ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം

കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട ബേഡകം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത്‌ ഭഗവതി ക്ഷേത്രം. കാസർഗോഡ്‌-കാഞ്ഞങ്ങാട് ഹൈവേ റൂട്ടിലെ പൊയിനാച്ചി ജംഗ്ഷനിൽ നിന്നും 15 കിലോമീറ്റർ കിഴക്ക് ബന്തടുക്ക റോഡിലെ വേലക്കുന്ന് ബസ്‌ സ്റ്റോപ്പിൽ നിന്നും 3 കിലോമീറ്റർ തെക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഒരു മൈതാനപ്രദേശത്ത് കാട്ടുമരങ്ങളാലും സമൃദ്ധമായ ഒരു കാവ് (കൊച്ചുവനം) കാണാം. ഈ വനത്തിന്റെ നടുവിലായാണ് ക്ഷേത്രം. കാവിൽനിന്നും അല്പം തെക്കുഭാഗത്തായി നിരവധി ആമകൾ ഉള്ള ആമക്കുളവും ഉണ്ട്.

ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം
അടുക്കത്ത് ഭഗവതിക്ഷേത്രം
അടുക്കത്ത് ഭഗവതിക്ഷേത്രം
ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം is located in Kerala
ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം
ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:12°26′17″N 75°9′42″E / 12.43806°N 75.16167°E / 12.43806; 75.16167
സ്ഥാനം
സ്ഥാനം:ബേഡകം, കാസറഗോഡ് ജില്ല, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹിഷാസുരമർദ്ദി‍നി
വാസ്തുശൈലി:തെക്കെ ഇന്ത്യൻ, കേരളീയ രീതി
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
മാളികക്കാൽ ശ്രീ കുറിക്കാരൻ കുഞ്ഞമ്പു നായർ
സൃഷ്ടാവ്:പുരാതന ഋഷീശ്വരന്മാർ

മഹിഷാസുരമർദ്ദിനി ദേവി

തിരുത്തുക

മഹിഷാസുരമർദ്ദി‍നിയായിട്ടാണ് ശ്രീ അടുക്കത്ത്‌ ഭഗവതിയുടെ സങ്കൽപം. ശംഖ്, ചക്രം, വില്ല്, അമ്പ് എന്നീ ദിവ്യായുധങ്ങൾ നാല് തൃക്കൈകളിൽ ധരിച്ച്, കിരീടമണിഞ്ഞ്, ത്രിനേത്രയായി മഹിഷാസുരന്റെ തലയിൽ ചവിട്ടിനില്ക്കുന്നരൂപത്തിലുള്ള ദുർഗ്ഗയാണ് ഇവിടത്തെ പ്രതിഷ്ഠ.

