സമീക്ഷ (മലയാള മാസിക)
എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ത്രൈ മാസികയാണ് സമീക്ഷ. 1963ലാണ് ചെന്നൈ കേന്ദ്രീകരിച്ച് ഗോവിന്ദനും സുഹൃത്തുക്കളും പുറത്തിറക്കിയത്. നവസാഹിതി, ഗോപുരം എന്നീ രണ്ടു മാസികകൾ ഗോവിന്ദന്റെ നേതൃത്ത്വത്തിൽ ചെറിയ ഇടവേളകളിൽ പുറത്തിറങ്ങി, പിന്നീട് നിന്നു പോയിരുന്നു. അദ്ദേഹത്തിന്റെ ഭവനമായ 77 ബി ഹാരിസ് റോഡ് ആയിരുന്നു പ്രവർത്തന കേന്ദ്രം. കോട്ടയത്തെ ഇന്ത്യാ പ്രസ്സിൽ നിന്നാണ് മാസിക അച്ചടിച്ചത്. അച്ചടിക്കാര്യങ്ങൾക്കായി ഗോവിന്ദൻ ഇടക്കിടെ കോട്ടയത്തു വന്നു തങ്ങും. 1963 ജനുവരി - മാർച്ച് ഒന്നാം ലക്കം പുറത്തിറങ്ങി. എം.വി. ദേവനായിരുന്നു ആർട്ട് എഡിറ്റർ.[1]
മൂന്നു വർഷങ്ങളിലായി പന്ത്രണ്ട് ലക്കങ്ങളും മൂന്നു പ്രത്യേക പതിപ്പുകളും സമീക്ഷ പ്രസിദ്ധീകരിച്ചു.
ആദ്യ ലക്കം
തിരുത്തുക"ആധുനികമായ പശ്ചാത്തലത്തിൽ, രൂപ ഭാവങ്ങളിൽ ഭാരതീയമായ ഒരു മലയാള ത്രൈമാസികയാണ് സമീക്ഷ. മനുഷ്യന്റേതായ ഒന്നും അതിന് അന്യമല്ല. ഭാഷ മലയാളം ഭാവം ഭാരതീയം പ്രസക്തി ആധുനികം ഇവയാണ്, സമീക്ഷയെ സംബന്ധിച്ച മുഖ്യ കാര്യങ്ങൾ" എന്ന് വാഗ്ദാനവും നിർവഹണവും എന്ന ആമുഖത്തിൽ ഗോവിന്ദൻ എഴുതി. ഞാൻ എന്തിന് എഴുതുന്നു? എന്ന ലേഖന പരമ്പരയായിരുന്നു ആദ്യ ലക്കത്തിലെ പ്രധാന വിഭവം. ഗോപാലകൃഷ്ണ അഡിഗ, യശ്പാൽ, ജോർജ് മാർവൽ തുടങ്ങിയവരും കാരൂർ, എം.ടി, ടി. പത്മനാഭൻ, എസ്.കെ. മാരാർ എന്നിവരും പങ്കെടുത്തു. സൃഷ്ടിയും നിരൂപണവും എന്ന ചർച്ചയിൽ ജി. ശങ്കരപ്പിളള, കെ. സുരേന്ദ്രൻ, എൻ. കൃഷ്ണപിള്ള, ഇ.എം.ജെ. വെണ്ണിയൂർ ഒ.എൻ.വി. കുറുപ്പ് എന്നിവർ പങ്കെടുത്തു. എം.വി. ദേവൻ ക്യൂറേറ്റ് ചെയ്ത ആധുനിക ഇന്ത്യൻ കലയെ സംബന്ധിക്കുന്ന ഭാഗവും ആദ്യപതിപ്പിന്റെ പ്രത്യേകതയായിരുന്നു.
പ്രത്യേക പതിപ്പുകൾ
തിരുത്തുക1965 ൽ ഇന്ത്യൻ ലിറ്ററേച്ചർ നമ്പർ എന്ന ഭാരതീയ ഭാഷാ പതിപ്പും 1967 ൽ ഇന്ത്യൻ റിനൈസൻസ് നമ്പർ എന്ന പതിപ്പും 1974ൽ പോയട്രി ആൻഡ് റിനൈസൻസ് (കുമാരനാശാൻ ജന്മ ശതാബ്ദി പതിപ്പ്)എന്ന നാലു ഭാഗമുള്ള സ്മരണികയും പ്രസിദ്ധീകരിച്ചു. പോയട്രി ആൻഡ് റിനൈസൻസ് രണ്ടു തവണ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ മലയാള സമാന്തര മാസികാചരിത്രം, പ്രദീപ് പനങ്ങാട്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2018
- ↑ https://www.google.com/search?q=poetry+and+renaissance+M+govindan&client=ubuntu&hs=8HP&channel=fs&sxsrf=ALeKk03BahO2methQEOpRsDpT_vSYLXIog:1595928313444&source=lnms&tbm=isch&sa=X&ved=2ahUKEwi8ydah0O_qAhU0zDgGHTw-BkkQ_AUoAXoECAwQAw&biw=1280&bih=510#imgrc=XK_iWug7UDoH9M