ഛന്ദഃശാസ്ത്രം

(വികൃതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്ഷരങ്ങളെ സംഗീതാത്മകമായി നിയന്ത്രിക്കേണ്ട നിയമങ്ങൾ, അവയുടെ ലക്ഷണങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പഠനമാണ് ഛന്ദഃശാസ്ത്രം അഥവാ വൃത്തശാസ്ത്രം. ഛന്ദസ്സ് എന്നുമാത്രമായും ഛന്ദഃശാസ്ത്രത്തെ വിവക്ഷിക്കാറുണ്ട്. അക്ഷരം, വർണം, മാത്ര തുടങ്ങിയവയെ പദ്യരൂപത്തിൽ സന്നിവേശിപ്പിക്കുന്നതിനുള്ള നിബന്ധനകൾ ഉൾക്കൊള്ളുന്നതാണ് ഛന്ദഃശാസ്ത്രം. പദ്യങ്ങളുടെ ഓരോ വരിയിലും എത്ര അക്ഷരം വരണം എന്ന് സൂചിപ്പിക്കുന്ന 'ഛന്ദസ്സു'കളാണ്ണ് ഛന്ദഃശാസ്ത്രത്തിലെ മുഖ്യപ്രതിപാദ്യം. ഓരോ ഛന്ദസ്സുകളിലും പദ്യമെഴുതാൻ സഹായിക്കുന്ന വൃത്തങ്ങളെപ്പറ്റിയും വളരെ നീണ്ട വരികളുള്ള ദണ്ഡകങ്ങളെപ്പറ്റിയും ഛന്ദഃശാസ്ത്രം പ്രതിപാദിക്കുന്നു.

വേദാംഗങ്ങൾ എന്നറിയപ്പെടുന്ന ആറുശാസ്ത്രങ്ങളിൽ ഒന്നാണ് ഛന്ദഃശാസ്ത്രം. പ്രാചീന ഭാരതീയസാഹിത്യത്തിൽ ഛന്ദഃശാസ്ത്രത്തിന് വളരെയേറെ പ്രാധാനം കല്പിക്കപ്പെട്ടിരുന്നു.

ഛന്ദഃശാസ്ത്രപ്രകാരം ലിഖിതഭാഷയുടെ അടിസ്ഥാനം അക്ഷരമാണ്. സ്വരങ്ങളെയും 'സ്വരം‌ചേർന്നവ്യഞ്ജങ്ങളെ'യുമാണ് അക്ഷരങ്ങളായി കണക്കാക്കുന്നത്. 'കേവലവ്യഞ്ജന'ങ്ങളും 'ചില്ലു'കളും അക്ഷരങ്ങളല്ല.

അതായത്, ഛന്ദഃശാസ്ത്രപ്രകാരം -

  • അ, ആ, ഇ, ഈ തുടങ്ങിയ സ്വരങ്ങളെല്ലാം അക്ഷരങ്ങളാണ്.
  • ക്, ഖ്, ഗ്, ഖ്, തുടങ്ങിയ കേവലവ്യഞ്ജനങ്ങൾ അക്ഷരങ്ങളല്ല[1].
  • എന്നാൽ കേവലവ്യഞ്ജനങ്ങൾ സ്വരങ്ങളോട് ചേർന്ന് ഉച്ചാരണക്ഷമമാകുമ്പോൾ അവയും അക്ഷരങ്ങളാകുന്നു. ക, കാ, കി, കീ .., ഖ, ഖാ, ഖീ.., ഹ, ഹാ, ഹി, ഹീ.. തുടങ്ങിയവയെല്ലാം അക്ഷരങ്ങളാണ്.
  • ചില്ലുകൾ പൂർണാർഥത്തിൽ അക്ഷരങ്ങൾ അല്ല. അവയെ അക്ഷരങ്ങളുടെ അംശമായി മാത്രം കണക്കാക്കണം.

അക്ഷരങ്ങൾ ഉച്ചരിക്കാനെടുക്കുന്ന സമയത്തിന്റെ ഏകകത്തിനെ ഛന്ദഃശാസ്ത്രത്തിൽ മാത്ര എന്ന് പറയുന്നു. ഒരു ഹ്രസ്വാക്ഷരം ഉച്ചരിക്കുന്നതിനെടുക്കുന്ന സാധാരണ സമയമാണ് ഒരു മാത്ര.

ലഘുവക്ഷരങ്ങളും ഗുരുവക്ഷരങ്ങളും

തിരുത്തുക

മാത്രയെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ ലഘ്വക്ഷരങ്ങൾ എന്നും ഗുർവക്ഷരങ്ങൾ എന്നും രണ്ടായി തിരിക്കുന്നു. ഒരു മാത്രയുള്ള അക്ഷരം ലഘു. രണ്ടുമാത്രയുള്ള അക്ഷരം ഗുരു.

എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്. ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും.

