വ്ലാഡിമിർ നബക്കോവ്
വ്ലാദിമിർ വ്ലാദിമിറോവിച്ച് നബക്കോവ് (റഷ്യൻ: Влади́мир Влади́мирович Набо́ков) (ജനനം: 1899 ഏപ്രിൽ 23, മരണം: 1977 ജൂലൈ 2), ഒരു റഷ്യൻ-അമേരിക്കൻ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സംഭാവനകൾ റഷ്യൻ ഭാഷയിലായിരുന്നു. എങ്കിലും ഇംഗ്ലീഷ് ഭാഷയിലെ സാഹിത്യ സംഭാവനകൾ ശൈലീവല്ലഭൻ എന്ന നിലയിൽ അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർത്തി. സാഹിത്യത്തെ കൂടാതെ ചിത്രശലഭങ്ങളുടെ ശേഖരണത്തിനും ചെസ്സ് പ്രഹേളികകൾ നിർമ്മിക്കുന്നതിനും പ്രശസ്തനായിരുന്നു നബക്കോവ്. എന്റമോളജിയിൽ വിശദമായ ഗവേഷണ പഠനങ്ങൾ നടത്തിയ നബക്കോഫ് ചിത്രശലഭങ്ങളുടെ വിദഗ്ദ്ധനായി അംഗീകരിക്കപ്പെട്ടു. ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 1949-59 കാലയളവിൽ ഒന്നരലക്ഷം മൈൽ സഞ്ചരിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പില്ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ദി എന്റമോളജിസ്റ്റ് എന്ന മാസികയ്ക്കുവേണ്ടി ചിത്രശലഭങ്ങളെപ്പറ്റി രചിച്ച ലേഖനം ശ്രദ്ധേയമാണ്.
വ്ലാദിമിർ വ്ലാദിമിറോവിച്ച് നബക്കോവ് | |
---|---|
ജനനം | April 23 [O.S. April 10] 1899 സെന്റ് പീറ്റെഴ്സ് ബർഗ്ഗ്, റഷ്യ |
മരണം | July 2, 1977 മോണ്ട്രോ, സ്വിറ്റ്സർലാന്റ് |
തൊഴിൽ | നോവലിസ്റ്റ്, lepidopterist, പ്രൊഫസർ |
സാഹിത്യ പ്രസ്ഥാനം | ആാധുനികത, ഉത്തരാധുനികത |
വിദ്യാഭ്യാസം
തിരുത്തുകവീട്ടിൽ റഷ്യൻ ഭാഷയും ഇംഗ്ലീഷും സംസാരിച്ചിരുന്ന നബക്കോഫ് ഫ്രഞ്ചിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗിലെ ഏറ്റവും മികച്ച സ്കൂളായ തെനിഷേവിലായിരുന്നു വിദ്യാഭ്യാസം. റഷ്യൻ വിപ്ളവകാലത്ത് പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ കുടുംബം ബർലിനിലേക്കു കുടിയേറി. തുടർന്ന് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽ പഠനം തുടരുകയും 1923-ൽ ബിരുദം നേടുകയും ചെയ്തു.
