ഷെയ്ക്‌സ്‌പിയറുടെ ഗീതകങ്ങൾ

(ഷേക്സ്പിയറുടെ ഗീതകങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷെയ്ക്‌സ്‌പിയറുടെ ഗീതകങ്ങൾ, അഥവാ സോണെറ്റുകൾ, സോണെറ്റ് എന്ന കാവ്യരൂപത്തിലെ ഏറ്റവും പ്രസിദ്ധമായ രചനകളാണ്. ഇംഗ്ലീഷ് നാടകകൃത്ത് വില്യം ഷേക്സ്പിയറുടെ രചനകളായ ഇവ, പ്രേമം, സൗന്ദര്യം എന്നീ വിഷയങ്ങളിലാണ്. രാജനീതി, മരണം തുടങ്ങിയ വിഷയങ്ങളും ഈ കവിതകളിൽ കടന്നുവരുന്നുണ്ട്. ഏറെ വർഷങ്ങളെടുത്ത് എഴുതിയവയായിരിക്കണം ഇവ. ഈ ശേഖരത്തിലെ 154 ഗീതകങ്ങൾ ഒരുമിച്ച് ഷേക്സ്പിയറുടെ സോണറ്റുകൾ എന്ന പേരിൽ 1609-ലാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അവയിൽ രണ്ടെണ്ണം (138, 144 ഗീതകങ്ങൾ) 1599-ലെ ആസക്തതീർത്ഥാടകൻ (The Passionate Pilgrim) എന്ന ശേഖരത്തിൽ ചേർന്ന് വെളിച്ചം കണ്ടിരുന്നു. ഷേക്സ്പിയറുടെ രചനകളിൽ ഏറ്റവും ജനപ്രിയവും, ഏറ്റവുമേറെ വായനകാരെ ആകർഷിക്കുന്നതും ഗീതകങ്ങളാണ്. 1590-കളിൽ പ്ലേഗ് ബാധമൂലം ലണ്ടനിലെ നാടകശാലകൾ പ്രവർത്തിക്കാതിരുന്നതിനെതുടർന്ന് തൊഴിൽരഹിതനായപ്പോഴാവാം ഗീതകങ്ങളിൽ ഭൂരിഭാഗവും ഷേക്സ്പിയർ എഴുതിയത്.[1]

ഗീതകങ്ങളുടെ 1609-ൽ ഇറങ്ങിയ ആദ്യപതിപ്പിന്റെ ഒന്നാം പുറം
ഒന്നാം പതിപ്പിലെ സമർപ്പണം

ഗീതകങ്ങളുടെ ആദ്യപതിപ്പിന്റെ പ്രസിദ്ധീകരണസാഹചര്യങ്ങൾ അവ്യക്തമായിരിക്കുന്നു. അവ എഴുതിയത് ഷേക്സ്പിയർ ആണെങ്കിലും ആദ്യപതിപ്പിന്റെ പ്രസാധകനായി കരുതപ്പെടുന്ന തോമസ് തോർപ്പ്[2] ഉപയോഗിച്ചത് ഷേക്സ്പിയറുടെ അംഗീകാരമുള്ള പ്രതിയോ അനധികൃതമായ മറ്റൊരു പ്രതിയോ എന്ന് നിശ്ചയമില്ല. ആദ്യപതിപ്പിലെ കൗതുകമുണർത്തുന്ന സമർപ്പണത്തിൽ ഈ കവിതകളുടെ "ഒരേയൊരു പ്രചോദകൻ" (begetter-ഉത്പാദകൻ) ആയി പരാമർശിച്ചിരിക്കുന്ന "മിസ്റ്റർ ഡബ്ലിയൂ.എച്ച്" ആരെന്നും അറിവില്ല. ഇതിനൊക്കെ പുറമേ, ഷേക്സ്പിയറുടെ കൃതികളുടെ കർതൃത്വത്തെക്കുറിച്ച് ഇപ്പോഴും നടന്നുപോരുന്ന തർക്കത്തിൽ ഗീതകങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

