ശതകം (ക്രിക്കറ്റ്)

(ശതകം(ക്രിക്കറ്റ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ ഒരു ബാറ്റ്സ്മാൻ നൂറോ അതിലധികമോ റണ്ണുകൾ നേടുമ്പോഴാണ് ശതകം നേടി എന്ന് പറയുന്നത്. രണ്ട് ബാറ്റ്സ്മാന്മാർ ചേർന്നുള്ള കൂട്ടുകെട്ട് നൂറ് റണ്ണുകൾ പിന്നിടുമ്പോഴും സെഞ്ച്വറി പാർട്ട്‌ണർഷിപ്പ് (Century Partnership) എന്ന് പറയും. ശതകം എന്ന് പറയുന്നത് ഒരു കളിക്കാരന്റെ കളിജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. അദ്ദേഹത്തിന്റെ കളിജീവിതത്തിന്റെ സ്ഥിതിവിവരക്കണക്കുകളിലെ പ്രധാന ഒരു ഘടകമാണ് ശതകങ്ങളുടെ എണ്ണം എന്നത്. ഒരു ഇന്നിംഗ്സിൽ ഒരു ബൗളർ 5 വിക്കറ്റുകൾ നേടുന്നതിനോട് ബാറ്റിംഗിലെ ശതകനേട്ടത്തെ താരതമ്യപ്പെടുത്താം. ശതകം നേടുന്നതിനെ ടൺ (Ton) എന്നും പരാമർശിക്കുന്നു.

ഏകദിനക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതൽ ശതകം തികച്ച ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർക്കാണ്.

പഴയകാല ശതകങ്ങൾ

തിരുത്തുക

19 ആം നൂറ്റാണ്ടിന്റെ അവസാന കാലം വരെ ശതകം എന്നത് വളരെ അപൂർവ്വമായിരുന്നു. അതിനു കാരണം മോശമായ പിച്ചുകളായിരുന്നു. ആ കാലത്ത് പിച്ചുകൾ കളികൾക്കായി നല്ലപോലെ ഒരുക്കിയിരുന്നില്ല.ആദ്യത്തെ അറിയപ്പെടുന്ന ശതകത്തെപ്പറ്റി ഇപ്പോഴും സംശയങ്ങൾ നിലവിലുണ്ട്. എന്നാൽ 1769 ആഗസ്റ്റ് 31 ന് സെവെനോക്സ് വൈനിൽ വെച്ച് റോത്താമിനെതിരെ ഡ്യൂക്ക് ഒഫ് ഡോർസെറ്റ്സ് XI ന് വേണ്ടി ജോൺ മിൻഷൽ നേടിയ 107 റണ്ണുകളാണ് ആദ്യത്തെ അറിയപ്പെടുന്ന ശതകം എന്ന വാദത്തിലേക്കാണ് കൂടുതൽ സൂചനകളും വിരൽ ചൂണ്ടുന്നത്.[1] എന്നാൽ അതൊരു പ്രാധാന്യമില്ലാത്ത മത്സരമായിരുന്നു.

പ്രധാന ക്രിക്കറ്റിലെ ആദ്യ ശതകം, 1775 ജൂലൈയിൽ ബ്രോഡ്‌ഹാഫ്പെന്നി ഡൗണിൽ വെച്ച് സറേക്കെതിരായ മത്സരത്തിൽ ഹാം‌പ്‌ഷെയറിനു വേണ്ടി ജോൺ സ്മോൾ നേടിയ 136 റണ്ണുകളാണ്.[2] 1767 ൽ രണ്ട് ഹാംബിൾഡൺ ബാറ്റ്സ്മാന്മാർ കാറ്റർഹാമിനെതിരായ മത്സരത്തിൽ ഒന്നാം വിക്കറ്റിൽ ചേർത്ത 192 റണ്ണുകളാണ് ആദ്യത്തെ ശതകകൂട്ടുകെട്ട്.[3] ആ രണ്ട് ബാറ്റ്സ്മാന്മാർ ടോം സുയീറ്ററും എഡ്വേർഡ് അബുറോയും ആണെന്ന് വിശ്വസിക്കുന്നു.[4] ആ രണ്ട് പേരിൽ ആരെങ്കിലുമൊരാൾ ശതകം തികച്ചിരിക്കുമെന്ന് ഏകദേശം ഉറപ്പാണെങ്കിലും സ്രോതസ്സുകൾക്ക് ഒരു ഉറപ്പുമില്ല.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ ശതകങ്ങൾ

