കെനിയയിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു നോബൽ സമ്മാനജേതാവായ വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ് (1 ഏപ്രിൽ 1940 – 25 സെപ്റ്റംബർ 2011)(ഇംഗ്ലീഷ്: Wangari Maathai).പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ഗ്രീൻ ബെൽറ്റ് എന്ന പേരിൽ അതിനെ വലിയ പ്രസ്ഥാനമായി വളർത്തിയെടുക്കുകയും ചെയ്ത പരിസ്ഥിതി പ്രവർത്തകയാണ് പ്രൊഫ: വങ്കാരി. സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയാണിവർ.[1] മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവർത്തക എന്നീനിലകളിൽ പ്രശസ്തയാണവർ. അമേരിക്കൻ ഐക്യനാടുകളിലെ മൗണ്ട് സെയിന്റ്. സ്കോളാസ്റ്റിക്ക (ബെനഡിക്റ്റൈൻ കോളേജ്), പിറ്റ്സ്ബർഗ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും കെനിയയിലെ നൈറോബി സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ വങ്കാരി 2004-ൽ 'റൈറ്റ് ലൈവ്‌ലിഹുഡ്' പുരസ്കാരവും നേടിയിട്ടുണ്ട്. കെനിയയിൽ, പ്രസിഡന്റ് കിബാക്കിയുടെ മന്ത്രിസഭയിൽ 2003-2005 കാലത്ത് പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായി വാങ്കാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് ഫൂച്ചർ കൗണ്സിലിലെ പ്രത്യേക കൗൺസിലറുമായിരുന്നു. 2011 സെപ്തംബർ 25 ന് അണ്ഡാശയ അർബുദം മൂലം അവർ അന്തരിച്ചു. അൺബോഡ്: എ മെമോയർ (ഇംഗ്ലീഷ്: Unbowed: A Memoir - 2006) എന്നതാണ് മാതായ്‌യുടെ ആത്മകഥ.[2]

വങ്കാരി മാത്തായ്
ജനനം
വങ്കാരി മുത മാത്തായി

(1940-04-01)ഏപ്രിൽ 1, 1940
ഇഹിതെ ഗ്രാമം, ടെട്ടു പ്രവിശ്യ, നെയ്റി ജില്ല, കെനിയ
മരണം25 സെപ്റ്റംബർ 2011(2011-09-25) (പ്രായം 71)
പൗരത്വംകെനിയ
വിദ്യാഭ്യാസംജീവശാസ്ത്രത്തിൽ ബിരുദം,
ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം
മൃഗചികിത്സയിൽ പി.എച്ച്.ഡി
കലാലയംമൗണ്ട് സെന്റ്.സ്കൊളാസ്റ്റിക്ക കോളേജ്,
പിറ്റ്സ്ബർഗ് സർവ്വകലാശാല,
നെയ്റോബി സർവ്വകലാശാല
തൊഴിൽപരിസ്ഥിതി പ്രവർത്തക , രാഷ്ട്രീയ പ്രവർത്തക
അറിയപ്പെടുന്നത്ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം
പുരസ്കാരങ്ങൾനോബൽ സമ്മാനം

ആദ്യകാല ജീവിതം

തിരുത്തുക

കോളനിയായിരുന്ന കെനിയയിലെ ന്യേരി പട്ടണത്തിൽ 1940 ഏപ്രിൽ 1 നാണ് വങ്കാരി മാത്തായ് ജനിച്ചത്. കെനിയയിലെ ഏറ്റവും ജനസംഖ്യയുള്ള പരമ്പരാഗത ഗോത്രമായ കിക്കുയു വംശത്തിലാണ് വങ്കാരിയുടെ ജനനം.[3] 1943 ൽ പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് വങ്കാരിയുടെ കുടുംബം റിഫ്റ്റ് വാലിയിലേക്ക് കുടിയേറി താമസം തുടങ്ങി.[4] പിതാവ് ജോലി ചെയ്തിരുന്നിടത്ത്, വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ അവർ മാതാവിന്റേയും രണ്ടു സഹോദരങ്ങളുടേയും ഒപ്പം തിരികെ ഗ്രാമത്തിലേക്കു പോന്നു. പിതാവ്, കൃഷിത്തോട്ടത്തിലെ പണിയുമായി അവിടെ തന്നെ തുടർന്നു.[5]എട്ടാമത്തെ വയസ്സിൽ സഹോദരങ്ങളുടെയൊപ്പം പ്രാഥമിക വിദ്യാഭ്യാസത്തിനായി ഇഹീത്തെയിലുള്ള വിദ്യാലയത്തിൽ ചേർന്നു.[6]

പതിനൊന്നാം വയസ്സിൽ നെയ്റിയിലുള്ള വി. സെസിലിയാസ് ഇന്റർമീ‍ഡിയറ്റ് പ്രൈമറി എന്ന സ്കൂളിൽ വങ്കാരി ചേർന്നു, മാതാരി കതോലിക് മിഷന്റെ കീഴിലുള്ള ഒരു ബോർഡിങ് സ്കൂളായിരുന്നു ഇത്.[7] നാലു വർഷത്തോളം നീണ്ട ഈ സ്കൂളിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ അവർക്കു കഴിഞ്ഞു. ഇക്കാലയളവിലാണ് കതോലിക്കാ സമുദായത്തിലേക്ക് വങ്കാരി പരിവർത്തനം ചെയ്യപ്പെടുന്നത്. "സാധാരണ മനുഷ്യരെ സേവിക്കുന്നതിലൂടെ ദൈവത്തെ സേവിക്കുക" എന്ന ആശയമനുസരിച്ച് പ്രവർത്തിച്ചിരുന്ന കതോലിക്കാ സംഘടനയായ ലീജിയൻ ഓഫ് മേരിയിൽ വങ്കാരി അംഗമാവുകയും പ്രവർത്തിക്കുയും ചെയ്തു.[8] 1956 ൽ ക്ലാസ്സിൽ ഒന്നാമതായിട്ടാണ് വങ്കാരി തന്റെ പഠനം പൂർത്തിയാക്കിയത്. കെനിയയിലെ കതോലിക്കൻ പെൺകുട്ടികൾക്കു പഠിക്കാനുള്ള ഏക വിദ്യാലയമായ ലോറിറ്റോ സ്കൂളിൽ പ്രവേശനം നേടാൻ അവരെ ഈ മികവ് സഹായിച്ചു.[9]

