ഒരു മുഖ്യകഥയുടെ ചട്ടക്കൂടിൽ എഴുപതു കഥകൾ ചേർത്ത സംസ്കൃതത്തിലെ ഒരു കഥാസമാഹാരമാണ് ശുകസപ്തതി. പല കാലങ്ങളിൽ എഴുതപ്പെട്ട ഇതിലെ കഥകൾ സമാഹരിക്കപ്പെട്ടത് പൊതുവർഷം 11-12 നൂറ്റാണ്ടുകളിലോ അതിനു മുൻപോ ആയിരിക്കാമെങ്കിലും ഇതിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ കൈയെഴുത്തുപ്രതി പതിനഞ്ചാം നൂറ്റാണ്ടിലേതാണ്. വഷളത്തത്തോളം എത്തുന്ന സങ്കോചരാഹിത്യം ഈ കഥകളുടെ പ്രത്യേകതയാണ്.[1]

ശുകസപ്തതിക്ക് 15-ആം നൂറ്റാണ്ടിലുണ്ടായ പേർഷ്യൻ പരാവർത്തനത്തിന്റെ മുഗൾ ഭരണകാലത്തെ സചിത്രപതിപ്പിൽ ചേർത്തിരിക്കുന്ന തത്തയുടേയും യജമാനത്തിയുടേയും ചിത്രം

ഒരു വളർത്തു തത്ത പ്രേമപരവശയായ അതിന്റെ യജമാനത്തിയോടു പറയുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്നതിനാലാണ് ഈ കഥകൾക്ക് ശുകസപ്തതി എന്ന പേരുണ്ടായത്. ഗ്രന്ഥനാമത്തിലെ 'ശുകം' തത്തയേയും 'സപ്തതി' എഴുപതിനേയും സൂചിപ്പിക്കുന്നു. ഭർത്താവ് മദനവിനോദന്റെ ദീർഘമായ അസാന്നിദ്ധ്യത്തിൽ സഖികളുടെ ദുഷ്പ്രേരണയിൽ പരപുരുഷസംഗത്തിനൊരുങ്ങിയ യുവതിയായ യജമാനത്തി പ്രഭാവതിയെ അതിൽ നിന്ന് തടയാനുള്ള തന്ത്രമായാണ് തത്ത ഈ കഥകൾ പറഞ്ഞത്. ദിവസം ഒരു കഥയെന്ന മട്ടിൽ എഴുപതു ദിവസത്തെ കഥനത്തിനൊടുവിൽ യുവനായികയുടെ ഭർത്താവ് മടങ്ങിയെത്തുന്നതോടെ മുഖ്യകഥ ശുഭപര്യവസായി ആയി സമാഹാരം അവസാനിക്കുന്നു.

ഉള്ളടക്കം

തിരുത്തുക

മദനവിനോദൻ

തിരുത്തുക

ചന്ദ്രപുരം രാജ്യത്തെ വ്യാപാരി വിക്രമസേനന്റേയും പത്നി ശൃംഗാരസുന്ദരിയുടേയും മകനായിരുന്നു മദനവിനോദൻ. അയാളുടെ ഭാര്യയായിരുന്നു പ്രഭാവതി. ചൂതുകളിയിലും, സുഖാന്വേഷണത്തിലും അലസമായി സമയം പോക്കിയ മദനവിനോദൻ, മാതാപിതാക്കളെ ഏറെ ദുഃഖിപ്പിച്ചു. വിക്രമസേനന്റെ പുത്രദുഃഖം അറിഞ്ഞ സുഹൃത്ത് ത്രിവിക്രമൻ അയാൾക്ക് മക്കളെപ്പോലെ വളർത്താനായി ഒരു തത്തയേയും മൈനയേയും കൊടുത്തു. അയാൾ അവയെ മകനു നൽകി. മദനവിനോദൻ അവയെ സ്വർണ്ണക്കൂട്ടിലാക്കി സ്വന്തം മുറിയിൽ സൂക്ഷിച്ചു. അവസരം കിട്ടിയപ്പോൾ, ഉറ്റവരോടുള്ള ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിക്കുന്നവർക്കേ നന്മവരുകയുള്ളു എന്ന് ഒരു കഥയിലൂടെ സ്ഥാപിച്ച് തത്ത മദനവിനോദനു മനം മാറ്റം വരുത്തി. അതോടെ, വ്യാപാരിയുടെ മകനായ അയാൾ, കച്ചവടത്തിനായി വിദേശയാത്രക്കു പോയി. തത്തയേയും മൈനയേയും ഭാര്യയെ ഏല്പിച്ച ശേഷമാണ് പോയത്.

