ശ്രീലങ്കൻ ശില്പകല
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ശ്രീലങ്കയിൽ പ്രാചീനനഗരമായ അനുരാധപുരത്തിലാണ് ശില്പങ്ങളിൽ ഏറിയപങ്കും കാണപ്പെടുന്നത്. എ.ഡി.200കളിൽ ശിലയിൽ നിർമ്മിക്കപ്പെട്ട ധാരാളം ബുദ്ധരൂപങ്ങൾ ഇവിടെയുണ്ട്. ഇവിടെനിന്നും കണ്ടെടുത്ത ലോഹശില്പങ്ങൾ എ.ഡി..500കളിൽ നിർമ്മിക്കപ്പെട്ടവയാണ്. ഈ ശില്പങ്ങളിലെല്ലാം തന്നെ ഭാരതീയശില്പകലയുടെ സ്വാധീനം പ്രകടമാണ്. ശ്രീലങ്കയുടേത് മാത്രമായ രണ്ടു ബുദ്ധശില്പരീതികളാണ് നാഗങ്ങൾ, ചന്ദ്രകാന്തങ്ങൾ എന്നിവ. ക്ഷേത്രങ്ങൾക്കും സ്തൂപങ്ങൾക്കും പുറത്തുള്ള വാതിലുകൾക്ക് കാവൽനിൽക്കുന്ന പകുതിമനുഷ്യനും പാമ്പും ചേർന്ന ശില്പങ്ങളാണ് നാഗങ്ങൾ എന്നറിയപ്പെടുന്നത്. ക്ഷേത്രങ്ങളുടെ പ്രവേശനകവാടത്തിൽ കാണുന്ന അർധവൃത്താകാരത്തിലുള്ള ശിലാരൂപങ്ങൾ ചന്ദ്രകാന്തം എന്നറിയപ്പെടുന്നു. ദത്തഗാമനി എന്ന രാജാവ് (ബി.സി. 161-137) ഇവിടെ ഒരു ആശ്രമവും അതിന്റെ അടുത്ത് ഒരു 'മഹാസ്തൂപ'വും നിർമിച്ചു. ഇതിനേക്കാൾ വലുതാണ് വത്തഗാമി അഭയന്റെ (ബി.സി. 104-77) 'അഭയഗിരി സ്തൂപം'. അനുരാധപുരത്തിലെ ചരിത്രാവശിഷ്ടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചിത്രശില്പാലംകൃതമായിട്ടുള്ളത് മഹാസേനന്റെ (എ.ഡി. 274-301) 'ജേതാവനസ്തൂപം' ആണ്. മഹാസേനന്റെ കാലത്തിനുശേഷം ഈ പട്ടണത്തിൽ പറയത്തക്ക ശില്പനിർമ്മാണ സംരംഭങ്ങളൊന്നും നടന്നതായി കാണുന്നില്ല. മനോഹരമായ നിരവധി ബുദ്ധവിഗ്രഹങ്ങളും, ദ്വാരപാലക സാലഭഞ്ജികകളും, സ്തംഭമണ്ഡപങ്ങളും, ചന്ദ്രകാന്തശിലാനിർമിതമെന്ന് വിശ്വസിക്കപ്പെടുന്ന അർധവൃത്താകാരമായ ശിലാതളിമങ്ങളും അനുരാധപുരത്ത് സുലഭമാണ്[1].