തിരുത്തുക

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ ഇംഗ്ലണ്ടിന്റെ ഡബ്ല്യു. ജി. ഗ്രേസ് ആണ്. 1895 ൽ ആണ് അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്. അദ്ദേഹം ആകെ 124 ഫസ്റ്റ് ക്ലാസ്സ് ശതകങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ്സ് ശതകങ്ങളുടെ റെക്കോർഡ് ഇംഗ്ലണ്ടിന്റെ തന്നെ ജാക്ക് ഹോബ്സിന്റെ കൈയിലാണ്. അദ്ദേഹം ആകെ 199 ഫസ്റ്റ് ക്ലാസ്സ് ശതകങ്ങൾ നേടിയിട്ടുണ്ട്.[5][6]

ടെസ്റ്റ് ക്രിക്കറ്റിലെ ശതകങ്ങൾ

തിരുത്തുക

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ശതകം നേടിയത് ഓസ്ട്രേലിയയുടെ ചാൾസ് ബാനർമാനാണ്. 1877 മാർച്ച് 15 മുതൽ 19 വരെ മെൽബൺ ക്രിക്കറ്റ് മൈതാനത്ത് നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 165 റണ്ണുകൾ നേടിയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.[7] (അദ്ദേഹം പരിക്ക് പറ്റി പുറത്തു പോവുകയായിരുന്നു).

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ ഡബ്ല്യു. ജി. ഗ്രേസും എ. പി. ലൂക്കാസും ചേർന്ന് നിർമ്മിച്ചതാണ്. ഓസ്ട്രേലിയയുടെ 1880 ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലായിരുന്നു ഇത്. 1880 സെപ്റ്റംബർ 6 മുതൽ 8 വരെ നീണ്ടുനിന്ന ആ മത്സരം നടന്നത് കെന്നിംഗ്ടൺ ഓവലിലാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് നിലവിൽ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. അദ്ദേഹം ആകെ 51 ടെസ്റ്റ് ശതകങ്ങൾ നേടിയിട്ടുണ്ട്.[8]

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ശതകങ്ങൾ

തിരുത്തുക

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ആദ്യ ശതകം നേടിയത് ഇംഗ്ലണ്ടിന്റെ ഡെന്നിസ് അമിസ് ആണ്. 1972 ൽ ഓൾഡ് ട്രാഫോർഡിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ 103 റണ്ണുകളാണ് അദ്ദേഹം നേടിയത്.[9] (അത് രണ്ടാമത്തെ അന്താരാഷ്ട്ര ഏകദിന മത്സരമായിരുന്നു).

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് നിലവിൽ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. അദ്ദേഹം ആകെ 48 ഏകദിന ശതകങ്ങൾ നേടിയിട്ടുണ്ട്.[10] അദ്ദേഹത്തിന്റെ സെഞ്ച്വറി ശേഖരത്തിൽ ഒരു ഡബ്‌ൾ സെഞ്ച്വറിയും (ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 200*) ഉൾപ്പെടുന്നു.

മനശാസ്ത്രവും ആഘോഷങ്ങളും

തിരുത്തുക

ശതകം തികക്കുക എന്നത് ക്രിക്കറ്റ് ജീവിതത്തിലെ വ്യക്തിപരമായ ഒരു നാഴികക്കല്ലായതിനാൽ ശതകത്തോടടുക്കും തോറും ബാറ്റ്സ്മാന്മാർ കൂടുതൽ ജാഗരൂഗരാകുന്നു. മിക്കവാറും അവർ സ്കോറിങ്ങ് വേഗം കുറക്കുകയും ചെയ്യുന്നു. സാധാരണത്തേക്കാൾ പിരിമുറുക്കത്തിലായിരിക്കും ബാറ്റ്സ്മാന്മാർ അപ്പോൾ. ഫീൽഡിംഗ് ടീം ആ ഒരു സാധ്യത മുതലെടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഈ സമയത്ത് ഫീൽഡിംഗ് ടീം അവരുടെ തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നു. അതോടു കൂടി ബാറ്റ്സ്മാന്മാർ റണ്ണെടുക്കാൻ കഷ്ടപ്പെടുകയും അവരുടെ മനസ്സ് പിരിമുറുക്കത്തിന് അടിമപ്പെടുകയും ചെയ്യുന്നു. ഈ അവസരത്തിൽ ബാറ്റ്സ്മാന്മാർ റണ്ണിനായി കിണഞ്ഞുശ്രമിക്കുകയും ബാറ്റിംഗിൽ തെറ്റുകൾ വരുത്താനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. 90കളിൽ എത്തുമ്പോൾ പുറത്താവുന്ന കാരണത്താൽ ചില ബാറ്റ്സ്മാന്മാർ ശ്രദ്ധേയരാണ്. സച്ചിനാണ് 90നും 100നും ഇടയ്ക് ഏറ്റവും കൂടൂതൽ തവണ ഔട്ടായിട്ടുള്ളത്.