സോണറ്റുകൾ: സ്വഭാവം, ചരിത്രം

തിരുത്തുക

പതിമൂന്നാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ഉത്ഭവിച്ച ഒരു കവിതാരൂപമാണ് സോണറ്റ്. ഡിവൈൻ കോമഡിയുടെ കർത്താവായ ഡാന്റേ ഉൾപ്പെടെയുള്ളവർ സോണറ്റുകൾ എഴുതിയിട്ടുണ്ടെങ്കിലും ഇറ്റലിയിൽ ഈ കവിതാരൂപത്തിന് ജനപ്രീതിനേടിക്കൊടുത്തവരിൽ പ്രധാനി പ്രഖ്യാതകവി പെട്രാർക്ക് ആയിരുന്നു. അകന്നും അപ്രാപ്യയായും ഇരുന്ന പ്രേമഭാജനത്തെ ആരാധനാപൂർവം സംബോധനചെയ്യുന്ന മട്ടിലുള്ള പ്രേമകവിതകളായിരുന്നു പെട്രാർക്കിന്റെ ഗീതകങ്ങളിൽ മിക്കവയും. എട്ടുവരികളുള്ള ഒന്നാം ഖണ്ഡവും ആറുവരികളുള്ള രണ്ടാം ഖണ്ഡവും ചേർന്ന് പതിനാലു വരികളായിരുന്നു ആ ഗീതകങ്ങൾക്ക്. മിക്കപ്പോഴും ആദ്യഖണ്ഡത്തിൽ ഒരു സമസ്യയോ, പ്രശ്നസാഹചര്യമോ സൃഷ്ടിച്ച് രണ്ടാം ഖണ്ഡത്തിൽ അത് പരിഹരിക്കുകയായിരുന്നു പതിവ്. ഗീതകങ്ങളുടെ വിഷയത്തിലും ഘടനയിലും പെട്രാർക്ക് സൃഷ്ടിച്ച വഴക്കങ്ങൾ ഇറ്റാലിയൻ ഗീതകങ്ങൾക്ക് പൊതുവേ മാതൃകയായി. ഗീതകങ്ങളുടെ ഈ രീതി പെട്രാർക്കൻ രീതി എന്നറിയപ്പെട്ടു.


ഇംഗ്ലീഷിൽ സോണറ്റ് രൂപം ആദ്യമായി ഉപയോഗിച്ചത് പതിനാറാം നൂറ്റണ്ടിന്റെ ആദ്യപകുതിയിൽ തോമസ് വയാറ്റും തുടർന്ന് ഹെൻട്രി ഹൊവാർഡും ആയിരുന്നു. വരികളുടെ എണ്ണം പതിനാലായി നിലനിർത്തിയെങ്കിലും[ഗ], ഇംഗ്ലീഷ് കവികൾ ഗീതകങ്ങളുടെ ഘടനയിൽ ചില മാറ്റങ്ങൾ വരുത്തി. നാലുവരികൾ വീതമുള്ള മൂന്നു ഖണ്ഡങ്ങളും ഒടുവിൽ ഒരു ഈരടിയും ചേർന്നവയായിരുന്നു അവരുടെ ഗീതകങ്ങൾ. ഈ രീതി ഷേക്സ്പിയറും പിന്തുടർന്നു. ഈ മട്ടിലെഴുതിയ ഗീതകങ്ങളിൽ ഏറ്റവും പ്രശസ്തമായവ ഷേക്സ്പിയറുടേതായതിനാൽ ഗീതകങ്ങളുടെ ഈ രീതി ഷേക്സ്പീരിയൻ രീതി എന്നറിയപ്പെടുന്നു.[3] തന്റെ ഗീതകങ്ങളിൽ ഷേക്സ്പിയർ ഉപയോഗിച്ചത് അയാംബിക് പഞ്ചവൃത്തം (Iambic Pentameter) ആണ്. 145-ആം ഗീതകം ഇതിനൊരപവാദമാണ്.

154 കവിതകൾ

തിരുത്തുക

ആകെയുള്ള 154 ഷേക്സ്പിയർ ഗീതകങ്ങളിൽ ആദ്യത്തെ 126 എണ്ണം ഒരു യുവാവിനെ സംബോധന ചെയ്ത് എഴുതിയവയാണ്. 127 മുതൽ 152 വരെ ഗീതകങ്ങളിലാണ് ഷേക്സ്പിയറുടെ പേരുകേട്ട ശ്യാമതരുണി (dark lady) പ്രത്യക്ഷപ്പെടുന്നത്. അവളോടുള്ള കവിയുടെ പ്രേമത്തിന്റേയും അവരുടെ പരസ്പരബന്ധത്തിന്റേയും സങ്കീർണ്ണതകളാണ് ആ ഗീതകങ്ങളുടെ വിഷയം. അവസാനത്തെ രണ്ടുഗീതകങ്ങൾ (153-154) പഴയ ഒരു ഗ്രീക്ക് ലഘുകവിതയിലെ ആശയത്തിന്റെ അനുകരണഭേദങ്ങളാണ്.

പ്രജനനഗീതകങ്ങൾ

തിരുത്തുക
 
ഷേക്സ്പിയറുടെ മുക്കാൽ ഭാഗത്തിലേറെ ഗീതകങ്ങളുടെ ലക്‌ഷ്യമായ 'തരുണൻ' ആയി കരുതപ്പെടുന്നവരിൽ ഒരാൾ സൗത്താം‌പ്റ്റണിലെ മൂന്നാം പ്രഭു ഹെൻ‌റി റിയോത്തെസ്ലിയാണ്(1573-1624)