കോളനിവാഴ്ച അവസാനിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ പുതിയ തലമുറക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി, അന്ന് അമേരിക്കൻ സെനറ്റ് അംഗമായിരുന്ന ജോൺ എഫ്.കെന്നഡിയുടെ നേതൃത്വത്തിൽ ഒരു പദ്ധതി തുടങ്ങിയിരുന്നു.[10] ഈ പദ്ധതിയിലൂടെ അമേരിക്കയിൽ ഉപരിപഠനം നടത്താൻ തിരഞ്ഞെടുക്കപ്പെട്ട കെനിയയിലെ 300 കുട്ടികളിൽ ഒരാളായിരുന്നു വങ്കാരി.[11][12] അമേരിക്കയിലെ മൗണ്ട് സെയിന്റ് സ്കോലാസ്റ്റിക്ക കലാലയത്തിൽ നിന്നും ജീവശാസ്ത്രം ഐശ്ഛിക വിഷായമായി എടുത്ത് ബിരുദപഠനം തുടങ്ങി, രസതന്ത്രവും, ജെർമ്മൻ ഭാഷയും ഉപവിഷയങ്ങളായിരുന്നു .[13] 1964 ൽ ബിരുദം കരസ്ഥമാക്കിയ വങ്കാരി, ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുവാനായി പിറ്റ്സ്ബർഗ് സർ‌വ്വകലാശാലയിൽ ചേർന്നു. ആഫ്രിക്കൻ-അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു ഇക്കാലയളവിൽ ഇവരെ സാമ്പത്തികമായി സഹായിച്ചിരുന്നത്.[14] പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് പിറ്റ്സ്ബർഗ് സർവ്വകലാശാലയിലെ പഠനകാലത്ത് ആകൃഷ്ടയായി. [15] 1966 ൽ ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.[16] ഉടൻ തന്നെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് നെയ്റോബിയിലെ ഒരു പ്രൊഫസറുടെ കൂടെ ഗവേഷണ സഹായിയായി ജോലിയിൽ പ്രവേശിച്ചു.[17]

തിരികെ കെനിയയിലെത്തിയ അവർ തന്റെ ജന്മനാമമായ വങ്കാരി മുത എന്ന പേരിൽ അറിയപ്പെടാനാണ് ആഗ്രഹിച്ചത്. സർവ്വകലാശാലയിൽ ഉദ്യോഗത്തിൽ പ്രവേശിക്കാനായി ചെന്നപ്പോൾ തനിക്കു കിട്ടേണ്ട ജോലി മറ്റാർക്കോ നൽകി എന്ന വിവരമറിയാനിടയായി. ഒരു സ്ത്രീയായി ജനിച്ചതുകൊണ്ടോ, തന്റെ ഗോത്രനാമം കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചതെന്ന് വങ്കാരി അനുമാനിച്ചു.[18] രണ്ടു മാസം ജോലി അന്വേഷിച്ചു നടന്നു, പിന്നീട് യൂണിവേഴ്സിറ്റി കോളേജ് ഓഫ് നെയ്റോബിയിൽ പുതിയതായി തുടങ്ങിയ മൃഗചികിത്സാ വകുപ്പിൽ ഗവേഷണ സഹായിയായി അവർക്ക് ഉദ്യോഗം ലഭിച്ചു. പുതിയ ഉദ്യോഗത്തിൽ അവരുടെ മേലധികാരിയായിരുന്ന പ്രൊഫസ്സർ ഹോഫ്മാന്റെ പ്രേരണ മൂലം വങ്കാരി തുടർപഠനത്തിനായി ജർമ്മനിയിലെ മ്യൂണിക്ക് സർവ്വകലാശാലയിലേക്കു പോയി.

1969 ൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് നെയ്റോബിയിൽ തന്റെ ജോലിയും പഠവും തുടരാൻ വങ്കാരി നെയ്റോബിയിലേക്കു തിരിച്ചു വന്നു. 1969 മേയിൽ മുമ്പു പരിചയപ്പെട്ട എംവാങ്കി മാതായിയെ വിവാഹം ചെയ്തു.[19] 1971 ൽ വങ്കാരി തന്റെ പി.എച്ച്.ഡി പൂർത്തിയാക്കി. ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്ന കിഴക്കൻ ആഫ്രിക്കയിൽ നിന്നുമുള്ള ആദ്യത്തെ വനിതയായിരുന്നു വങ്കാരി മുത.

പൊതുപ്രവർത്തനം,രാഷ്ട്രീയം 1972–1977

തിരുത്തുക

1974 ൽ യൂണിവേഴ്സിറ്റി കോളേജിൽ ഒരു അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു, 1977 ൽ മൃഗചികിത്സാ വകുപ്പിൽ അസ്സോസ്സിയേറ്റു പ്രൊഫസ്സറായി. ഈ സ്ഥാനങ്ങളിലെത്തുന്ന ആദ്യത്തെ വനിത കൂടിയായിരുന്നു വങ്കാരി.[20] സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക്, പുരുഷന്മാരോടൊപ്പം തുല്യ അവകാശങ്ങൾ നൽകണമെന്ന് അവ‍ർ മേലധികാരികളോട് ആവശ്യപ്പെടുകയുണ്ടായി. ഇത്തരം ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി വങ്കാരിയുടെ നേതൃത്വത്തിൽ അക്കാദമി സ്റ്റാഫ് അസ്സോസ്സിയേഷൻ ഒരു യൂണിയൻ ആയി മാറ്റപ്പെട്ടു. തുടക്കത്തിൽ ഇവരുടെ ആവശ്യങ്ങൾ തള്ളിക്കളയപ്പെട്ടുവെങ്കിലും പിന്നീട് ഇവയിൽ പലതും അംഗീകരിക്കപ്പെട്ടിരുന്നു.[21] സർവ്വകലാശാലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം തന്നെ, സാമൂഹിക പ്രവർത്തനങ്ങളിലും അവർ വ്യാപൃതയായിരുന്നു. കെനിയ റെഡ്ക്രോസ്സ് സൊസൈറ്റിയിൽ ചേർന്ന പ്രവർത്തിച്ച വങ്കാരി, 1973 ൽ അതിന്റെ ഡയറക്ടറായി മാറി. കെനിയ അസ്സോസ്സിയേഷൻ ഓഫ് യൂണിവേഴ്സിറ്റി വുമൺ, നാഷണൽ കൗൺസിൽ ഓഫ് വുമൺ ഇൻ കെനിയ തുടങ്ങിയ സന്നദ്ധസംഘടനകളിലും അവർ അംഗമായിരുന്നു.[22] കെനിയയുടെ പ്രശ്നങ്ങളുടെയെല്ലാം കാതൽ പരിസ്ഥിതിയുടെ നാശമാണെന്ന നിഗമനത്തിൽ വങ്കാരിയെത്തുന്നത് ഇത്തരം സംഘടനകളിലൂടെയുള്ള പ്രവർത്തനം കൊണ്ടാണ്.[23]

