പൗരാണിക ഭാരതത്തിലെ സാഹിത്യത്തിന്റേയും ചിന്തയുടേയും മേഖലകളിൽ വേറിട്ടു നിൽക്കുന്ന ഒരു നാമമാണ്‌ ഭർതൃഹരി. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം എന്നിവ ചേർന്ന ശതകത്രയ-ത്തിന്റെ കർത്താവായ കവിയും വാക്യപദീയം എന്ന ഭാഷാദർശനഗ്രന്ഥത്തിന്റെ രചനയിലൂടെ ഭാഷാചിന്തയിലെ സ്ഫോടവാദത്തിന്റെ വികാസത്തിനു വഴിതെളിച്ച ദാർശനിക-വൈയാകരണനും ഭർതൃഹരി എന്ന പേരിൽ അറിയപ്പെടുന്നു. ശതകത്രയകാരനും വാക്യപദീയകാരനും ഒരേ വ്യക്തി ആയിരുന്നെന്നും അല്ലെന്നും വാദമുണ്ട്.

കവിയും വൈയാകരണനും തിരുത്തുക

പഴങ്കഥകൾ തിരുത്തുക

ഭർതൃഹരി എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടേയോ വ്യക്തികളുടേയോ ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങളേക്കാൾ ഐതിഹ്യങ്ങളും പഴങ്കഥകളുമാണ്‌ ലഭ്യമായുള്ളത്. ഏറെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് ഉജ്ജയിനിയിലെ രാജാവായിരുന്നു ഭർതൃഹരി. അദ്ദേഹം ഭോഗമാർഗ്ഗം വെടിഞ്ഞ് വൈരാഗിയായിത്തീർന്നത്, പ്രിയപ്പെട്ട ഭാര്യയുടെ ജാരസംസർഗ്ഗം ബോദ്ധ്യപ്പെട്ടതോടെയാണ്‌.[1] വൈരാഗ്യത്തിൽ അദ്ദേഹം രാജ്യഭാരം സഹോദരൻ വിക്രമാദിത്യനെ ഏല്പിച്ച് വാനപ്രസ്ഥം സ്വീകരിച്ചു. വൈരാഗ്യശതകത്തിലെ താഴെക്കൊടുക്കുന്ന വരികൾ ഈ കഥയുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്നു:

എന്നാൽ ഈ വരികൾ പിൽക്കാലത്ത് പ്രക്ഷിപ്തമായതാവാനാണ്‌ സാധ്യത. കവി രാജാവായിരുന്നില്ലെന്നും കൊട്ടാരത്തിലെ പരിജനങ്ങളിൽ ഒരാൾ മാത്രമായിരുന്നെന്നും സൂചിപ്പിക്കുന്ന ഒട്ടേറെ വരികൾ ശതകത്രയത്തിൽ തന്നെ ഉണ്ട്. ബുദ്ധിശൂന്യരും അഹങ്കാരികളുമായ രാജാക്കന്മാരെ വിമർശിക്കുകയും, പരിജനാവസ്ഥയുടെ വൈഷമ്യത്തെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്ന വരികൾ ഇതിനുദാഹരണമാണ്‌.[3]

രണ്ടു വീക്ഷണങ്ങൾ തിരുത്തുക

ശതകത്രയത്തിന്റെ കർത്താവായ കവിയും, വൈയാകരണൻ ഭർതൃഹരിയും ഒരാൾ തന്നെയായാണ്‌ പല പഴങ്കഥകളിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഉജ്ജയിനിയിൽ വിക്രമാദിത്യന്റെ സമകാലീനനായിരുന്നതായി പറയപ്പെടുന്ന കവിയുടെ കാലത്തിന്‌ നൂറ്റാണ്ടുകൾക്കു ശേഷമാണ്‌ വൈയാകരണൻ ജീവിച്ചിരുന്നതെന്ന് പല ആധുനിക പണ്ഡിതന്മാരും കരുതുന്നു. ഇതിന്‌ അവർ പ്രധാനമായും അടിസ്ഥാനമാക്കുന്നത്, ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനാക്കാരൻ സഞ്ചാരി യി ജിങ്ങിന്റെ വിവരണമാണ്‌‌: ക്രി.വ.691-ൽ യാത്രാവിവരണം എഴുതുന്ന യി.ജിങ്ങ്, ഭർതൃഹരി 40 വർഷം മുൻപ് മരിച്ചതായി പറയുന്നു. ഇതനുസരിച്ച് ഭർതൃഹരിയുടെ മരണം ക്രി.വ. 651-ൽ സംഭവിച്ചിരിക്കണം. യി ജിങ്ങിന്റെ വിവരണത്തിലെ വൈയാകരണൻ ബുദ്ധമതാനുയായി ആയിരുന്നപ്പോൾ ശതകത്രയകാരൻ ബുദ്ധമതാവിശ്വാസി ആയിരുന്നില്ലെന്ന് ഉറപ്പാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ ക്രി.വ. 540 വരെ ജീവിച്ചിരുന്ന ബുദ്ധമതചിന്തകനും താർക്കികനുമായ ദിങ്നാഗൻ വാക്യപദീയവുമായി പരിചയം കാട്ടുന്നതിനാൽ, വാക്യപദീയകാരന്റെ ജീവിതകാലം യി.ജിങ്ങിന്റെ വിവരണത്തിൽ സൂചിപ്പിക്കുന്ന കാലത്തിനും മുൻപ്, ക്രി.വ.450-നും 510-നും ഇടയിലായിരുന്നെന്നാണ്‌ ഇപ്പോൾ കരുതപ്പെടുന്നത്.[4] ബുദ്ധചിന്തയുടെ നിഴൽ വീണിരിക്കാവുന്നവയെങ്കിലും വേദാന്തദർശനത്തിന്റെ പരിധിയിൽ പെടുത്താവുന്നവയാണ്‌ അദ്ദേഹത്തിന്റെ കൃതികളെന്നും വാദവുമുണ്ട്.[5] ധർമ്മകീർത്തിയേയും ശങ്കരാചാര്യരേയും മറ്റു പലരേയും പോലെ ഭർതൃഹരിയും, കവിതകൾക്കൊപ്പം ദാർശനികരചനകളും എഴുതിയിട്ടില്ലെന്നു വാദിക്കാൻ കാരണമൊന്നുമില്ലെന്ന് സംസ്കൃതപണ്ഡിതനായ ദാനിയേൽ ഇങ്കാൾസ് കരുതുന്നു.[6] വാക്യപദീയകാരനായ വൈയാകരണൻ ഭർതൃഹരി, ബുദ്ധഭിക്ഷുവായുള്ള ജീവിതത്തിനും സുഖഭോഗങ്ങളിൽ മുഴുകിയുള്ള ജീവിതത്തിനും ഇടയിൽ ചാഞ്ചാടിയിരുന്നെന്നും ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ടെന്നും യി ജിങ്ങ് തന്നെ പറയുന്നതിൽ നിന്ന്, കവിയും വൈയാകരണനും ഒരാൾ തന്നെ ആയിരുന്നു എന്നു അദ്ദേഹം പോലും കരുതിയെന്നതായി കണക്കാക്കാം.[3][7] സംസ്കാരത്തിന്റെ കഥ എഴുതിയ വിൽ ഡുറാന്റ്, ഭർതൃഹരി കവിയെന്നതിനു പുറമേ സന്യാസിയും വൈയാകരണനും കാമുകനും ആയിരുന്നെന്ന് പറയുന്നു.[8][൧]

