വെമ്പാക്കം രാമയ്യങ്കാർ സി.എസ്.ഐ. (ജനനം: 1826 - മരണം 1887 മേയ് 10) ഉദ്യോഗസ്ഥനും ഭരണകർത്താവുമായിരുന്നു. ഇദ്ദേഹം 1880 മുതൽ 1887 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു.[1]

വെമ്പാക്കം രാമയ്യങ്കാർ
വെമ്പാക്കം രാമയ്യങ്കാരുടെ ചിത്രം
തിരുവിതാംകൂറിന്റെ ദിവാൻ
ഓഫീസിൽ
1880 ജൂലൈ – 1887
Monarchsവിശാഖം തിരുനാൾ
മൂലം തിരുനാൾ
മുൻഗാമിനാണു പിള്ള
പിൻഗാമിടി. രാമറാവു
വ്യക്തിഗത വിവരങ്ങൾ
ജനനം1826
വെമ്പാക്കം,
ചെങ്കൽപ്പെട്ട് ജില്ല, മദ്രാസ് പ്രസിഡൻസി,
ബ്രിട്ടീഷ് ഇൻഡ്യ
മരണം1887 മേയ് 10
മദ്രാസ്,
ബ്രിട്ടീഷ് ഇൻഡ്യ
അൽമ മേറ്റർമദ്രാസ് യൂണിവേഴ്സിറ്റി
ജോലിഅഭിഭാഷകൻ, ഭരണകർത്താവ്
തൊഴിൽപൊതുപ്രവർത്തകൻ

1826-ൽ ചെങ്കൽപ്പെട്ട് ജില്ലയിൽ വെമ്പാക്കം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. മദ്രാസ് സർവ്വകലാശാലയിലാണ് വിദ്യാഭ്യാസം നടത്തിയത്. ഇതിനുശേഷം മറാഠ കച്ചേരിയിൽ പരിഭാഷ ചെയ്യുന്ന ജോലിയിൽ പ്രവേശിക്കുകയും ക്രമേണ നായിബ് ശിരസ്തദാരായി മാറുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന് ഹെഡ് ശിരസ്തദാരായി ജോലിക്കയറ്റം ലഭിച്ചു. 1861-ൽ ഇദ്ദേഹത്തിന് സബ് കളക്ടറായി നിയമനം ലഭിക്കുകയും പിന്നീട് ഡെപ്യൂട്ട് കളക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. 1867-ൽ രാമയ്യങ്കാർ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇവിടെ 1867 മുതൽ 1879 വരെ ഇദ്ദേഹം ജോലി ചെയ്യുകയുണ്ടായി. 1880-ൽ ഇദ്ദേഹം തിരുവിതാംകൂർ ദിവാനായി നിയമിതനായി. 1887 വരെ ഇദ്ദേഹം ജോലിയിൽ തുടർന്നു. വിരമിച്ച ശേഷം ഇദ്ദേഹം മദ്രാസിലേയ്ക്ക് മടങ്ങുകയും 1887 മെയ് 10-ന് മരിക്കുകയും ചെയ്തു.

തിരുവിതാംകൂറിലെ ഉദ്യോഗങ്ങൾക്ക് തമിഴ് ബ്രാഹ്മണന്മാർക്ക് മുൻഗണന നൽകി എന്ന ആരോപണം ഇദ്ദേഹത്തിനെതിരേ ഉയർന്നിട്ടുണ്ട്.

ആദ്യകാല ജീവിതം

തിരുത്തുക

പരമ്പരാഗത അയ്യങ്കാർ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്.[2] മൂന്നു മക്കളിൽ ഇളയവനായിരുന്നു ഇദ്ദേഹം.[3] ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ ഗുമസ്തനും രേഖാസൂക്ഷിപ്പുകാരനുമായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ.[4]

1841 ഏപ്രിലിൽ മദ്രാസിലെ ഗവണ്മെന്റ് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ചേർന്ന ആദ്യത്തെ ആറു വിദ്യാർത്ഥികളിൽ ഒരാളായിരുന്നു രാമയ്യങ്കാർ. വിദ്യാഭ്യാസത്തിനിടെ ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിൽ ഇദ്ദേഹത്തിന് താല്പര്യം ജനിക്കുകയുണ്ടായത്രേ. വിദ്യാഭ്യാസത്തിനായി പാച്ചിയപ്പ ചാരിറ്റീസിന്റെ സ്കോളർഷിപ്പും ഇദ്ദേഹത്തിന് ലഭിച്ചു.