കുടുംബ പ്രശ്നങ്ങൾ 1977–1979

തിരുത്തുക

1979 ൽ വങ്കാരി മാതായ് ഭർത്താവിൽ നിന്നും വിവാഹമോചിതയായി. സാധാരണ സ്ത്രീകളേക്കാൾ മാനസികമായി കരുത്തുള്ള ഒരു സ്ത്രീയാണ് വങ്കാരി, അതുകൊണ്ട് തന്നെ അവരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ഈ വിവാഹമോചനത്തിനുള്ള കാരണമായി ഭർത്താവ് എംവാങ്കി കോടതിയിൽ പറഞ്ഞത. കൂടാതെ, മറ്റൊരു പാർലിമെന്റംഗവുമായുള്ള അനാശാസ്യ ബന്ധവും, എംവാങ്കി കോടതി മുറിയിൽ വങ്കാരിക്കെതിരേ ആരോപിക്കുകയുണ്ടായി. എംവാങ്കിക്കനുകൂലമായാണ് ന്യായാധിപൻ വിധി പ്രസ്താവിച്ചത്. വിധി വന്നു കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഈ ന്യായാധിപൻ ഒരു കൈക്കൂലിക്കാരനായിരിക്കാമെന്ന് വങ്കാരി അഭിപ്രായപ്പെടുകയുണ്ടായി.[24] ന്യായാധിപനെതിരേ കൈക്കൂലി ആരോപണമുന്നയിച്ചതിന് വങ്കായി ഒരു രാത്രിയിലേക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. വിവാഹത്തിലൂടെ ലഭിച്ച സർനേം ഉപേക്ഷിക്കാനാവശ്യപ്പെട്ടുകൊണ്ട് മുൻഭർത്താവ് വങ്കാരിക്കെതിരേ ഒരു വക്കീൽ നോട്ടീസയച്ചിരുന്നു, ഇതിനെതുടർന്ന് അവർ മാതായി എന്നതിൽ എ എന്ന ഇംഗ്ലീഷ് അക്ഷരം കൂടി കൂട്ടിച്ചേർത്തു.[25][26]

വിവാഹമോചനം അവർക്ക് ഒരു വൻ സാമ്പത്തിക ബാദ്ധ്യത വരുത്തിവെച്ചു. അഭിഭാഷകന്റെ ഫീസ്, മറ്റു ചെലവുകൾ കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവ തന്റെ തുച്ഛമായ ശമ്പളത്തിൽ നിന്നും കണ്ടെത്തേണ്ടിയിരുന്നു. യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ആഫ്രിക്കയിൽ ഇക്കണോമിക് കമ്മീഷൻ ഫോർ ആഫ്രിക്ക എന്ന സംഘടനയിൽ വങ്കാരിക്ക് ഒരു ജോലി ലഭിച്ചു. ആഫ്രിക്കയിലുടനീളം യാത്ര ചെയ്യേണ്ടുന്ന ഒരു ജോലിയായതിനാൽ അവർ കുട്ടികളെ അവരുടെ മുൻഭർത്താവിന്റെ അടുത്താക്കി ആ ജോലി സ്വീകരിക്കുകയാണുണ്ടായത്. കുട്ടികളെ കൃത്യമായ ഇടവേളകളിൽ അവർ സന്ദർശിച്ചിരുന്നു.1985 വരെ കുട്ടികൾ മുൻഭർത്താവിന്റെ കൂടെയാണ് വളർന്നത് [27]

രാഷ്ട്രീയ പ്രശ്നങ്ങൾ 1979–1982

തിരുത്തുക

വിവാഹമോചനത്തിനു തൊട്ടു പിന്നാലെ, നാഷണൽ കൗൺസിൽ ഫോർ വിമൺ ഓഫ് കെനിയ എന്ന സംഘടനയുടെ ചെയർപേഴ്സൻ സ്ഥാനം വങ്കാരി ഏറ്റെടുത്തു. സ്ത്രീകൾ അംഗങ്ങളായ ചെറിയ സംഘടനകളെ ഒരു കുടക്കീഴിൽ നിറുത്തി ഏകോപിപ്പിക്കുന്ന ഒരു സംവിധാനമായിരുന്നു ഇത്. കെനിയൻ പ്രസിഡന്റായിരുന്ന ഡാനിയൽ മോയിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ എൻ.സി.ഡബ്ല്യു.കെ യുടെ പ്രവർത്തനം അത്ര സുഗമമായി കൊണ്ടു പോകാൻ വങ്കാരിക്കായില്ല. സംഘടനക്കു സർക്കാരിൽ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സഹായങ്ങൾ കുറഞ്ഞു വന്നു. സംഘടനയുടെ ലക്ഷ്യങ്ങൾ പരിസ്ഥിതി സംരക്ഷണം പോലെയുള്ള വിശാലമായ വിഷയങ്ങളിലേക്ക് തിരിച്ചു വിട്ടാണ് അവർ ആ പ്രതിസന്ധിയെ അതിജീവിച്ചത്. സംഘടനയെക്കുറിച്ച് കൂടുതൽ പേർ അറിയാനും അടുക്കാനും തുടങ്ങി. 1987 ൽ വിരമിക്കുന്നതു വരെ, സംഘടനയുടെ ചെയർപേഴ്സണായിരുന്നു വങ്കാരി.[28]

1982 ൽ നെയ്റേലി പാർലിമെന്റ് സീറ്റിൽ മത്സരിക്കുന്നതിനു വേണ്ടി, വങ്കാരി സർവ്വകലാശാലയിലെ ഉദ്യോഗം രാജിവെച്ചു. 1979 ലെ പൊതു തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്യാതിരുന്നു എന്ന കാരണത്താൽ വങ്കാരിയുടെ സ്ഥാനാർത്ഥിത്വം കോടതി തള്ളി. തിരികെ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചുവെങ്കിലും, അതും തടയപ്പെട്ടു. സർവ്വകലാശാലയിലെ ഉദ്യോഗം നഷ്ടപ്പെട്ടതിനാൽ സർവ്വകലാശാല നൽകിയിരുന്ന താമസസ്ഥലത്തു നിന്നും അവർക്ക് ഒഴിയേണ്ടി വന്നു.[29]

ഗ്രീൻ ബെൽറ്റ്‌ പ്രസ്ഥാനം

തിരുത്തുക

നേരത്തേ വാങ്ങിയിരുന്ന ഒരു വീട്ടിലേക്ക് അവർ താമസം മാറി. മറ്റൊരു ജോലിക്കായി അന്വേഷിക്കുന്ന സമയത്ത് വങ്കാരി എൻ.സി.ഡബ്ല്യു.കെ യുടെ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. നോർവീജിയൻ ഫോറസ്റ്റ് സൊസൈറ്റിയുടെ എക്സിക്ക്യൂട്ടീവ് ഡയറക്ടറായിരുന്ന വിലെം എൽസ്രെഡിന്റെ സഹായത്തോടെയാണ് വങ്കാരി ഗ്രീൻബെൽറ്റ് പ്രസ്ഥാനം ആരംഭിക്കുന്നത്. മരംനടീൽ,പരിസ്ഥിതിസം‌രക്ഷണം,വനിതകളുടെ അവകാശ സം‌രക്ഷണം എന്നിവക്കായി 1970 കളിൽ ഇവർ സ്ഥാപിച്ച സംഘടയാണ്‌ ഗ്രീൻബെൽറ്റ് പ്രസ്ഥാനം. പുതിയ ജോലിയിൽ പ്രവേശിച്ചതോടെ, അവരുടെ പ്രയത്നം മുഴുവൻ ഈ പ്രസ്ഥാനത്തിനു വേണ്ടി ചിലവഴിച്ചു. സാധാരണ ആഫ്രിക്കയിൽ കണ്ടു വരുന്നതുപോലെ, ഒരു വിദേശ സർക്കാരിതര സംഘടനയുടെ ശാഖ അല്ലായിരുന്നു ഗ്രീൻബെൽറ്റ്, മറിച്ച് കെനിയയിൽ തന്നെ ഉടലെടുത്ത ഒരു സംഘടനയായിരുന്നു. ഭരണരംഗത്ത് മുഴുവനും കെനിയൻ പൗരന്മാരായിരുന്നു, കൂടാതെ പ്രാദേശികമായി ലഭ്യമായ വിവരങ്ങളും, വിഭവങ്ങളുമായിരുന്നു പ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നത്.[30]

