വരമൊഴി
ഏത് ഭാഷയ്ക്കും സംസാരഭാഷ, എഴുത്ത് എന്നീ രണ്ട് രീതികൾ ഉണ്ടായിരിക്കും. സംസാരഭാഷയെ വാമൊഴി എന്നും എഴുത്തിനെ വരമൊഴി എന്നും വിളിക്കും. അവികസിതഭാഷകൾ ഇതിന് അപവാദമാണ്. എഴുതുവാനുപയോഗിക്കുന്ന സമ്പ്രദായത്തെ ലിപിവ്യവസ്ഥ എന്നു വിളിക്കുന്നു.ചില ഭാഷകളിൽ ഒന്നിലധികം ലിപിവ്യവസ്ഥ പ്രയോഗത്തിലുണ്ട്.
എന്നാൽ വാമൊഴി വഴക്കം ഇതിലേറെ സങ്കീർണ്ണമാണ്. തിരുവനന്തപുരത്തുകാരനും തൃശ്ശൂർക്കാരനും കണ്ണൂർക്കാരനും ഒരേ രീതിയിലല്ല മലയാളം പറയുന്നത്. അതു പോലെ തന്നെ പല സമുദായങ്ങളിലുമുള്ളവർ പറയുന്ന മലയാളവാക്കുകൾക്കും പ്രയോഗങ്ങൾക്കും പ്രകടമായ വ്യത്യാസമുണ്ട്. നമ്പൂരി മലയാളം, മാപ്പിള മലയാളം എന്നും മറ്റും തുടങ്ങി എടുത്തു പറയത്തക്ക വ്യതിരിക്തമായ വാമൊഴികൾ മലയാളത്തിൽ പ്രചാരത്തിലുണ്ട്. വീട്ടിലും ജോലിസ്ഥലത്തും പൊതുവഴിയിലും കലാലയാങ്കണങ്ങളിലും നാം വേറിട്ട വാമൊഴികൾ ഉപയോഗിച്ചെന്നു വരാം.
ഇങ്ങനെ വളരെ കൂടുതൽ വ്യത്യാസം സംഭവിച്ചുകഴിഞ്ഞാൽ ഒരു വരമൊഴിയോ വാമൊഴിയോ ഒരു ഉപഭാഷ (Dialect) ആയി മാറിയെന്നു വരാം. കാലാന്തരത്തിൽ അത്തരം ചില ഉപഭാഷകൾ തികച്ചും സ്വന്തമായ ഒരു വ്യക്തിത്വം സ്വീകരിച്ച് ഒരു പുതിയ ഭാഷ തന്നെയായി മാറിയെന്നും വരാം.