അരൊബിന്ദോ

(ശ്രീ അരബിന്ദോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരവിന്ദഘോഷ് അഥവാ ശ്രീ അരൊബിന്ദോ (ബംഗാളി: শ্রী অরবিন্দ Sri Ôrobindo, സംസ്കൃതം: श्री अरविन्द Srī Aravinda) (1872 ഓഗസ്റ്റ് 151950 ഡിസംബർ 5) ഇന്ത്യൻ ദേശീയവാദിയും, പണ്ഡിതനും, കവിയും, യോഗിയുമായിരുന്നു. ഇദ്ദേഹത്തിന്റെ വേദോപനിഷത്തുകളുടെ ഭാഷ്യങ്ങൾ ശ്രദ്ധേയമാണ്‌[1].

ശ്രീ അരോബിന്ദൊ
rahmenlos
rahmenlos




ജീവിതരേഖ

തിരുത്തുക

ഡോ. കെ.ഡി. ഘോസിന്റെയും സ്വർണ്ണലത ദേവിയുടെയും മകനായി 1872 ഓഗസ്റ്റ്‌ 15 ന്‌ കൊൽക്കത്തയിൽ ജനിച്ചു. യൂറോപ്യൻ ജീവിത ശൈലിയെ അനുകൂലിച്ചിരുന്ന ഡോ. ഘോസ്‌, അരോബിന്ദൊയെ അഞ്ചാം വയസ്സിൽ പഠനത്തിനായി ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ അയച്ചു. അവിടെ ഡ്രിവറ്റ്‌ എന്ന ഒരു ലാറ്റിൻ പണ്ഡിതന്റെ ശിക്ഷണത്തിലായിരുന്നു അദ്ദേഹം. 1884-ൽ അറൊബിന്ദൊ ലണ്ടനിലെ സെ. പോൾ വിദ്യാലയത്തിൽ ചേർന്നു. 1890 ൽ ഇൻഡ്യൻ സിവിൽ സർവ്വീസ്‌ പ്രാരംഭ പരിശീലനത്തിനായി സ്കോളർഷിപ്പോടെ കേംബ്രിജിലെ കിങ്ങ്സ്‌ കോളജിൽ പ്രവേശനം ലഭിച്ചു.

1892-ൽ ബി.എ. പരീക്ഷയുടെ ഒന്നാം ഭാഗവും ഐ.സി.എസ്സും, ഒന്നാം തരത്തിൽ ജയിച്ചു പക്ഷെ, രണ്ടാമതൊരു അവസരം നൽകിയിട്ടും അശ്വാഭ്യാസ പരീക്ഷയിൽ പങ്കെടുക്കാത്തതിനാൽ ഐ.സി.എസ്സിന്‌ അയോഗ്യനായി. ഇതു കൂടാതെ, "താമരയും കഠാരയും" എന്ന പേരിൽ ഇൻഡ്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു രഹസ്യസംഘത്തിന്റെ സ്ഥാപകപ്രവർത്തകൻ എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും ഇതിനു കാരണമായി.

1893-ൽ അദ്ദേഹം ഭാരതത്തിൽ തിരിച്ചെത്തി ബറോഡയിലെ ഗേയ്‌ൿവാദ്‌, മഹാരാജ സയജി റാവുവിന്റെ സെക്രട്ടേറിയേറ്റിലെ ചില വിഭാഗങ്ങളിലും, മഹരാജാസ്‌ കലാലയത്തിലെ ആംഗലേയത്തിന്റെയും ഫ്രഞ്ചിന്റെയും പ്രഫസ്സറുമായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഈ സമയത്ത്‌ അദ്ദേഹം ഭാരതസംസ്കാരത്തേയും പാണ്ഡിത്യത്തെയും പറ്റി കൂടുതൽ പഠിക്കുകയും, കാളിദാസൻ, ഭർതൃഹരി തുടങ്ങിയവരുടെ കൃതികൾ ഇംഗ്ലീഷിലേക്ക്ക് വിവർത്തനം ചെയ്യുകയുമുണ്ടായി. ഇന്ത്യൻ‍ ദേശിയ കോൺഗ്രസ്സിന്‌ ശ്രദ്ധേയമായ രീതിയിൽ രാജ്യത്തെ മുൻപോട്ടു നയിക്കുവാനുള്ള ശേഷിയില്ലന്ന വിശ്വാസത്തോടെ കഴിഞ്ഞിരുന്ന ദേശീയ വാദികൾക്ക്‌ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രചോദനമായിരുന്നു.