തരുണനെ സംബോധന ചെയ്തുള്ള ഗീതകങ്ങളിൽ ആദ്യത്തെ 17 എണ്ണത്തിൽ കവി അയാളോട് വിവാഹിതനാകാൻ അവശ്യപ്പെടുന്നു.[4] അതിനാൽ ഇവ പ്രജനനഗീതകങ്ങൾ (procreation sonnets) എന്നറിയപ്പെടുന്നു. യുവാവിന്റെ സന്ദര്യവും മറ്റും സന്താനങ്ങളിലൂടെ അനശ്വരമാകാൻ അയാൾ വിവാഹം കഴിക്കേണ്ടത് ആവശ്യമാണെന്നാണ് കവി വാദിച്ചത്. "സുന്ദരമായ സൃഷ്ടികൾ പെരുകിക്കാണാൻ നാം ആഗ്രഹിക്കുന്നു"[ക] എന്നാണ് ആദ്യഗീതകത്തിന്റെ ആദ്യവരി തന്നെ. പ്രകൃതിയിൽ നിന്ന് ഏറ്റുവാങ്ങുന്നതൊക്കെ മരിക്കുന്നതിനുമുൻപ് കണക്കുപറഞ്ഞ് തിരികെ ഏല്പ്പിക്കാൻ നമുക്ക് ചുമതലയുണ്ട്. യുവാവ് ആത്മരതിയിൽ മുഴുകിയിരുന്ന്[5] സന്താനമില്ലാതെ വാർദ്ധക്യത്തിലെത്തിയാൽ, പ്രകൃതിയിൽ നിന്ന് അയാൾക്ക് കിട്ടിയ സൗന്ദര്യത്തിന് എന്തു കണക്കാണ് ബോധിപ്പിക്കാനാവുക?.[6] മരണത്തിന്റെ കൊയ്ത്തരിവാളിനെ തോല്പ്പിക്കാൻ സന്താനങ്ങളെ സൃഷ്ടിക്കുക മാത്രമാണ് വഴി.[7] യുവാവ് തീരുമാനം നീട്ടിക്കൊണ്ടു പോയാൽ അയാളുടെ അന്ത്യം സത്യ-സൗന്ദര്യങ്ങളുടേയും അന്ത്യമാവും.[8] നിന്റെ സൗന്ദര്യത്തെ അതിന്റെ അർഹതക്കൊത്തൊന്നും പ്രതിഫലിപ്പിക്കാൻ എനിക്കാവുന്നില്ല. എങ്കിലും വരുംകാലത്തുള്ളവർ എന്റെ വരികളിൽ അതിശയോക്തി കണ്ടെത്താനാണിട. എന്നാൽ നിന്റെ തന്നെ ഒരു സന്താനം ജീവനോടെയുണ്ടെങ്കിൽ അവനിൽ നീയും എന്റെ വരികളും ജീവിച്ചിരിക്കും.[9]

 
നെഥർലാൻഡ്സിലെ ലൈഡനിൽ ഷേക്സ്പിയറുടെ പ്രശസ്തമായ മുപ്പതാം ഗീതകം ഭിത്തിയിൽ ആലേഖനം ചെയ്തിട്ടുള്ള ഒരു കെട്ടിടം

18 മുതൽ 126 വരെ ഗീതകങ്ങളിൽ കവി യുവാവിനോടുള്ള തന്റെ പ്രേമത്തെക്കുറിച്ച് പാടുന്നു. ഷേക്സ്പിയർ ഗീതകങ്ങളുടെ ഏറ്റവും സുന്ദരമായ മാതൃകകൾ ഇക്കൂട്ടത്തിൽ പെടുന്നു. ഈ വിഭാഗത്തിൽ ആദ്യത്തേതായ പതിനെട്ടാം ഗീതകം തന്നെ വളരെ പ്രശസ്തമാണ്. യുവാവിനെ ഒരുഗ്രീഷ്മദിനത്തോട് താരതമ്യം ചെയ്യുകയാണ് ഇതിൽ: "ഗ്രീഷ്മദിനത്തേക്കാൾ സുന്ദരവും ശീതളവുമാണ് യുവാവിന്റെ രൂപം; ഗ്രീഷ്മത്തിന്റെ നാളുകൾക്ക് എണ്ണമുണ്ട്; എന്നാൽ നിത്യതയോളം നിലനിൽക്കാൻ പോകുന്ന എന്റെ വരികളിൽ തരുണൻ അനശ്വരത കണ്ടെത്തും" എന്നാണ് അതിന്റെ ആശയം. തരുണനെ സ്ത്രീയായി സൃഷ്ടിക്കാതിരുന്ന പ്രകൃതി തന്നെ വഞ്ചിച്ചെന്നാണ് ഇരുപതാം ഗീതകത്തിലെ ദുഃഖം. ഏകാന്തതയിൽ നഷ്ടസൗഭാഗ്യങ്ങളേയും വേർപെട്ടുപോയ സുഹൃത്തുക്കളേയും കുറിച്ച് വിലപിക്കുന്ന കവിയുടെ ചിത്രമാണ് മുപ്പതാം ഗീതകത്തിൽ[ഖ] ആ വേളകളിലും, പ്രേമഭാജനത്തിന്റെ ഓർമ്മ എല്ലാ നഷ്ടങ്ങളും മറക്കാൻ തന്നെ സഹായിക്കുന്നെന്ന് കവി പറയുന്നു. യുവാവിനെക്കുറിച്ചുള്ള പരാതികളും, തന്റെ പരിതാപസ്ഥിതിയെക്കുറിച്ചുള്ള പരിവേദനങ്ങളും നിറഞ്ഞവയാണ് തുടർന്നുവരുന്ന ഗീതകങ്ങൾ. ഒരു ഗീതകത്തിലെ പരാതി(ഗീതകം 42), യുവാവ്, കവിയുടെ കാമുകിയെ തട്ടിയെടുത്തെന്നാണ്. എന്നാൽ അതിന്റെ സമാപനത്തിലെ ഈരടിയിൽ "ഞാനും എന്റെ സുഹൃത്തും ഒന്നുതന്നെയായതിനാൽ നിന്നെ സ്നേഹിക്കുമ്പോഴും അവൾ സ്നേഹിക്കുന്നത് എന്നെത്തന്നെയാണ്" എന്ന് കവി ആശ്വസിക്കുന്നു.