കെനിയയിലും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലും ദശലക്ഷക്കണക്കിന് മരങ്ങൾ ആ സംഘടനയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിക്കപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ ഗ്രീൻ ബെൽറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നൂറുകോടിയോളം മരങ്ങൾ നട്ടുപിടിപ്പിക്കപ്പെട്ടിട്ടുണ്ട്.[31]ഇതൊരു സർക്കാറിതര സംഘടനയാണ്‌. ഐക്യരാഷ്ട്ര സംഘടന മൂന്നാമത് ഗ്ലോബൽ വിമൺസ് കോൺഫറൻസ് നെയ്റോബിയിൽ വച്ചാണ് നടത്തിയത്. ഗ്രീൻബെൽറ്റ് പ്രസ്ഥാനത്തെക്കുറിച്ചും, അതിന്റെ ലക്ഷ്യങ്ങൾ ഭാവി, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പുറം ലോകത്തെ അറിയിക്കാൻ വങ്കാരി ഈ വേദികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി. വിദേശത്തു നിന്നും, സാമ്പത്തിക സഹായങ്ങളും, പുരസ്കാരങ്ങളും പ്രസ്ഥാനത്തെ തേടിയെത്തി. എൻ.സി.‍ഡബ്ല്യു.കെ യിൽ നിന്നും ഗ്രീൻബെൽറ്റ് പ്രസ്ഥാനത്തെ വേർപെടുത്താൻ കെനിയൻ സർക്കാർ വങ്കാരിയോട് ആവശ്യപ്പെട്ടു, എൻ.സി.ഡബ്ല്യു.കെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് എന്നതായിരുന്നു കാരണം. 1987 ൽ വങ്കാരി, എൻ.സി.ഡബ്ല്യു.കെയുടെ ചെയർപേഴ്സൺ സ്ഥാനത്തു നിന്നും ഒഴിയുകയും, അവരുടെ പ്രവർത്തനം മുഴുവൻ ഗ്രീൻബെൽറ്റ് പ്രസ്ഥാനത്തിനായി വിനിയോഗിക്കുകയും ചെയ്തു.[32]

സർക്കാരിന്റെ ഇടപെടൽ

തിരുത്തുക

80 കളിൽ കെനിയൻ സർക്കാർ ഗ്രീൻബെൽറ്റ് പ്രസ്ഥാനത്തിനെതിരേ ശക്തമായ നിയമനടപടികളുമായി രംഗത്തു വന്നു. ജനാധിപത്യത്തിനു വേണ്ടി വാദിച്ചുകൊണ്ടിരുന്ന ഈ പ്രസ്ഥാനത്തെ തടയാൻ ആകാവുന്നതെല്ലാം സർക്കാർ ചെയ്യാൻ ശ്രമിച്ചു. ഒമ്പതു പേരിൽ കൂടുതൽ ആളുകൾ ചേരുന്ന മീറ്റിംഗുകൾക്ക് സർക്കാരിന്റെ മുൻകൂർ അനുവാദം വേണമെന്ന കോളനി നയം അവർ നടപ്പാക്കി. 1988 ൽ ജനാധിപത്യം എന്ന ആവശ്യവുമായി കൂടുതൽ ശക്തമായ രീതിയിൽ ഗ്രീൻബെൽറ്റ് പ്രസ്ഥാനം മുന്നിലേക്കു വന്നു. പൗരന്മാരെ സമ്മതീദാന അവകാശത്തിനു വേണ്ടി രജിസ്റ്റർ ചെയ്യിക്കുക മുതലായ കാര്യങ്ങളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. അധികാരം കൈപ്പിടിയിലൊതുക്കി, അതു നിലനിർത്താൻ സർക്കാർ തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ചുവെന്ന് വങ്കാരി ആരോപിച്ചു.[33] ഏകാധിപത്യത്തിൽ നിന്നും കെനിയയെ ജനാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പ്രക്ഷോഭത്തിന്റെ മുന്നണിയിലും മാതായ് ഉണ്ടായിരുന്നു. പ്രക്ഷോഭത്തിനിടെ പല തവണ പോലീസ് മർദ്ദനം ഏറ്റിരുന്നു.

1989 ൽ കെനിയ ടൈംസ് മീഡിയ കോംപ്ലക്സ് എന്ന 60 നില വാണിജ്യ സമുച്ചയത്തിന്റെ നിർമ്മാണം തടയുന്നതിനായി വങ്കാരി പ്രക്ഷോഭവുമായി രംഗത്തിറങ്ങി. കെനിയ ടൈംസ് പത്രത്തിന്റെ മുഖ്യ കാര്യാലയം എന്ന നിലയിലായിരുന്നു ഇത് പണിയാൻ സർക്കാർ ഉദ്ദേശിച്ചത്, കൂടാതെ, കടകൾ, ഓഡിറ്റോറിയങ്ങൾ, ആയിരക്കണക്കിനു കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉണ്ടായിരുന്നു. ഈ പദ്ധതി ഉപേക്ഷിക്കണം എന്നു കാണിച്ചുകൊണ്ട് വങ്കാരി, സാധ്യമായ എല്ലാ സ്ഥലങ്ങളിലേക്കും നിവേദനങ്ങൾ അയച്ചുവെങ്കിലും അവരുടെ പരാതി ആരും തന്നെ പരിഗണിച്ചില്ല. കുറച്ചു സ്ഥലം മാത്രമെടുത്ത്, ഇത്ര മനോഹരമായ ഈ പദ്ധതി നടപ്പിലാക്കുന്നതിനെ എതിർക്കുന്ന വങ്കാരി മാതായി ഒരു ഭ്രാന്തു പിടിച്ച സ്ത്രീയാണെന്നായിരുന്നു മേലധികാരികളുടെ കണ്ടെത്തൽ. ഗ്രീൻബെൽറ്റ് ഒരു വിവാഹമോചനം നേടിയ സ്ത്രീകളുടെ ഒരു വ്യാജസംഘടനമാത്രമാണെന്നും സർക്കാർ പ്രസ്താവിച്ചു.[34] മാതായിയുടെ എതിർപ്പുകളെ അവഗണിച്ച് സമുച്ചയത്തിന്റെ നിർമ്മാണവുമായി സർക്കാർ മുന്നോട്ടുപോയി. വങ്കാരി മാതായ്, പുരുഷന്മാരെ ബഹുമാനിക്കണമെന്നും, അച്ചടക്കത്തോടെ ജീവിക്കണമെന്നും, പ്രസിഡന്റ് മോയി ഒരു പൊതുവേദിയിൽ വെച്ചു പ്രസംഗിക്കുകയുണ്ടായി.[35] ഗ്രീൻബെൽറ്റിന്റെ ഇപ്പോഴത്തെ കാര്യാലയത്തിൽ നിന്നും ഒഴിഞ്ഞുപോകാൻ സർക്കാർ അവർക്ക് നിർദ്ദേശം നൽകി. ഗ്രീൻബെൽറ്റിന്റെ കാര്യാലയം താൽക്കാലികമായി അവർ തന്റെ വീട്ടിലേക്കു മാറ്റി. ഗ്രീൻബെൽറ്റ് അടച്ചു പൂട്ടാൻ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നു. ഇത്തരം വിവാദങ്ങൾകൊണ്ടും, മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വിഷയമായതുകൊണ്ടും, വാണിജ്യസമുച്ചയത്തിന്റെ വിദേശ നിക്ഷേപകർ പദ്ധതിയിൽ നിന്നും പിന്മാറുകയും, പദ്ധതി അകാലത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.[36][37]

