സത്യൻ കോമല്ലൂർ
കേരളത്തിലെ ഒരു നാടൻപാട്ട് കലാകാരനും കവിയുമാണ് സത്യൻ കോമല്ലൂർ. (ജനനം: 1969). താരക പെണ്ണാളേ കതിരാടും മിഴിയാളേ, കൊച്ചോലകിളിയെ എന്നീ നാടൻപാട്ടുകൾ രചിച്ചതിലൂടെ പ്രസിദ്ധനായി. ദളിത് ജീവിതപശ്ചാത്തലത്തിലുള്ള നൂറ്റമ്പതോളം കവിതകളും പന്ത്രണ്ട് നാടൻപാട്ടുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.[1]
സത്യൻ കോമല്ലൂർ | |
---|---|
തൊഴിൽ | കവി, നാടൻപാട്ടുകാരൻ |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | പത്താം ക്ലാസ് |
വിഷയം | ദളിത് ജീവിതം |
ശ്രദ്ധേയമായ രചന(കൾ) | മുറിഞ്ഞ കടൽ, ഒപ്പിടാത്ത അപേക്ഷ, താരകപ്പെണ്ണാളേ (നാടൻപാട്ട്), കൊച്ചോലകിളിയെ (നാടൻപാട്ട്). |
പങ്കാളി | ബിന്ദു |
കുട്ടികൾ | 2 |
ആദ്യകാല ജീവിതം
തിരുത്തുകആലപ്പുഴ ജില്ലയിലെ മാവേലിക്കര ചുനക്കര കോമല്ലൂർ ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് സത്യൻ ജനിച്ചത്. കർഷകരായിരുന്ന ചെല്ലപ്പനും പൊന്നമ്മയുമാണ് മാതാപിതാക്കൾ. അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് സത്യന്റെ വലതുകാലിനു ബലക്ഷയം സംഭവിച്ചു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പത്താം ക്ലാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടതായും വന്നു.[2]
കവിതകൾ
തിരുത്തുകസമിതികൾക്കു വേണ്ടി ലഘുനാടകങ്ങൾ രചിച്ചുകൊണ്ടാണ് സത്യൻ കോമല്ലൂർ കലാരംഗത്തേക്കു കടന്നുവന്നത്. ദളിത് ജീവിതം പ്രമേയമാക്കി ധാരാളം കവിതകൾ രചിച്ചു. പ്രണയം ആണ് സത്യൻ രചിച്ച ആദ്യ കവിത. 2013-ൽ മുറിഞ്ഞ കടൽ, 2015-ൽ ഒപ്പിടാത്ത അപേക്ഷ എന്നീ കവിതാ സമാഹരങ്ങൾ പുറത്തിറക്കി.[1] ഡി.സി. ബുക്ക്സ് പുറത്തിറക്കിയ കനൽ കവിതകൾ എന്ന കവിതാസമാഹാരത്തിലെ ഒരു കവിത സത്യന്റേതായിരുന്നു.[1] കാൽനൂറ്റാണ്ടുകൊണ്ട് നൂറ്റമ്പതോളം കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
നാടൻപാട്ടുകൾ
തിരുത്തുകഅമ്മയിൽ നിന്ന് നാടൻപാട്ടുകൾ കേട്ടുവളർന്ന സത്യൻ പിന്നീട് നാടൻപാട്ടുകളുടെ രചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കേള്..കേള്.. പാവാക്കുടുക്കേ എന്ന നാടൻപാട്ടാണ് ആദ്യം രചിച്ചത്.[2] സത്യൻ രചിച്ച താരകപ്പെണ്ണാളേ കതിരാടും മിഴിയാളേ എന്ന നാടൻപാട്ടിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഏഴു വിവിധ ഈണങ്ങളിൽ പാടാവുന്ന ഈ ഗാനം കേരളത്തിലെ നാടൻപാട്ടു വേദികളിലും ഗാനമേളകളിലും പലതവണ ആലപിക്കപ്പെട്ടിട്ടുണ്ട്. നാടൻപാട്ട് ഗായകൻ മധു മുണ്ടകം ആണ് ആദ്യമായി ഈ പാട്ടു പാടിയത്. മണിയും താരകപ്പെണ്ണാളും എന്ന ഗാനസമാഹാരത്തിലെ ഒമ്പതു ഗാനങ്ങൾ ഉൾപ്പെടെ പന്ത്രണ്ടോളം നാടൻപാട്ടുകൾ സത്യൻ രചിച്ചു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 പ്രമോദ്, പി. (2017-09-10). "വേദിനിറഞ്ഞ് 'താരകപ്പെണ്ണാളേ...'; അരങ്ങിൽ ഇടമില്ലാതെ സത്യൻ" (in ഭാഷ). ആലപ്പുഴ: ദേശാഭിമാനി. Retrieved 23 July 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 SUMAM (2018-01-25). "ദളിത് ജീവിതത്തിന്റെ ചൂടും ചൂരുമുണ്ട് കവിതകൾക്ക്; എഴുതിയത് ഈ കവിയാണ്" (in ഭാഷ). ആലപ്പുഴ: നാരദ ന്യൂസ്. Archived from the original on 2018-07-20. Retrieved 23 July 2018.
{{cite web}}
: CS1 maint: unrecognized language (link)