വരിക്കാശ്ശീരി കൃഷ്ണൻ നമ്പൂതിരിപ്പാട്
വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട് ശില്പകലയിൽ ക്‌ളാസ്സിക്ക് ശൈലിയുടെ പ്രയോക്താവ് ആകുന്നു.[1] 'ശില്പങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രശൈലീകരണവും വ്യാപ്തം, പിണ്ഡം, ഉയരം എന്നിവയുടെ അവികലമായ ജ്യോമെട്രിക് കൃത്യതയും കൊണ്ട് വരിക്കാശ്ശേരി യുടെ പ്രതിഭ വ്യത്യസ്തമാണെ'ന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. [2]
വരിക്കാശ്ശീരി കൃഷ്ണൻ നമ്പൂതിരിപ്പാട് ശില്പി | |
---|---|
ജനനം | 1925 ഏപ്രിൽ 13 ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരി |
മരണം | 2011 സെപ്റ്റംബർ കീഴൂർ, ഒറ്റപ്പാലം |
അറിയപ്പെടുന്ന കൃതി | 30 (ഏകദേശം) |
ശൈലി | ക്ലാസ്സിക്കൽ ശൈലി |
ജീവിതപങ്കാളി(കൾ) | കിള്ളിമംഗലം പാർവ്വതി അന്തർജ്ജനം |
പുരസ്കാരങ്ങൾ | ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് (2003) |
ജീവിതവും സംഭാവനകളും
തിരുത്തുകപാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരിയിൽ വരിക്കാശ്ശീരി നാരായണൻ നമ്പൂതിരിപ്പാടിൻറെയും കുറൂർ ഗൗരി അന്തർജ്ജനത്തിൻറെയും മകനായി 1925 ഏപ്രിൽ 13-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ കൂടെ കുറച്ചുകാലം വേദപഠനവും ഉണ്ടായി. ഇദ്ദേഹത്തിന് എട്ടു സഹോദരങ്ങളുണ്ട്. [3]
സ്വന്തമായി ശില്പങ്ങൾ ചെയ്യുകയായിരുന്നു കൗമാരകാലത്തെ ഒരു വിനോദം. കരുവാട്ട് വാസുദേവൻ നമ്പൂതിരി (ആർട്ടിസ്റ്റ് നമ്പൂതിരി) കൂട്ടിനുണ്ടായിരുന്നു. കോഴിക്കോട് സാമൂതിരി കോളേജ് ഹൈസ്കൂൾ, പാലക്കാട് പണ്ഡിറ്റ് മോത്തിലാൽ ഹൈസ്ക്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, കൽക്കത്തയിലെ അശുതോഷ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു.
ബിരുദപഠനത്തിനായി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ചേരാൻ പോയത് വലിയ വഴിത്തിരിവായി. കൽക്കത്തയിലെ ചൗരംഗിയിൽ സ്ഥാപിച്ചിരുന്ന കുതിരപ്പടയാളിയുടെ ശില്പം അദ്ദേഹത്തെ ആകർഷിച്ചു. തൻ്റെ ഭാവി ശില്പനിര്മ്മാണതിലാണെന്ന് തിരിച്ചറിഞ്ഞത് അവിടെ വെച്ചാകുന്നു. തിരിച്ചു മദിരാശിയിൽ വന്ന് മദ്രാസ് സ്‌കൂൾ ഒഫ് ആർട്സിൽ ചേർന്നു. ഡി.പി. റോയ് ചൗധരിയുടെ കീഴിൽ പഠിച്ചു. കെ.സി.എസ്. പണിക്കർ തുടങ്ങിയ അധ്യാപകർ അന്ന് അവിടെ പ്രവർത്തിച്ചിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരി, കാനായി കുഞ്ഞിരാമൻ തുടങ്ങിയ പ്രശസ്തരായ സഹപാഠികൾ അവിടെ ചേർന്നിരുന്നു. ഡി.പി. റോയ് ചൗധരിയുടെ കൂടെ പ്രസിദ്ധമായ 'ട്രയംഫ് ഒഫ് ലേബർ' എന്ന ശില്പനിർമ്മാണത്തിനു കൂടാൻ സാധിച്ചത് ജീവിതത്തിൽ വലിയ പാഠമായി അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.