ജനാധിപത്യത്തിനുവേണ്ടിയുള്ള സമരവുമായി വങ്കാരി മുന്നോട്ടുപോയി, 1992 ൽ പോലീസ് വങ്കാരിയെ അവരുടെ വീടു പൊളിച്ച് അറസ്റ്റ് ചെയ്തു. സർക്കാരിന്റെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു അവരുടെ മേൽ ചുമത്തിയിരുന്ന കുറ്റം. വങ്കാരിക്കും സുഹൃത്തുക്കൾക്കും ജാമ്യം അനുവദിക്കാൻ, അന്താരാഷ്ട്രതലത്തിൽ നിന്നു തന്നെ സമ്മർദ്ദങ്ങൾ ഉണ്ടായി. ഒന്നര ദിവസത്തെ ജയിൽ വാസത്തിനുശേഷം, വങ്കാരിയും സഹപ്രവർത്തകരും ജയിൽ മോചിതരായി. 1992 നവംബറിൽ ഇവർക്കെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം സർക്കാർ പിൻവലിച്ചു.[38]

രാഷ്ട്രീയ തടവുകാരെ ജയിലുകളിൽ നിന്നും വിട്ടയക്കണമെന്ന ആവശ്യവുമായി വങ്കാരിയും സഹപ്രവർത്തകരും, 28 ഫെബ്രുവരി 1992 ന് നിരാഹാര സമരം ആരംഭിച്ചു. മൂന്നാം ദിവസം, സർക്കാർ ഈ സമരത്തെ പോലീസിനെക്കൊണ്ടു നേരിട്ടു, വങ്കാരിയും മൂന്നു പ്രവർത്തകരും പോലീസിന്റെ മർദ്ദനമേറ്റ് ആശുപത്രിയിലായി.[39] ദേശീയ സുരക്ഷക്കു പോലും ഭീഷണിയായ മാനസിക നില തകരാറിലായി ഒരു സ്ത്രീയാണ് വങ്കാരിയെന്ന് പ്രസിഡന്റ് മോയി ആരോപിച്ചു. നിരാഹാര സമരം നടത്തിയവരെ മർദ്ദിച്ച സംഭവം ഗൗരവമായി തന്നെ കാണുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ പറയുകയുണ്ടായി. ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുത്തു, കെനിയൻ സർക്കാർ ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. രാഷ്ട്രീയ തടവുകാരുടെ അമ്മമാരാണ് കൂടുതലും ഈ സമരത്തിൽ പങ്കെടുത്തത്, അവർ സമരം ഫ്രീഡം കോർണറിൽ നിന്നും ആർച്ച് ബിഷപ്പിന്റെ അരമനയിലേക്ക് വ്യാപിപ്പിച്ചു. വങ്കാരിയാണ് സമരത്തെ ഏകോപിപ്പിച്ചിരുന്നത്. 1993 ന്റെ ആദ്യകാലത്ത് സർക്കാർ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ നിർബന്ധിതരായി.[40]

ഇക്കാലയളവിൽ ഒട്ടേറെ പുരസ്കാരങ്ങൾ മാതായിയെ തേടിയെത്തി. 1991ൽ ഗോൾഡ്മാൻ എൻവിറോൺമെന്റൽ പുരസ്കാരം വങ്കായിക്കു ലഭിച്ചു. ഈ സമ്മാനജേതാവിനെക്കുറിച്ച് പ്രശസ്ത വാർത്താ ചാനലായ സി.എൻ.എൻ നടത്തിയ പ്രത്യേക പരിപാടി, പക്ഷേ കെനിയയിൽ സംപ്രേഷണം ചെയ്യാൻ സർക്കാർ തയ്യാറായില്ല. 1992 ൽ ഐക്യരാഷ്ട്ര സഭയുടെ ഭൗമ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് മോയിയും, വങ്കാരി മാതായിയും ക്ഷണിക്കപ്പെട്ടു. കെനിയയിലെ സ്ത്രീകളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന വങ്കാരി മാതായിയെ ഉച്ചകോടിയിൽ പ്രസംഗിക്കാൻ അനുവദിക്കരുതെന്ന് കെനിയൻ സർക്കാർ ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടുവെങ്കിലും, വങ്കാരി മാതായ് തന്നെയായിരുന്നു ഉച്ചകോടിയിലെ മുഖ്യ പ്രഭാഷക.[41]

ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രയത്നങ്ങൾ

തിരുത്തുക

1992 ൽ നടക്കാൻ പോവുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി, പ്രതിപക്ഷ പാർട്ടികളോട് ഒരുമിച്ചു നിന്നു അഴിമതിരഹിതമായ ഒരു തിരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കാൻ വങ്കാരി ആഹ്വാനം ചെയ്തു. ഫോറം ഫോർ ദ റീസ്റ്റോറേഷൻ ഓഫ് ഡിമോക്രസി എന്ന സംഘടന ശിഥിലമായി, ഇത് ഭരണപക്ഷത്തിന് സഹായമാവുകയുള്ളൂ എന്ന് മറ്റു പലരേയും പോലെ വങ്കാരിക്കും മനസ്സിലായി. പ്രതിപക്ഷപാർട്ടികളെ ഒരുമിച്ചു നിറുത്തുവാൻ വേണ്ടി ഒരു പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ വങ്കാരിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. ഇതിന്റെ ചെയർപേഴ്നായി തിരഞ്ഞെടുക്കപ്പെട്ടത് വങ്കാരി മാതായിയെ ആയിരുന്നു. തിരഞ്ഞെടുപ്പിന്റെ സമയത്ത്, വങ്കാരിയും സമാനചിന്താഗതിക്കാരും ചേർന്ന്, മൂവ്മെന്റ് ഫോർ ഫ്രീ ആന്റ് ഫെയർ ഇലക്ഷൻ എന്നൊരു സംഘടന കൂടി രൂപീകരിച്ചു, എന്നിരിക്കിലും അവർ മുന്നിൽകണ്ട ലക്ഷ്യംപോലെ പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കാൻ തയ്യാറായില്ല, ഭരണപക്ഷം വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.[42]