പ്രഭാവതി

തിരുത്തുക

ഭർത്താവിന്റെ അസാന്നിദ്ധ്യം തുടക്കത്തിൽ പ്രഭാവതിയെ വിരഹദുഃഖത്തിലാഴ്ത്തി. എങ്കിലും സുഹൃത്തുക്കളിൽ ചിലർ, മറ്റൊരു കാമുകനെ കണ്ടെത്താൻ അവളെ ഉപദേശിച്ചു. യൗവനം ആസ്വദിക്കാനുള്ളതാണെന്നും അത് ഏറെക്കാലം നിലനിൽക്കുന്നതല്ലെന്നുമായിരുന്നു അവരുടെ ന്യായം. ഈ ഉപദേശം സ്വീകരിച്ച് ഗുണചന്ദ്രൻ എന്ന കാമുകനെ തേടിയിറങ്ങിയ പ്രഭാവതിയെ മൈന വിലക്കി. കോപിഷ്ഠയായ അവൾ മൈനയെ കഴുത്തു ഞെരിച്ചു കൊല്ലാനൊരുങ്ങിയപ്പോൾ അത് പറന്നു പോയി.

എന്നാൽ മൈനയേക്കാൾ നയചാതുര്യമുണ്ടായിരുന്ന തത്ത, യജമാനത്തിയെ മറ്റൊരു വിധത്തിൽ നേരിടാൻ തീരുമാനിച്ചു. കാമപൂരണത്തിന് ഒരുങ്ങുന്നതിൽ തെറ്റില്ലെന്നും അതുണ്ടാക്കിയേക്കാവുന്ന കുഴപ്പങ്ങൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണമെന്നേയുള്ളു എന്നും പറഞ്ഞ തത്ത, അത്തരം പ്രതിബന്ധങ്ങളെ കൗശലപൂർവം നേരിട്ട ഒരു കാമിനിയുടെ കഥ അവളെ പറഞ്ഞു കേൾപ്പിച്ചു. കഥയിൽ ലയിച്ച പ്രഭാവതി ആ ദിവസം വീട്ടിൽ തന്നെ തങ്ങി. അടുത്ത ദിവസം അവൾ യാത്രക്കൊരുങ്ങിയപ്പോൾ വീണ്ടും അവളുടെ ലക്ഷ്യത്തെ പിന്തുണച്ച തത്ത കൗശലപൂർവം അപകടത്തിൽ നിന്നു രക്ഷപെടുന്നതിനെ ഉദാഹരിക്കുന്ന മറ്റൊരു കഥ പറഞ്ഞു. അതോടെ അന്നും അവളുടെ അബദ്ധസഞ്ചാരം ഒഴിവായി. ഇങ്ങനെ എഴുപതു കഥകളിൽ ലയിപ്പിച്ച്, തത്ത യജമാനത്തിയെ 70 ദിവസം സംരക്ഷിച്ചു. എഴുപതാം ദിവസം അവളുടെ ഭർത്താവ് മടങ്ങി വന്നു. ഭർത്താവിനോട് സംഭവിച്ചതെല്ലാം ഏറ്റുപറഞ്ഞ പ്രഭാവതിക്ക് അയാൾ മാപ്പു നൽകുന്നതോടെ സമാഹാരം സമാപിക്കുന്നു.

മൂവന്തിനേരത്ത് പ്രഭാവതി കാമുകനെ തേടി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് എല്ലാക്കഥകളും തുടങ്ങുന്നത്. അവളുടെ ഉദ്യമത്തിൽ തെറ്റില്ലെന്നു പറയുന്ന തത്ത, അപകടങ്ങളിൽ നിന്ന് രക്ഷപെടേണ്ടതെങ്ങനെയെന്ന് അറിഞ്ഞിരിക്കണം എന്നുപദേശിക്കുന്നു. തുടർന്ന് അതിനെ ഉദാഹരിക്കുന്ന ഒരു കഥയും പറയുന്നു. അതോടെ അവളുടെ ആ ദിവസത്തെ യാത്ര മുടങ്ങുന്നു. ഇത് എഴുപത് ദിവസം ആവർത്തിക്കുന്നതിനിടെ എഴുപതു കഥകളായി.