1901-ൽ അദ്ദേഹം മൃണാളിനി ദേവിയെ വിവഹം കഴിച്ചു.

കഴ്‍സൺ പ്രഭുവിന്റെ ബംഗാൾ വിഭജനകാലത്ത്‌, കൊളൊണിയൽ വിദ്യാഭ്യാസത്തിന്‌ ബദലായി, ദേശീയ വിദ്യാഭ്യാസ സമിതി കോൽക്കത്തയിൽ തുടങ്ങിയ കലാലയത്തിന്റെ തലവനായി അറൊബിന്ദോ ചുമതലയേറ്റു. ഇതേസമയത്തു തന്നെ ബന്ദേമാതരം പത്രത്തിന്റെ പത്രാധിപസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. 1907-ൽ സർക്കാർ ബന്ദേമാതരത്തിനും അരോബിന്ദോയ്ക്കുമെതിരെ രാജ്യദ്രോഹകുറ്റം ആരോപിച്ചു. എന്നാൽ അത്‌ കോടതിയിൽ നിലനിന്നില്ല.

അതിനു ശേഷം പൂർണ്ണ സ്വരാജ്‌ എന്ന ലക്ഷ്യത്തിനായി ബ്രിട്ടീഷ്‌ ഉല്പ്പന്നങ്ങളുടെ ബഹിഷ്കരണം, ദേശീയവിദ്യാഭ്യാസം, ലക്ഷ്യപ്രാപ്തിക്കായി സന്നദ്ധസേനാരൂപവത്കരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഭാരതത്തിലുടനീളം യാത്ര ചെയ്തു. 1908 മേയ്‌ 2-ന്‌ അലിപ്പൂർ ബോംബ് കേസിലെ ഒന്നാം പ്രതിയാക്കി[1] അരോബിന്ദോയെ അറസ്റ്റ് ചെയ്യുകയും തീവ്രവാദിയെന്നു മുദ്രകുത്തപ്പെടുകയുമുണ്ടായി. 1908 മേയ്‌ 5 മുതൽ 1909 മേയ്‌ 6 വരെ അദ്ദേഹത്തെ കൊൽക്കത്തയിലെ ആലിപോർ സെണ്ട്രൽ‍‍ ജയിലിൽ അടച്ചു. പിന്നീട്‌ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.

അദ്ദേഹത്തിന്റെ ലേഖനങ്ങൾ ബ്രിട്ടീഷ്‌ സർക്കാരിന്‌ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതിനാൽ അവർ അദ്ദേഹത്തെ നാടുകടത്തുന്നതിനുള്ള നിയമവശങ്ങൾ പഠിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് അരോബിന്ദോ 1910 ഏപ്രിലിൽ പുതുച്ചേരിയിലെത്തി. 1906 ലെ ബംഗാൾ വിഭജനത്തെത്തുടർന്ന്‌ ശ്രീ അരവിന്ദൻ ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവമായും നേരിട്ടും പങ്കുകൊണ്ടു. 'ജുഗാന്തർ' (യുഗാന്തരം) എന്ന പേരിൽ അരവിന്ദന്റെ മേൽനോട്ടത്തിൽ ഒരു ബംഗാളി വാരിക തുടങ്ങി.

നിരുപാധികമായ സമ്പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രകടമായി നിലകൊണ്ട ആദ്യ രാഷ്ട്രീയ പ്രവർത്തകൻ അരവിന്ദനായിരുന്നു. വിദേശവസ്തു ബഹിഷ്ക്കരണം, സ്വദേശവസ്തു ഉപയോഗം, സഹനസമരവും നിസ്സഹകരണവും ദേശീയ വിദ്യാഭ്യാസത്തിന്‌ കൊടുക്കേണ്ട പ്രഥമസ്ഥാനം, നിയമപരമായ തർക്കങ്ങൾ കോടതിയിൽ പോകാതെ ജനകീയകോടതിയിൽ വച്ച്‌ പരിഹാരം കാണൽ എന്നീ വിഷയങ്ങൾ തന്റെ തൂലികക്ക്‌ അരവിന്ദൻ വിഷയമാക്കി.

രാജ്യം പൂർണമനസോടെയാണ്‌ അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിച്ചത്‌.

1906 ആഗസ്റ്റ്‌ 6 ന്‌ വിപിൻ പാൽ വന്ദേമാതരം എന്ന ഒരു വാർത്താ പത്രം ആരംഭിച്ചു. അതിന്റെ പ്രവർത്തനത്തിൽ അരവിന്ദനും പങ്കുകൊണ്ടു. പിന്നീട്‌ ഒരു യോഗത്തിൽ വച്ച്‌ വന്ദേമാതരത്തെ പാർട്ടി പത്രമായംഗീകരിച്ചു.