1993 ൽ കെനിയയിൽ ഒട്ടാകെ, വംശീയ പ്രക്ഷോഭങ്ങൾ പൊട്ടിപടർന്നു. സർക്കാരിന്റെ അറിവോടെയാണ് ഇതെല്ലാം സംഭവിക്കുന്നതെന്നായിരുന്നു വങ്കാരിയുടെ ആരോപണം. അക്രമങ്ങൾ നടന്ന എല്ലായിടത്തും വങ്കാരി ഓടിയെത്തി, അവരോടെല്ലാം ഇതവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു. അക്രമം നടന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും ഇത്തരം പ്രവർത്തകരെ സർക്കാർ വിലക്കി. കലെഞ്ജിൻസ് എന്ന ഗോത്രവർഗ്ഗക്കാരെ ആക്രമിക്കുവാൻ, വങ്കാരി തന്റെ സ്വന്തം ഗോത്രമായി കിക്കുയുക്കാരെ പ്രേരിപ്പിച്ചു എന്ന് സർക്കാർ പ്രസ്താവിച്ചു.[43] വങ്കാരിയുടെ സഹപ്രവർത്തകനായ ‍ഡോക്ടർ. മക്കാംഗയെ ആരോ തട്ടിക്കൊണ്ടുപോയി, ഇതറിഞ്ഞ വങ്കാരി താൽക്കാലികമായി ഒളിവിൽ പോയി. റഷ്യൻ നേതാവായിരുന്ന മിഖായേൽ ഗോർബച്ചേവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രീൻ ക്രോസ്സ് ഇന്റർനാഷണലിന്റെ ടോക്കിയോവിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുവാൻ വങ്കാരിക്ക് ക്ഷണം ലഭിച്ചു. എന്നാൽ ഒളിവിൽ കഴിയുന്ന തനിക്ക് ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നു വങ്കാരിക്കു മനസ്സിലായി. സമ്മേളനത്തിൽ പങ്കെടുക്കുവാൻ വങ്കാരിയെ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗോർബച്ചേവ് പ്രസിഡന്റ് മോയിക്കു മേൽ കനത്ത സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി വങ്കാരിയെ രാജ്യം വിട്ടുപോകാൻ മോയി അനുവദിച്ചു. 1993 ൽ സ്കോട്ട്ലന്റ് സർക്കാരിന്റെ എഡിൻബർഗ് പുരസ്കാരത്തിന് വങ്കാരിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1993 ജൂണിൽ വിയന്നയിൽ വെച്ച് ഐക്യരാഷ്ട്ര സംഘടന നടത്തിയ മനുഷ്യാവകാശ കമ്മീഷന്റെ ആഗോള സമ്മേളനത്തിൽ വങ്കാരി പങ്കെടുത്തു.[44]

1997 ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളോട് ഒരുമിച്ചു നിൽക്കാൻ ആഹ്വാനം ചെയ്തതോടൊപ്പം തന്നെ, ഒരു നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കാനും വങ്കാരി തയ്യാറായി. ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്കാണ് വങ്കാരി മത്സരിച്ചത്. വങ്കാരി, രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നിന്ന്, ഗ്രീൻബെൽറ്റ് പ്രസ്ഥാനവുമായി മാത്രം മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്ന്, അവരുടെ അഭ്യുദയകാംക്ഷികളും, പ്രമുഖരും അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ കുറച്ചു വോട്ടുകൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞത്, ദയനീയമായി പരാജയപ്പെടുകയായിരുന്നു.[45]

1998 ൽ നെയ്റോബിക്കടുത്തുള്ള കറൂറ വനങ്ങളിലെ സർക്കാരിന്റെ അധീനതയിലുള്ള ഏക്കറു കണക്കിനു ഭൂമി അനധികൃതമായി സ്വകാര്യവ്യക്തികൾക്കു പതിച്ചു നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ വങ്കാരി സമരവുമായി മുന്നിട്ടിറങ്ങി. കറൂറ വനങ്ങളിൽ കൂടുതൽ മരങ്ങൾ വെച്ചു പിടിപ്പിച്ചും, സർക്കാരിനും, പത്രമാധ്യമങ്ങൾക്കും കത്തുകൾ അയച്ചും അവർ പ്രക്ഷോഭം ശക്തമാക്കി. 1999 ജനുവരി 8 ന് കറൂറ വനപ്രദേശത്ത് മരങ്ങൾ വെച്ചു പിടിപ്പിക്കാനുള്ള ഗ്രീൻബെൽറ്റ് പ്രവർത്തകരുടെ ശ്രമത്തെ വനത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥർ തടയുകയും, പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തങ്ങളെ ആക്രമിച്ചവർക്കെതിരേ വങ്കാരിയുടെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും, അക്രമികളെ അറസ്റ്റു ചെയ്യാൻ പോലീസ് വിസമ്മതിച്ചു. ഈ സംഭവം, കെനിയൻ സർക്കാരിനെതിരേ അന്തർദ്ദേശീയ തലത്തിൽ വിമർശനത്തിനു കാരണമായി. [46][47] വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങി, പലയിടങ്ങളിലും അവർ പോലീസുമായി ഏറ്റുമുട്ടി. 1999 ഓഗസ്റ്റ് 16 വരെ സമരം നീണ്ടു നിന്നു, അവസാനം വനങ്ങൾ സ്വകാര്യവക്തികൾക്കു പതിച്ചു നൽകാനുള്ള സർക്കാരിന്റെ എല്ലാ നീക്കങ്ങളും ഉപേക്ഷിച്ചു എന്ന് പ്രസിഡന്റിന്റെ ഉറപ്പു ലഭിച്ചതോടെയാണ് സമരക്കാർ പിന്തിരിഞ്ഞത്.[48][49]

