ലിപിമാറ്റരീതിപ്രകാരം കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന സ്വതന്ത്രവും[1] സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറാണ് വരമൊഴി.[2] വിൻഡോസിനും യുണിക്സിനുമായുള്ള വരമൊഴി പതിപ്പുകൾ ലഭ്യമാണെങ്കിലും[3] വിൻഡോസിനു വേണ്ടിയുള്ള പതിപ്പാണ്‌ കൂടുതൽ പ്രചാരം നേടിയത്. ഇംഗ്ലീഷ് കീബോർഡുപയോഗിച്ച് മലയാളമെഴുതാൻ വികസിപ്പിച്ച ആദ്യകാല ലിപിമാറ്റ സോഫ്റ്റ്‌വെയറാണിത്. സി.ജെ. സിബു ആണ് ഇതിന്റെ ഉപജ്ഞാതാവ്.

വരമൊഴി
വിൻഡോസിനു വേണ്ടിയുള്ള വരമൊഴി എഡിറ്ററിന്റെ സ്ക്രീൻഷോട്ട്
വിൻഡോസിനു വേണ്ടിയുള്ള വരമൊഴി എഡിറ്ററിന്റെ സ്ക്രീൻഷോട്ട്.
വികസിപ്പിച്ചത്സി.ജെ. സിബു
ഭാഷപേൾ
ഓപ്പറേറ്റിങ് സിസ്റ്റംവിവിധം
തരംലിപ്യന്തരണം
അനുമതിപത്രംഗ്നു ജിപിഎൽ
വെബ്‌സൈറ്റ്varamozhi.sourceforge.net

മലയാളം യൂണികോഡ് ഫോണ്ടൂകൾക്കു പുറമേ, പ്രചാരത്തിലിരുന്ന വിവിധ ആസ്കി ഫോണ്ടുകൾ ഉപയോഗിച്ചും ലിപിമാറ്റവ്യവസ്ഥയിലൂടെ എഴുതാൻ സാധിക്കുന്നു എന്നതാണ് വരമൊഴിയുടെ എടുത്തുപറയേണ്ട പ്രത്യേകത. യൂണികോഡിലുള്ള എഴുത്തിനെ ഏതെങ്കിലും ആസ്കി ഫോണ്ടിലേക്ക് മാറ്റാനും, ആസ്കി ഫോണ്ടുകളിലുള്ള എഴുത്തിനെ യൂണികോഡിലേക്കും കീമാപ്പ് വ്യത്യാസമുള്ള മറ്റൊരു ആസ്കി ഫോണ്ടിലേക്കും മാറ്റാനും ഇന്നും വരമൊഴി ഉപയോഗിക്കുന്നുണ്ട്.

ചരിത്രംതിരുത്തുക

വിവിധ ലിപിമാറ്റരീതികളിൽ ഇംഗ്ലീഷ്‌ലിപിയിലെഴുതിയ എഴുത്തിനെ വിവിധ ആസ്കി മലയാളം ഫോണ്ടുകളിലേക്ക് മാറ്റാനുള്ള യുണിക്സ് ലൈബ്രറിയും കമാൻഡ്ലൈൻ ആപ്ലിക്കേഷനുമായാണ് വരമൊഴി ഉടലെടുത്തത്. 1999-ൽ പുറത്തിറങ്ങിയ മാധുരി എന്ന ലിപിമാറ്റസോഫ്റ്റ്‌വെയർ വരമൊഴി ലൈബ്രറി ഉപയോഗപ്പെടുത്തിയിരുന്നു. 2002 ജൂണിൽ, ആസ്കി ഫോണ്ടൂകൾക്കൊപ്പം, യൂണികോഡും പിന്തുണക്കുന്ന ഒരു എഡിറ്റർ ആപ്ലിക്കേഷനായി വരമൊഴി പുറത്തിറക്കി.[4][5] 2004-2006 കാലയലവിൽ, കമ്പ്യൂട്ടറിൽ മലയാളമെഴുതാൻ വ്യാപകമായി വരമൊഴി എഡിറ്റർ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനു ശേഷം സോഫ്റ്റ്‌വെയറിന്റെ പ്രചാരം കുറഞ്ഞു. എല്ലാ ടെക്സ്റ്റ്ബോക്സുകളിലേക്കും നേരിട്ട് മലയാളം എഴുതാൻ സാധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ആവിർഭാവമായിരുന്നു അതിന് കാരണം. എങ്കിലും വരമൊഴിയിലൂടെ ആവിഷ്കരിക്കപ്പെട്ട മൊഴി എന്ന ലിപിമാറ്റവ്യവസ്ഥ ഇന്നും വ്യാപകമായിത്തന്നെ ഉപയോഗിക്കുന്നു.