ദേവിയുടെ ആവിർഭാവ കഥ

തിരുത്തുക

പണ്ട് ദേവസുരയുദ്ധത്തിൽ ഇന്ദ്രനെ പരാജയപ്പെടുത്തി മഹിഷാസുരൻ ദേവലോകവും ഇന്ദ്രസിംഹാസനവും കൈയടക്കി വാണു. മഹിഷാസുരന്റെ പരാക്രമണം കാരണം ദേവന്മാരും മുനിമാരും മനുഷ്യരും പൊറുതിമുട്ടി. ദേവന്മാർ ബ്രഹ്മദേവനോട് കൂടി മഹാവിഷ്ണുവിനെയും ശ്രീ പരമേശ്വരനെയും ശരണം പ്രാപിച്ച് കാര്യങ്ങൾ ഗ്രഹിപ്പിച്ചു. മഹിഷാസുരന്റെ പരാക്രമ വൃത്താന്തം കേട്ട് കോപിഷ്ടരായ വിഷ്ണു ശിവന്മാരുടെ മുഖങ്ങളിൽ നിന്നും ഒരു അത്ഭുത തേജസ്സ് ഉദ്ഭൂതമായി. ബ്രഹ്മാവിന്റെയും മറ്റു ദേവന്മാരുടെയും മുഖങ്ങളിൽ നിന്നും വെവ്വേറെ തേജസ്സുകൾ പൊങ്ങിവന്നു. എല്ല തേജസ്സുകളും ഒന്നായി ചേർന്ന് ഒരു സ്‌ത്രീരൂപമായി ആദിപരാശക്തി അവതരിച്ചു. മഹാലക്ഷ്മി എന്നു പേരായ ആ ശക്തി സ്വരൂപിണിക്ക് മഹാവിഷ്ണു ചക്രായുധവും ശ്രീ പരമേശ്വരൻ ത്രിശൂലവും നൽകി. മറ്റു ദേവന്മാരും അവരവരുടെ ആയുധങ്ങൾ ദേവിക്ക് കൊടുത്തു. ഹിമവാൻ വാഹനമായി സിംഹത്തേയും നൽകുകയുണ്ടായി. അനേകം ദിവ്യായുധങ്ങളുമേന്തി സിംഹവാഹനയായി ഘോരരൂപിണിയായി അട്ടഹസിച്ചുകൊണ്ട് ദേവി മഹിഷാസുരനോട് യുദ്ധത്തിന് പുറപ്പെട്ടു. ദേവിയുടെ നിശ്വാസത്തിൽ നിന്നും ഉദ്ഭവിച്ച ഭൂതഗണങ്ങളും യുദ്ധത്തിന് അണിനിരന്നു മഹിഷാസുരനും അസുരന്മാരും അനേകായിരം പടയോടുകൂടി ദേവിയുമായി യുദ്ധം ചെയ്തു. 9 ദിവസം അതിഘോരമായ യുദ്ധം നടന്നു. ദേവിയും ഭൂതഗണങ്ങളും വാഹനമായ സിംഹവും ചേർന്ന് അസുരപ്പടകളെയും അവസാനം മഹിഷാസുരനെയും കൊന്നു വീഴ്ത്തി. യുദ്ധം നടന്ന 9 ദിവസങ്ങളെ നവരാത്രിയായും വിജയം ആഘോഷിച്ച 10-ാം ദിവസത്തെ വിജയദശമിയായും ആഘോഷിച്ചു വരുന്നു. മഹിഷ വധാനന്തരം ഘോരരൂപിണിയായ ദേവി മഹിഷാസുരന്റെ മസ്‌തകത്തിൽ കയറി നിന്നപ്പോൾ ദേവന്മാരും മഹർഷിമാരും ഭക്തരായ മനുഷ്യരും ദേവിയെ വാഴ്ത്തി സ്തുതിച്ചു. സംപ്രീതയായ ദേവി ശാന്തസ്വരൂപിണിയായി കയ്യിൽ ശംഖചക്രങ്ങളും വില്ലും അമ്പും ധരിച്ച് അനുഗ്രഹഭാവത്തിൽ നിലകൊണ്ടു. അങ്ങനെ ദേവിക്ക് മഹർഷിമാർ ബഹുമാനപുരസ്സരം സ്ഥാനം നൽകി ആരാധിച്ച പുണ്യസങ്കേതങ്ങളിൽ ഒന്നാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.