"സുമനസ്സുകളുടെ സം‌യോഗത്തിന് പ്രതിബന്ധങ്ങൾ പ്രശ്നമല്ല. മാറ്റങ്ങൾക്കൊപ്പം മാറുന്ന പ്രേമം പ്രേമമല്ല; കൊടുങ്കാറ്റുകളെ നേർക്കുനേർ നോക്കുന്ന നിശ്ചയദാർഢ്യമാണ് യഥാർത്ഥപ്രേമം; അലയുന്ന നൗകകൾക്ക് ദിശകാട്ടുന്ന നക്ഷത്രമാണത്; കാലഗതി അതിനെ അടിമയാക്കുന്നില്ല; സമയത്തിന്റെ കൊയ്ത്തരിവാളിന് അധരങ്ങളുടേയും കവിളുകളുടേയും അരുണിമയെ മാത്രമേ സ്പർശിക്കാനാവൂ; യാമങ്ങളുടേയും ആഴ്ചകളുടേയും മാറ്റത്തിനനുസരിച്ച് മാറാതെ, വിനാശത്തിന്റെ വിളുമ്പിലും പ്രേമം സ്ഥിരമായിരിക്കുന്നു" എന്നൊക്കെയാണ് 116-ആം ഗീതകം പ്രേമത്തെ പുകഴ്ത്തുന്നത്. കാലം കൊണ്ടുവരുന്ന കഷ്ടപ്പാടുകൾക്കും പ്രതിബന്ധങ്ങൾക്കും മുൻപിൽ പതറാതെ നിൽക്കുന്ന ആദർശപ്രേമത്തെ വർണ്ണിക്കുന്ന ഈ ഗീതകം ഏറെ പ്രശസ്തിയും അഭിനന്ദനവും നേടിയിട്ടുണ്ട്. [2]


തരുണൻ മറ്റൊരു കവിയുമായി ചങ്ങാത്തത്തിലായതും കവിയെ വിഷമിപ്പിക്കുന്നു. 78 മുതൽ 86 വരെ ഗീതകങ്ങളുടെ പ്രമേയം അതാണ്. ഈ എതിർകവി (rival poet) ആരാണെന്ന് വ്യക്തമല്ല. ക്രിസ്റ്റഫർ മാർലോ[10], ജൊർജ്ജ് ചാപ്മാൻ[11], സാമുവൽ ഡാനിയേൽ, മൈക്കെൽ ഡേയ്റ്റൻ തുടങ്ങിയവരെ അയാളായി കാണുന്നവരുണ്ട്. തന്നേക്കാൾ കവിത്വവാസനയേറിയവനാണ് എതിരാളി എന്ന് എൺപതാം ഗീതകത്തിലും മറ്റും സൂചനയുണ്ടെങ്കിലും അയാളോടുള്ള കവിയുടെ യഥാർത്ഥമനോഭാവം വ്യക്തമല്ല. യുവാവിന്റെ വർണ്ണനാതീതമായ രൂപഭംഗിക്ക് മൗനത്തിലൂടെ താൻ നൽകുന്ന പുകഴ്ചയാണ് മറ്റുള്ളവരുടെ പ്രശംസാവചനങ്ങളേക്കാൾ അനുയോജ്യമെന്നും കവി പറയുന്നു(ഗീതകം 83).