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യ വർഷങ്ങൾ

തിരുത്തുക

വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഇദ്ദേഹത്തിന് മറാഠ കച്ചേരിയിൽ പരിഭാഷകനായി ജോലി ലഭിച്ചു. 1850 സെപ്റ്റംബറിൽ ഇദ്ദേഹത്തിന് നെല്ലൂരിലെ ഹെഡ് മുൻഷിയായി ജോലി ലഭിച്ചു. 1854-ന്റെ തുടക്കം വരെ ഇദ്ദേഹം ഇവിടെ തുടർന്നു. പൊതുമരാമത്ത് വകുപ്പിൽ ഡെപ്യൂട്ടി രജിസ്ട്രാറായാണ് ഇദ്ദേഹത്തിന് പിന്നീട് നിയമനം ലഭിച്ചത്. 1855 മുതൽ 1857 വരെ ഇദ്ദേഹം നെല്ലൂരിലെ നായിബ് ശിരസ്തദാരായിരുന്നു. 1857 മാർച്ചിൽ ഇദ്ദേഹത്തിന് തഞ്ചാവൂരിലെ ഹെഡ് ശിരസ്തദാരായി സ്ഥാനക്കയറ്റം ലഭിച്ചു. 1859-ൽ അസിസ്റ്റന്റ് ഇമാം കമ്മീഷണറായി ജോലി ലഭിക്കുന്നതുവരെ ഇദ്ദേഹം ഹെഡ് ശിരസ്തദാരായി തുടർന്നു. കാവേരീ തടത്തിലെ ഒളങ്ക് പ്രദേശങ്ങളുടെ റവന്യൂ സെറ്റിൽമെന്റ് ഇദ്ദേഹത്തിന്റെ കാലയളവിലാണ് നടന്നത്.

1860 ജൂണിൽ മിറാസിദാർക്കും കരാറുകാർക്കും വെള്ളപ്പൊക്ക ദുരിതാശ്വാസമായി കൊടുത്ത തുകയിൽ തിരികെ ലഭിക്കാനുള്ള പണം സംബന്ധിച്ച് അന്വേഷണം നടത്താനുള്ള ചുമതല ഇദ്ദേഹത്തിന് ലഭിച്ചു. ഈ ജോലി നന്നായി ചെയ്തതിനാൽ ഇദ്ദേഹത്തിന് തഞ്ചാവൂരിലെ നല്ലതടി എന്ന ഗ്രാമത്തിലെ റവന്യൂ സെറ്റിൽമെന്റിന്റെ ചുമതല നൽകപ്പെട്ടു .

1861-ന്റെ തുടക്കത്തിൽ ഇദ്ദേഹത്തെ നാമക്കൽ ജില്ലയുടെ സബ് കളക്ടറായി നിയമിക്കുകയുണ്ടായി. 1861 മേയ് മാസത്തിൽ ഫസ്റ്റ് ഗ്രേഡ് ഡെപ്യൂട്ടി കളക്ടറായി ഇദ്ദേഹത്തിന് ഉദ്യോഗക്കയറ്റം ലഭിച്ചു. 1861 മേയ് മാസം മുതൽ 1864 അവസാനം വരെ അയ്യങ്കാർ നാമക്കലിൽ തുടർന്നു. പേപ്പർ നാണയങ്ങളുടെ അസിസ്റ്റന്റ് കമ്മീഷണറായാണ് ഇദ്ദേഹത്തിന് പിന്നീട് ജോലി ലഭിച്ചത്. ഒരു വർഷം ഈ ലാവണത്തിൽ തുടർന്ന ഇദ്ദേഹത്തെ 1866-ൽ മദ്രാസ് പ്രസിഡൻസിയുടെ ചീഫ് സെക്രട്ടറിയുടെ ആദ്യ അസിസ്റ്റന്റായി നിയമിച്ചു. 1867-ന്റെ തുടക്കത്തിൽ ഇദ്ദേഹത്തെ സ്റ്റാമ്പ്സ് വിഭാഗത്തിന്റെ സൂപ്രണ്ടായി 1,000 രൂപ മാസശമ്പളത്തിൽ നിയോഗിച്ചു. അടുത്ത വർഷം ഇദ്ദേഹത്തെ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ അംഗമായി നിയമിക്കുകയുണ്ടായി.

മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ

തിരുത്തുക

1867 മുതൽ 1879 വരെ ഇദ്ദേഹം മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. ഔദ്യോഗികാംഗമായി ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇൻഡ്യക്കാരനായിരുന്നു ഇദ്ദേഹം.[5] 1871-ൽ നിയമങ്ങൾ കൊണ്ടുവരാനുള്ള വൈസ്രോയിയുടെ കൗൺസിലിലെ അഡീഷണൽ മെംബർ എന്ന നിലയിൽ ഇദ്ദേഹം 1863-ലെ റിലീജിയസ് എൻഡോവ്‌മെന്റ് ആക്റ്റിലെ പാളിച്ചകൾ നീക്കം ചെയ്യാനുള്ള ബിൽ അവതരിപ്പിച്ചു. അപൂർണ്ണവും ലക്ഷ്യം നേടാൻ സാദ്ധ്യത കുറവുമായ ബിൽ എന്ന അഭിപ്രായത്തോടെ സർക്കാർ ഈ ബിൽ തള്ളിക്കളയുകയാണുണ്ടായത്.[6][7][8][9] ആ സമയത്ത് നടപ്പാക്കപ്പെട്ട മുനിസിപ്പൽ നിയമം, ലോക്കൽ ഫണ്ട് നികുതി നിയമം എന്നിവയിൽ ഇദ്ദേഹം സ്വാധീനം ചെലുത്തുകയുണ്ടായി.

മദ്രാസ് പട്ടണത്തിലെ മുനിസിപ്പൽ കമ്മീഷണറായി ഇദ്ദേഹം എട്ടു വർഷം ജോലി ചെയ്യുകയുണ്ടായി. അന്ന് മദ്രാസ് ഗവർണറായിരുന്ന സർ വില്യം റോബിൻസൺ ഇദ്ദേഹത്തിന് ആക്റ്റിംഗ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇദ്ദേഹം ഇത് നിരസിക്കുകയാണുണ്ടായത്. 1875-ൽ ഇദ്ദേഹത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് രെജിസ്ട്രേഷൻ എന്ന സ്ഥാനത്ത് നിയമിച്ചു. 1877 ജനുവരി 1-നു നടന്ന ഡൽഹി ഡർബാറിൽ ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി. 1873-ൽ ഇംഗ്ലണ്ടിൽ പോയി പാർലമെന്ററി ഫിനാൻസ് കമ്മിറ്റിക്കു മുന്നിൽ തെളിവു കൊടുക്കാൻ ഇദ്ദേഹത്തെ തിരഞ്ഞെടുത്തുവെങ്കിലും ഇദ്ദേഹം ഈ ജോലി നിരസിച്ചു. ജോൺ ബ്രൂസ് നോർട്ടൺ ഇദ്ദേഹത്തെ പാച്ചിയപ്പ ചാരിറ്റീസിന്റെ ഒരു ട്രസ്റ്റിയായും നിയോഗിച്ചിരുന്നു. ഇദ്ദേഹം ട്രസ്റ്റിയായിരുന്നപ്പോഴാണ് ഇത് ഒരു സെക്കന്റ്-ഗ്രേഡ് കോളേജായത്.

തിരുവിതാംകൂർ ദിവാൻ സ്ഥാനത്ത്

തിരുത്തുക

മദ്രാസ് സിവിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം 1880-ൽ വിശാഖം തിരുനാൾ ഇദ്ദേഹത്തെ തിരുവിതാംകൂർ ദിവാനായി നിയമിച്ചു.[10] ഏഴു വർഷത്തിൽ കൂടുതൽ ഇദ്ദേഹം തിരുവിതാംകൂർ ദിവാൻ സ്ഥാനത്തുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് ഇൻഡ്യൻ പീനൽ കോഡ് നടപ്പാക്കപ്പെട്ടു. രാജ്യത്തെ പോലീസ് വിഭാഗത്തെ ഇദ്ദേഹം ഉടച്ചുവാർക്കുകയുണ്ടായി. ഹൈക്കോടതികളുടെ ജോലിഭാരം കുറയ്ക്കാനായി മുൻസിഫ് കോടതികളുടെ അധികാരങ്ങൾ ഇദ്ദെഹം കുറയ്ക്കുകയുണ്ടായി. ഇദ്ദേഹം ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും തിരുവിതാംകൂറിലെ റെവന്യൂ സംവിധാനം പരിഷ്കരിക്കുകയും ചെയ്യുകയുണ്ടായി. ഉദ്യോഗസ്ഥരുടെ ശമ്പളവും വർദ്ധിപ്പിച്ചുകൊടുക്കപ്പെട്ടു. തിരുവിതാംകൂറിൽ റെവന്യൂ സർവേയും സെറ്റിൽമെന്റും നടത്തി എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന പരിഷ്കാരമായി കണക്കാക്കപ്പെടുന്നത്.

