാല ക്രമേണ സാവിയ കുഞ്ഞി(ചെറിയ) പള്ളി എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചു. ഹസ്സൻ സുഹ്‌റവർദിയുടെ മരണ ശേഷം ശിഷ്യർ അദ്ദേഹത്തെ അവിടം തന്നെ മറമാടി. ഇതോടെ സ്മൃതി മണ്ഡപത്തോട് കുഞ്ഞിപ്പള്ളി മഖാം എന്ന് ഈയിടം അറിയപ്പെടുവാൻ തുടങ്ങി. സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദിക്ക് പുറമെ പ്രശസ്തരായ പല മുസ്ലിം മഹത്ത് വ്യക്തിത്വങ്ങളും ഈ പള്ളിയോടനുബന്ധിച്ചു മറമാടപ്പെട്ടിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ മരണപ്പെട്ട സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ ആണ് ഇതിൽ ഏറെ പ്രസിദ്ധൻ. ഇവിടം സന്ദർശകനായിരുന്ന മഖ്ദൂമിനെ മരണശേഷം ഇവിടം തന്നെ അടക്കം ചെയ്യുകയായിരുന്നു.
എല്ലാചന്ദ്രവർഷവും റജബ് പതിനഞ്ചിനു ഇരുവരുടെയും അനുസ്മരണമായ ഉറൂസ് നടന്നു വരുന്നു.[2]
ഇവിടെ അന്തിയുറങ്ങുന്ന താബിഈ, സുഹ്റവർദീ, മഖ്ദൂം എന്നിവരെക്കുറിച്ച് സയ്യിദ് മുഹമ്മദ് ഹുസൈൻ ജമലുല്ലൈൽ ഹുദവി അത്തഖല്ലീ ലിത്തഹല്ലീ ബി മിദ്ഹതി മൻ ബി കുഞ്ഞിബ്ബല്ലീ എന്ന ഒരു മൗലിദ് രചിച്ചത് മഖാമിൽ ലഭ്യമാണ്.