ഐതിഹ്യം

തിരുത്തുക

ശ്രീ കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ശ്രീ വേലക്കുന്ന് ശിവക്ഷേത്രം, ശ്രീ അടുക്കത്ത്‌ ഭഗവതി ക്ഷേത്രം, ശ്രീ അരിചെപ്പ് മഹാവിഷ്ണു ക്ഷേത്രം എന്നിവ പുരാതന ഋഷീശ്വരന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ട് പരസ്പരം ബന്ധങ്ങലോടുകൂടി ബേഡകം ഗ്രാമത്തിൽ പ്രശോഭിക്കുന്ന ശൈവ-ശാക്ത-വൈഷ്ണവ തേജസ്സുകളാണ്. കാലത്തിൻറെ ഒഴുക്കിനിടയിൽ മഞ്ഞുപോകാതെ നിലനിൽക്കുന ആധ്യാത്മിക ശ്രോതസ്സുകളാണ് ഈ പുണ്യ ക്ഷേത്രങ്ങൾ.നൂറ്റാണ്ടുകൾക്കു മുമ്പ് ചിറക്കൽ കോലത്തിരി രാജാക്കന്മാരുടെ രാജവാഴ്ചയുടെ കീഴിൽ 'കവയനാട് സ്വരൂപം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ബേഡകം പ്രദേശവും ഇവിടത്തെ ക്ഷേത്രങ്ങളും "കവയനാട്ടായിരവാൻ"എന്ന സ്ഥാനപ്പെരോടുകൂടിയ 'മലയാളത്ത് കാമലോൻ' എന്ന സാമന്തന്മാരുടെ അധീനതയിലായിരുന്നു. ഈ സാമന്തന്മാരുടെ കുലപരദേവതയായിരുന്നു ശ്രീ അടുക്കത്ത്‌ ഭഗവതി. പിന്നീട് ഈ സാമന്ത കുടുംബക്കാർ സന്താനമില്ലാതെ ക്ഷയിക്കാനിടയായ കാലഘട്ടത്തിൽ പ്രസ്തുത ക്ഷേത്രം 'അടുക്കത്ത്‌ വര്യർ'എന്ന വര്യർ കുടുംബത്തിന്റെ അധീനതയിലായി. സന്താനമില്ലാതെവന്ന സാമന്തകുടുംബക്കാർ വടക്ക് 'മതക്കത്ത്' എന്ന സ്ഥലത്തെ ബല്ലാൾ കുടുംബത്തിൽ നിന്നും ഒരു ബല്ലാൾ സ്ത്രീയെ ദത്തെടുക്കുകയുണ്ടായി. അതിലുണ്ടായ സന്തതി പരമ്പരകൾ നായന്മാരുടെ സമ്പ്രദായം സ്വീകരിച്ച് പലസ്ഥലങ്ങളിലും താമസിച്ച് തങ്ങളുടെ പൂർവികരുടെ സ്ഥലമായ ബേഡകത്ത് എത്തിച്ചേരുകയും പ്രബലന്മാരായി വാഴുകയും ചെയ്തു. നീണ്ട ഇടവേളയ്ക്കു ശേഷം അടുക്കത്ത്‌ വാര്യർ കുടുംബത്തിൽ നിന്നും ക്ഷേത്രഭരണം ബേഡകം കാമലോൻ വലിയവീട് തറവാട്ടിലേക്ക്‌ തിരിച്ചുവരികയുണ്ടായി.

  'അടുക്ക' എന്ന് പേരായ ആദിവാസി സ്ത്രീ പുല്ല് വെട്ടാൻ പോയപ്പോൾ ഭഗവതി വിഗ്രഹം കണ്ടെത്തുകയും കാമലോൻ തറവാട്ടിൽ വിവരമറിയിക്കുകയും തുർന്നു അവിടെ ക്ഷേത്രനിർമ്മാണം നടത്തിയെന്നും അങ്ങനെയാണ് അടുക്കത്ത്‌ ഭഗവതി ക്ഷേത്രം ഉണ്ടായായതെന്നുമുള്ള ഒരു ഐതിഹ്യം വേറെയും ഉണ്ട്.

നാഗപ്രതിഷ്ഠ

തിരുത്തുക

ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ കാവിനുള്ളിൽ നാഗാലയം ഉണ്ട്. സർപ്പ ദോഷ പരിഹാരമായി ഇവിടെ പൂജകൾ നടത്തിവരുന്നു.

ആമക്കുളം (ആമപ്പള്ളം)