തിരുവിതാംകൂറിൽ താലൂക്ക് ഓഫീസുകളെ മുൻകാലങ്ങളിൽ മണ്ഡപത്തും വാതിൽ എന്നാണ്‌ വിളിച്ചിരുന്നത്. ഇദ്ദേഹമാണ്‌ ഈ പേരു മാറ്റി താലൂക്ക്‌ ഓഫീസ്‌ എന്നാക്കിയത്‌.

ജയിലുകൾക്കുള്ളിൽ തൊഴിൽ ചെയ്യുന്ന സംവിധാനം ഇദ്ദേഹം നടപ്പിലാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന പല ടാക്സുകളും ഇദ്ദേഹം ഒഴിവാക്കിക്കൊടുത്തു. രാജ്യത്ത് പഞ്ചസാര വ്യവസായവും പേപ്പർ മില്ലുകളും കോട്ടൻ മില്ലുകളും സ്ഥാപിക്കാൻ ഇദ്ദേഹം പ്രോത്സാഹനം നൽകി. രാജ്യത്ത് സ്റ്റാമ്പ് നിയമം കൊണ്ടുവന്നത് ഇദ്ദേഹമാണ്. തിരുവിതാംകൂറിലെ ജലസേചന സംവിധാനം മെച്ചപ്പെടുത്താനും ഇദ്ദേഹം നടപടികളെടുത്തു. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മഹാരാജാവ് പ്രശംസിക്കുകയുണ്ടായി.

പിൽക്കാലജീവിതവും മരണവും

തിരുത്തുക

1887-ൽ രാമയ്യങ്കാർ ദിവാൻ സ്ഥാനം രാജിവയ്ക്കുകയും പെൻഷൻ പറ്റി മദ്രാസിലേയ്ക്ക് മടങ്ങുകയും ചെയ്തു. മതപഠനത്തിനായാണ് ഇദ്ദേഹം തന്റെ അവസാന കാലം വിനിയോഗിച്ചത്. പെട്ടെന്നുണ്ടായ അസുഖത്തെ‌ത്തുടർന്ന് 1887 മേയ് 10-ന് ഇദ്ദേഹം മരണമടഞ്ഞു.

ശേഷിപ്പുകൾ

തിരുത്തുക

തിരുവിതാംകൂറിലെ വിദ്യാഭ്യാസ രംഗത്തും കോടതി സംവിധാനത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവന്നതിന് ഇദ്ദേഹം ഓർമിക്കപ്പെടുന്നുണ്ട്. തിരുവിതാംകൂറിലെ റെവന്യൂ സെറ്റിൽമെന്റ് നടപ്പിലാക്കിയതിന്റെ കീർത്തി ഇദ്ദേഹത്തിനാണ്. ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നപ്പോൾ മദ്രാസ് പ്രസിഡൻസിയിലും ഇദ്ദേഹം ധാരാ‌ളം പരിഷ്കാര‌ങ്ങൾ വരുത്തുകയുണ്ടായി.

ഇദ്ദേഹം ഒരു വായനപ്രിയനായിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് ധാരാളം പുസ്തകങ്ങൾ ഇദ്ദേഹം വരുത്തുകയുണ്ടായി. മരണശേഷം ഈ പുസ്ത്കങ്ങൾ ഇദ്ദേഹം പാച്ചിയപ്പ കോളേജ് ലൈബ്രറിക്ക് സംഭാവന നൽകി. മദ്രാസ് കോസ്മോപോളിറ്റൺ ക്ലബിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്ലബിന്റെ ആദ്യ സെക്രട്ടറിയും ഇദ്ദേഹമായിരുന്നു.