ഉദാഹരണമായി, "സുന്ദരീ, യശോദേവിയെപ്പോലെ, ബുദ്ധിമുട്ടുള്ള കാര്യം ചെയ്യാൻ കഴിയുമെങ്കിൽ, നിനക്കിഷ്ടമുള്ളിടത്തു പോയ്ക്കൊള്ളുക" എന്ന തത്തയുടെ സമ്മതത്തിലാണ് രണ്ടാം ദിവസത്തെ കഥ തുടങ്ങുന്നത്. തുടർന്ന് പ്രഭാവതി, 'യശോദേവി' ആരെന്നും അവൾ എന്തു ചെയ്തെന്നും ചോദിക്കുന്നു. താൻ യശോദേവിയുടെ കഥ പറയാൻ തുടങ്ങിയാൽ യജമാനത്തിയുടെ പ്രേമം മുടങ്ങുമെന്നും അത് തന്റെ ജീവനെത്തന്നെ അപകടത്തിലാക്കിയേക്കാമെന്നും തത്ത മടി ഭാവിക്കുന്നെങ്കിലും "അഭ്യുദയകാംക്ഷികൾ പറയുന്നത് കേൾക്കുക തന്നെ വേണം" എന്നതിനാൽ, കഥ പറയാൻ പ്രഭാവതി തത്തയെ പ്രോത്സാഹിപ്പിക്കുന്നു. തുടർന്ന് തത്ത പറയുന്ന കഥ ഇങ്ങനെ:-

നന്ദനപുരിയിലെ ധനസേനനന്റേയും യശോദേവിയുടേയും മകൻ വീരന് അവിടത്തെ രാജകുമാരൻ രാജശേഖരന്റെ ഭാര്യ ശശിപ്രഭയിൽ അനുരാഗം ജനിച്ചു. അസഫലപ്രേമത്തിന്റെ താപം അയാളിൽ ജ്വരമായി മാറി. മകന്റെ ദുഃഖത്തിന്റെ കാരണമറിഞ്ഞ അമ്മ യശോദേവി, രാജകൊട്ടാരത്തിൽ ശശിപ്രഭയെ സന്ദർശിച്ചു. ഇണക്കി, ആഭരണങ്ങൾ അണിയിച്ച്, വഴിയിൽ കണ്ട ഒരു പെൺ നായേയും അവർ കൂടെ കൊണ്ടു പോയി. താനും രാജകുമാരിയും നായയും, മുജ്ജന്മങ്ങളിൽ സഹോദരിമാരായിരുന്നെന്നും, യഥേഷ്ടം കാമപൂരണം നടത്തിയ തനിക്കും രാജകുമാരിക്കും മനുഷ്യജന്മം ലഭിച്ചപ്പോൾ ഭർത്താവിൽ പൂർണ്ണവിശ്വസ്തത പുലർത്തിയ മൂന്നാമത്തെ സഹോദരിയാണ് ഈ നായെന്നും യശോദേവി രാജകുമാരിയെ ബോദ്ധ്യപ്പെടുത്തി. ഈ കഥ കേട്ട രാജകുമാരി, നായ്ജന്മത്തിൽ നിന്നു തന്നെ രക്ഷിച്ചതിന് യശോദേവിക്ക് നന്ദി പറഞ്ഞതിനു ശേഷം അവരോപ്പം അവരുടെ വീട്ടിലെത്തി മകന്റെ രഹസ്യകാമുകിയായെന്നുമാണ് കഥ.

ഇമ്മാതിരി കൗശലങ്ങളുടേയും പ്രേമസാഹസങ്ങളുടെയും കഥകളാണ് ഈ സമാഹാരത്തിൽ ഏറെയും.