ഷേക്സ്പിയർ ഗീതകങ്ങളെ ജനപ്രിയമാക്കാൻ സഹായിച്ച ഘടകങ്ങളിലൊന്ന് അവയിൽ ആത്മകഥാംശമുണ്ട് എന്ന വിശ്വാസമാണ്. സമകാലീനരിൽ പലരിലും ഗീതകങ്ങളിലെ തരുണന്റെ ലക്ഷണങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. സൗത്താം‌പ്റ്റണിലെ മൂന്നാം പ്രഭു ഹെൻ‌റി റിയോത്തെസ്ലി, പെംബ്രോക്കിലെ പ്രഭു വില്യം ഹെർബർട്ട് തുടങ്ങിയവർ ഇവരിൽ ചിലരാണ്. പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പേരുകേട്ട പ്രേമഗീതങ്ങളിൽ പെടുന്ന ഇവയിൽ അധികവും ഒരു പുരുഷനെ സംബോധന ചെയ്ത് എഴുതിയവയാണെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അയാളും കവിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇത് കാരണമായി. അവർക്കിടയിൽ ഉറ്റസൗഹൃദം മാത്രമായിരുന്നെന്നും പ്രേമബന്ധമായിരുന്നെന്നും വാദമുണ്ട്. ഇലിസബത്തൻ സംസ്കൃതിയിൽ പ്രേമവുമായി ബന്ധപ്പെട്ട ഭാഷ ഉറ്റസൗഹൃദത്തെ പരാമർശിക്കാനും ഉപയോഗിച്ചിരുന്നുവെന്നും കവിക്ക് തരുണനുമായി രതിയുടെ കലർപ്പില്ലാത്ത സൗഹൃദം മാത്രമായിരുന്നുവെന്നാണ് ഒരു നിലപാട്. ആദ്യത്തെ പതിനേഴു ഗീതകങ്ങളിൽ കവി അയാളെ വിവാഹിതനാകാൻ പ്രേരിപ്പിക്കുന്നത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ തരുണനെ ലക്‌ഷ്യമാക്കിയുള്ള ഗീതകങ്ങളിൽ ചിലതിലെ ഉത്തേജകമായ ഭാവനയും രതിബിംബങ്ങളും ഈ വിശദീകരണത്തെ പിന്തുണക്കുന്നില്ല. തരുണനെ തന്റെ വികാരലോകത്തിന്റെ "സ്വാമിയും സ്വാമിനിയും" എന്നു വിശേഷിപ്പിച്ചു തുടങ്ങി, രതിധ്വനിനിറഞ്ഞ വാക്കുകളിൽ വിളയാടി (erotic play on words)[12] സമാപിക്കുന്ന ഇരുപതാം ഗീതകം ഇതിന് ഉദാഹരണമാണ്.

ശ്യാമതരുണി

തിരുത്തുക
 
ഷേക്സ്പിയറുടെ ഗീതകങ്ങളിലെ 'ശ്യാമതരുണി'-യായി ചിലർ കരുതുന്ന മേരി ഫിറ്റൺ

127 മുതൽ 152 വരെ ഗീതകങ്ങളിലെ കാമുകി ശ്യാമതരുണി(dark lady) എന്നാണറിയപ്പെടുന്നതെങ്കിലും, കവി അവളെ ഒരിടത്തും അങ്ങനെ വിളിക്കുന്നില്ല. കവിയുടെ ചിത്രീകരണത്തിൽ തെളിയുന്ന അവളുടെ രൂപത്തിലേയും സ്വഭാവത്തിലേയും കറുപ്പ് [13] കണക്കിലെടുത്ത് ഗീതകങ്ങളുടെ ആസ്വാദകരും വിമർശകരുമാണ് അവൾക്ക് ശ്യാമതരുണിയെന്ന് പേരിട്ടത്. ഭക്തനായ കവിക്ക് അപ്രാപ്യയെങ്കിലും, ആരാധനയും പ്രശംസയും ഉണർത്തുന്ന സ്വഭാവവും സൗന്ദര്യവും ഉള്ളവളായിരുന്നു പെട്രാർക്കിന്റെ ഗീതകങ്ങളിലെ നായിക. ഷേക്സ്പിയറുടെ ശ്യാമതരുണി വ്യത്യസ്തയാണ്. അവളുടെ കവിളുകളിൽ കവിക്ക് റോസപ്പൂക്കളൊന്നും കാണാനായില്ല. അവളുടെ സ്വരത്തേക്കാൾ മധുരമാണ് സംഗീതമെന്നും കവിക്കറിയാം(ഗീതകം 130). അവിശ്വസ്തയും കൗശലസ്വഭാവിയും ആണവൾ. കറുത്ത നിറത്തിനൊപ്പം കറുത്ത ചെയ്തികൾക്കും പേരുകേട്ടവളായിരുന്നു അവൾ(ഗീതകം 131).


കവിക്ക് അവളുമായുണ്ടായിരുന്നത് വളരെ സങ്കീർണ്ണമായ ബന്ധമാണ്. സ്വന്തം വിശ്വസ്തതയെപ്പറ്റി അവൾ പറയുമ്പോൾ, മദ്ധ്യവയസ്കനായ തന്നെ ലോകത്തിന്റെ കാപട്യം അറിയാത്ത യുവാവായി അവൾ കാണുമെന്ന പ്രതീക്ഷയിൽ, കവി വിശ്വാസം നടിക്കുന്നു. എന്നാൽ കവിയുടെ യൗവനമൊക്കെ കഴിഞ്ഞെന്ന് അവൾക്ക് നന്നായറിയാം. സ്വന്തം കുറവുകൾ മറയ്ക്കാൻ അവൾ കവിയോടും കവി അവളോടും നുണപറയുന്നു.[14] [ഘ] ശ്യാമതരുണി ഭർത്തൃമതിയായിരുന്നെന്ന് 152-ആം ഗീതകത്തിൽ സൂചനയുണ്ട്. നിന്നെ പ്രേമിക്കുകവഴി ഞാൻ വൃതലംഘനം നടത്തി. എന്നാൽ എന്നോടും അവിശ്വസ്തതകാട്ടിയ നീ ഇരട്ടവൃതലംഘനം നടത്തി എന്ന് കവി പറയുന്നു. കവിക്ക് പ്രിയപ്പെട്ടവനും ആദ്യഗീതകങ്ങളുടെ ലക്‌ഷ്യവുമായിരുന്ന യുവാവായിരുന്നു ശ്യാമതരുണിയുടെ പുതിയ കാമുകനെന്ന് 133-134 ഗീതകങ്ങളിലും യുവാവിനെ സംബോധന ചെയ്യുന്ന 42-ആം ഗീതകത്തിലും മറ്റും സൂചനയുണ്ട്.