ബ്രിട്ടീഷ് ബിസിനസുകാരനും ഭരണകർത്താവും മദ്രാസിൽ പണ്ട് ആക്റ്റിംഗ് ഗവർണറായിരുന്നയാളുമായ സർ അലക്സാണ്ടർ ആർബത്‌നോട്ട് രാമയ്യങ്കാരുടെ സത്യനിഷ്ടയെ പ്രശംസിച്ചിട്ടുണ്ട്.[11]

വിമർശനം

തിരുത്തുക

ഉദാരമായ രാഷ്ട്രീയ നിലപാടുകളും ഭരണകൂടത്തിനോടുള്ള കൂറും ഇദ്ദേഹം വിമർശിക്കപ്പെടാൻ കാരണമായിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്നപ്പോൾ ഇദ്ദേഹം മലയാളികളല്ലാത്ത ബ്രാഹ്മണന്മാരെ ഉദ്യോഗച്ചുമതലകൾ ഏൽപ്പിക്കുന്നുവെന്ന വിമർശനമുണ്ടായിട്ടുണ്ട്. പരമേശ്വരൻ പിള്ള എന്നയാൾ ഇതുസംബന്ധിച്ച ലേഖനങ്ങൾ പേരുവയ്ക്കാതെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[12]

രാഷ്ട്രീയ ചായ്‌വുകൾ

തിരുത്തുക

ബ്രിട്ടീഷ് രാജ്യത്തോട് കൂറുള്ളയാളായിരുന്നു ഇദ്ദേഹം. ചാറ്റർജിയും മുഖോപാദ്ധ്യായയും ഇദ്ദേഹത്തെ ഇങ്ങനെയാണ് വിവരിക്കുന്നത്:

സ്ഥാനമാനങ്ങൾ

തിരുത്തുക

1871 മേയ് മാസത്തിൽ ഇദ്ദേഹത്തിന് കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇൻഡ്യ എന്ന ബഹുമതി ലഭിക്കുകയുണ്ടായി.

  1. "List of dewans of Travancore". worldstatesmen.org. Retrieved 2008-07-12.
  2. Pillai, Govinda Paramēṣvara (1896). Representative Men of Southern India. Harvard University. p. 115. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Pillai, Govinda Paramēṣvara (1896). Representative Men of Southern India. Harvard University. p. 269. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Nita Kumar, Pg 7
  5. K. C. Markandan (1964). Madras Legislative Council; Its constitution and working between 1861 and 1909. S. Chand & CO. pp. 148–188.
  6. A. Oddie, Geoffrey (1991). Hindu and Christian in South-east India: Aspects of Religious Continuity and Change, 1800-1900. Routledge. p. 72. ISBN 0913215554, ISBN 978-0-913215-55-5. {{cite book}}: Cite has empty unknown parameter: |coauthors= (help)
  7. Y. Mudaliar, Chandra (1976). State and Religious Endowments in Madras. University of Madras. pp. 53. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. Baliga, B. S. (1962). Madras district gazetteers: South Arcot. Government of Madras. p. 280. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. Appadurai Breckenridge, Carol. The Śrī Mīn̲aksi Sundarēsvarar Temple: Worship and Endowments in South India, 1833 to 1925. University of Wisconsin. p. 353.
  10. Nagam Aiya, V. (1906). Travancore State Manual. Travancore Government Press. pp. 609. {{cite book}}: Cite has empty unknown parameter: |coauthors= (help)
  11. Jayawardene-Pillai, Shanti (2006). Imperial Conversations: Indo-Britons and the Architecture of South India. p. 36. ISBN 8190363425, ISBN 978-81-903634-2-6.
  12. Delhi School of Economics (1977). The Indian Economic and Social History Review. Vikas Publishinbg House. p. 260.
  13. Nita Kumar, Pg 10

സ്രോതസ്സുകൾ

തിരുത്തുക

ജീവചരിത്രങ്ങൾ

തിരുത്തുക
മുൻഗാമി തിരുവിതാംകൂർ ദിവാൻ
1880 – 1887
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വി._രാമയ്യങ്കാർ&oldid=4092508" എന്ന താളിൽനിന്ന് ശേഖരിച്ചത്