ചോളശില്പകലയുടെ സ്വാധീനം
തിരുത്തുകശ്രീലങ്കൻ ഭരണാധികാരികളടെ തലസ്ഥാനമായിരുന്ന പോളന്നറുവയിൽ കാണുന്നശില്പങ്ങളിൽ ചോളശില്പകലയുടെ സ്വാധീനം വ്യക്തമാണ്. എ.ഡി. 1000ത്തിനോടടുത്ത് ചോളരാജാക്കന്മാർ ഇവിടം ആക്രമിച്ച് കീഴടക്കിയിരുന്നു. പോളന്നറുവയിലെ ഗാൽവിഹാരം എന്ന ബുദ്ധസന്ന്യാസിമഠത്തിൽ കാണുന്ന കരിങ്കല്ലിലുളള 17മീറ്ററോളം ഉയരമുള്ള ബുദ്ധശില്പം ഏറെ പ്രശസ്തമാണ്. ബുദ്ധന്റെ ശിലാക്ഷേത്രമായ ഗൾ വിഹാരയിൽ പാറക്കല്ലുകളുടെ വശത്തായി കൊത്തിയ ശ്രീ ബുദ്ധന്റെ നാല് പ്രതിമകളാണ് കാണപ്പെടുന്നത്. ബുദ്ധന്റെ ഇരിക്കുന്നതായുള്ള ഒരു വലിയ രൂപവും കൃത്രിമമായി നിർമിച്ച ഒരു ഗുഹയ്ക്കുള്ളിൽ (വിദ്യാധരഗുഹ) ഇരിക്കുന്നതായുള്ള ഒരു ചെറിയ രൂപവും നിൽക്കുന്ന ഒരു രൂപവും കിടക്കുന്നതായുള്ള ഒരു രൂപവുമാണിത്. ഇവ പുരാതന ശ്രീലങ്കൻ കൽപ്പണിയുടെ ഉത്തമോദാഹരണങ്ങളായി കരുതപ്പെടുന്നു. അനുരാധപുര കാലഘട്ടത്തെ അപേക്ഷിച്ച് ഈ രൂപങ്ങൾക്ക് കാര്യമായ വ്യത്യാസങ്ങളുണ്ട്. ഗൾ വിഹാരയിലെ രൂപങ്ങളുടെ നെറ്റി വീതിയേറിയതാണെന്നതാണ് ഒരു വ്യത്യാസം. അംഗവസ്ത്രം രണ്ട് സമാന്തരമായ വരകളിലാണ് കൊത്തിയിരിക്കുന്നത്. അനുരാധപുര കാലഘട്ടത്തിൽ ഇത് ഒറ്റ വരയായിരുന്നു[2]. ഇരിക്കുന്ന വലിയ രൂപത്തിന് 15 അടി ഉയരമുണ്ട്. ധ്യാന മുദ്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു താമരപ്പൂവിന്റെ ആകൃതിയിലാണ് പീഠം കൊത്തിയിരിക്കുന്നത്. പൂക്കളുടെയും സിംഹങ്ങളുടെയും രൂപം അടിയിലായി കൊത്തിയിട്ടുണ്ട്. മകര രൂപങ്ങളും ചെറിയ നാല് ബുദ്ധ രൂപങ്ങളും ചെറിയ അറകളിലായി കൊത്തിയിട്ടുണ്ട്. പഴയ സിംഹള കൊത്തുപണിയിൽ ഇത് ഒരു അസാധാരണമാണ്. മഹായാന സ്വാധീനത്താലായിരിക്കാം ഇതുണ്ടായത്[3].
വിദ്യാധരഗുഹ
തിരുത്തുക4 അടി 7 ഇഞ്ച് മാത്രം ഉയരമുള്ള ഒരു ചെറിയ പ്രതിമയാണ് വിദ്യാധരഗുഹയിലുള്ളത്[4]. കൊത്തിയെടുത്ത ഒരു അറയിലാണ് രൂപമിരിക്കുന്നത്. ഈ അറയെ വിദ്യാധരഗുഹ എന്നാണ് വിളിക്കുന്നത്. നിൽക്കുന്ന രൂപത്തിന്റെ പ്രതിമയ്ക്ക് 22 അടി 9 ഇഞ്ച് ഉയരമാണ് കാണപ്പടുന്നത്. താമരയുടെ ആകൃതിയുള്ള ഒരു തട്ടിലാണ് പ്രതിമ നിൽക്കുന്നത്. കൈകൾ നെഞ്ചിൽ പിണച്ചുവച്ചിരിക്കുകയാണ്. ദുഃഖഭാവമാണ് മുഖത്തുള്ളത്. നിർവാണത്തിലായ ബുദ്ധന്റെ രൂപമാണ് അടുത്തുള്ളത്. അതിനാൽ ഈ രൂപം മരിക്കാൻ പോകുന്ന ശ്രീ ബുദ്ധന്റെയടുത്ത് നിൽക്കുന്ന ഭിക്ഷുവായ ആനന്ദന്റെയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഇവിടെയുള്ള ഭിത്തികളുടെ അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഈ രൂപങ്ങൾ രണ്ട് അറകളിലായിരുന്നു പണ്ടുണ്ടായിരുന്നത്. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിക്കുന്ന ബുദ്ധനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. 46 അടി 4 ഇഞ്ച് നീളമുള്ള കിടക്കുന്ന രൂപത്തിലുള്ള ഈ ശിൽപ്പം ഗൾ വിഹാരയിലെ ഏറ്റവും വലിയ ശിൽപ്പമാണ്. ബുദ്ധന്റെ പരിനിർവ്വാണമാണ് ചിത്രീകരിച്ചിരിക്കുന്നത്. വലതുവശം താഴെയായി കിടക്കുന്ന രൂപത്തിന്റെ വലതു കൈ ശിരസ്സിനെ താങ്ങുന്നു. ഇടതുകൈ തുടയ്ക്കുമീതേ നീട്ടി വച്ചിരിക്കുകയാണ്. വലതുകൈപ്പത്തിയിലും പാദങ്ങളിലും ഒറ്റത്താമരപ്പൂവ് കൊത്തിയിട്ടുണ്ട്.