ജയിൽമോചിതനായ അരവിന്ദനും സഹപ്രവർത്തകരും കൽക്കത്തയിൽ വച്ച്‌ ശ്രീ.ദാദാബായ്‌ നവറോജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്‌ സമ്മേളനത്തിൽ പങ്കുകൊണ്ടു.

കോൺഗ്രസിന്റെ ലക്ഷ്യം 'സ്വരാജാ'ണെന്ന്‌ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പ്രമേയം കോൺഗ്രസ്‌ ചരിത്രത്തിൽ ആദ്യമായി പാസാക്കപ്പെട്ടത്‌ ദാദാഭായ്‌ നവറോജിയുടെ സമ്മേളനത്തിൽ വച്ചായിരുന്നു. ഒരു തരത്തിലുള്ള വിദേശനിയന്ത്രണവുമില്ലാത്ത പരിപൂർണസ്വാതന്ത്ര്യമാണ്‌ സ്വരാജ്‌ എന്ന വാക്കുകൊണ്ടുദ്ദേശിച്ചിരുന്നത്‌.

സമ്പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം. ആ സമ്പൂർണ സ്വാതന്ത്ര്യം സമഗ്രമായ വിശ്വ വീക്ഷണത്തിന്റെ ഒരംശം മാത്രമായിരുന്നു.

രാഷ്ട്രസമൂഹത്തിൽ ഭാരതത്തിന്റെ കർത്തവ്യം വലുതാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി. "ഈ പ്രസ്ഥാനത്തിന്‌ പിന്നിൽ ഒരു ദിവ്യശക്തിയുണ്ട്‌. ഇന്ന്‌ ലോകത്തിനാവശ്യമായ മഹത്തായ പ്രസ്ഥാനം പ്രാവർത്തികമാക്കാനായി ആ മഹത്‌ ചേതന പ്രവർത്തിക്കുകയാണ്‌. ഏഷ്യയുടെ ഉയിർത്തെഴുന്നേൽപ്പാണ്‌ ആ പ്രസ്ഥാനം.ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പ്‌ ആ വലിയ പ്രസ്ഥാനത്തിന്റെ ഒരവശ്യഘടകം എന്നതിനുപുറമെ അതിന്റെ മർമ്മ പ്രധാന ഒരാവശ്യംകൂടിയാകണം. സ്വതന്ത്രവും അഖണ്ഡവുമായ ഇന്ത്യ എന്ന ആശയം ഈ ആർഷഭൂമിയിൽ രൂപം കൊള്ളുകയും പൂർണവളർച്ച പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ലോകത്തിന്‌ ഇന്നാവശ്യമായ മഹത്തായ ഒരു സംസ്കാരത്തിനായുള്ള ആദ്ധ്യാത്മിക ശക്തി അതിന്റെ പിന്നിൽ രൂപം കൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ ലക്ഷ്യം ഭാരതത്തിന്റെ ഭൗതികമോചനം മാത്രമായിരുന്നില്ല. മറിച്ച്‌ മാനവരാശിയുടെ മൊത്തത്തിലുള്ള ആത്മീയ മോചനംകൂടിയായിരുന്നു. പ്രസിദ്ധമായ ആലിപ്പൂർ വിചാരണയിൽ അരവിന്ദന്‌ വേണ്ടി ഹാജരായത്‌ ചിത്തരഞ്ജൻ ദാസായിരുന്നു. അദ്ദേഹം അരവിന്ദന്റെ പ്രസ്താവന കോടതിയിലിങ്ങനെ വായിച്ചു. "നിങ്ങളുടെ മുമ്പിലുള്ള എന്റെ കേസിന്റെ ആകെ�ുക ഇതാണ്‌. ഞാൻ നിയമത്തിനെതിരായി എന്റെ രാജ്യക്കാരോട്‌ സ്വാതന്ത്ര്യം എന്ന ആശയത്തെ കുറിച്ച്‌ പ്രസംഗിച്ചു എന്നാണ്‌ പറയപ്പെടുന്നതെങ്കിൽ ആ കുറ്റം ഞാൻ സമ്മതിക്കുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌ അപരാധമാണെങ്കിൽ ഞാനത്‌ ചെയ്തിട്ടുണ്ടെന്ന്‌ സമ്മതിക്കുന്നു. ഞാനൊരിക്കലും അത്‌ നിഷേധിക്കുന്നില്ല."

