തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് പുലിമുട്ട്. ശക്തമായ തിരമാലകളിൽ നിന്ന് തീരത്തിനു സംരക്ഷണം നൽകുന്ന തുരുത്തുകളും മുനമ്പുകളുമാണ് നൈസർഗിക പുലിമുട്ടുകൾ. പ്രത്യേക ആവശ്യത്തിലേക്കായി വിഭിന്ന ആകൃതിയിലും വലിപ്പത്തിലും മനുഷ്യർ കൃത്രിമമായും ഇവ നിർമ്മിക്കാറുണ്ട്. തീരത്തോടു ബന്ധിപ്പിച്ചും അല്ലാതെയും ഇവ നിർമ്മിക്കാൻ സാധിക്കും. ചില സ്ഥലങ്ങളിൽ കടലോരങ്ങളെ സംരക്ഷിക്കുവാനും പുലിമുട്ടുകൾ നിർമ്മിക്കാറുണ്ട്. പൊക്കം കുറഞ്ഞ ചുമരുകളായാണ് മിക്കപ്പോഴും പുലിമുട്ടുകൾ നിർമ്മിക്കപ്പെടുന്നത്. കപ്പലുകൾക്കു കരയിലേക്കടുക്കുവാനുള്ള പ്രവേശന കവാടം തുറന്നിട്ടുകൊണ്ടാണ് ഇവ നിർമ്മിക്കാറുള്ളത്. പുലിമുട്ടുകളാൽ സംരക്ഷിതമായ ശാന്തമായ സമുദ്രഭാഗം കപ്പലുകൾക്ക് നങ്കൂരമിടുവാൻ അനുയോജ്യമാണ്. ചിലപ്പോൾ നിർമ്മാണാവശ്യങ്ങൾക്കു വേണ്ടിയും ധാതുക്കളുടെയോ പ്രകൃതി വാതകത്തിന്റെയോ ഖനന സൗകര്യത്തിനു വേണ്ടിയും താത്ക്കാലിക പുലിമുട്ടുകൾ നിർമ്മിക്കുക പതിവാണ്.

ശക്തികുളങ്ങരയിലെ പുലിമുട്ട്
കാലിഫോർണിയയിലെ ലോങ്ങ്ബീച്ചിൽ മണ്ണ് അടിഞ്ഞ് ഉണ്ടായ പുലിമുട്ട്

കടലും പുഴയും സംഗമിക്കുന്ന സ്ഥാനങ്ങളായ അഴിമുഖങ്ങളിൽ ഇവ നിർമ്മിക്കാറുണ്ട്. അഴിമുഖങ്ങളിൽ ജലത്തിന്റെ പ്രവാഹശക്തി കുറയുന്നതിനാൽ മണലും എക്കലും അടിഞ്ഞ് അഴിമുഖത്തിന്റെ ആഴം കുറയുന്നു. ഇത് വലിയ ബോട്ടുകളും മറ്റും അടുക്കുന്നതിനും സഞ്ചരിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. പുഴയിലേക്കടിച്ചു കയറുന്ന തിരകളും ബോട്ടുകളടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുലിമുട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.