കൈയ്യടികളും എഴുന്നേറ്റു നിന്നുള്ള ആദരവും ശതകം തികച്ച വ്യക്തിക്ക് സാധാരണയായി കാണികൾ നൽകിപ്പോരുന്നു. ഒപ്പം നിൽക്കുന്ന ബാറ്റ്സ്മാനും ചിലപ്പോഴൊക്കെ എതിർടീമിലെ കളിക്കാരും അദ്ദേഹത്തെ ഹസ്തദാനത്തിലൂടെ അഭിനന്ദിക്കുന്നു. ചില സമയങ്ങളിൽ ഒപ്പം നിൽക്കുന്ന ബാറ്റ്സ്മാൻ വന്ന് കെട്ടിപ്പിടിച്ച് തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി ബാറ്റ്സ്മാൻ തന്റെ ബാറ്റ് കാണികൾക്ക് നേരേയും പവലിയനു നേരേയും (സഹകളിക്കാർക്കായി) ഉയർത്തിക്കാട്ടി തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു. ചിലർ ചാടുകയും പ്രത്യേകതരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുകയും വായുവിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും തന്റെ ഗ്ലൗസിലോ ഊരിപ്പിടിച്ച ഹെൽമെറ്റിലോ ഒക്കെ ചുംബിക്കുകയും ചെയ്യുന്നു. ചില ബാറ്റ്സ്മാന്മാർ ശതകം തികച്ചതിനു പിന്നാലെ ചില മതപരമായ രീതികൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുന്നു. ഉദാഹരണത്തിന് മുസ്ലിം ബാറ്റ്സ്മാന്മാർ ശതകം തികച്ചതിനു പിന്നാലെ ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന് തല പിച്ചിൽ മുട്ടിക്കുന്നു. ലഭിച്ച ഈ നേട്ടം അള്ളാഹുവിന് സമർപ്പിക്കുകയാണ് അവർ ഇതിലൂടെ ചെയ്യുന്നത്.

അർദ്ധശതകം

തിരുത്തുക

ഒരു ബാറ്റ്സ്മാൻ 50ഓ അതിലധികമോ റണ്ണുകൾ നേടുമ്പോഴാണ് അദ്ദേഹം അർദ്ധശതകം തികച്ചു എന്ന് പറയുക. അദ്ദേഹം ശതകം നേടുകയാണെങ്കിൽ ആ ഇന്നിംഗ്സിനെ അർദ്ധശതകത്തിന്റെ കണക്കിൽ പെടുത്തുകയില്ല. അതായത് ശതകം തികച്ചു കഴിഞ്ഞാൽ അർദ്ധശതകത്തിന്റെ എണ്ണം ഒരെണ്ണം കുറയുകയും ശതകത്തിന്റെ എണ്ണം ഒന്ന് കൂടുകയും ചെയ്യുന്നു.

  1. G. B. Buckley, Fresh Light on 18th Century Cricket, Cotterell, 1935,
  2. Arthur Haygarth, Scores & Biographies, Volume 1 (1744-1826), Lillywhite, 1862.
  3. H. T. Waghorn, Cricket Scores, Notes, etc. (1730-1773), Blackwood, 1899.
  4. Ashley Mote, The Glory Days of Cricket, Robson, 1997.
  5. http://stats.cricinfo.com/ci/content/records/251072.html.
  6. See Variations in first-class cricket statistics
  7. Test #1
  8. Test centuries
  9. [1]
  10. ODI Centuries
"https://ml.wikipedia.org/w/index.php?title=ശതകം_(ക്രിക്കറ്റ്)&oldid=2355386" എന്ന താളിൽനിന്ന് ശേഖരിച്ചത്