വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
കേരളത്തിെെന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമ്മാണം നടന്നുവരുന്ന ഒരു പ്രധാനപ്പെട്ട തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽ പാതയുെ സാമീപ്യം തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ തുറമുഖം | |
---|---|
തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ | |
Location | |
രാജ്യം | ഇന്ത്യ |
സ്ഥാനം | വിഴിഞ്ഞം, തിരുവനന്തപുരം, കേരളം |
അക്ഷരേഖാംശങ്ങൾ | 08°22′45″N 76°59′29″E / 8.37917°N 76.99139°E |
Details | |
പ്രവർത്തിപ്പിക്കുന്നത് | വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്[1] |
ഉടമസ്ഥൻ | കേരള സർക്കാർ |
Statistics | |
Website | http://www.vizhinjamport.in/ |
കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെന്ന് പദ്ധതിയെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു. പദ്ധതി നടപ്പിലായാൽ ഭാരതത്തിലെ മറ്റു വൻ തുറമുഖങ്ങളിലെ വർദ്ധിച്ചുവരുന്ന തിരക്ക് ഗണ്യമായ രീതിയിൽ കുറക്കാനാകുമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞത്തുനിന്നും 10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽപ്പാത കടന്നുപോകുന്നു. രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് പോർട്ടാണ് വിഴിഞ്ഞം. മദർഷിപ്പുകളെ അടുപ്പിക്കാൻ കഴിയുന്നതിനാൽ ഇത്തരം പോർട്ടുകൾ മദർപോർട്ട് എന്നും അറിയപ്പെടാറുണ്ട്.
20000 മുതൽ 25000 വരെ കണ്ടെയ്നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകളാണ് മദർഷിപ്പുകൾ. ഇവയ്ക്ക് 350–450 മീറ്റർ നീളം ഉണ്ടാവും. ബഹുനില കെട്ടിടങ്ങളുടെ ഉയരമുള്ള ഇത്തരം കപ്പലുകളുടെ അടിഭാഗം കടലിനടിയിൽ 16–20 മീറ്റർ താഴ്ചയിലാവും കാണപ്പെടുക. കൂടുതൽ ആഴമുള്ള പോർട്ടുകളിലാണ് ഇത്തരം കപ്പലുകൾ അടുക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി തന്നെ 20–24 മീറ്റർ ആഴമുള്ളതിനാൽ ഇത്തരം കപ്പലുകൾ സുരക്ഷിതമായി തന്നെ അടുപ്പിക്കാനാവും. ഈ കപ്പലുകളെ അടുപ്പിക്കാവുന്ന പോർട്ട് ആയതിനാൽ തന്നെ മദർപോർട്ട് അഥവാ ട്രാൻസ്ഷിപ്മെന്റ് പോർട്ട് എന്നറിയപ്പെടുന്നു. ടൂറിസം രംഗത്തും വൻതോതിലുള്ള വികസനം കൊണ്ടുവരാൻ വിഴിഞ്ഞത്തിനാവുമെന്നു സർക്കാർ കണക്കാക്കുന്നു. നിലവിൽ കൊളംബോയിൽ ഒട്ടേറെ പോർട്ടുകളിൽ നിന്നു കപ്പലുകൾ എത്തുന്നതിനാൽ കൊച്ചി ഉൾപ്പെടെയുള്ള പോർട്ടുകളിൽ നിന്നെത്തുന്ന കപ്പലുകൾക്ക് ചരക്കുമാറ്റത്തിനായി ദിവസങ്ങൾ കാത്തു കിടക്കേണ്ട സ്ഥിതിയുണ്ട്. ഇവ ഒഴിവാക്കാനും വിഴിഞ്ഞത്തിന്റെ വരവിലൂടെ സാധിക്കും.