തിരുത്തുക
 
ആമകൾ വിശ്രമിക്കുന്നു

ശ്രീ അടുക്കത്ത് ഭഗവതിക്ഷേത്രം പല സ്ഥലങ്ങളിലും അറിയപ്പെടുന്നത് തന്നെ ഇവിടുത്തെ ആമക്കുളത്തിന്റെ പേരിലാണ്. മഹാവിഷ്ണുവിന്റെ കൂർമവതാര സങ്കൽപമുള്ള വിശേഷപ്പെട്ട ഒരു പള്ളമാണ് ഇത്. നൂറുകണക്കിന് ആമകൾ ഇവിടെ ദൈവിക ചൈതന്യം ഉൾക്കൊണ്ട് ജീവിക്കുന്നത് കാണാം. ആമകൾക്ക് നൂറ്റമ്പതിൽപരം വർഷം ആയുസ്സുണ്ടെന്നാണ് വിശ്വാസം. ശ്രീ അടുക്കത്ത് ഭഗവതിയുടെ നൂറ്റാണ്ടുകളുടെ ചരിത്രം അറിയാവുന്ന ആമകൾ ആണ് ഇവിടെ ഉള്ളത്. ആമകൾക്ക് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേകം നിവേദ്യങ്ങൾ ഒരുക്കാറുണ്ട്. ആനത്തഴമ്പ്, പാലുണ്ണി, മറ്റു മാറാ ത്വക്ക്-രോഗങ്ങൾ എന്നിവയ്‌ക്ക് പരിഹാരമായി ഇവിടെ ആമകൾക്ക് നിവേദ്യമർപ്പിക്കുന്ന ഒരു വഴപ്പാട് സങ്കൽപ്പം പണ്ട്മുതൽക്കേ ഉള്ളതാണ്. വിദൂര ദേശങ്ങളിൽ നിന്നുപോലും അനേകം ഭക്തന്മാർ ഈ ക്ഷേത്രത്തിലെത്തി ആശ്രിതവത്സലയായ ശ്രീ അടുക്കത്ത് ഭഗവതിയെ ദർശിച്ച്‌ ആമകൾക്ക് അന്നനിവേദ്യം നടത്തി രോഗശമനവും ആയുരാരോഗ്യസൗഖ്യവും നേടുന്നുണ്ട്. അതുപോലെ തന്നെ സ്ത്രീകളുടെ തലമുടി കൊഴിഞ്ഞു പോകുന്നതിന് പരിഹാരമായി ക്ഷേത്രനടയിൽ ഈർക്കിൽ കൊണ്ടുള്ള ചൂൽ സമർപ്പിക്കുന്ന പതിവും ഉണ്ട്.

 
അടുക്കത്ത് ഭഗവതീക്ഷേത്രത്തിലെ ആമക്കുളം
 
കൂർമവതാര വിഗ്രഹം

നാലമ്പല ദർശന പുണ്യം

തിരുത്തുക

   ശ്രീ അടുക്കത്ത് ഭഗവതീക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തന്മാർ കുണ്ടംകുഴി, വേലക്കുന്ന്, അരിച്ചെപ്പ് ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തിവരുന്നത് അത്യുത്തമമാകുന്നു. ഈ നാലു ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളും ശുഭപര്യവസായിയായി ഭവിക്കുന്നതാണ്.

വേളാഴി വിഷ്ണുമൂർത്തി ദേവാലയം

തിരുത്തുക

ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം എടപ്പണി ചേവിരി തറവാട് വകയാണ്. ധനു മാസം 10 മുതൽ 17 വരെ നടക്കുന്ന ഇവിടത്തെ കളിയാട്ട ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. കളിയാട്ടദിവസങ്ങളിൽ വിഷ്ണുമൂർത്തിയുടെ ദേവകോലം (തെയ്യം), അടുക്കത്ത്‌ ഭഗവതിയുടെ തിരുനടയിൽ എഴുന്നള്ളി മൊഴിചൊല്ലുന്ന പതിവും ഉണ്ട്.