കൃതികൾ തിരുത്തുക

ശതകത്രയം തിരുത്തുക

പ്രധാന ലേഖനം: ശതകത്രയം

ശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം ലോകത്തിന്റെ അവസ്ഥയെപ്പറ്റിയാണ്‌. ധനത്തിന്റെ ശക്തിയേയും, രാജാക്കന്മാരുടെ അഹങ്കാരത്തേയും, ആർത്തിയുടെ വ്യർത്ഥതയേയും, വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ്‌ അതിന്റെ ഉള്ളടക്കം. രണ്ടാമത്തേതായ ശൃംഗാരശതകം പ്രേമത്തേയും കാമിനിമാരേയും പറ്റിയാണ്‌. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്‌‌. ശാരീരികസൗന്ദര്യത്തിന്റെ ആകർഷണത്തിൽ പെടുന്നതിനൊപ്പം തന്നെ അതിന്റെ പ്രലോഭനത്തിൽ നിന്ന് മുക്തനാകാൻ കൊതിക്കുന്ന കവിയെ മൂന്നു ശതകങ്ങളിലും കാണാം. ഒരേ സമയം ഐന്ദ്രികവും ആത്മീയവുമായ സൗന്ദര്യത്തെ ഉപാസിക്കുന്ന ഭാരതീയ കലയുടെ സ്വഭാവം ഈ വരികളിൽ തെളിഞ്ഞു നിൽക്കുന്നു.[3]വൈരാഗ്യശതകത്തിൽ പ്രത്യേകിച്ച്, ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത കാണാം.

ശതകങ്ങളുടെ നിലവിലുള്ള പാഠങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. മൂന്നു ശതകങ്ങളും ചേർന്നാൽ മുന്നൂറു പദ്യങ്ങളാണ്‌ കാണേണ്ടതെങ്കിലും, ലഭ്യമായ കൈയെഴുത്തുപ്രതികളിൽ എല്ലാമായി എഴുനൂറിലേറെ പദ്യങ്ങളുണ്ട്. എല്ലാ കൈയെഴുത്തുപ്രതികളിലും പൊതുവായുള്ള 200 പദ്യങ്ങൾ, പ്രമുഖചരിത്രകാരൻ ഡി.ഡി. കൊസാംബി തിരിച്ചറിഞ്ഞിട്ടുണ്ട്.[6] ഓരോ ശതകത്തിലും, പ്രമേയപരമായ സമാനത ഉള്ളടക്കത്തിലെ വൈവിധ്യത്തെ അതിലംഘിച്ചു നിൽക്കുന്നു; ശതകങ്ങൾ ഓരോന്നിലും, അവയുടെ മൂലരൂപത്തിൽ ഉണ്ടായിരുന്നതിനു സമാനമായ പദ്യങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയാണുണ്ടായതെന്ന് കൊസാംബി കരുതി. പൊതുവായുള്ള 200 പദ്യങ്ങളിലെങ്കിലും തെളിഞ്ഞു കാണുന്ന ആക്ഷേപഹാസ്യത്തിന്റേയും അവിശ്വാസത്തിന്റേയും അസംതൃപ്തിയുടേയും സ്വരം, അവയുടെയെങ്കിലും കർത്താവ് ഒരാളാണെന്നു കരുതുന്നതിനെ ന്യായീകരിക്കുന്നു.[3]

വാക്യപദീയവും മറ്റും തിരുത്തുക

ദാർശനികവൈയാകരണനായ ഭർതൃഹരിയുടെ പേരിൽ അറിയപ്പെടുന്ന രചനകൾ ഇവയൊക്കെയാണ്‌:[9]

