സുനിത കൃഷ്ണൻ

(സുനിതാകൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവർത്തകയാണ് സുനിത കൃഷ്ണൻ . മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി.[3] മനുഷ്യാവകാശപ്രവർത്തന മേഖലയിലെ മികവിനുള്ള പെർഡിറ്റ ഹുസ്റ്റൺ രാജ്യാന്തര അവാർഡ്[4] ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2016 ൽ ഭാരത സർക്കാർ പത്മശ്രീ നൽകി.

ഡോ. സുനിത കൃഷ്ണൻ
സുനിത കൃഷ്ണൻ
ജനനം1972 (വയസ്സ് 51–52)
കലാലയംസെന്റ് ജോസഫ്സ് കോളേജ്, ബാംഗ്ലൂർ, മാംഗ്ലൂർ യൂനിവേഴ്സിറ്റി
തൊഴിൽഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സംഘടനയുടെ സ്ഥാപക[1].
അറിയപ്പെടുന്നത്സാമൂഹ്യപ്രവർത്തക, ലൈംഗികത്തൊഴിലാളികളെയും അവരുടെ കുട്ടികളേയും അവിടെ നിന്ന് മോചിപ്പിക്കുകയും ആശ്രയം നൽകുകയും ചെയ്യുന്ന പ്രജ്വല എന്ന സംഘടനയുടെ സ്ഥാപക
ആന്ധ്ര വനിതാ കമ്മീഷൻ അംഗം.[2]

ജീവിതരേഖ

തിരുത്തുക

പാലക്കാട് സ്വദേശികളായ മാതാപിതാക്കൾക്ക് ബാംഗ്ലൂരിൽ പിറന്ന[1] സുനിതയുടെ ജനനവും ആദ്യകാലപ്രവർത്തനങ്ങളും അവിടെയായിരുന്നു. പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദവും സൈക്യാട്രിക്ക് സോഷ്യൽ വർക്കിൽ എം.സ്.ഡബ്വ്യു ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം സാമൂഹ്യ പ്രവർത്തനത്തിൽ തന്നെയാണ് ഗവേഷണ ബിരുദമെടുത്തത്. പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ രാജേഷ് ടച്ച് റിവറാണ് ഭർത്താവ്.

പതിനഞ്ചാം വയസ്സിൽ എട്ടുപേരാൽ കൂട്ടബലാത്സംഗത്തിന് ഇരയായ സുനിത, ആ സംഭവത്തിൽ തളരാതെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ലൈംഗിക ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും എതിരായ പോരാട്ടങ്ങൾക്കുള്ള പ്രചോദനമാക്കി അതിനെ മാറ്റുകയും ചെയ്തു[1][5].

ആന്ധ്ര വനിതാ കമ്മീഷൻ അംഗവുമാണ് സുനിത.[2]

പ്രവർത്തനരേഖ

തിരുത്തുക

1996ൽ ബാംഗ്ളൂരിൽ നടന്ന ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചാണ് സുനിത പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ലൈഗികപീഡനത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടൊപ്പം മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിനിരയായവരുടെ സംരംക്ഷണം, വേശ്യാവൃത്തിയിൽ ഏർപ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവർത്തനം നടത്തുന്നു. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സുനിത പ്രജ്വല എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു[6]. വേശ്യാലയങ്ങളിൽനിന്ന് പെൺകുട്ടികളെ വിദ്യാഭ്യാസവും ജോലിയും നൽകി രക്ഷപ്പെടുത്തുന്നതിനൊപ്പം അവരുടെ കുട്ടികളെ പുനരധിവസിപ്പിക്കാൻ 'പ്രജ്ജ്വല' യ്ക്ക് 17 കേന്ദ്രങ്ങളുമുണ്ട്. എയ്ഡ്സ് ബാധിതരായ അയ്യായിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസം 'പ്രജ്ജ്വല' ഏറ്റെടുത്ത് നടത്തുന്നു.[7]

സുനിത കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കി നിർമ്മിച്ച എന്റെ...എന്ന ചലച്ചിത്രം രാജേഷ് ടച്ച്റിവർ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങി[1].

പ്രജ്വല

തിരുത്തുക

ഹൈദരാബാദിലെ ചുവന്ന തെരുവായിരുന്ന മെഹ്ബൂബ് കി മെഹ്ന്ദിയിലെ കുടിയൊഴിപ്പിക്കപ്പെട്ട വേശ്യാവൃത്തിയിലേർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനായി സുനിത ആരംഭിച്ച സംഘടനയാണ് പ്രജ്വല.[8] 1997 ഫെബ്രുവരിയിൽ ഹൈദാരാബാദിലെ കുപ്രസിദ്ധ വ്യഭിചാരകേന്ദ്രമായിരുന്ന മെഹ്ബൂബ് കി മെഹ്ന്ദിയിൽ നടന്ന കുടിയൊഴിപ്പിക്കലാണ് സുനിതയുടെ ജീവിതത്തിൽ വഴിത്തിരിവായത്. മെഹ്ബുബ് കി മെഹ്ന്ദിയിൽ പണം കൊയ്തിരുന്ന കച്ചവടക്കാരും ഇടനിലക്കാരും കച്ചവടം അവസാനിക്കുന്നു എന്ന് ഉറപ്പായപ്പോൾ മറ്റു താവളങ്ങൾ കണ്ടെത്തി. പക്ഷേ പെൺവാണിഭസംഘങ്ങളുടെ കെണിയിൽപെട്ട് നരകതുല്യമായ ജീവിതം നയിച്ചിരുന്ന സ്ത്രീകളും കുട്ടികളും കൊടിയ ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. പലർക്കും ജയിലുകളിൽ മൃഗീയപീഡനം അനുഭവിക്കേണ്ടിവന്നു. എല്ലാവരെയും നിർബന്ധിത എയ്ഡ്സ് പരിശോധനയ്ക്ക് വിധേയരാക്കി. ഇടക്ക് വിട്ടയക്കപ്പെട്ടവരിൽ പലരും ജീവനൊടുക്കി.

ഒരുദിവസം 400-ഓളം സ്ത്രീകളെ ട്രക്കുകളിൽ കുത്തിനിറച്ചാണ് ജയിലിലേക്ക് കൊണ്ടുപോയത്. തൊട്ടു പിന്നാലെ അവരുടെ വീടുകൾ നാട്ടുകാർ നശിപ്പിച്ചു. വയർ നിറയെ ഭക്ഷണവും ജോലിയും നൽകാമെന്ന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വീട്ടിലെ ഇല്ലായ്മകളിൽനിന്ന് നഗരത്തിൽ എത്തുകയും ഒടുവിൽ ചുവന്ന തെരുവിലേക്കും തുടർന്ന് തടവറയിലേക്കും വലിച്ചിഴക്കപ്പെടുകയും ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും വേദന സുനിതയുടെ ഉള്ളുലച്ചു. ഇവരെ സഹായിക്കാൻ തീരുമാനിച്ച സുനിതക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ മിഷൻ പ്രവർത്തകൻ ബ്രദർ ജോസ് വെട്ടിക്കൽ സഹായം വാഗ്ദാനം ചെയ്തു. മെഹ്ബൂബ് കി മെഹ്ന്ദിയിൽ അവശേഷിച്ച ഒരു വ്യഭിചാരശാല കേന്ദ്രീകരിച്ച് അവിടുത്തെ സ്ത്രികളുടെ പിന്തുണയോടെ 'പ്രജ്വല' എന്ന പേരിൽ ഒരു ട്രാൻസിഷൻ സ്കൂളിന് അവർ തുടക്കം കുറിച്ചു. സംഭവബഹുലമായ ഒരു മനുഷ്യാവകാശ മുന്നേറ്റത്തിന്റെ ആദ്യ ചുവടുവെപ്പായിരുന്നു അത്.[6]

കാലക്രമത്തിൽ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച്, ചൂഷണത്തിനെതിരായ വേറിട്ട പോരാട്ടങ്ങളിലൂടെ വളർന്ന പ്രജ്വല ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്നാണ്. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ചൂഷണം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ, പെൺവാണിഭസംഘങ്ങളുടെയും മറ്റും കൈയിലകപ്പെടുന്ന കുട്ടികളുടെ മോചനം, ക്രൂരമായ പീഡനങ്ങൾക്കും എച്ച്.ഐ.വി. ബാധയ്ക്കും ഇരയായവരുടെ പുനരധിവാസം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ സന്നദ്ധ സംഘടകൾക്കും സംസ്ഥാന സർക്കാരുകൾക്കുപോലും മാതൃകയാണ് പ്രജ്വല. ജീവൻ പണയംവച്ചും രക്ഷാപ്രവർത്തനം നടത്തുന്നതാണ് പ്രജ്വലയുടെ രീതി.

ഇങ്ങനെ മോചിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അവർക്ക് അത്മവിശ്വാസം പകർന്ന് ജീവിത്തിലേക്ക്തിരികെ കൊണ്ടുവരുന്നു. കൂട്ടബലാത്സംഗത്തിനിരയായ, എയ്ഡ്സ് ബാധിതരായ ഒട്ടേറെ കുട്ടികൾ നഗരപ്രാന്തത്തിൽ പ്രജ്വല നടത്തുന്ന ആസ്ഥാനിവാസ് എന്ന കേന്ദ്രത്തിൽ ശാന്തജീവിതം നയിക്കുന്നു. ഇവരിൽ അധികവും രണ്ടിനും പതിനാലിനുമിടയിൽ പ്രായമുള്ളവരാണ്.

ആശാനികേതൻ എന്നു പേരിട്ടിരിക്കുന്ന മറ്റൊരു കേന്ദ്രത്തിൽ എയ്ഡ്സ് ബാധിതരായ യുവതികൾ കറുത്ത ഭൂതകാലം മറന്ന് ജീവിക്കുന്നു. ഹൈദരാബാദ് നഗരത്തിലെ അമൂൽ സ്റ്റാളുകളിൽ പലതും നടത്തുന്നത് ആശാനികേതനിലെ അന്തേവാസികളാണെന്ന് അറിയാവുന്നവർ വിരളം. തെരുവു വേശ്യകളുടെ മക്കൾക്കായി പ്രജ്വല നടത്തുന്ന വിവിധ സ്കൂളുകളിലായി അയ്യായിരത്തോളം കുട്ടികളുണ്ട്.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും എയ്ഡ്സ് രോഗബാധയും വ്യാപകമായ ആന്ധ്രാപ്രദേശിൽ പ്രജ്വല സൃഷ്ടിച്ച തരംഗം വളരെ വലുതാണ്. മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങളിൽ ആന്ധ്രാ സർക്കാരിന്റെ നോഡൽ ഏജൻസിയായിരുന്ന ഈ സംഘടന എച്ച്.ഐ.വി. ബാധിതരായ കുട്ടികൾ പാർക്കുന്ന ജുവനൈൽ ഹോമുകളുടെ പ്രവർത്തനത്തിലും സഹായിക്കുന്നു. പ്രജ്വലയുടെ സന്നദ്ധപ്രവർത്തകരിൽ ഭൂരിഭാഗവും ചൂഷണത്തിനു വിധേയരായവരും എയ്ഡ്സ് രോഗികളുമൊക്കെയാണ്. രാജ്യത്ത് ആദ്യമായി മനുഷ്യക്കടത്തിനെതിരെ ഒരു നയം രൂപപ്പെടുത്തിയതും പ്രജ്വലയാണ്. ഈ നയത്തിന് സംസ്ഥാന സർക്കാരിന്റെ വനിതാ വികസന, ശിശുക്ഷേമ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.

2006-ൽ ബ്രദർ ജോസ് മരിച്ചതിനു ശേഷം സുനിത ഒറ്റക്കാണ് പ്രജ്വലയെ നയിക്കുന്നത്. സൻമനസ്കരായ ഒട്ടേറെ ആളുകളുടെ പിന്തുണയും സുനിതക്കുണ്ട്. പല വൻകിട പെൺവാണിഭ, മനുഷ്യക്കടത്ത് സംഘങ്ങളുടെയും കണ്ണിലെ കരടായ സുനിതക്കെതിരെ പലവട്ടം ആക്രമണങ്ങളുണ്ടായി. അടിയേറ്റ് ഒരു കാതിന്റെ കേൾവിശക്തി പൂർണമായും നഷ്ടമായി. എങ്കിലും സുനിതയും സഹപ്രവർത്തകരും സജീവമായി മുന്നോട്ടു പോകുകയാണ്.[9]

പുരസ്കാരങ്ങൾ

തിരുത്തുക

കേന്ദ്ര സർക്കാരിന്റെ 2002 അശോക ഫെലോഷിപ്പ്[10] ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സുനിതക്ക് ലഭിച്ചിട്ടുണ്ട്. 2006-ലെ പെർഡിറ്റ ഹുസ്റ്റൺ പുരസ്കാരമാണ്[11] ഇതിൽ ഏറെ ശ്രദ്ധേയം. മൂന്നാം ലോകരാജ്യങ്ങളിൽ വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുവർക്കായി യുണൈറ്റഡ് നേഷൻസ്നേഷൻസ് അസോസിയേഷൻ ഓഫ് ദ നാഷണൽ ക്യാപ്പിറ്റൽ ഏരിയ (യു.എൻ.എ.എൻ.സി.എ) ഏർപ്പെടുത്തിയതാണ് പതിനായിരം ഡോളർ സമ്മാനത്തുകയുള്ള ഈ പുരസ്കാരം. 2006 മെയ് 30-ന് വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ സുനിത പുരസ്കാരം ഏറ്റുവാങ്ങി. 2011-ലെ ഇന്ത്യാവിഷൻ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരത്തിന് സുനിത കൃഷ്ണനെ തിരഞ്ഞെടുത്തു[12][13]. 2011 ലെ ഗർഷോം അന്തർദ്ദേശീയ പുരസ്കാരം ഡോ. സുനിത കൃഷണനു ലഭിച്ചു [14]. അന്തർദേശീയ സംഘടനയായ ഹ്യൂമൻ സിംഫണി ഫൗണ്ടേഷന്റെ 2013 ലെ ലിവിംഗ് ലെജൻഡ് അവാർഡിനും ഡോ: സുനിത കൃഷ്ണൻ അർഹയായി[15][16].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 "ഫീച്ചർ" (in ഇംഗ്ലീഷ്). അൽ ജസീറ (ടെലിവിഷൻ). 2013 സെപ്റ്റംബർ 29. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "സുനിതാ കൃഷ്ണൻ ആന്ധ്ര വനിതാകമ്മീഷൻ അംഗം". Archived from the original on 2013-06-04. Retrieved 2013-06-03. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mathrubhumi.com" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-21. Retrieved 2009-08-19.
  4. http://www.advance-africa.com/Perdita-Huston-Human-Rights-Award.html
  5. http://www.ndtv.com/video/player/news/determined-not-to-hide-her-identity-rape-survivor-bravely-tells-her-story/259248?vod-mostpopular
  6. 6.0 6.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-25. Retrieved 2013-03-01.
  7. "മാതൃഭൂമി ദിനപത്രം 2013 ജൂൺ 4". Archived from the original on 2013-06-04. Retrieved 2013-06-03.
  8. http://www.pbs.org/wnet/religionandethics/episodes/january-5-2007/sunitha-krishnan/3767/
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-05. Retrieved 2013-03-01.
  10. http://india.ashoka.org/dr-sunitha-krishnan-and-women-impact/[പ്രവർത്തിക്കാത്ത കണ്ണി]
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-03-13. Retrieved 2013-03-01.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-10. Retrieved 2013-03-01.
  13. http://www.youtube.com/watch?v=_uz5cm97XWM
  14. http://www.garshomonline.com/8th-garshom-awards/
  15. http://vitalvoices.org/node/3451[പ്രവർത്തിക്കാത്ത കണ്ണി]
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-30. Retrieved 2013-03-01.
"https://ml.wikipedia.org/w/index.php?title=സുനിത_കൃഷ്ണൻ&oldid=4076361" എന്ന താളിൽനിന്ന് ശേഖരിച്ചത്