വില്ല്യം ആർച്ചിബാൾഡ് ഡണ്ണിങ്ങ്
വില്ല്യം ആർച്ചിബാൾഡ് ഡണ്ണിങ്ങ് അമേരിക്കൻ ചരിത്രകാരനും രാഷ്ട്രീയ തത്ത്വചിന്താ പണ്ഡിതനുമായിരുന്നു. 1857 മേയ് 12-ന് അമേരിക്കയിൽ ന്യൂജഴ്സിയിലെ പ്ലെയിൻഫീൽഡിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും 1885-ൽ ഡോക്ടറേറ്റ് നേടിയ ഡണ്ണിങ് അവിടെത്തന്നെ അധ്യാപകനായി. പ്രൊഫസറായി സ്ഥാനമേറ്റതോടെ ചരിത്രകാരനെന്ന നിലയിൽ വിഖ്യാതനായി. ഇതോടൊപ്പം രാഷ്ട്രീയതത്ത്വചിന്തയുടെ പ്രൊഫസർ പദവി (1904 മുതൽ) വഹിക്കുവാനും ഡണ്ണിങ്ങിന് അവസരമുണ്ടായി.
ചരിത്രപണ്ഡിതൻ
തിരുത്തുകഅമേരിക്കയുടെ പുനർനിർമ്മാണ ചരിത്രത്തെപ്പറ്റി പഠനം നടത്തി പാണ്ഡിത്യം തെളിയിച്ച ചരിത്രകാരനായിരുന്നു ഇദ്ദേഹം. ഡണ്ണിങ് ഒരിക്കലും തന്റെ പഠനങ്ങളിൽ വൈകാരികമായ സമീപനം സ്വീകരിച്ചിരുന്നില്ലയെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ചരിത്രപണ്ഡിതൻ എന്ന നിലയിൽ ഇദ്ദേഹം നൽകിയ ഏററവും വലിയ സംഭാവന അമേരിക്കൻ ആഭ്യന്തര കലാപവും രാഷ്ട്രപുനർനിർമ്മാണവും സംബന്ധിച്ച പ്രബന്ധങ്ങളായിരുന്നു. എസ്സേസ് ഓൺ ദ് സിവിൽ വാർ ആൻഡ് റീ കൺസ്ട്രക്ഷൻ എന്ന 1897-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം 1904-ൽ വീണ്ടും പ്രസിദ്ധീകരിക്കുവാൻ നിർബന്ധിതമായ സാഹചര്യം ഇദ്ദേഹത്തിന്റെ രചനാപാടവത്തിന് തെളിവായി നിൽക്കുന്നു. അമേരിക്കയുടെ പുനഃസൃഷ്ടിക്കായി നടത്തിയ ശ്രമങ്ങളായിരുന്നു ഈ ഗ്രന്ഥത്തിലെ പ്രധാന ചർച്ചാവിഷയം. മാത്രമല്ല, അതിന് കാരണങ്ങൾ മുഖ്യമായും രാഷ്ട്രീയമാണെന്നും സാമ്പത്തികമായിരുന്നില്ലെന്നും അസന്ദിഗ്ധമായി തെളിയിക്കുകയും ചെയ്തു.
പ്രധാനകൃതികൾ
തിരുത്തുകറീ കൺസ്ട്രക്ഷൻ : പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക് 1865-1877 എന്ന രചന അമേരിക്കയുടെ ഉത്തര-ദക്ഷിണ മേഖലകളെപ്പറ്റി വിശകലനം ചെയ്തും അടിസ്ഥാനപരമായി താരതമ്യം നടത്തിയും തയ്യാറാക്കിയിട്ടുള്ളതാണ്. ഹിസ്റ്ററി ഒഫ് പൊളിറ്റിക്കൽ തിയറീസ്, എൻഷ്യന്റ് ആൻഡ് മിഡീവിയൽ (മൂന്നു വാല്യം;1902-1920) എന്ന രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളുടെ ചരിത്രവും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ദ് ബ്രിട്ടിഷ് എംപയർ ആൻഡ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് (1914)-ഉം ഇദ്ദേഹത്തിന്റെ ഒരു പ്രധാന കൃതിയാണ്. അമേരിക്കൻ ഹിസ്റ്റോറിക്കൽ അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ഡണ്ണിങ് 1913-ൽ അതിന്റെ പ്രസിഡന്റായി. ഇദ്ദേഹം 1922 ഓഗസ്റ്റ് 25-ന് ദിവംഗതനായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.jstor.org/stable/1943651
- http://www.answers.com/topic/dunning-william-archibald
- http://www.infoplease.com/ce6/people/A0816359.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡണ്ണിങ്, ഡബ്ള്യൂ. എ. (1857-1922) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |