വടക്കുപുറത്തു പാട്ട്

(വടക്കുപുറത്തുപാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും, പാട്ട് കാലം കൂടുന്ന നാൾ ഗുരുതിയും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തു പാട്ട് [1][2][3].

എട്ടു കൈകളുള്ള കളം


ഐതിഹ്യം

തിരുത്തുക

പണ്ടുകാലത്ത് വൈക്കം ദേശത്ത് ഭയങ്കരമായ വസൂരിബാധയുണ്ടായി. വസൂരി ബാധിച്ച് നിരവധി ആളുകൾ മരിച്ചുപോയി. വടക്കുംകൂർ രാജവംശത്തിന്റെ കാലത്തായിരുന്നു ആ സംഭവം. അന്നത്തെ വടക്കുംകൂർ രാജാവ് ഇതിന്റെ കാരണമന്വേഷിച്ച് ഒരു ജ്യോത്സ്യരെ സമീപിച്ചു. [ചൊവ്വ|ചൊവ്വയുടെ]] കോപം കൊണ്ടാണ് വസൂരിയുണ്ടായതെന്നും, ചൊവ്വയുടെ പ്രീതിയ്ക്ക് ഭദ്രകാളീഭജനമാണ് പ്രധാനമെന്നും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളീക്ഷേത്രമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഒരു മണ്ഡലക്കാലം (41 ദിവസം) ഭജനമിരിയ്ക്കുന്നത് ഏറ്റവും നന്നായിരിയ്ക്കുമെന്നും ജ്യോത്സ്യർ കണ്ടെത്തി. അതനുസരിച്ച് രാജാവ് കൊടുങ്ങല്ലൂരിലെത്തി ഭജനം തുടങ്ങി. 41-ആം ദിവസം രാത്രി അദ്ദേഹത്തിന് ഭഗവതിയുടെ സ്വപ്നദർശനമുണ്ടായി. വൈക്കം ക്ഷേത്രമതിലകത്ത് പന്ത്രണ്ടുവർഷം കൂടുമ്പോൾ തന്നെ പ്രീതിപ്പെടുത്താനായി പന്ത്രണ്ടുദിവസം കളമെഴുത്തും പാട്ടും അവസാനദിവസം ഒരു ഗുരുതിയും നടത്തണമെന്നും രാജാവിന്റെ തലയ്ക്കൽ വച്ചിട്ടുള്ള വാൾ കൊണ്ടുപോയി ആ ദിവസങ്ങളിൽ പ്രതിഷ്ഠിയ്ക്കണമെന്നുമായിരുന്നു ഭഗവതിയുടെ ഉപദേശം. കണ്ണുതുറന്നുനോക്കിയ രാജാവ് തന്റെ തലയ്ക്കൽ ഒരു വാൾ കിടക്കുന്നത് കണ്ടു.

പിറ്റേദിവസം കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തിയ രാജാവിന്റെ മുന്നിൽ വെളിച്ചപ്പാട് പ്രത്യക്ഷപ്പെടുകയും താൻ സ്വപ്നത്തിൽ പറഞ്ഞതുപോലെ ചെയ്താൽ എല്ലാ ദുരിതങ്ങളുമൊഴിയുമെന്ന് പറയുകയും ചെയ്തു. അതനുസരിച്ച് രാജാവ് വൈക്കത്ത് മടങ്ങിയെത്തി വടക്കുപുറത്ത് പാട്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സ്വപ്നത്തിൽ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും രാജാവ് ചെയ്തു. അങ്ങനെ, വൈക്കത്ത് വസൂരിരോഗം ഇല്ലാതായി. പിന്നീട് ഇതുവരെ വസൂരിയുണ്ടായതായി കേട്ടിട്ടില്ല.

ചടങ്ങുകൾ

തിരുത്തുക

കളമെഴുത്ത്

തിരുത്തുക

വൈക്കം ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്താണ് കളമെഴുതി പൂജിക്കുന്നത്. ആദ്യ നാലുദിവസം എട്ട് കൈകളുള്ള ഭഗവതിയുടെ രൂപമാണ് കളത്തിൽ വരയ്ക്കുക. പിന്നീടുള്ള ഓരോ ദിവസവും കൈകളുടെ എണ്ണം കൂട്ടി വരയ്ക്കും. അടുത്ത നാലുദിവസങ്ങളിൽ പതിനാറ് കൈകളുള്ള രൂപവും, അതിനു ശേഷമുള്ള മൂന്ന് ദിവസങ്ങളിൽ 32 കൈകളുള്ള രൂപവും വരയ്ക്കുന്നു. കാലം കൂടുന്ന ദിവസം വളരെ ബൃഹത്തായ, 64 കൈകളിൽ 64 ആയുധങ്ങളുമായി ദേവിയുടെ വാഹനമായ വേതാളത്തിന്റെ പുറത്ത് എഴുന്നള്ളുന്ന സംഹാര രുദ്രയായ ഭദ്രകാളിയുടെ, കളമാണ് വരയ്ക്കുക[4].

ചിത്രശാല

തിരുത്തുക
  1. http://vadakkupurathupattu.com/cms.php?id=2[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.metrovaartha.com/2012/11/26054941/vaikkom-temple-feat2012.html[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.mathrubhumi.com/kottayam/news/2072505-local_news-Vaikkam-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.html[പ്രവർത്തിക്കാത്ത കണ്ണി]
  4. http://malayalam.oneindia.in/travel/festivals/032801vaikom1.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വടക്കുപുറത്തു_പാട്ട്&oldid=3644265" എന്ന താളിൽനിന്ന് ശേഖരിച്ചത്