വാക്യപദീയം: ഭാഷാചിന്തകനായ ഭർതൃഹരിയുടെ മുഖ്യരചന മൂന്നു കാണ്ഡങ്ങൾ അടങ്ങിയ ഈ കൃതിയാണ്‌‌. മൂന്നു കാണ്ഡങ്ങൾ ചേർന്നത് എന്ന അർത്ഥത്തിൽ ഇതിന്‌ ത്രികാണ്ഡി എന്നും പേരുണ്ട്. മൂന്നിൽ ആദ്യത്തേത് 156 കാരികകൾ ഉള്ള ബ്രഹ്മകാണ്ഡമാണ്‌. "ശബ്ദബ്രഹ്മം" എന്ന ആശയം ഭർതൃഹരി അവതരിപ്പിക്കുന്നത് ഈ കാണ്ഡത്തിലാണ്‌. രണ്ടാമത്തേത് 485 കാരികകൾ അടങ്ങിയ വാക്യകാണ്ഡമാണ്‌. ആശയപ്രകാശനത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന നിലയിൽ വാക്യങ്ങൾ അവിഭക്തമാണെന്നും അവയുടെ അർത്ഥം, ഘടകങ്ങളായ വാക്കുകളുടെ അർത്ഥങ്ങൾ ചേർന്നുണ്ടാവുന്നതല്ലെന്നും ഭർതൃഹരി ഈ കാണ്ഡത്തിൽ വാദിക്കുന്നു. 1320 കാരികകളുള്ളതും അവസാനത്തേതുമായ പദകാണ്ഡമാണ്‌ കാണ്ഡങ്ങളിൽ വലുത്. ഒന്നും രണ്ടും കാണ്ഡങ്ങളുടെ വിഷയം ഭാഷാദർശനമായിരിക്കുമ്പോൾ മൂന്നാം കാണ്ഡത്തിന്റെ വിഷയം വ്യാകരണമാണ്‌. വാക്യങ്ങളെ അർത്ഥത്തിന്റെ അഖണ്ഡ ഘടകങ്ങളായി കണ്ട ഭർതൃഹരി, അവയുടെ വിശകലനം കൃത്രിമമായിരിക്കുമെന്നു വാദിച്ചിരുന്നു. എങ്കിലും ഈ കാണ്ഡത്തിൽ, വാക്യവിശകലനത്തിന്റെ കൃത്രിമമെങ്കിലും പ്രായോഗികമായ മാർഗ്ഗത്തിലൂടെ അദ്ദേഹം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് വിശദമായ പരിചിന്തനം നടത്തുന്നു.[10]

ഭർതൃഹരിയുടെ ഭാഷാദർശനത്തിലെ മുഖ്യ ആശയമായ സ്ഫോടവാദം അവതരിപ്പിക്കപ്പെടുന്നത് വാക്യപദീയത്തിലാണ്‌‌. ഭാഷാദർശനത്തിൽ, ഭാഷയെ ബോധത്തിൽ നിന്ന് അഭേദമായി കാണുന്ന ശബ്ദാദ്വൈതപക്ഷത്തിന്റെ(speech monistic school) നിലപാടാണിത്. ഭാഷണത്തിന്റെ പിറവി, ഭാഷയുടെ ഘടകങ്ങളെ ഗ്രാഹ്യമായ അർത്ഥവും ആശയങ്ങളുമായി മനസ്സ് ക്രമീകരിക്കുന്നതെങ്ങനെ, എന്നീ വിഷയങ്ങളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. സ്ഫോട-സങ്കല്പത്തിന്റെ സൂചനകൾ പതഞ്ജലി പോലുള്ള മുൻ‌കാല വൈയാകരണന്മാരുടെ കൃതികളിലും കാണാമെങ്കിലും വാക്യപദീയത്തിലാണ്‌ ഭാഷാസിദ്ധാന്തമെന്ന നിലയിൽ ഇത് വ്യക്തതയോടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

വാക്യപദീയവ്യാഖ്യാനം തന്റെ തന്നെ മുഖ്യകൃതിയുടെ ഒന്നും രണ്ടും കാണ്ഡങ്ങൾക്ക് ഭർതൃഹരി സ്വയം രചിച്ച വ്യാഖ്യാനമാണിത്.

മഹാഭാഷ്യവ്യാഖ്യാനം: പാണിനിയുടെ അഷ്ടാധ്യായിയ്ക്ക് പതഞ്ജലി രചിച്ച പ്രഖ്യാതമായ മഹാഭാഷ്യത്തിന്റെ വ്യാഖ്യാനമാണിത്. മൂലരൂപത്തിൽ ഒരു ബൃഹദ്രചന ആയിരുന്നിരിക്കാവുന്ന ഈ കൃതി, ഒരേയൊരു കൈയെഴുത്തു പ്രതിയിൽ ശകലമാത്രമായാണ്‌ ഇന്ന് ലഭ്യമായുള്ളത്. പാണിനിയുടെ നാലായിരത്തോളം സൂത്രങ്ങളിൽ 53 എണ്ണത്തെ മാത്രം സംബന്ധിക്കുന്നതാണ്‌ ഈ ശകലം .

ശബ്ദധാതുസമീക്ഷ എന്ന നാലാമതൊരു കൃതിയും ഭാഷാദർശന സംബന്ധിയായി ഭർതൃഹരി രചിച്ചതായി പറയപ്പെടുന്നെങ്കിലും ആ കൃതി ലഭ്യമല്ല.

കുറിപ്പുകൾ തിരുത്തുക

൧.^ "പഴക്കവും മഹത്ത്വവും കൊണ്ട് മുന്നിട്ടു നിൽക്കുന്ന കവികളിൽ ഒരാളായ ഭർതൃഹരി സന്യാസിയും വൈയാകരണനും കാമുകനും ആയിരുന്നു. ധർമ്മത്തിന്റെ ആലിംഗനത്തിലേയ്ക്ക് വിരമിക്കുന്നതിനു മുൻപ് അദ്ദേഹം തന്റെ ആത്മാവിനെ പ്രേമലീലകളാൽ പരിശീലിപ്പിച്ചു."[8]

അവലംബം തിരുത്തുക

  1. പ്രൊഫ. ദേശികം രഘുനാഥൻ (2014 ഫെബ്രുവരി 17). "ഭർതൃഹരിയും ഓട്ടപ്പവും". മലയാളമനോരമ. Archived from the original on 2014-02-17 10:58:51. Retrieved 2014 ഫെബ്രുവരി 17. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. Bhartrhari, Satakatrayam, Verses on Renunciation, A Treasury of Sanskrit Poetry compiled by AND Haksar(പുറം 106)
  3. 3.0 3.1 3.2 3.3 Miller, Foreword and Introduction
  4. Makers of Indian Literature, Bhartrhari, the Grammarian, M Srimannarayana Murti (പുറങ്ങൾ 9-10)
  5. N. V. Isaeva (1995), From early Vedanta to Kashmir Shaivism: Gaudapada, Bhartrhari, and Abhinavagupta, SUNY Press, p. 75, ISBN 9780791424506
  6. 6.0 6.1 Vidyākara (1968), Daniel Henry Holmes Ingalls (ed.), Sanskrit poetry, from Vidyākara's Treasury, Harvard University Press, p. 39, ISBN 9780674788657
  7. A. K. Warder (1994), Indian kāvya literature: The ways of originality (Bāna to Dāmodaragupta), Motilal Banarsidass Publ., p. 121, ISBN 9788120804494
  8. 8.0 8.1 വിൽ ഡുറാന്റ്, നമ്മുടെ പൗരസ്ത്യപൗതൃകം, സംസ്കാരത്തിന്റെ കഥയിലെ ആദ്യവാല്യം(പുറം 580)
  9. An International Handbook of Contemporary Research(പുറം 269) Madhav M. Deshpande, Bhartrhari(ca 450-510)[പ്രവർത്തിക്കാത്ത കണ്ണി]
  10. Sebastian Alackapally, Being and Meaning: Reality and Language in Bhartrhari and Heidegger, Motilal Banarsidas Publishers Pvt Ltd.[1]

കൂടുതൽ വായനയ്ക്ക് തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ഭർതൃഹരി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഭർതൃഹരി&oldid=3672146" എന്ന താളിൽനിന്ന് ശേഖരിച്ചത്