സാഹിത്യജീവിതം
തിരുത്തുക1955-ൽ പുറത്തിറങ്ങിയ ലോലിത എന്ന പുസ്തകം ആണ് നബക്കോവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നത്. വാക്കുകൾ ചാരുതയോടെ സംയോജിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ പാടവവും വിവരണപാടവവും ഈ പുസ്തകം പ്രദർശിപ്പിക്കുന്നു.[1] ഇരുപതാം നൂറ്റാണ്ടിൽ ഏറെ വിവാദങ്ങൾക്കു വഴിയൊരുക്കിയ ഈ നോവലിൽ ഒരു മധ്യവയസ്കന് 12 കാരിയായ പെൺകുട്ടിയിലുണ്ടാകുന്ന അഭിനിവേശമാണ് ചിത്രീകരിച്ചിരുന്നത്. മധ്യവയസ്കനായ ഹമ്ബർട്ട് പഴയ ലോകത്തെയും അതിന്റെ കലയെയും പ്രതിനിധാനം ചെയ്യുമ്പോൾ അമേരിക്കൻ ബാലികയായ ലോലിത ആധുനികതയെ അതിന്റെ എല്ലാ കറുത്ത വശങ്ങളോടെയും അവതരിപ്പിക്കുന്നു. ഈ കൃതിയിലൂടെ നബക്കോഫിന്റെ പ്രശസ്തി വർധിച്ചുവെങ്കിലും 1956-58 കാലത്ത് പാരിസിൽ ലോലിത നിരോധിക്കുകയുണ്ടായി. അമേരിക്കയിലും ഇംഗ്ലണ്ടിലും 1958-നുശേഷമാണ് പൂർണരൂപത്തിൽ അത് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധ സിനിമാ സംവിധായകനായ സ്റ്റാൻലി കുബ്രിക് ഈ നോവൽ ചലച്ചിത്രമാക്കിയപ്പോൾ തിരക്കഥ രചിച്ചത് നബക്കോഫ് തന്നെയായിരുന്നു പുഷ്കിന്റെ യെവ്ഗെനി ഒനേഗിൻ എന്ന കൃതിയുടെ നാലു വാല്യങ്ങളിലായുള്ള വിവർത്തനം തന്റെ മറ്റൊരു പ്രധാന നേട്ടമായി അദ്ദേഹം കരുതുന്നു. എങ്കിലും ബി.ബി.സിയിൽ 1962-ൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“ | ലോലിത എനിക്ക് പ്രത്യേകമായി വാത്സല്യം ഉള്ള പുസ്തകമാണ്. എന്റെ വൈകാരിക ജീവിതത്തിൽ നിന്നും വളരെ വിദൂരമായ, വളരെ അകന്ന ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഈ പുസ്തകം രചിക്കാൻ വളരെ കഠിനമായിരുന്നു . എന്റെ സംയോജന കഴിവുകൾ ഉപയോഗിച്ച് ഈ പുസ്തകത്തെ സാക്ഷാത്കരിക്കാൻ കഴിഞ്ഞത് എനിക്ക് ഒരു സവിശേഷമായ ആനന്ദം നൽകുന്നു. | ” |
രണ്ടുവർഷത്തിനു ശേഷം, 1964-ൽ പ്ലേബോയ് മാസികയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു,
“ | ഞാൻ ഒരിക്കലും ലോലിത രചിച്ചതോർത്ത് ദുഃഖിക്കില്ല. ലോലിത ഒരു സുന്ദരമായ പ്രഹേളിക നിർമ്മിക്കുന്നതുപോലെ ആയിരുന്നു. പ്രഹേളികയും അതിന്റെ ഉത്തരവും ഒരേ സമയത്ത് നിർമ്മിക്കുന്നു, കാരണം ഒന്ന് മറ്റൊന്നിന്റെ പ്രതിബിംബമാണ് - നിങ്ങളുടെ വീക്ഷണകോണ് അനുസരിച്ച്. എങ്കിലും ലോലിത എന്റെ മറ്റു കൃതികളെ പൂർണ്ണമായും മറച്ചുകളഞ്ഞു - എന്റെ ആംഗലേയ ഭാഷയിലെ കൃതികളെ എങ്കിലും: സെബാസ്റ്റ്യൻ നൈറ്റിന്റെ യതാർത്ഥ ജീവിതം, ബെന്റ് സിനിസ്റ്റർ, എന്റെ ചെറുകഥകൾ, എന്റെ ഓർമ്മകളുടെ പുസ്തകം: എങ്കിലും ഞാൻ ഇതിനെ ചൊല്ലി ലോലിതയോട് വിദ്വേഷം പുലർത്തുന്നില്ല. ഈ സാങ്കല്പിക കുമാരിക്ക് (നിംഫെറ്റിന്) ഒരു സവിശേഷമായ, തരളിതമായ സൗന്ദര്യമുണ്ട്. | ” |
അതേ വർഷം തന്നെ, ലൈഫ് മാസികയുമായുള്ള അഭിമുഖത്തിൽ “താങ്കളെ ഏറ്റവും സന്തോഷിപ്പിച്ച പുസ്തകം എന്താണ്?” എന്ന ചോദ്യത്തിന് ഉത്തരമായി നബക്കോവ് ഇങ്ങനെ പറഞ്ഞു.