"ഞാൻ പാശ്ചാത്യരുടെ രാഷ്ട്രീയ തത്ത്വ ശാസ്ത്രം പഠിക്കുകയും അതിനെ വേദാന്തത്തിലെ അനശ്വര തത്ത്വങ്ങളുമായി യോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌." രാഷ്ട്രസമൂഹത്തിൽ ഭാരതത്തിന്‌ മഹത്തായ ഒരു കർത്തവ്യം നിർവഹിക്കാനുണ്ടെന്ന്‌ എന്റെ നാട്ടുകാർക്ക്‌ മനസ്സിലാക്കിക്കൊടുക്കേണ്ടത്‌ എന്റെ കർത്തവ്യമായി തോന്നി. അതാണെന്റെ കുറ്റമെങ്കിൽ നിങ്ങൾക്കെന്നെ തുറുങ്കിലടക്കാം, ചങ്ങലക്കിടാം. എന്നാൽ ആരോപണം ഒരിക്കലും ഞാൻ നിഷേധിക്കുകയില്ല.

സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌ നിയമത്തിന്റെ ഒരു വകുപ്പനുസരിച്ചും ശിക്ഷാർഹമല്ല എന്നും ഞാനിവിടെ ബോധിപ്പിക്കുന്നു. ഇനി എന്നിൽ ആരോപിക്കപ്പെട്ടിട്ടുള്ള മറ്റു കുറ്റകൃത്യങ്ങൾക്ക്‌ തെളിവായി രേഖകൾ ഒന്നുമില്ലെന്നും ഞാൻ അറിയിച്ചുകൊള്ളട്ടെ.

വിചാരണത്തടവുകാരനായി 05.05.1908 ന്‌ ആരംഭിച്ച ജീവിതം 06.05.1909ന്‌ അവസാനിച്ചു. അരവിന്ദനോടൊപ്പം ചുരുക്കം ചിലരേയും വെറുതെ വിട്ടു

പിന്നീട് സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിന്ന് ആത്മീയതയിൽ മുഴുകി അരൊബിന്ദൊ തന്റെ ശിഷ്ട ജീവിതം ചിലവഴിച്ചു.

അരവിന്ദാശ്രമം, പുതുച്ചേരി

തിരുത്തുക
 
അരവിന്ദാശ്രമം

'അമ്മ' എന്ന പേരിൽ പിന്നീട്‌ പ്രസിദ്ധയായ മീര റിച്ചാർഡ്‌ എന്ന ഫ്രഞ്ചുകാരി അരവിന്ദന്റെ ശിഷ്യത്വം സ്വീകരിക്കുകയും അവരുടെ ഉത്സാഹത്തിൽ 1926-ൽ പുതുച്ചേരിയിൽ ഒരു ആശ്രമം സ്‌ഥാപിക്കുകയും ചെയ്‌തു. [2]

വൃക്കരോഗത്താൽ 1950 ഡിസംബർ 5-നു അന്തരിച്ചു.

പ്രധാന കൃതികൾ

തിരുത്തുക
  • ദിവ്യ ജീവിതം (The Life Divine)
  • യോഗസമന്വയം (The Synthesis Of Yoga)
  • ഗീതയെക്കുരിച്ചുള്ള ഉപന്യാസങ്ങൾ (Essays On The Gita)
  • ഭാരതസംസ്കാരത്തിന്റെ ആധാരശിലകൾ (The Foundations Of Indian Culture)
  • ഭാവികവിത (The Future Poetry)
  • ദ് ഹ്യൂമൻ സർക്കിൾ (The Human Cycle)
  • മാനവ ഐക്യം എന്ന ആദർശം(The Ideal Of Human Unity)
  • കവിതകളുടെയും നാടകങ്ങളുടെയും സമാഹാരങ്ങൾ(Collected Poems and Plays)
  • സാവിത്രി (, Savitri).
  1. 1.0 1.1 സുകുമാർ അഴീക്കോട് (1993). "7-സ്വാതന്ത്ര്യപ്പിറ്റേന്ന്". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 133. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "അരവിന്ദ ഘോഷ്‌". www.mangalam.com. Retrieved 19 ഓഗസ്റ്റ് 2014. {{cite web}}: |first= missing |last= (help)


"https://ml.wikipedia.org/w/index.php?title=അരൊബിന്ദോ&oldid=3909901" എന്ന താളിൽനിന്ന് ശേഖരിച്ചത്