മൊഴി ലിപിമാറ്റവ്യവസ്ഥതിരുത്തുക

എഴുതാനുള്ള മലയാളഅക്ഷരങ്ങൾക്ക് സമാനമായ (ഏകദേശം അതേ ശബ്ദം ഉൾക്കൊള്ളുന്ന) ഇംഗ്ലീഷ് അക്ഷരങ്ങൾ തന്നെ ഉപയോഗിക്കുക എന്നതാണ് വരമൊഴിയിലെ ലിപിമാറ്റവ്യവസ്ഥയുടെ കാതൽ. ഉദാഹരണത്തിന് കാപ്പി എന്നാണു മലയാളത്തിൽ വരേണ്ടതെങ്കിൽ, kaappi എന്നുതന്നെ ഇംഗ്ലീഷിൽ എഴുതുന്നു. വരമൊഴി എഡിറ്റർ, ഇതിനെ പരിശോധിച്ച് അതിനു യോജിച്ച മലയാളം അക്ഷരങ്ങളാക്കി (കാപ്പി) മാറ്റുന്നു.

വരമൊഴിയോടൊപ്പം രൂപം പ്രാപിച്ച ഈ ലിപിമാറ്റവ്യവസ്ഥ, ഇന്ന് മൊഴി ലിപിമാറ്റവ്യവസ്ഥ എന്നാണ് അറിയപ്പെടുന്നത്. മൊഴി ലിപിമാറ്റവ്യവസ്ഥയുടെ ചെറിയ വ്യത്യാസങ്ങളോടു കൂടിയ രൂപങ്ങൾ ടോൾസോഫ്റ്റ് കീമാൻ പോലുള്ള മറ്റു ലിപിമാറ്റ സോഫ്റ്റ്വെയറുകൾക്കൊപ്പം ഉപയോഗിക്കപ്പെട്ടു. മലയാളം വിക്കിപീഡിയയിൽ ഇന്ന് ഉപയോഗിക്കുന്ന നാരായം എന്ന എഴുത്തുപകരണം ഈ ലിപിമാറ്റവ്യവസ്ഥയുടെ ഇത്തരം ഒരു രൂപം [൧] ഉപയോഗിക്കുന്നു.

ഉദാഹരണങ്ങൾതിരുത്തുക

 • amma / aMa - അമ്മ
 • kOLEj~ - കോളേജ്‌
 • bhakshyagavEshaNam - ഭക്ഷ്യഗവേഷണം
 • kalaalayam - കലാലയം
 • inDya - ഇൻഡ്യ
 • inthya - ഇന്ത്യ
 • {India} - India ( “{“, “}“ എന്നീ അടയാളങ്ങൾക്കുള്ളിൽ ചേർത്ത് ഈ വാക്കിനെ ലിപ്യന്തരീകരണത്തിൽ നിന്നൊഴിവാക്കിയിരിക്കുന്നു.)
 • aaN - ആൺ, aaN~ - ആണ് ( ചില്ലക്ഷരങ്ങളും സംവൃതോകാരങ്ങളും “~" , "_" എന്നീ ചിഹ്നങ്ങൾ കൊണ്ട് പ്രത്യേകമായി രേഖപ്പെടുത്തുന്നു.)

അവലംബംതിരുത്തുക

 1. സോഴ്സ്ഫോർജ്.നെറ്റിലെ വരമൊഴിയുടെ ജി.പി.എൽ. 2 അനുമതിപത്രം
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-03.
 4. വരമൊഴിയുടെ ചരിത്രം
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)

കുറിപ്പുകൾതിരുത്തുക

^ സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വരമൊഴി_സോഫ്റ്റ്‌വെയർ&oldid=3808355" എന്ന താളിൽനിന്ന് ശേഖരിച്ചത്