അനുഭവങ്ങൾ കവിയെ അനാരോഗ്യകരമായ ഒരുതരം വിരക്തിയിലെത്തിച്ചെന്ന് 129-ആം ഗീതകത്തിൽ നിന്ന് മനസ്സിലാക്കാം. "ലജ്ജയുടെ മരുഭൂമിയിലെ ചൈതന്യവ്യയമാണ് ഭോഗം. തേടുന്നവന് അത് ഭ്രാന്തമായ ക്രൂരതയും, കാടത്തവും, പാതകവാസനയും നൽകുന്നു. അതിന്റെ പ്രാപ്തി, ചൂണ്ടവിഴുങ്ങിയ മട്ടിലെ ഉന്മത്തമായ വെറുപ്പിലെത്തിക്കുന്നു... ഇത് ലോകത്തിന് നന്നായറിയാം; എന്നാൽ മനുഷ്യരെ നരകത്തിലെത്തിക്കുന്നസ്വർഗത്തിൽ നിന്ന് അകന്നുനിൽക്കാൻ മാത്രം അറിവ് ആർക്കുമില്ല" എന്ന് ആ ഗീതകത്തിൽ കവി പറയുന്നു. ഷേക്സ്പിയറിന്റെ തന്നെ കഥാപാത്രമായ ഹാംലെറ്റിനനുഭവപെട്ടതുപോലെയുള്ള "ലൈംഗികമായ മനം‌പുരട്ടൽ" (sexual nausea) ആണ് ഈ ഗീതകം പ്രകടമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[2]


ശ്യാമതരുണിയെ സംബോധനചെയ്യുന്ന ഗീതകങ്ങളുടെ പശ്ചാത്തലം ഷേക്സ്പിയറുടെ സങ്കല്പലോകമോ യഥാർത്ഥജീവിതമോ എന്നു വ്യക്തമല്ല. ഷേയ്ക്സ്പിയറുടെ ചുരുക്കപ്പേരായ 'വിൽ' ഈ വിഭാഗത്തിലെ മൂന്നു ഗീതകങ്ങളിലെങ്കിലും(135, 136, 143) പ്രത്യക്ഷപ്പെടുന്നുണ്ട്. 145-ആം ഗീതകത്തിൽ വാക്കുകളുടെ ഒരു തിരിമറിയിൽ ഷേക്സ്പിയർ തന്റെ പത്നിയുടെ പേരു കടത്തിവിട്ടിട്ടുള്ളതായി പോലും കരുതപ്പെടുന്നു. [2] [ങ]. ഷേക്സ്പിയറുടെ സമകാലീനരായ വനിതകൾക്കിടയിൽ ശ്യാമതരുണിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ചെന്നെത്തിയത് ഇലിസബത്ത് രാജ്ഞിയുടെ പരിജനങ്ങളിൽ ഒരുവളും സർ എഡ്‌വേഡ് ഫിറ്റന്റെ പുത്രിയുമായിരുന്ന മേരി ഫിറ്റൺ, ഇംഗ്ലീഷ് ഭാഷയിലെ ആദ്യകവയിത്രിയായി കരുതപ്പെടുന്ന എമീലിയ ലാനിയർ തുടങ്ങിയവരിലാണ്.

പ്രേമദേവൻ

തിരുത്തുക

പാശ്ചാത്യസങ്കല്പത്തിലെ, ശിശുവായ പ്രേമദേവനെ (Cupid) സം‌ബന്ധിച്ച ഒരു ഗ്രീക്ക് കഥയാണ് അവസാനത്തേതായ 153-154 ഗീതകങ്ങളുടെ പശ്ചാത്തലം. ശ്യാമതരുണിയെ സം‌ബോധനചെയ്യുന്ന ഗീതകങ്ങളുമായി അവയ്ക്ക് സമാനതകളും വ്യത്യാസങ്ങളുമുണ്ട്. ഒരേകഥ ചില്ലറവ്യത്യാസങ്ങളോടെ പറഞ്ഞിരിക്കുകയാണിവയിൽ. 154-ആം ഗീതകം ഏതാണ്ട് ഇങ്ങനെയാണ്:-

 
153-154 ഗീതകങ്ങളുടെ പശ്ചാത്തലം പ്രേമദേവനെ സംബന്ധിച്ച ഒരു പഴയ ഗ്രീക്ക് കഥയാണ്

ഹൃദയങ്ങൾക്ക് തീപിടിപ്പിക്കുന്ന കനൽ അരികെ വച്ച്
ശിശുവായ പ്രേമദേവൻ ഉറങ്ങിയപ്പോൾ
കന്യാവൃതനിഷ്ഠരായ കുറേ അപ്സരകൾ ആ വഴി ചെന്നു.
അവരിൽ സുന്ദരി, ഏറെ ഹൃദയങ്ങളെ തപിപ്പിച്ച
ആ കനൽ കയ്യിലെടുത്തു.
ചുടുമോഹങ്ങളുടെ പടത്തലവൻ
കന്യാഹസ്തത്താൽ നിരായുധാക്കപ്പെട്ട് ഉറങ്ങിയപ്പോൾ
കനൽ, അവൾ അടുത്തുകണ്ട കുളിരുറവയിൽ മുക്കി;
പ്രേമാഗ്നിയുടെ ശമിക്കാത്ത ചൂട് പകർന്നുകിട്ടിയ ഉറവ,
രോഗാതരർക്ക് ആശ്വാസസ്നാനമായി.
എന്നാൽ, പ്രേയസിയുടെ പീഡയിൽ ആശ്വാസം തേടി,
ഉറവയിലെത്തിയ ഞാൻ അറിഞ്ഞതിതാണ്:

പ്രേമാഗ്നിക്ക് വെള്ളത്തെ ചൂടാക്കാനാകും

വെള്ളം പ്രേമതാപത്തെ തണുപ്പാക്കുകയില്ല.

നുറുങ്ങുകൾ

തിരുത്തുക
  • ഗീതകങ്ങളുടെ ഇപ്പോഴത്തെ ക്രമീകരണത്തെ ആശ്രയിച്ച് കവി, യുവാവ്, ശ്യാമതരുണി, എതിർകവി എന്നിവരെ കഥാപാത്രങ്ങളാക്കി ഭാവനാശാലികൾ രൂപപ്പെടുത്തിയ പശ്ചാത്തലകഥകളുണ്ട്. അതിലൊന്നനുസരിച്ച്, ഒരേസമയം യുവാവുമായും ശ്യാമതരുണിയുമായും പ്രണയത്തിലായ ഷേക്സ്പിയർ, അവരെ പരസ്പരം പരിചയപ്പെടുത്തുകയെന്ന വലിയ 'അബദ്ധം' ചെയ്തു. അവർക്കിടയിൽ മുളച്ച ക്ഷിപ്രപ്രേമം വളർന്നതോടെ ഇരുവരും കവിയെ തിരസ്കരിച്ചു. നാല്പതാം ഗീതകത്തിൽ ഷേക്സ്പിയർ ഈ 'ഇരട്ടവഞ്ചന' സൂചിപ്പിക്കുന്നുണ്ടെന്നാണ് വാദം. ഈ കഥക്ക് സാമുവൽ ബട്ട്ലർ മറ്റൊരു തിരിവും കൊടുത്തിട്ടുണ്ട്: അതനുസരിച്ച്, ശ്യാമതരുണിയെ സംബോധന ചെയ്യുന്ന ഗീതകങ്ങൾ ഷേക്സ്പിയർ എഴുതിയത് തരുണനുവേണ്ടിയാണ്. തന്റേതെന്ന മട്ടിൽ തരുണിക്ക് സമർപ്പിക്കാനായാണ് അയാൾ അവ ഷേക്സ്പിയറിൽ നിന്ന് വാങ്ങിയത്.[2]


  • 1910-ൽ എഴുതിയ "ഗീതകങ്ങളിലെ ശ്യാമതരുണി" (The Dark Lady of the Sonnets) എന്ന ലഘുനാടകത്തിൽ ബെർണാർഡ് ഷാ, ശ്യാമതരുണിയായ മേരി ഫിറ്റണുമായി ഒരു രാത്രിസംഗമത്തിന് ലണ്ടണിലെ വൈറ്റ്ഹാൾ കൊട്ടാരത്തിലെത്തിയ ഷേക്സ്പിയർ, അബദ്ധത്തിൽ എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടുന്നതായി ചിത്രീകരിച്ചിരിക്കുന്നു. [15]ആ നാടകത്തിലെ ശ്യാമതരുണി മേരി ഫിറ്റനാണെങ്കിലും യഥാർത്ഥശ്യാമതരുണി അവരായിരുന്നെന്ന് താൻ കരുതുന്നില്ലെന്ന് നാടകത്തിനെഴുതിയ ആമുഖത്തിൽ ഷാ പറയുന്നുണ്ട്.[16] ഇലിസബത്തൻ സമൂഹത്തിൽ അനാകർഷണീയമായി കണക്കാക്കപ്പെട്ടിരുന്ന കാക്കക്കറുമ്പൻ തലമുടി (Ravenous Black Hair)ആയിരുന്നു ഗീതകങ്ങളിലെ ശ്യാമതരുണിക്കെന്നും മേരി ഫിറ്റന്റേതായി കിട്ടിയിട്ടുള്ള ചിത്രത്തിൽ അവരുടെ മുടിയുടെ നിറം അതല്ലാത്തതുകൊണ്ട് ശ്യാമതരുണി അവരായിരിക്കാൻ ഇടയില്ലെന്നുമാണ് ഷായുടെ വാദം.