നിർമ്മാണരീതി

തിരുത്തുക
 
പോർട്ട്‌ലാൻഡ് തുറമുഖത്തിൽ

കരിങ്കല്ല്, കോൺക്രീറ്റ് ഫലകങ്ങൾ, തടി എന്നിവ തുറമുഖത്തി ന്റെ അടിവാരത്തുള്ള കടൽത്തറയിൽ അട്ടിയിട്ട് ഉയർത്തിയാണ് സ്ഥിരമായ പുലിമുട്ടുകൾ നിർമ്മിക്കുന്നത്. വേലിയേറ്റ-ഇറക്കങ്ങൾ, കാറ്റ്, ഇടവിടാതെയുള്ള നീരൊഴുക്കുകൾ, സമുദ്രത്തിന്റെ ആഴം, തിരമാലകളുടെ ഘടന എന്നിവ പുലിമുട്ടുകളുടെ ആകൃതിയും സ്ഥാനവും നിർണയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ചില തുറമുഖങ്ങളിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നയിനം പുലിമുട്ടുകളും കാണാം. തടിയോ ഇരുമ്പുരുക്ക് ഫലകങ്ങളോ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഇത്തരം പുലിമുട്ടുകളെ തുടലുപയോഗിച്ച് കടൽത്തറയുമായി ബന്ധിച്ചിരിക്കും. നാവിക പരിശീലനത്തിലും മീൻപിടുത്തത്തിലും ഏർപ്പെട്ടവർക്ക് മുന്നറിയിപ്പു നൽകുന്ന വിളക്കുകളും മൂടൽമഞ്ഞുവീഴ്ച വിളിച്ചോതുന്ന ഫോഗ് ഹോൺ തുടങ്ങിയ നാവികോപാധികളും സാധാരണ പുലിമുട്ടുകളിലാണ് പിടിപ്പിക്കാറുള്ളത്.

അഴിമുഖത്തിന്റെ വീതി കുറച്ച് കടലിനുള്ളിലേക്ക് ഇരുവശത്തുകൂടിയും ചെറിയ കരിങ്കൽ തിട്ടകൾ കെട്ടുക എന്നതാണ് ഇതിനുപിന്നിലെ സാങ്കേതികത. വീതിയേറിയ സ്ഥലം പൊടുന്നനെ ഇടുങ്ങിയതാവുമ്പോൾ ഒഴുക്കിന്റെ ശക്തി വർദ്ധിക്കുകയും അടിത്തട്ടിലെ മർദ്ദം കുറയുകയും ചെയ്യുന്നു. ഈ രണ്ട് ഘടകങ്ങളും ചേർന്ന് അഴിമുഖത്തെ അടിഞ്ഞു കൂടിയ മണ്ണും മണലും കടലിലേക്കൊഴുക്കുന്നു. മണ്ണും മണലും ഇവിടങ്ങളിൽ തുടർന്ന് അടിയാതെ ഇത് തടയുകയും ചെയ്യുന്നു. കടലിലേക്ക് വീതി കുറഞ്ഞ് വരുന്നരീതിയിൽ ഈ കെട്ട് നിർമ്മിച്ചിരിക്കുന്നതിനാൽ അലകൾ പുഴയിലേക്ക് തള്ളിക്കയറുന്നതും തടയുന്നു. ഇവ തുറമുഖത്തിന്റെ പ്രവർത്തനം സുഗമമാക്കും. ഇതു കൂടാതെ കടലിലേക്കിറക്കിക്കെട്ടുന്ന കൽക്കെട്ടിനിരുവശം ആഴം കുറഞ്ഞ ബീച്ചായി രൂപപ്പെടുകയും ചെയ്യുന്നു.

നിർമ്മാണസ്ഥലം

തിരുത്തുക
 
എൽമെർ തുറമുഖം യു. കെ.

കരയോടു ചേർന്നും കരയിൽ നിന്ന് അകലത്തായും പുലിമുട്ടുകൾ നിർമ്മിക്കാറുണ്ട്. മിക്കവാറും എല്ലാ പുലിമുട്ടുകളുടേയും ഒരു ഭാഗം തീരത്തിന് ഏകദേശം സമാന്തരമായിട്ടായിരിക്കും നിർമ്മിക്കുക. ജെട്ടിയിൽ നിന്ന് പുലിമുട്ടുകളെ വേർതിരിച്ചു നിർത്തുന്നതും ഇതേ ഘടകം തന്നെ. തീരത്തിനു ലംബമായാണ് മിക്കപ്പോഴും ജെട്ടികൾ നിർമ്മിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പുലിമുട്ട്&oldid=3981086" എന്ന താളിൽനിന്ന് ശേഖരിച്ചത്