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ സേവാവിശേഷങ്ങൾ

തിരുത്തുക

ആപത്തുനിവാരണത്തിനും അഭീഷ്ടകാര്യസിദ്ധിക്കുമായി ധാരാളം ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിലെത്തി കരുണാമയിയായ അടുക്കത്ത് ഭഗവതിക്ക് പലവിധ സേവകൾ നടത്തി തങ്ങളുടെ ആഗ്രഹ സാഫല്യം നേടിവരുന്നു. നിറമാല, ചൊവ്വവിളക്ക് എന്നിവ പ്രധാനവഴിപാടുകളാണ്. ചൊവ്വവിളക്ക് ചൊവ്വാഴ്ചകളിൽ മാത്രമേ നടത്താറുള്ളൂവെന്നതിനാൽ മുൻകൂട്ടി ബുക്ക്ചെയ്യേണ്ടതാണ്. കൂടാതെ തുലാഭാരസേവ, കുങ്കുമാർച്ചന, തൃമധുര നിവേദ്യം, അരിവഴിപാട്, പായസം, അപ്പംനിവേദ്യം എന്നിവയും പ്രധാനവഴിപാടുകളാണ്. വിദ്യാഭ്യാസത്തിനായി സരസ്വതി സന്നിധിയിൽ പ്രത്യേകം തൃമധുര നിവേദ്യവും പുഷ്പാഞ്ജലിയും നടത്താവുന്നതാണ്. വനശാസ്താവിന് ശർക്കരപ്പായസം പ്രധാന വഴിപാടാണ്. കൂടാതെ ആമകൾക്ക് "ചോറൂട്ട്" നിവേദ്യം ഈ ക്ഷേത്രത്തിൽ മാത്രം പതിവുള്ള വിശേഷപ്പെട്ട വഴിപാടാണ്. മറ്റുക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രീ അടുക്കത്ത് ഭഗവതിക്ക് എരുമപ്പാൽ നിവേദിക്കാറുണ്ട്. ഈ ക്ഷേത്ര സന്നിധിയിൽ വെച്ച് ഭക്തന്മാർ ത്രികാല പൂജ(ഭക്തിസേവ) യും നടത്തിവരുന്നു.

ഈ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ വടക്കു പടിഞ്ഞാറേ കോണിൽ സരസ്വതി ദേവിയുടെ പ്രതിഷ്ഠയുണ്ട്. ഈ ദേവിയുടെ ഉത്ഭവത്തെക്കുറിച്ച് ഒരു പുരാവൃത്തമുള്ളത് ഇങ്ങനെയാണ്. ക്ഷേത്രേശ കുടുംബത്തിൽപ്പെട്ട കാമലോൻ കിഴക്കേവീട് തറവാട്ടിലെ ഒരു ഭക്തൻ കൊല്ലംതോറും കാൽനടയായി മൂകാംബികയിൽ പോയി നവരാത്രി ഭജനം നടത്തിവന്നിരുന്നു. പ്രായാധിക്യം കാരണം മൂകാംബികയിൽ യാത്ര സാധ്യമാകാതെ വരുമെന്ന സ്ഥിതി വന്നപ്പോൾ അദ്ദേഹം മൂകാംബികയിലെ സൗപർണികാ നദിയിൽ നിന്നും ഭക്തിപൂർവം ദേവി സങ്കല്പമായി ഒരു ശില കൊണ്ടു വരികയുണ്ടായി. തന്റെ ഭക്തന്റെ ആഗ്രഹപ്രകാരം മൂകാംബികാ ദേവി ആ ശിലയിൽ കുടികൊള്ളുകയും പിന്നീട് തന്ത്രി മുഖാന്തരം ആ ശിലയെ മൂകാംബികാ സങ്കല്പത്തിൽ സരസ്വതിയായി ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. മലയാളികൾ സരസ്വതിയായിട്ടാണല്ലോ മൂകാംബികയെ സങ്കല്പിച്ചുവരുന്നത്. പ്രസ്തുത മൂകാംബികാഭക്തന്റെ അനന്തരവകാശികളായ കിഴക്കേവീട് തറവാട്ടുകാർ സരസ്വതി ദേവിയുടെ നിത്യനിവേദ്യ ചെലവിന് വേണ്ടി എരിഞ്ഞിപ്പുഴ എന്ന സ്ഥലത്ത് പ്രത്യേകം ദേവസ്വം ഭൂമിയും നീക്കിവെച്ചിട്ടുണ്ടായിരുന്നു. ഈ അടുത്ത കാലത്ത് സരസ്വതി ദേവിക്ക് പ്രത്യേക സ്വരൂപ ബിംബം ഉണ്ടാക്കി പ്രതിഷ്ഠ നടത്തിയിരിക്കയാണ്.