കേരളത്തിലെ സുറിയാനി കത്തോലിക്ക‌ർ

(സിറിയൻ കത്തോലിക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സീറോ-മലബാർ സഭയിൽ ഉൾപെട്ടവർ കേരളത്തിൽ സുറിയാനി കത്തോലിക്കർ എന്നറിയപ്പെടുന്നു. മലങ്കര കൽദായ സുറിയാനിക്കാരെന്ന് മുമ്പ് വിളിക്കപ്പെട്ടിരുന്ന സീറോ-മലബാർ സഭക്കാരെയാണു പൊതുവേ സുറിയാനി കത്തോലിക്ക‌ർ എന്ന് വിളിക്കുന്നത്. ഇതോടൊപ്പം മലങ്കര കത്തോലിക്കർ എന്നറിയപ്പെടുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ഉൾപെട്ടവരും വിശാല അർത്ഥത്തിൽ ഇന്ത്യയിലെ സുറിയാനി കത്തോലിക്കർ എന്ന് വിളിക്കപ്പെടാറുണ്ട്.

1599ലെ ഉദയംപേരൂർ സൂനഹദോസ്, തുടർന്നുണ്ടായ കൂനൻ കുരിശു സത്യം എന്നിവ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളെ രണ്ട് വിഭാഗങ്ങൾ ആക്കി മാറ്റി. അതിൽ കത്തോലിക്കരായിത്തുടർന്ന വിഭാഗം പഴയ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവവിശ്വാസവും പിന്തുടർന്നതിനാൽ പഴയകൂറ്റുകാരെന്നും മറുവിഭാഗം കത്തോലിക്കാ ബന്ധം അവസാനിപ്പിച്ച് അന്ത്യോഖ്യൻ റീത്തും ഏകസ്വഭാവവിശ്വാസവും സ്വീകരിച്ചതിനാൽ പുത്തങ്കൂറ്റുകാരെന്നും അറിയപ്പെടാൻ തുടങ്ങി. 1663-ൽ പറമ്പിൽ ചാണ്ടി മെത്രാൻ പ്രഥമ തദ്ദേശീയ മെത്രാനായി കത്തോലിക്കാ സഭയിൽ അവരോധിതനായതോടെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പഴയകൂറ്റുകാർ അണിനിരന്നു. അവർ സുറിയാനി കത്തോലിക്കർ എന്ന് അറിയപ്പെട്ടു. പിൽക്കാലത്ത് സിറോ-മലബാർ സഭ എന്ന പേര് കൈവന്നു.

അതേസമയം പുത്തങ്കൂറ്റുകാർ മലങ്കര സഭക്കാർ എന്നും യാക്കോബായക്കാർ എന്നും അറിയപ്പെട്ടു. മലങ്കര സഭയിലെ ഒരു മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ ഇവാനിയോസ് 1930 ൽ കത്തോലിക്കാ സഭയിൽ പുനരൈക്യപ്പെട്ടപ്പോൾ മലങ്കര സുറിയാനി കത്തോലിക്കാ സഭയും രൂപംകൊണ്ടു. ഈ സഭാംഗങ്ങൾ പൊതുവെ മലങ്കര കത്തോലിക്കർ എന്നാണ് അറിയപ്പെടുന്നത്.

സുറിയാനി കത്തോലിക്ക‌രെ പൊതുവേ ജാതിപരമായി നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികളായി പരിഗണിയ്ക്കുന്നു. കേരളത്തിൽ സുറിയാനി കത്തോലിക്ക‌ർ അല്ലാത്ത കത്തോലിക്ക‌ാവിഭാഗം ലത്തീൻ കത്തോലിക്ക‌രാണു്.