സവിശേഷതകൾ

തിരുത്തുക

ഈ സമാഹാരത്തിലെ കഥകൾ അവയുടെ സങ്കോചരാഹിത്യത്തിന്റെ പേരിൽ പ്രത്യേകം അറിയപ്പെടുന്നു. സംസ്കൃതസാഹിത്യത്തിൽ പതിവില്ലാത്ത വിധം 'മണ്മയം' (earthly) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇവയിലെ ആഖ്യാനം, പലപ്പോഴും സഭ്യതയുടെ അതിരുകൾ കടന്ന് അശ്ലീലതയോളമെത്തുന്നു. യുവപത്നിയെ പരപുരുഷവേഴ്ചയിൽ നിന്നു പിന്തിരിപ്പിക്കാൻ പറയുന്ന മട്ടിൽ എഴുതിയിരിക്കുന്നെങ്കിലും ഈ കഥകളിൽ സാരോപദേശങ്ങളോ, സദാചാരപാഠങ്ങളോ കാണുന്നില്ല. സന്മാർഗ്ഗനിരപേക്ഷമായ ഒരു തരം 'ലോകനിന്ദ' (cynicism) ഇവയിൽ തെളിഞ്ഞുകാണാം.'ശുകസപ്തതി' അതിന്റെ ആസ്വാദനമൂല്യത്തിനപ്പുറം അതെഴുതിയ കാലത്തെ സാമൂഹ്യസ്ഥിതിയുടെ സാഹിത്യരേഖ എന്ന നിലയിലും വിലമതിക്കപ്പെടുന്നു.[1]

പരിഭാഷകൾ

തിരുത്തുക

ഒട്ടേറെ ഭാഷകളിലേക്ക് ഈ കൃതി പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ അതിനുണ്ടായ പേർഷ്യൻ പരിഭാഷക്ക് 'തത്തക്കഥകൾ' എന്നർത്ഥമുള്ള 'തുടിനാമ' എന്നാണു പേര്. അതിന്റെ ഭാഷ്യങ്ങളിലൊന്നിൽ, മൈനയിൽ നിന്ന് ഭാര്യയുടെ ചാഞ്ചല്യത്തെക്കുറിച്ചറിഞ്ഞ ഭർത്താവ്, തിരിച്ചു വന്ന് അവളെ കൊല്ലുന്നു. എങ്കിലും, തത്തയുടെ ഇടപെടൽ മൂലം അവൾ ഒരിക്കലും വഴിപിഴച്ചിരുന്നില്ല എന്നറിഞ്ഞ് പിന്നീട് പശ്ചാത്തപിച്ച അയാൾ, ഒടുവിൽ സന്യാസം സ്വീകരിക്കുന്നു. ഈ കഥകൾ യൂറോപ്യൻ ഭാഷകളിലും ചെന്നുപെട്ടു. ഇവയുടെ ഇറ്റാലിയൻ ഭാഷ്യങ്ങളിലൊന്നിൽ, ഒരു രാജകുമാരന്റെ രൂപമെടുത്ത് തത്ത തന്നെ നായികയെ വഴിപിഴപ്പിക്കുന്നു.[2]

'സുമംഗല' എന്ന തൂലികാനമത്തിൽ എഴുതുന്ന ലീലാ നമ്പൂതിരിപ്പാട് മലയാളത്തിൽ 'ശുകസപ്തതി'-യുടെ പുനരാഖ്യാനം നിർവഹിച്ചിട്ടുണ്ട്. ഇതിന് 19-ആം നൂറ്റാണ്ടിലുണ്ടായ ഹിന്ദുസ്ഥാനി ഭാഷ്യത്തിന് "തോത്താ കഹാനി" എന്ന പേരാണ്.

  1. 1.0 1.1 "ശുകസപ്തതി - തത്തയുടെ എഴുപതു കഥകൾ", സംസ്കൃതത്തിൽ നിന്ന് എ.എൻ.ഡി. ഹക്സർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്; പ്രസാധനം, ഹാർപർ കോളിൻസ് പബ്ലിഷേഴ്സ് ഇൻഡ്യാ ലിമിറ്റഡ്
  2. Secrets of the Parrot. 2009 മാർച്ച് 21-ലെ Mid-day മാസികയിൽ ദേവദത്ത് പട്നായിക് എഴുതിയ ലേഖനം
"https://ml.wikipedia.org/w/index.php?title=ശുകസപ്തതി&oldid=3117969" എന്ന താളിൽനിന്ന് ശേഖരിച്ചത്