കുറിപ്പുകൾ

തിരുത്തുക

ക.^ "From the fairest creatures we desire increase, That thereby beauty's rose might never die.[17]


ഖ.^ ഫ്രഞ്ച് സാഹിത്യകാരൻ മാർസെൽ പ്രൂസ്തിന്റെ 'ഗതകാലസ്മരണകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പേര് "Remembrance of Things Past", ഈ ഗീതകത്തിന്റെ രണ്ടാം വരിയിൽ നിന്നെടുത്തതാണ്.


ഗ.^ ഷേക്സ്പിയറുടെ എല്ലാ ഗീതകങ്ങളിലും വരികളുടെ എണ്ണം 14 അല്ല. ഗീതകം 99-ൽ 15 വരികളും, 126-ൽ 12 വരികളുമാണ്.


ഘ.^ സ്വന്തം കുറവുകൾ മറയ്ക്കാൻ അവൾ എന്നോടും ഞാൻ അവളോടും നുണപറയുന്നു എന്നർത്ഥമുള്ള ഗീതകം 138-നൊടുവിലെ ഈരടിയിൽ 'lie' എന്ന വാക്ക് ദ്വയാർത്ഥം ധ്വനിപ്പിക്കും വിധമാണ് പ്രയോഗിച്ചിരിക്കുന്നത്. "I lie with her, and she with me" എന്നത് സഹശയനമായും വായിക്കാം. രതിധ്വനിയുള്ള ഇത്തരം ദ്വയാർത്ഥപ്രയോഗങ്ങൾ പലഗീതകങ്ങളിലുമുണ്ട്. 151-ആം ഗീതകം മറ്റൊരുദാഹരണമാണ്.


ങ.^ ഗീതകം 145-ലെ "hate away" എന്ന പ്രയോഗത്തിലാണ് കവിയുടെ പത്നി Anne Hathaway-യുടെ പേര് പ്രതിബിംബിച്ചിരിക്കുന്നത്. ആദ്യകാലത്തെ അപക്വരചനയായി കരുതപ്പെടുന്ന ഈ ഗീതകം മറ്റുഗീതകങ്ങളിൽ ഉപയോഗിച്ചിട്ടുള്ള അയാംബിക് പഞ്ചവൃത്തത്തിൽ പോലുമല്ല എഴുതിയിരിക്കുന്നത്.

  1. The Shakespearean Sonnet: An Overview - Michael J. Cummings [1]
  2. 2.0 2.1 2.2 2.3 2.4 ഇവാൻസ്, ജി. ബ്ലാക്ക്‌മോർ (1996). സോണറ്റുകൾ. കേംബ്രിഡ്ജ്, ഇംഗ്ലണ്ട്: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 275. ISBN 0521222257. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. Ian Johnson - A Note on Shakespeare's Sonnets - [2] Archived 2009-04-19 at the Wayback Machine.
  4. Stanley Wells and Michael Dobson, eds., The Oxford Companion to Shakespeare Oxford University Press, 2001, p. 439.
  5. "having traffic with thyself alone" നാലാം ഗീതകം, പത്താം വരി
  6. "What acceptable audit canst thou leave?" - നാലാം ഗീതകം പന്ത്രണ്ടാം വരി
  7. പന്ത്രണ്ടാം ഗീതകം 13-14 വരികൾ
  8. പതിനാലാം ഗീതകം പതിനാലാം വരി
  9. പതിനേഴാം ഗീതകം 13-14 വരികൾ
  10. Hudson Shakespeare Company, Rival Poet Sonnets [3]
  11. ജോർജ് ചാപ്മാൻ - ക്ലാസിക് വിജ്ഞാനകോശം [4]
  12. യുക്തിയുഗത്തിന്റെ തുടക്കം, സംസ്കാരത്തിന്റെ ചരിത്രം, ഏഴാം ഭാഗം വിൽ, ഏരിയൽ ഡുറാന്റുമാർ (പുറം 91)
  13. BBC - The Open University - Open2.net [5]
  14. ഗീതകം 138-ലെ 13-14 വരികൾ
  15. ബർണാർഡ് ഷാ - The Dark Lay of the Sonnets - The EServer Drama Collection [6] Archived 2009-04-21 at the Wayback Machine.
  16. ബർണാർഡ് ഷാ - Preface to The Dark Lady of the Sonnets [7] Archived 2009-02-16 at the Wayback Machine.
  17. ഒന്നാം ഗീതകത്തിലെ ആദ്യത്തെ രണ്ടു വരികൾ


പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക