പടിഞ്ഞാറൻ നേപ്പാളിലെ കുന്നുകളിൽ വസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഷെർപ്പകൾ. ഇവിടെ ഇവർ യാക്കുകളേയ്യും മറ്റു കന്നുകാലികളെ മേയ്ക്കുകയും, ചെറുകിട കൃഷികൾ നടത്തുകയും, തിബറ്റിലേക്ക് കച്ചവടം നടത്തുകയും ചെയ്യുന്നു. എങ്കിലും ഇടയന്മാരായോ കച്ചവടക്കാരായോ അല്ല, മറിച്ച് ഹിമാലയത്തിലേക്കുള്ള പര്യവേഷണസംഘങ്ങളുടെ വാഹകരായാണ് ഷെർപ്പകൾക്ക് കൂടുതൽ പ്രശസ്തി. എവറസ്റ്റ് പുലികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഷെർപ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് ആരോഹണം ഏറെക്കുറെ അസാധ്യം തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.ഏതു സാഹചര്യത്തിലും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ശ്വാസകോശങ്ങളും മറ്റുജനിതകസവിശേഷതകളുമാണ് ഷെർപ്പകളെ ലോകത്തിലെ ഏറ്റവും വലിയ മലകയറ്റക്കാരാക്കുന്നത്. ഷെർപ്പകൾ തങ്ങളുടെ തിബറ്റൻ സമീപസ്ഥരെപ്പോലെ ബുദ്ധമതാനുയായികളാണ്. ഇവരുടെ വസ്ത്രവും ജീവിതരീതിയും തിബറ്റൻ ബുദ്ധമതക്കാരുടേതുപോലെത്തന്നെയാണ്. മുടി നീട്ടിക്കെട്ടുന്ന ഇവർ അതിന്റെ അറ്റത്ത് നിറമുള്ള നൂലുണ്ടകൾ തൂക്കിയിടുന്നു. വലിയ മേലങ്കി ധരിക്കുന്ന ഇവർക്ക് അരയിൽ ഒരു കെട്ടും കാണും. സഞ്ചിപോലുള്ള നീളമുള്ള ട്രൌസറും തുണികൊണ്ടൂള്ള ഷൂസും ധരിക്കുന്നു. ഷൂസിന്റെ അടിവശം തുകൽ കൊണ്ടായിരിക്കും. ചെവിയെ തണുപ്പിൽ നിന്നും രക്ഷിക്കുന്നതിന് രോമതൊപ്പിയും ഇവർ ധരിക്കുന്നു. ചുബ ഷെർപ്പകളുടെ പാരമ്പര്യവേഷമാണ്.

ഷെർപ്പകളുടെ വീടുകൾ കല്ലു കൊണ്ടായിരിക്കും നിർമ്മിച്ചിരിക്കുക. കനത്ത തടികൊണ്ടുള്ള വാതിലുകളും ഉണ്ടാകും. കശ്മീരി ഇടയന്മാരുടെ വീടുകൾ പോലെ ഇവരുടെ വീടിന്റെ അടിയിലെ അറ മൃഗങ്ങൾക്കുള്ളതായിരിക്കും.യാക്കുകളാണ് ഷെർപ്പകളുടെ പ്രധാനപ്പെട്ട വളർത്തുമൃഗം. സാധനങ്ങൾ കടത്തുന്നതിനും ഇവർ യാക്കുകളെ ഉപയോഗപ്പെടുത്തുന്നു. യാക്കുകളുടെ സഹായത്തോടെ ഇവർ തിബറ്റിലേക്ക് കച്ചവടം നടത്തുന്നു. ഷെർപ്പ സ്ത്രീകളും പുരുഷന്മാരെപ്പോലെ തൊഴിലെടുക്കുമെങ്കിലും കമ്പിളി നെയ്യലും നിറം കൊടുക്കലുമൊക്കെയാണ് ഇവരുടെ പ്രധാന ജോലി[1]‌.

  1. HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 200–218. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഷെർപ്പ&oldid=3698900" എന്ന താളിൽനിന്ന് ശേഖരിച്ചത്