“ | എന്റെ എല്ലാ പുസ്തകങ്ങളിലും വെച്ച് ലോലിത ആണ് എനിക്ക് എഴുതിക്കഴിഞ്ഞപ്പോൾ ഏറ്റവും സന്തോഷപ്രദമായ അനുഭൂതി നൽകിയത്. എന്റെ ഏറ്റവും ശുദ്ധമായ കൃതിയും ഏറ്റവും അമൂർത്തം ആയ കൃതിയും ഏറ്റവും ശ്രദ്ധയോടെ നിർമ്മിച്ച കൃതിയും ആയതുകൊണ്ടാവാം ഇങ്ങനെ. ആളുകൾ തങ്ങളുടെ പെണ്മക്കൾക്ക് ലോലിത എന്ന പേര് ഇപ്പോൾ ഇടാറില്ലാത്തതിന് ഉത്തരവാദി ഞാൻ ആയിരിക്കാം. 1956 മുതൽ പൂഡിൽ പെൺപട്ടികൾക്ക് ലോലിത എന്ന പേര് ഇട്ടതായി കേട്ടിട്ടുണ്ടെങ്കിലും മനുഷ്യർക്ക് ഈ പേര് ഇട്ടതായി കേട്ടിട്ടില്ല. | ” |
മികച്ച ചെസ് കളിക്കാരനായിരുന്ന ഇദ്ദേഹം 1930-ൽ പ്രസിദ്ധീകരിച്ച ദ് ഡിഫൻസ് എന്ന കൃതിയിൽ ഒരു ഗ്രാൻഡ് മാസ്റ്ററുടെ നിലയിലാണ് അനുവാചകരെ സമീപിക്കുന്നത്. ഹെയ്ൻഡിന്റെ ഗാനങ്ങൾ പരിഭാഷപ്പെടുത്തി ഇക്കാലത്ത് ഇദ്ദേഹം ജനശ്രദ്ധ നേടി. ആദ്യത്തെ നോവലായ മഷെങ്ക (1926) റഷ്യയിലാണ് പ്രസിദ്ധീകരിച്ചത്. ആദ്യകാലത്തെ ഒൻപതു നോവലുകളിൽ വ്ളാദിമിർ സിറിൻ എന്ന തൂലികാനാമമാണ് ഉപയോഗിച്ചിരുന്നത്. 1937-ൽ പ്രസിദ്ധീകരിച്ച ദ് ഗിഫ്റ്റ് എന്ന നോവൽ പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യയുടെ ചരിത്രം വിശകലനം ചെയ്യുന്നു. ഇൻവിറ്റേഷൻ ടു എ ബിഹെഡിങ് (1938) എന്ന കൃതി ഒരു രാഷ്ട്രീയ ഫാന്റസിയാണ്. 1937-ൽ പിതാവിന്റെ കൊലപാതകിയെ ഹിറ്റ്ലർ മോചിപ്പിക്കുമ്പോൾ നബക്കോഫ് പാരിസിലേക്ക് താമസം മാറ്റി. ഇവിടെവച്ച് ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്സുമായി സൌഹൃദത്തിലായി. മൂന്നു വർഷങ്ങൾക്കുശേഷം അമേരിക്കയിലേക്ക് താമസം മാറ്റിയ ഇദ്ദേഹം വെല്ലെസ്ലി കോളജിലും കോർണെൽ യൂണിവേഴ്സിറ്റിയിലും അധ്യാപനം നടത്തി. ഫ്ളാബേർ, ജോയ്സ്, തർജനിഫ്, ദസ്തയവ്സ്കി തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള നബക്കോഫിന്റെ പ്രഭാഷണങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു.
ആദ്യകാല ഇംഗ്ലീഷ് നോവലുകൾ ദ് റിയൽ ലൈഫ് ഒഫ് സബാസ്റ്റ്യൻ നൈറ്റ് (1941), ബെന്റ്സിനിസ്റ്റർ (1947) എന്നിവയാണ്. ഇക്കാലത്ത് അത് ലാന്തിക്, ന്യൂയോർക്കർ എന്നീ മാസികകളിൽ നബക്കോഫിന്റെ ചെറുകഥകളും പ്രസിദ്ധീകരിക്കുകയുണ്ടായി. 1951-ൽ പ്രസിദ്ധീകരിച്ച കൺക്ളൂസീവ് എവിഡൻസ് എന്ന ആത്മകഥ 1966-ൽ സ്പീക്ക്, മെമ്മറി എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. വിപ്ളവത്തിനു മുൻപുള്ള റഷ്യയാണ് ഈ കൃതിയുടെ പശ്ചാത്തലം.