വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
താഴെപ്പറയുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചാകണം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ നിശ്ചയിക്കേണ്ടത്.
ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും എല്ലാത്തരത്തിലും മികച്ചു നിൽക്കുന്ന ലേഖനങ്ങളാണ് വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിൽ വരേണ്ടത്. താഴെപ്പറയുന്ന നിബന്ധനകൾ പ്രാവർത്തികമാക്കിയവയായിരിക്കണം തിരഞ്ഞെടുത്ത ലേഖനങ്ങൾ:
സമഗ്രമായിരിക്കണം, ഭാഷാശുദ്ധിയുള്ളതായിരിക്കണം, വസ്തുനിഷ്ഠമായിരിക്കണം, നിഷ്പക്ഷമായിരിക്കണം.
- ഭാഷാശുദ്ധി പ്രധാനമാണ്. വിജ്ഞാനകോശ നിലവാരമുള്ള ഭാഷ തിരഞ്ഞെടുത്ത ലേഖനത്തിന് അത്യാവശ്യമാണ്.
- വിഷയവുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകൾ എല്ലാം ഉൾക്കൊള്ളിച്ചിരിക്കണം. എങ്കിൽ മാത്രമേ ഒരു ലേഖനം സമ്പൂർണ്ണമാകുന്നുള്ളൂ.
- ലേഖനത്തിന്റെ ഉള്ളടക്കം വസ്തുതാപരമായ പിഴവുകൾ ഉള്ളതാകരുത്. വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ചും അവലംബങ്ങൾ ശരിയായി സൂചിപ്പിച്ചും വസ്തുതകൾ വിശകലനം ചെയ്തു വേണം തിരഞ്ഞെടുത്ത ലേഖനങ്ങൾ തയാറാക്കേണ്ടത്.
- ലേഖനത്തിന്റെ അവതരണം ഏതെങ്കിലും പ്രത്യേക കാഴ്ചപ്പാടിന് കൂടുതൽ പ്രാമുഖ്യം നൽകിയുള്ളതായിരിക്കരുത്. കാഴ്ചപ്പാടുകളേക്കാൾ വസ്തുതകൾക്കായിരിക്കണം മുൻഗണന.
- വിക്കിപീഡിയ ലേഖകർ തമ്മിലുള്ള തിരുത്തൽ യുദ്ധം അരങ്ങേറുന്ന ലേഖനങ്ങൾ തിരഞ്ഞെടുത്ത ഉള്ളടക്കമായി അവതരിപ്പിക്കാതിരിക്കുകയാണു നല്ലത്.
വിക്കിപീഡിയ നിഷ്കർഷിക്കുന്ന ശൈലിയിൽ എഴുതി അവതരിപ്പിക്കപ്പെട്ടതാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ.
ആമുഖത്തിൽ പ്രധാന വിഷയത്തിന്റെ രത്നച്ചുരുക്കം അവതരിപ്പിച്ചിരിക്കണം. ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്.
ലേഖനത്തെ കൂടുതൽ വ്യക്തമാക്കുന്നവിധത്തിൽ വിഷയത്തോടു ചേർന്നു നിൽക്കുന്ന ചിത്രങ്ങളും ഉണ്ടായിരിക്കണം.
അനാവശ്യമായ വിവരങ്ങൾ ലേഖനത്തിലുണ്ടാകരുത്. പ്രധാന വിഷയത്തിൽ നിന്നും വ്യതിചലിച്ചതുമാകരുത്.
- കൃത്യമായ അവലംബങ്ങളുടെ പിൻബലം ഉണ്ടായിരിക്കണം
- ചുവപ്പു കണ്ണികൾ പരമാവധി കുറവായിരിക്കണം