ഇന്ത്യയിലെ ഒരു ചലച്ചിത്ര സംവിധായകനാണ് രാജേഷ് ടച്ച് റിവർ. ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം സ്വദേശിയായ ഇദ്ദേഹം തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം പൂർത്തിയാക്കിയശേഷം ഹൈദരാബാദിലെത്തിയ രാജേഷ് അവിടെ തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിൽ കലാ സംവിധായകനായി.

രാജേഷ് ടച്ച് റിവർ
ജനനം
രാജേഷ് ടച്ച് റിവർ
തൊഴിൽസംവിധായകൻ, നിർമ്മാതാവ്, Designer, Writer
സജീവ കാലം1997 - ഇതുവരെ
ജീവിതപങ്കാളി(കൾ)സുനിത കൃഷ്ണൻ
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ജീവചരിത്രം തിരുത്തുക

2000-2001 വർഷം ലണ്ടനിലെ വിംബിൾഡൺ സ്കൂൾ ഓഫ് ആർട്ടിൽനിന്നും വിഷ്വൽ സീനോഗ്രാഫിയിൽ ബിരുദാനന്തര ബിരുദവും സീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ആർട്സിൽനിന്ന് ആനിമേഷനിൽ ഡിപ്ലോമയും നേടി. വിവിധ ഭാഷകളിലായി ഒട്ടേറെ നാടകങ്ങൾ സംവിധാനം ചെയ്തു. പ്രശസ്ത മനുഷ്യാവകാശപ്രവർത്തകയായ സുനിത കൃഷ്ണൻ ആണ് ജീവിതപങ്കാളി[1].

ശ്രീലങ്കയിലെ വംശീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് രാജേഷ് ചലച്ചിത്രസംവിധാന മേഖലയിൽ തുടക്കം കുറിച്ചത്. മലയാളി നടൻ ഷിജു നായകനായ ചിത്രം ദേശീയ രാജ്യാന്തര തലങ്ങളിൽ ഏറെ ശ്രദ്ധ നേടി. ബെവർലി ഹിൽസ്, ന്യൂപോർട്ട് ബീച്ച് ഫിലിം ഫെസ്റ്റുവെലുകളിൽ മികച്ച വിദേശ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

തെലുങ്കിൽ അലക്സ്, 10 ദ സ്ട്രേഞ്ചേഴ്സ് എന്നീ സിനിമകളും രാജേഷ് സംവിധാനം ചെയ്തു. വിവാഹത്തിനുശേഷം അഭിനയ രംഗത്തുനിന്ന് വിട്ടു നിന്ന മലയാള നടി ജ്യോതിർമയി തിരിച്ചു വരവു നടത്തിയത് 10 ദ സ്ട്രേഞ്ചേഴ്സിലൂടെയാണ്. മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഡോക്കുമെൻററികളും രാജേഷ് നിർമിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിനെ ആസ്പദമാക്കി സംവിധാനം ചെയ്ത അനാമിക എന്ന ഡോക്യുമെൻററിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഈ ഡോക്യുമെന്ററി ദേശീയ പോലീസ് അക്കാദമിയുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം വിഷമാക്കി നിർമിച്ച സേക്രഡ് ഫേസ് 2006ൽ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.

മനുഷ്യക്കടത്തിനെതിരായ ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമായി യുനൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻറ് ക്രൈമിനു(യു.എൻ.ഒ.ഡി.സി) വേണ്ടി 2007ൽ വൺ ലൈഫ് നോ പ്രൈസ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. അമിതാഭ് ബച്ചൻ, ജോൺ ഏബ്രഹാം, പ്രിറ്റി സിന്റ തുടങ്ങിയവർ മനുഷ്യക്കടത്തിനെതിരായ ഐക്യരാഷ്ട്ര സഭയുടെ ആഗോള പരിപാടിയുടെ ഭാഗമായുള്ള ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

ഹൈദരാബാദ് കേന്ദ്രമായി മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന പ്രജ്വല എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്.

രാജ്യാന്തര സിനിമാ രംഗത്ത് സജീവമായി ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾക്കു മുന്നോടിയായി തൊടുപുഴ എന്ന സ്ഥലപ്പേരിന് ഇംഗ്ലീഷ് പരിഭാഷ നൽകി സ്വന്തം പേരിന്റെ ഭാഗമാക്കിയതോടെയാണ് രാജേഷ് കുമാർ രാജേഷ് ടച്ച് റിവർ ആയി മാറിയത്.

അവലംബം തിരുത്തുക

  1. "ഫീച്ചർ" (in ഇംഗ്ലീഷ്). അൽ ജസീറ (ടെലിവിഷൻ). 2013 സെപ്റ്റംബർ 29. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജേഷ്_ടച്ച്_റിവർ&oldid=3799438" എന്ന താളിൽനിന്ന് ശേഖരിച്ചത്