പരാക്രമബാഹു
തിരുത്തുകപോളൊന്നാറുവയിലെ പൊത്ഗുൽവിഹാര എന്ന ഭാഗത്ത് കാണുന്ന മനുഷ്യരൂപശിൽപ്പം പരാക്രമബാഹുവിന്റേത് എന്നാണ് പൊതുവേ കരുതപ്പെടുന്നു. ആ ശിൽപം വ്യക്തമായും ഹൈന്ദവശില്പപാരമ്പര്യത്തിലെ മുനിരൂപങ്ങളോട് സാമ്യംകാണിക്കുന്നു. ഈ ശിൽപ്പം ബ്രഹ്മാവിന്റെ പുത്രനും രാവണന്റെ പിതാമഹനുമായി പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പുലസ്ത്യമുനിയുടെ, ചോളകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ശില്പമായിരിക്കാം എന്നാണ് പുതിയ നിഗമനം. പുലസ്ത്യമുനിയുടെ ശില്പവും മറ്റു ചില ദ്വാരപാലകശിൽപ്പങ്ങളും ഒക്കെ മറ്റിടങ്ങളിൽ കാണുന്ന ബൗദ്ധശില്പപാരമ്പര്യത്തിൽ നിന്നുള്ള വിടുതലുകൾ പ്രകടപ്പിക്കുന്നുണ്ട്. ചോളസംസ്കൃതി കുറച്ചുകൂടി ആഴത്തിൽ ഈ പ്രദേശത്തു പതിഞ്ഞിരുന്നതിന്റെ പ്രത്യക്ഷസ്ഫുരണമായും അതിനെ കാണാം. സത് മഹൽ പ്രസാദ എന്ന പേരിൽ അറിയപ്പെടുന്ന സ്തൂപം, ശ്രീലങ്കയുടെ മറ്റു ഭാഗങ്ങളിലൊന്നും കാണാത്ത രീതിയിൽ തട്ടുകളായി നിർമ്മിച്ചിട്ടുള്ള ഈ പഗോഡ തായ്ലാൻഡ് പോലുള്ള രാജ്യങ്ങളിൽ കണ്ടുവരുന്ന ബുദ്ധസ്തൂപങ്ങളോട് സാമ്യം പ്രകടിപ്പിക്കുന്നുണ്ടത്രേ. ശ്രീലങ്കയിൽ കാണുന്ന ആയിരക്കണക്കിന് ബുദ്ധരൂപങ്ങൾ എല്ലാംതന്നെ വ്യത്യസ്തമായ മുഖരൂപം ഉള്ളവയായാണ് കാണപ്പെടുന്നത്. ബുദ്ധമതത്തിലെ പുരോഹിതവർഗ്ഗത്തിൽ ഒരു ശുദ്ധീകരണം നടത്തുവാനായി പരാക്രമബാഹു ഒരു സമ്മേളനം നടത്തിയ സ്ഥലത്ത് ധാരാളം ശിൽപ്പങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഒരു വലിയ പാറയിൽ മാത്രമായി കൊത്തിയെടുത്തതാണ് ഈ ശില്പങ്ങൾ. ശ്രീലങ്കയിൽ നിർമ്മിക്കപ്പെട്ട മനോഹരശില്പങ്ങളിൽ ചിലത് ആനക്കൊമ്പിൽ തീർത്തവയാണ്.
അവലംബം
തിരുത്തുക- ↑ Birmingham Museum of Art (2010). Birmingham Museum of Art : guide to the collection. [Birmingham, Ala]: Birmingham Museum of Art. p. 57. ISBN 978-1-904832-77-5.
- ↑ Sarachchandra (1977), p. 125
- ↑ Amarasinghe (1998), p. 90
- ↑ Sarachchandra (1977), p. 124