സിർവാൻ നദി (കുർദിഷ്: സിർവാൻ, സൊറാനി കുർദിഷ്: سيروان, അറബിക്: نهر ديالى, പേർഷ്യൻ: سيروان) ഇറാനിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു നദിയും ടൈഗ്രീസിൻ്റെ നദിയുടെ പോഷകനദിയുമാണ്. ഇത് പിന്നീട് പ്രധാനമായും കിഴക്കൻ ഇറാഖിലൂടെയാണ് കടന്നുപോകുന്നത്. ഈ നദിയുടെ ആകെ നീളം 445 കിലോമീറ്റർ (277 മൈൽ) ആണ്.

Sîrwan (Continues in Iraq as Diyala river)
സിർവാൻ നദി
CountryIran/Iraq
Physical characteristics
പ്രധാന സ്രോതസ്സ്Western Iran
നദീമുഖംടൈഗ്രിസ് നദി
നീളം445 കി.മീ (277 മൈ)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി32,600 കി.m2 (12,600 ച മൈ)[1]

ഇറാനിലെ സാഗ്രോസ് പർവതനിരകളിൽ ഹമദാൻ നഗരത്തിനുടത്തുനിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. പർവതങ്ങളിലൂടെ ഒഴുകിയിറങ്ങി കുർദ്ദിസ്ഥാൻ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറ്, മധ്യഭാഗങ്ങളായ ക്വഷ്‌ലാക്ക്, ഗാവേ റൂഡ്, ഗാർഡ്‌ലാൻ എന്നിവിടങ്ങളിലെ ജലവും കൂടിച്ചേർന്നതിന് ശേഷം രൂപം കൊള്ളുന്ന ഇത്, ഒരു നീണ്ട പാതയിലൂടെ വളഞ്ഞുപുളഞ്ഞ് കടന്നുപോകുകയും നിരവധി ദേശങ്ങളെ നനയ്ക്കുകയും ചെയ്യുന്നു.[2] ഏകദേശം 32 കിലോമീറ്റർ ദൂരം പിന്നിടുന്ന അത് ഇറാൻ-ഇറാഖ് അതിർത്തിയായി മാറുന്നു. അത് ഒടുവിൽ ബാഗ്ദാദിന് താഴെയുള്ള ടൈഗ്രിസ് നദിയിലേയ്ക്ക് എത്തുന്നു. ഇടുങ്ങിയ ഗിരികന്ദരങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദിയുടെ ഉപരി ഭാഗങ്ങളിൽ ജലഗതാഗതം സാധ്യമല്ല, എന്നിരുന്നാലം നദിയുടെ താഴ്‌വര ഇറാനും ഇറാഖും തമ്മിലുള്ള ഒരു പ്രധാന വ്യാപാര പാത പ്രദാനം ചെയ്യുന്നു. ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സിർവാൻ നദി.

ചരിത്രം

തിരുത്തുക

ഗ്രീക്ക് ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനുമായിരുന്ന ഹെറോഡൊട്ടസിൻ്റെ ഹിസ്റ്ററീസ് എന്ന ഗ്രന്ഥത്തിൽ ഗൈൻഡസ് എന്ന പേരിൽ പരാമർശിക്കപ്പെടുന്ന ഈ നദിയിൽ ഒരു വിശുദ്ധ പദവിയുള്ള വെള്ളക്കുതിര മുങ്ങിച്ചത്തതിന് ശിക്ഷയായി 360 ചാലുകൾ കുഴിച്ച് പേർഷ്യൻ അക്കീമെനിഡ് സാമ്രാജ്യത്തിൻ്റെ സ്ഥാപകനായിരുന്ന മഹാനായ സൈറസ് രാജാവ് നദിയെ പല ചാലുകളായി ചിതറിച്ചുവെന്ന് പ്രസ്താവിക്കുന്നു. ഈ ചാലുകൾ പിന്നീട് മണലിനടിയിൽ അപ്രത്യക്ഷമായതിന് ശേഷം നദി പഴയ നിലയിലേയ്ക്ക് മടങ്ങി. അസീറിയൻ സാമ്രാജ്യത്തിൻ്റെ സൈന്യവും തെക്കൻ ഇറാനിലെ എലാമിറ്റുകളും തമ്മിൽ ബിസി 693 ൽ ദിയാല നദി യുദ്ധം നടന്നത് ഈ നദിക്കരയിലാണ്.