മദിരാശിയിലെ പഠന കാലത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി ഒറ്റപ്പാലത്തിനടുത്ത് കീഴൂരിൽ താമസമാക്കി. കിള്ളിമംഗലം പാർവ്വതി അന്തർജ്ജനത്തെ വിവാഹം കഴിച്ചു. അതിൽ നാരായണൻ, ഗൗരി, വാസുദേവൻ എന്നീ മൂന്നു കുട്ടികൾ ഉണ്ടായി. അദ്ദേഹത്തിൻ്റെ പ്രശസ്തമായ ശില്പങ്ങൾ ഇവയാകുന്നു.
ശില്പങ്ങൾ | ശില്പങ്ങൾ | ശില്പങ്ങൾ |
---|---|---|
അടിയോടി (1954) | പൂളമണ്ണ അനുജൻ നമ്പൂതിരിപ്പാട് (1961) | പൂളമണ്ണ അനുജൻ നമ്പൂതിരിപ്പാട് (1961) |
കിഴക്കേപ്പാട്ട് പത്മനാഭ മേനോൻ (1963) | കരുവാട് പരമേശ്വരൻ നമ്പൂതിരി (1964) | കുറൂർ കുഞ്ഞനുജൻ നമ്പൂതിരിപ്പാട് (1971) |
പട്ടിക്കാംതൊടി രാമുണ്ണി മേനോൻ (1977) | റോയ് ചൗധരി (1973) | വി.ആർ. നാരായണൻ (1966) |
ഇരിക്കുന്ന ആന (1976) | വള്ളത്തോൾ (1978) | പലതരം റിലീഫുകൾ |
"ഡി.പി. റോയ് ചൗധരിയുടെ ശിഷ്യനായ വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട് യഥാതഥമായ ശില്പങ്ങൾ മാത്രം ചെയ്യാൻ നിശ്ചയിച്ചപ്പോൾ ഏതാനും ഛായാശില്പങ്ങളും ചില ദേവീദേവ വിഗ്രഹങ്ങളും ആനയുടെ രൂപവും അല്ലാതെ സ്വതന്ത്ര ചിന്തയുടെയോ ആശയത്തിന്റേയോ ആവിഷ്കാരത്തിൽ അധികം വ്യാപൃതനായില്ല. അദ്ദേഹം യഥാതഥ ശില്പരചനയിൽ ശൈലീകരണം അമിതമാക്കാതെ സ്വാഭാവികത മാത്രം ശ്രമിച്ച വ്യക്തിയാണ്." [5] 2003-ലെ കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് വരിക്കാശ്ശേരിക്ക് ലഭിച്ചു. പ്രശസ്ത ശില്പി അടക്കാപുത്തൂർ ഹരിഗോവിന്ദൻ, പുത്രൻ വാസുദേവൻ, മൂർത്തിയേടം നാരായണൻ എന്നിവരാണ് വരിക്കാശ്ശേരിയുടെ ശിഷ്യർ.
ശില്പി വരിക്കാശ്ശീരി കൃഷ്ണൻ നമ്പൂതിരിപ്പാട് 2011 സെപ്റ്റംബറിൽ കീഴൂരിൽ വെച്ചു അന്തരിച്ചു. അദ്ദേഹത്തിൻ്റെ ഭൗതികശരീരം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ സൃഷ്ടിയും വിസൃഷ്ടിയും, ശില്പി വരിക്കാശ്ശീരി കൃഷ്ണൻ നമ്പൂതിരിപ്പാടിൻറെ കലയും ജീവിതവും, എസ്. രാജേന്ദു, മാതൃഭൂമി ബുക്ക്സ്, കോഴിക്കോട്, 2012 ISBN: 978-81-8265-380-1
- ↑ വിജയകുമാർ മേനോൻ, ഛായാശില്പം, സാദൃശ്യം, ആവിഷ്കാരം, IBID, p. 35
- ↑ വരിക്കാശ്ശീരി മന, വി. ഭവാനി, മാതൃഭൂമി ബുക്ക്സ്, കോഴിക്കോട്
- ↑ പൂർണ്ണമായ പട്ടികയ്ക്ക് കാണുക: സൃഷ്ടിയും വിസൃഷ്ടിയും, ശില്പി വരിക്കാശ്ശീരി കൃഷ്ണൻ നമ്പൂതിരിപ്പാടിൻറെ കലയും ജീവിതവും, എസ്. രാജേന്ദു, മാതൃഭൂമി ബുക്ക്സ്, കോഴിക്കോട്, 2012. p. xi, xii
- ↑ വിജയകുമാർ മേനോൻ, ഛായാശില്പം, സാദൃശ്യം, ആവിഷ്കാരം, IBID, p. 35