ചരിത്രം
തിരുത്തുക8 മുതൽ 14-ആം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായതും ലോകത്തിൽ തന്നെ അറിയപ്പെട്ടിരുന്നതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം.[അവലംബം ആവശ്യമാണ്] ആയ് രാജവംശത്തിന്റെ അഭിവൃദ്ധിയിൽ അസൂയ മുത്ത ചോള രാജവംശം കലാകാലങ്ങൾ അക്രമങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖം നശിപ്പിച്ചു.[അവലംബം ആവശ്യമാണ്] അതിനുശേഷം വിഴിഞ്ഞത്തിനു അതിന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല.
പദ്ധതി
തിരുത്തുകവിഴിഞ്ഞത്ത് ആദ്യമായി തുറമുഖം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തിയത് 1996-ൽ കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന ഇ.കെ. നായനാർ സർക്കാർ ആയിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ തീരുമാനപ്രകാരം തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചു. അതിനു് ശേഷം കേരളത്തിൽ അധികാരത്തിൽ വന്ന എ.കെ. ആന്റണി സർക്കാർ പ്രസ്തുത പഠനം പൂർത്തിയാക്കാതെ തന്നെ നേരിട്ട് ദർഘാസ് നടപടികളിലേയ്ക്ക് പ്രവേശിച്ചു. വിശദമായ പരിശോധന നടത്താതെയുള്ള ആന്റണി സർക്കാറിന്റെ റെന്റർ നടപടി പ്രകാരം കരാർ നേടിയ കൺസോർഷ്യത്തിന് സുപ്രധാനമായ സുരക്ഷാ അനുമതി കേന്ദ്രം നിഷേധിക്കുകയാണുണ്ടായത്. 2006-ൽ അധികാരത്തിൽ വന്ന വി.എസ്. അച്യുതാനന്ദൻ സർക്കാർ തുറമുഖത്തിന്റെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാറിൽ അനുമതിയ്ക്കായി സമർപ്പിച്ചു. എന്നാൽ, സുരക്ഷാകാരണങ്ങളാൽ അനുമതി നൽകാതെ കേന്ദ്രം അപേക്ഷ കേന്ദ്രം നിരാകരിച്ചു. അതിനെ തുടർന്ന് സർവകക്ഷി യോഗം ചേർന്ന് ചർച്ച നടത്തി പുതിയ റ്റെന്റർ നടപടികൾ ആരംഭിച്ചു. അതിന്റെ ഭാഗമായി തുറമുഖ നിർമ്മാണത്തിനായി നിക്ഷേപകരെ കണ്ടെത്തുന്നതിന് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടിയിൽ വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി പ്രതിനിധികളായി മീറ്റിൽ പങ്കെടുത്തു. ആന്ധ്രപ്രദേശ് ആസ്ഥാനമായ ലാൻകോ കൊണ്ടപ്പള്ളി എന്ന കമ്പനി സർക്കാർ നിശ്ചയിച്ച തുകയിലും കുറഞ്ഞ തുകയിൽ (നെഗറ്റീവ് റ്റെന്റർ) സംസ്ഥാനത്തിന് നിരന്തരലാഭം ലഭിക്കുന്ന തരത്തിൽ നൽകിയ ദർഘാസ് ആണ് അംഗീകരിക്കപ്പെട്ടത്. റ്റെന്ററിൽ പങ്കെടുത്ത ചില കമ്പനികൾ ലാൻകോ കൊണ്ടപ്പള്ളി എന്ന കമ്പനിയ്ക്ക് ചൈനീസ് കമ്പനിയ്ക്ക് ബന്ധം ഉണ്ടെന്ന് ആരോപിച്ചുകൊണ്ട് കോടതിയെ സമീപിച്ചതോടെ ലാൻകോ കമ്പനി റ്റെന്ററിൽ നിന്നും പിൻമാറുകയാണുണ്ടായത്. തുടർന്നുവന്ന ഉമ്മൻ ചാണ്ടി കേരള സർക്കാർ ആഗസ്റ്റ് 2015-ൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള കിഴിവ് കരാർ ഒപ്പിട്ടു. കരാറിന്റെ നടപ്പിലാക്കലിനു വേണ്ടി കേരള സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എന്ന പേരിൽ നൂറു ശതമാനം സർക്കാർ അധീനതയിലുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചു. പദ്ധതിയുടെ മേൽനോട്ടത്തിനും അവസരോചിതമായ ഇടപെടലുകൾക്കും കേരള സർക്കാർ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു എംപവേർഡ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 2014 ഡിസംബറിൽ ധനകാര്യമന്ത്രാലയം ഈ പദ്ധതിക്ക് തത്ത്വാധിഷ്ടിത അനുമതി നല്കി. കേരള സർക്കാർ 2019 ജൂലൈയിൽ അന്തിമ അനുമതിക്ക് വേണ്ടിയുള്ള രേഖകൾ സമർപ്പിച്ചു. [2]
വിമർശനങ്ങൾ
തിരുത്തുകഈ തുറമുഖപദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരും വിവിധങ്ങളായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടൽ മേഖലകളിൽ ഒന്നാണ് വിഴിഞ്ഞം. കടൽ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കുമെന്ന് ഇക്കൂട്ടർ വാദിക്കുന്നു. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ പരിസരാഘാത പത്രികയിലിൽ വിഴിഞ്ഞം തീരത്തെ ജൈവവ്യവസ്ഥക്കുണ്ടാകുന്ന അപരിഹാര്യമായ ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം പദ്ധതിക്കായി കടലിൽ ഏതാണ്ട് 3200 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കേണ്ടിവരും. ഇതിനായി ടൺകണക്കിന് പാറ കണ്ടെത്തേണ്ടിവരും എന്നുമാത്രമല്ല, വിവിധ പദ്ധതിക്കായി ഇന്ത്യയുടെ വിവിധ കടൽത്തീരങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട പുലിമുട്ടുകൾ കടൽത്തീരത്തുണ്ടാക്കിയിട്ടുള്ള വളരെ അപകടകരവും പ്രത്യക്ഷവുമായ മാറ്റങ്ങൾ വിഴിഞ്ഞത്തും ബാധിക്കും. പുലിമുട്ടിന്റെ ആഘാതവും പരിസ്ഥിതി ആഘാതപത്രികയിൽ പരിഗണിച്ചിട്ടില്ല. [3] [4] എന്നാൽ മേൽവാദഗതികളെല്ലാം തന്നെ 30 വ൪ഷക്കാലമായി ഈ പദ്ധതിയെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവരുന്ന മറ്റു തുറമുഖലോബികളുടെ തന്ത്രമാണെന്ന് തിരുവനന്തപുരം വാസികളും ആരോപിക്കുന്നു.
വിഴിഞ്ഞം പദ്ധതി അവകാശപ്പെടുന്നപോലെ ലാഭകരമല്ലെന്ന‌് സാമ്പത്തികവിമർശകർ ചൂണ്ടിക്കാട്ടുന്നു. അദാനിയുമായി കേരള സർക്കാർ നടത്തിയ ഒത്തുതീർപ്പു വ്യവസ്ഥകളിലൂടെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ടുഭാഗം തുകയും കേരളത്തിന്റെ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത കാലയളവിനകം കേരളം തിരിച്ചുനൽകണം. മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയൽ എസ്റ്റേറ്റിനായി വിട്ടുനൽകണം. ഇത് ഈടുവച്ച് വായ്പയെടുക്കാൻ അദാനിക്ക് അവകാശം നൽകിയിട്ടുണ്ട്. അവിടെ നടക്കുന്ന സ്വകാര്യ നിർമ്മാണങ്ങൾ പോർട്ടിന്റെ പേരിലായതിനാൽ നിലവിലുള്ള തീരദേശ നിയന്ത്രണ നിയമങ്ങൾ ബാധകമല്ലതാനും. [5]
വിഴിഞ്ഞം തീരത്തുനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് പദ്ധതിയില്ലാത്തത് ഇതിലെ വലിയ പരിമിതിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി 475 കോടി രൂപ പ്രത്യേകമായി ചെലവിട്ട് 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതിയായിരിക്കും. [3]