കുർദിഷ്, പേർഷ്യൻ ഭാഷകളിൽ "സിർവാൻ" എന്നറിയപ്പെടുന്ന ഈ നദിയുടെ പേരിൻറെ അർത്ഥം, 'അലറുന്ന കടൽ' അല്ലെങ്കിൽ 'അലറുന്ന നദി' എന്നാണ്, അതുപോലെ ഇറാനിലെ ഇലാം നഗരത്തിനടുത്ത് നിലനിന്നിരുന്ന ഒരു പുരാതന നഗരത്തിൻ്റെ പേരുകൂടിയാണിത്. സസാനിദ് കാലഘട്ടത്തിലും ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലും നദിയുടെ നിമ്ന്ന ഭാഗം നഹ്‌റവാൻ കനാലിൻ്റെ ഭാഗമായിരുന്നു. ഇറാഖിലേയ്ക്ക് ഒഴുകിയെത്തുമ്പോൾ ദിയാല എന്നറിയപ്പെടുന്ന ഈ നദി ഇറാഖിലെ വടക്കുകിഴക്കൻ പ്രിവിശ്യയായ ദിയാല ഗവർണറേറ്റിൻറെ പേരിലാണ് അറിയപ്പെടുന്നത്.

അണക്കെട്ടുകൾ

തിരുത്തുക

ഇറാനിൽ കെർമാൻഷാ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഡാരിയൻ ഗ്രാമത്തിന് സമീപത്തായി നദിയിൽ ഡാരിയൻ അണക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. 2009 ൽ നിർമ്മാണം ആരംഭിക്കുകയും 2015 നവംബർ അവസാനത്തോടെ അണക്കെട്ടിൻറെ റിസർവോയർ നിറയ്ക്കുകയും ചെയ്തു. 48 കിലോമീറ്റർ (30 മൈൽ) നീളമുള്ള നൊസൂദ് വാട്ടർ കൺവെയൻസ് ടണലിലൂടെ ജലസേചനത്തിനായി നദിയുടെ ഒരു പ്രധാന ഭാഗം തെക്കുപടിഞ്ഞാറൻ ഇറാനിലേക്ക് തിരിച്ചുവിടുകയും 210 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുക എന്നതാണ് അണക്കെട്ടുകൊണ്ട് ലക്ഷ്യമിടുന്നത്.[3][4] ഇറാഖിൽ, നദി ആദ്യം എത്തുന്നത് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ജലസേചനത്തിനായി വെള്ളം സംഭരിക്കുകയും ചെയ്യുന്ന സുലൈമാനിയ ഗവർണറേറ്റിലെ ദർബന്ദിഖാൻ അണക്കെട്ടിലാണ്. പിന്നീട് ഇത് ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കുകിഴക്കായി ദിയാല നദിയിൽ സ്ഥിതി ചെയ്യുന്ന, സമാനമായ ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹെമ്രിൻ അണക്കെട്ടിലേക്ക് ഒഴുകുന്നു. ബാഗ്ദാദിന് സമീപമുള്ള ലോവർ ദിയാല താഴ്‌വരയിൽ നദിയെ നിയന്ത്രിക്കുന്ന ദിയാല വീർ അഥവാ ദിയാല ബാരേജ് എന്നറിയപ്പെടുന്ന ഒരു ഡൈവേർഷൻ അണക്കെട്ട് വെള്ളപ്പൊക്കം നിയന്ത്രിക്കുകയും ബാഗ്ദാദിൻ്റെ വടക്കുകിഴക്കൻ പ്രദേശത്ത് ജലസേചനാവശ്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നു.

  1. Hussein, Haitham A. (June 2010). "Dependable Discharges of The Upper and Middle Diyala Basins". Journal of Engineering. 16 (2): 4960–4969. Retrieved 20 May 2013.
  2. "Sirwan river, Sirvan".
  3. "Darian Dam" (in Persian). Iran Water Resources Management. Archived from the original on 2014-02-02. Retrieved 17 May 2013.{{cite web}}: CS1 maint: unrecognized language (link)
  4. "Water Tunnel Nosoud" (in Persian). JTMA. Archived from the original on 23 January 2013. Retrieved 17 May 2013.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=സിർവാൻ_നദി&oldid=4135341" എന്ന താളിൽനിന്ന് ശേഖരിച്ചത്