സൂസൻ ബ്ലേക്ക്ലി
സൂസൻ ബ്ലേക്ക്ലി (ജനനം സെപ്റ്റംബർ 7, 1948)[1] ഒരു അമേരിക്കൻ നടിയാണ്. 1976 ലെ റിച്ച് മാൻ, പുവർ മാൻ എന്ന എബിസി മിനിപരമ്പരയിലെ പ്രധാന വേഷത്തിലൂടെ കലാരംഗത്ത് കൂടുതൽ അറിയപ്പെടുന്ന അവർക്ക് ഇതിലെ വേഷത്തിലൂടെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഒരു ടെലിവിഷൻ നാടകീയ പരമ്പരയിലെ മികച്ച നടിക്കുള്ള എമ്മി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു. ദി ടവറിംഗ് ഇൻഫെർനോ (1974), റിപ്പോർട്ട് ടു ദ കമ്മീഷണർ (1975), കാപോൺ (1975), ദി കോൺകോർഡ് ... എയർപോർട്ട് 79 (1979), ഓവർ ദ ടോപ്പ് (1987) എന്നിവയുൾപ്പെടെ നിരവധി സിനിമകളിലും ബ്ലേക്ലി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സൂസൻ ബ്ലേക്ക്ലി | |
---|---|
ജനനം | |
ദേശീയത | അമേരിക്കൻ |
തൊഴിൽ | നടി |
സജീവ കാലം | 1972–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ടോഡ് മേയ്ർ
(m. 1969; div. 1981)സ്റ്റീവ് ജാഫ് (m. 1982) |
ആദ്യകാല ജീവിതം
തിരുത്തുകജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഒരു ആർമി കേണലിന്റെ മകളായി 1948 സെപ്റ്റംബർ 7 ന് (ചില സ്രോതസ്സുകൾ പ്രകാരം) സൂസൻ ബ്ലേക്ക്ലി ജനിച്ചു.[2] എൽ പാസോയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസത്തിന് ശേഷം, ന്യൂയോർക്കിലേക്ക് മാറിയ അവർ, വാറൻ റോബർട്ട്സൺ, ലീ സ്ട്രാസ്ബർഗ്, സാൻഫോർഡ് മെയ്സ്നർ[3] എന്നിവരുടെ കീഴിൽ സമീപസ്ഥമായ പ്ലേഹൗസിൽ[4] അഭിനയ പരിശീലനം നേടിയ അവർ പിന്നീട് ലോസ് ഏഞ്ചൽസിലേയ്ക്ക് താമസം മാറി ചാൾസ് കോൺറാഡ്, വാർണർ ലോഗ്ലിൻ എന്നിവരിൽനിന്ന് തുടർ പരിശീലനവും നേടി. 1967-ൽ പ്രശസ്തമായ ഫോർഡ് മോഡലിംഗ് ഏജൻസിയിൽ നൂറുകണക്കിന് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർ ഒരു പ്രൊഫഷണൽ മോഡൽ എന്ന നിലയിലാണ് ജീവിതം ആരംഭിച്ചത്.[5]
കരിയർ
തിരുത്തുക1970-കളുടെ തുടക്കത്തിൽ ഹോളിവുഡിലെത്തിയ സൂസൻ ബ്ലേക്ക്‌ലി, സാവേജസ്, ദി വേ വി വെർ, ദി ലോർഡ്‌സ് ഓഫ് ഫ്ലാറ്റ്‌ബുഷ് എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ സഹവേഷങ്ങളിൽ അഭിനയിച്ചുതുടങ്ങി. 1974-ൽ പുറത്തിറങ്ങിയ ദി ടവറിംഗ് ഇൻഫെർനോ എന്ന ദുരന്ത ചിത്രത്തിലെ പാറ്റി സിമ്മൺസ് എന്ന കഥാപാത്രമായിരുന്നു അവർക്ക് ലഭിച്ച ആദ്യത്തെ പ്രധാന വേഷം. അടുത്ത വർഷം, മൈക്കൽ മൊറിയാർട്ടിയ്‌ക്കൊപ്പം റിപ്പോർട്ട് ടു ദ കമ്മീഷണർ, ബെൻ ഗസാരയ്‌ക്കൊപ്പം കാപോൺ എന്നീ ചിത്രങ്ങളിൽ അവർ നായികാ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു.
1969-ൽ ഇർവിൻ ഷാ രചിച്ച ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി 1976-ലെ എബിസിയുടെ റിച്ച് മാൻ, പുവർ മാൻ എന്ന ടെലിവിഷൻ മിനിപരമ്പരയിലെ പ്രധാന വേഷത്തിലൂടെ ബ്ലെക്‌ലി നിരൂപക പ്രശംസ നേടി. പരമ്പരയിലെ പ്രകടനം ബ്ലെക്ലിയ്ക്ക് ഒരു ടെലിവിഷൻ നാടക പരമ്പരയിലെ ആ വർഷത്തെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും കൂടാതെ ഒരു മിനിപരമ്പര അല്ലെങ്കിൽ സിനിമയിലെ മികച്ച നായികയ്ക്കുള്ള പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശവും നേടിക്കൊടുത്തു.[6] തൊട്ടടുത്ത വർഷം റിച്ച് മാൻ, പുവർ മാൻ ബുക്ക് II എന്ന പരമ്പരയലെ വേഷം പുനരവതരിപ്പിച്ചപ്പോൾ അവർക്ക് രണ്ടാമത്തെ എമ്മി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.[7] ടെലിവിഷൻ രംഗത്തെ വിജയത്തിന് ശേഷം അലൈൻ ഡെലോണിനൊപ്പം ദുരന്ത കഥയായ ദി കോൺകോർഡ് ... എയർപോർട്ട് '79, ടിം മാതസനോപ്പം സ്പോർട്സ് നാടകമായീയ ചിത്രം ഡ്രീമർ എന്നിങ്ങനെ 1979-ൽ പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ അവർ പ്രധാന വേഷങ്ങൾ ചെയ്തു.
1980 കളിലും 1990 കളിലും, ടെലിവിഷനുവേണ്ടി നിർമ്മിക്കപ്പെട്ട പല സിനിമകളിലും ബ്ലെക്ലി പ്രധാന വേഷങ്ങൾ ചെയ്തു. ഫ്രാൻസെസ് ഫാർമറുടെ ആത്മകഥയെ അടിസ്ഥാനമാക്കി 1982-ൽ പുറത്തിറങ്ങിയ വിൽ ദേർ റിയലി ബി എ മോർണിംഗ്? എന്ന ടെലിവിഷൻ സിനിമയിൽ അവർ ഫാർമറെ അവതരിപ്പിക്കുകയും മിനിപരമ്പര അല്ലെങ്കിൽ ടെലിവിഷൻ സിനിമയിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. അഡോൾഫ് ഹിറ്റ്‌ലറുടെ ജീവചരിത്ര സിനിമയായിരുന്ന ദി ബങ്കറിൽ (1981) ആന്റണി ഹോപ്കിൻസിനൊപ്പം ഈവ ബ്രൗണായും ദി ടെഡ് കെന്നഡി ജൂനിയർ സ്റ്റോറി (1986) എന്ന സിനിമയിൽ ജോവാൻ കെന്നഡിയായും അഭിനയിച്ചു. ഓവർ ദ ടോപ്പ് (1987), മൈ മോംസ് എ വെർവുൾഫ് (1989), ഹേറ്റ് ക്രൈം (2005) തുടങ്ങിയ കഥാചിത്രങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു. സമീപകാലത്ത് ദിസ് ഈസ് അസ്, NCIS എന്നീ പരമ്പരകളിൽ അതിഥി താരമായും കഴിഞ്ഞ വർഷങ്ങളിൽ ഹോട്ടൽ, ദി ട്വിലൈറ്റ് സോൺ, സ്റ്റിംഗ്‌റേ, ഫാൽക്കൺ ക്രെസ്റ്റ്, മർഡർ, ഷീ റോട്ട്, നിപ്/ടക്ക്, ബ്രദേഴ്‌സ് & സിസ്‌റ്റേഴ്‌സ്, സൗത്ത്‌ലാൻഡ്, ടു ആൻറ് എ ഹാഫ് മെൻ, ഇൻ ഹീറ്റ് ഓഫ് ദി നൈറ്റ് (1988 ടെലിവിഷൻ പരമ്പര), കൂഗർ ടൗൺ എന്നീ പരമ്പരകളിലും വേഷമിട്ടു.[8]
സ്വകാര്യ ജീവിതം
തിരുത്തുക1969-ൽ, ടോഡ് മെറർ എന്ന അഭിഭാഷകനെ ബ്ലെക്ലി വിവാഹം കഴിച്ചു. 1981-ൽ അവർ വിവാഹമോചനം നേടി. 1982-ൽ ബ്ലെക്‌ലി ഒരു മീഡിയ കൺസൾട്ടന്റും ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവുമായ സ്റ്റീവ് ജാഫിനെ വിവാഹം കഴിച്ചു. നിലവിൽ അവർ കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് താമസിക്കുന്നത്.
അവലംബം
തിരുത്തുക- ↑ The Associated Press (August 28, 2023). "Celebrity birthdays for the week of Sept. 3-9". ABC News.
- ↑ Hal Erickson. "Susan Blakely - Biography, Movie Highlights and Photos". AllMovie. Retrieved June 6, 2015.
- ↑ Blakely, Susan. "Susan Blakely Official Home Page". Retrieved December 31, 2016.
- ↑ "Alumni". Neighborhood Playhouse School of the Theater. neighborhoodplayhouse.org. 2020. Retrieved May 7, 2020.
- ↑ TV Guide Magazine, August 24, 1974
- ↑ "Susan Blakely". Television Academy. Retrieved June 6, 2015.
- ↑ "Susan Blakely". Television Academy. Retrieved June 6, 2015.
- ↑ "Susan Blakely signs for Cougar Town". Digital Spy. September 21, 2011. Retrieved June 6, 2015.