സൂചകചിഹ്നങ്ങൾ

തിരുത്തുക

ഒരു അക്ഷരം ലഘുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി വക്രരേഖ (υ) ഉപയോഗിക്കുന്നു. അക്ഷരം ഗുരുവാണെന്ന് കാണിക്കണമെങ്കിൽ അക്ഷരത്തിനു മുകളിലായി തിരശ്ചീനമായ ഋജുരേഖ () ഉപയോഗിക്കുന്നു.

ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങൾ അനുസരിച്ച് പദ്യങ്ങളിലെ അക്ഷരങ്ങളെയോ മാത്രകളെയാ കൂട്ടങ്ങളായി തിരിക്കുന്നതിൽ ഒരു കൂട്ടത്തിന്നു പറയുന്ന പേരാണ് ഗണം. അക്ഷരങ്ങളെ അടിസ്ഥാനമാക്കിയും മാത്രകളെ അടിസ്ഥാനമാക്കിയും ഗണങ്ങൾ തിരിക്കാറുണ്ട്.

അക്ഷരങ്ങളെ അടിസ്ഥാനമാക്കി ഗണം തിരിക്കേണ്ട സന്ദർഭങ്ങളിൽ മൂന്നക്ഷരം കൂടുന്നത് ഒരു ഗണം എന്നാണ് നിയമം. ഗുരുലഘുക്കളുടെ സ്ഥാനമനുസരിച്ച് എട്ടുതരം ഗണങ്ങളുണ്ട്. 'യ'ഗണം, 'ര'ഗണം, 'ത'ഗണം, 'ഭ'ഗണം, 'ജ'ഗണം, 'സ'ഗണം, 'മ'ഗണം, 'ന'ഗണം എന്നിവയാണവ.

മാത്രകളുടെ അടിസ്ഥാനത്തിൽ ഗണകല്പന ചെയ്യേണ്ടയിടങ്ങളിൽ നാലുമാത്രകൾ ചേരുന്നതാണ് ഒരു ഗണം. മാത്രാഗണങ്ങൾക്ക് പ്രത്യേകം പേരുകൾ ഇല്ല.

ഛന്ദസ്സ്

തിരുത്തുക

പദ്യത്തിന്റെ പാദത്തിൽ (വരിയിൽ) ഇത്ര അക്ഷരം ഉണ്ടായിരിക്കണമെന്ന നിയമമാണ് ഛന്ദസ്സ്. ഒരു വരിയിൽ ഒരക്ഷരം മാത്രമുള്ള 'ഉക്ത' മുതൽ 26 അക്ഷരമുള്ള 'ഉത്കൃതി'വരെ പലതരം ഛന്ദസ്സുകളുണ്ട്. എട്ട് അക്ഷരങ്ങളിൽ താഴെയുള്ള ഛന്ദസ്സുകളും ഇരുപത്തിയൊന്നക്ഷരത്തിനു മുകളിൽ വരുന്ന ഛന്ദസ്സുകളും കവികൾ സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും ഒരു വരിയിൽ ആറക്ഷരങ്ങൾ മാത്രമുള്ള ഗായത്രീഛന്ദസ്സിന്റെയും മറ്റും ഉപയോഗം വേദങ്ങളിൽ സാധാരണയാണ്. ഛന്ദസ്സുകളിൽ പദ്യം ചമയ്ക്കുന്നതിനുള്ള നിയമങ്ങളാണ് വൃത്തങ്ങൾ. ഓരോ ഛന്ദസ്സിലും പദ്യം ചമയ്ക്കുന്നതിന് അനേകം വൃത്തങ്ങളുണ്ട്.

അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം. ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ സംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ. ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ.

ദണ്ഡകങ്ങൾ

തിരുത്തുക

ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്നതരം പദ്യങ്ങൾ നിർമ്മിക്കാനുള്ള നിയമങ്ങളാണ് ദണ്ഡകങ്ങൾ. 27 അക്ഷരം മുതൽ 999 വരെ അക്ഷരപാദമുള്ള ദണ്ഡകങ്ങളുണ്ട്. 'ചണ്ഡവൃഷ്ടിപ്രയാതം', 'പ്രതിചക്രം' തുടങ്ങിയ ദണ്ഡകങ്ങൾ പ്രതിപാദം 27 അക്ഷരം വരുന്നവയാണ്.

ഇവകൂടി കാണുക

തിരുത്തുക


കുറിപ്പുകൾ

തിരുത്തുക

1. ^ ഇവിടെ ക്, ഖ്, തുടങ്ങിയവയിലെ ചന്ദ്രക്കല വിരാമചിഹ്നത്തെയാണ് കാണിക്കുന്നത്. സം‌വൃതോകാരത്തെയല്ല.

"https://ml.wikipedia.org/w/index.php?title=ഛന്ദഃശാസ്ത്രം&oldid=3295927#വികൃതി" എന്ന താളിൽനിന്ന് ശേഖരിച്ചത്