2001 ൽ വീണ്ടും സർക്കാർ വനഭൂമി സ്വകാര്യവ്യക്തികൾക്കു നൽകാനായി ശ്രമം നടത്തിയെങ്കിലും, വങ്കാരി അവിടെയും സമരവുമായി അതിനെ തടയാനായി ഇറങ്ങി. ഈ അഴിമതിക്കെതിരേ പൊരുതാൻ പൊതുജനങ്ങളുടെ ഒപ്പു ശേഖരണം നടത്തുന്നതിനിടെ വങ്കാരി മാതായ് അറസ്റ്റിലായി. എന്നാൽ അന്താരാഷ്ട്ര സമ്മർദ്ദങ്ങളുടെ ഫലമായി, പിറ്റേ ദിവസം തന്നെ അവരെ കേസൊന്നുമെടുക്കാതെ വിട്ടയച്ചു. 2001 ജൂലൈ 07 ന് ഉഹുറു പാർക്കിൽ മരം നടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും അറസ്റ്റിലായെങ്കിലും, പിറ്റേന്നു തന്നെ വിട്ടയച്ചു.[50] 2002 ജനുവരിയിൽ യേൽ സർവ്വകലാശാലയിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2002 ജൂൺ വരെ അവിടെ തുടരുകയും, ഗ്രീൻബെൽറ്റ് പ്രസ്ഥാനവുമായി മുന്നോട്ടുപോവുകയും ചെയ്തു.[51]

പാർലിമെന്റിലേക്ക്

തിരുത്തുക

കെനിയയിലേക്ക് തിരിച്ചു വന്ന വങ്കാരി 2002 ലെ പൊതു തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചു. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രൂപംകൊടുത്ത നാഷണൽ റെയിൻബോ കൊളീഷൻ എന്ന സംഘടനയുടെ പ്രതിനിധിയായാണ് വങ്കാരി തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചത്. 2002 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ നാഷണൽ റെയിൻബോ കൊളീഷൻ പാർട്ടി, ഭരണകക്ഷിയായ കെനിയൻ ആഫ്രിക്കൻ നാഷണൽ യൂണിയനെ പരാജയപ്പെടുത്തി. മൊത്തം വോട്ടിന്റെ 98 ശതമാനം നേടിക്കൊണ്ട് ടെട്ടു നിയോജകമണ്ഡലത്തിൽ നിന്നും വങ്കാരി പാർലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[52] ജനുവരി 2003 ൽ വങ്കാരി, പരിസ്ഥിതി മന്ത്രാലയത്തിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2005 നവംബർ വരെ വങ്കാരി ഈ തസ്തികയിൽ തുടർന്നു.

നോബൽ സമ്മാനം

തിരുത്തുക

സ്ഥായിയായ വികസനം,ജനാധിപത്യം,സമാധാനം എന്നിവക്ക് ഇവർ നൽകിയ സംഭാവന പരിഗണിച്ച് 2004 ൽ നോബൽ സമധാന സമ്മാനം തേടിയെത്തി.[53][54] നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ പരിസ്ഥിതിപ്രവർത്തക,ആദ്യ ആഫ്രിക്കൻ വനിത എന്നീ ബഹുമതികളും ഇവർക്കുള്ളതാണ്‌.

എയിഡ്സുമായി ബന്ധപ്പെട്ട വിവാദം

തിരുത്തുക

ആഫ്രിക്കൻ ജനതയെ ഇല്ലാതാക്കാൻ പാശ്ചാത്യ ശാസ്ത്രജ്ഞർ കണ്ടു പിടിച്ച ഒരു വൈറസാണ് എയ്‌ഡ്‌സ്‌ എന്ന വങ്കാരിയുടെ അഭിപ്രായം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു.[55] ഈ വിവാദം വങ്കാരി നിഷേധിച്ചുവെങ്കിലും, വാർത്ത പുറത്തു വിട്ട ദ സ്റ്റാൻഡാർഡ് എന്ന പത്രം അവരുടെ നിലപാടിൽ തന്നെ ഉറച്ചു നിന്നു. എയിഡ്സ് വൈറസ്, എവിടെ നിന്നു വന്നുവെന്നോ, അതിനെ മനപൂർവ്വം സൃഷ്ടിച്ചതാണോ എന്നൊന്നും തനിക്കറിയല്ല, പക്ഷേ അതെന്തായാലും ചന്ദ്രനിൽ നിന്നു

വന്നതല്ലെന്നുറപ്പാണ്. 2011 ജനുവരിയിൽ വാങ്കാരി മത്തായി കേരളത്തിൽ വന്നപ്പോൾ കരിംകൊടി കാണിച്ച മാവോയിസ്റ്റ് പ്രവർത്തക രേഷ്മയെ(എറണാകുളം പാലാരിവട്ടം സ്വദിഷി കേരള പോലീസ് അറസ്റ്റ് ചെയ്തപ്പോൾ മാപ്പ് നൽകി രേഷ്മയെ കേസിൽ നിന്നും വിമുക്തയാക്കിയ വ്യെക്തിത്വത്തിന് ഉടമയാഞ് വാങ്കാരി മത്തായി.ജനങ്ങളോട് സത്യം പറയുന്നതാണ് നല്ലതെന്നും, ഈ മാരക വൈറസ് കുരങ്ങുകളിൽ നിന്നു വന്നതല്ലെന്ന വസ്തുതയിൽ താനുറച്ചു നിൽക്കുന്നുവെന്നും, ടൈം മാസികക്കു നൽകിയ അഭിമുഖത്തിൽ വങ്കാരി വ്യക്തമാക്കി.[56]

2005 മുതൽ -2011 വരെയുള്ള കാലഘട്ടം

തിരുത്തുക
 
കെനിയൻ സന്ദർശനത്തിനിടെ ബറാക് ഒബാമയുമൊത്ത്

28 മാർച്ച് 2005 ൽ ആഫ്രിക്കൻ യൂണിയനിലെ ഇക്കണോമിക്, സോഷ്യൽ ആന്റ് കൾച്ചറൽ കൗൺസിലിന്റെ പ്രസിഡന്റായി വങ്കാരി തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ കോംഗോ ബേസിൻ വനസംരക്ഷണ പദ്ധതിയുടെ ഗുഡ്വിൽ അംബാസ്സഡറായും ഇതേ കാലയളവിൽ അവർ തിരഞ്ഞെടുക്കപ്പെട്ടു.[57] 2006 ലെ ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടനചടങ്ങിലെ 8 പതാകവാഹകരിൽ ഒരാൾ വങ്കാരി മാതായ് ആയിരുന്നു. 2006 മേയ് മാസത്തിൽ കണക്ടികട്ട് കോളേജ്, വങ്കാരി മാതായിയുടെ സേവനങ്ങൾ കണക്കിലെടുത്ത് അവർക്ക് ഒരു ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുകയുണ്ടായി. 2006 ൽ അമേരിക്കൻ സെനറ്ററായിരുന്ന ബറാക്ക് ഒബാമ കെനിയയിൽ വച്ച് വങ്കാരിയെ സന്ദർശിച്ചിരുന്നു, വങ്കാരി വിദേശ വിദ്യാഭ്യാസം നടത്തിയ അതേ പദ്ധതിയിലൂടെ തന്നെയായിരുന്നു ഒബാമയുടെ പിതാവും വർഷങ്ങൾക്കു മുമ്പ് ഉപരിപഠനം നടത്തിയത്.[58] ഉഹുറു പാർക്കിൽ വങ്കാരിയും, ഒബാമയും ചേർന്ന ഒരു വൃക്ഷത്തൈ നടുകയും ചെയ്തു. മാധ്യമസ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒബാമ ഉഹുറു പാർക്കിൽ വെച്ചു നടത്തിയ പ്രസംഗത്തിൽ ഊന്നി പറഞ്ഞിരുന്നു.[59]

2007ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വങ്കാരി പരാജയപ്പെടുകയുണ്ടായി. 2011 വരെയുള്ള കാലഘട്ടത്തിൽ അസ്സോസ്സിയേഷൻ ഓഫ് യൂറോപ്യൻ പാർലിമെന്റേറിയൻ ഓഫ് ആഫ്രിക്ക എന്ന സംഘടനയുടെ ഉപദേശക സമിതി അംഗമായിരുന്നു വങ്കാരി

ദീർഘനാൾ കാൻസർ രോഗവുമായി മല്ലിട്ട അവർ 2011 സെപ്റ്റംബർ 25 ന് മരണമടഞ്ഞു.[60][61]

വങ്കാരി മാതായ് പുരസ്കാരം

തിരുത്തുക

വനസംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 14 അന്താരാഷ്ട്ര സംഘടനകളുടെ കൂട്ടായ്മയായ കൊളാബറേറ്റീവ് പാർട്ട്ണർഷിപ്പ് ഓൺ ഫോറസ്റ്റ് എന്ന പ്രസ്ഥാനം വങ്കാരി മാതായ്യുടെ പേരിൽ ഒരു അവാർ‍ഡ് പ്രഖ്യാപിച്ചിരുന്നു.[62] ലോകമെമ്പാടും, വനസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു വേണ്ടി പ്രവർത്തിച്ച ധീരയായ വനിതയോടുള്ള ബഹുമാനാർത്ഥമായിരിക്കും ഈ അവാർഡെന്ന് സമിതി പ്രസ്താവിച്ചു. നേപ്പാളിലെ പരിസ്ഥിതി പ്രവർത്തകനായ നാരായൺ കാജി ശ്രേഷ്ഠക്കായിരുന്നു പ്രഥമ വങ്കാരി മാതായ് പുരസ്കാരം ലഭിച്ചത്.[63][64]

പുരസ്കാരങ്ങളും, ബഹുമതികളും

തിരുത്തുക
  • 1984: റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ്.
  • 1986: ബെറ്റർ വേൾഡ് സൊസൈറ്റി പുരസ്കാരം
  • 1987: ഗ്ലോബൽ 500 റോൾ ഓഫ് ഹോണർ
  • 1991: ഗോൾഡ്മാൻ എൻവിറോൺമെന്റൽ പുരസ്കാരം
  • 1991: ആഫ്രിക്ക പ്രൈസ് ഫോർ ലീഡർഷിപ്പ് (ദ ഹങ്കർ പ്രൊജക്ട്) [65]
  • 1993: എഡിൻബർഗ് മെഡൽ
  • 1993: ബെനഡക്ടിയൻ കോളേജ് ഓഫർമസ് മെഡൽ
  • 1993: ജെയിൻ ആഡംസ് ലീഡർഷിപ്പ് അവാർഡ്
  • 1994: ദ ഗോൾഡൻ ആർക്ക് അവാർഡ്
  • 2001: ദ ജൂലിയറ്റ് ഹോളിസ്റ്റർ അവാർഡ്
  • 2003: ഗ്ലോബൽ എൻവിറോൺമെന്റ് അവാർഡ്
  • 2004: കൺസർവേഷൻ സയന്റിസ്റ്റ് അവാർഡ് (കൊളംബിയ സർവ്വകലാശാല)
  • 2004: ജെ.സ്റ്റെർലിങ് മോർട്ടൺ അവാർഡ്
  • 2004: പെട്രാ കെല്ലീ പ്രൈസ്
  • 2004: സോഫീ പ്രൈസ്
  • 2004: സമാധാനത്തിനുള്ള നോബൽ പുരസ്കാരം
  • 2006: ഡോക്ടർ ഓഫ് പബ്ലിക്ക് സർവ്വീസ് (പിറ്റ്സ്ബർഗ് സർവ്വകലാശാല)
  • 2007: വേൾഡ് സിറ്റിസൺ പുരസ്കാരം
  • 2007: ലിവിങ്സ്റ്റൺ മെഡൽ (റോയൽ സ്കോട്ടിഷ് ജിയോഗ്രഫിക്കൽ സൊസൈറ്റി)
  • 2007: ഇന്ദിരാ ഗാന്ധി പുരസ്കാരം (ഭാരത സർക്കാർ)
  • 2007: ക്രോസ്സ് ഓഫ് ദ ഓർഡർ ഓഫ് സെന്റ് ബെനഡിക്ട്

തിരഞ്ഞെടുത്ത കൃതികൾ

തിരുത്തുക

ഇന്ത്യ നൽകിയ ആദരവുകൾ

തിരുത്തുക
  • 2005 ലെ രാജ്യാന്തര ധാരണക്കുള്ള ജവഹർലാൽ നെഹ്രു പുരസ്ക്കാരം,
  • 2006 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാ ഗാന്ധി സമാധാന സമ്മാനം.

പ്രശസ്ത വാക്കുകൾ

തിരുത്തുക
  • "അധികം താമസിയാതെ പ്രകൃതിയും വിഭവങ്ങളും കലഹങ്ങളും തമ്മിലുള്ള ബന്ധം മനുഷ്യാവകാശവും ജനാധിപത്യവും സമാധാനവും തമ്മിലുള്ള ബന്ധം പോലെ വ്യക്തതയുള്ളതായിത്തീരും."
  • "വളരെ ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഇത്തരം ചെറിയ കാര്യങ്ങളാണ് പൗരൻമാർ ചെയ്യേണ്ടത്. മരങ്ങൾ നട്ടുപിടിപ്പിച്ചു എന്നതാണ് ഞാൻ ചെയ്ത ചെറിയ കാര്യം."

കികുയു വംശജയാണിവർ.

  • 2011 സെപ്റ്റംബർ 27ലെ മലയാള മനോരമ.
  1. "ദ നോബൽ പ്രൈസ് ഫോർ 2004". ദ നോർവീജിയൻ നോബൽ കമ്മിറ്റി. Archived from the original on 2014-06-01. Retrieved 01 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. വങ്കാരി, മാതായ് (2007). അൺബോഡ്: എ മെമോയർ. ആങ്കർ. ISBN 978-0307275202.
  3. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 3
  4. അൺബൗഡ്, എ മെമോയർ - വങ്കാരി മാത്തായ് പുറം 14-15
  5. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 29
  6. അൺബൗഡ്, എ മെമോയർ - വങ്കാരി മാത്തായ് പുറം 39-40
  7. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 53
  8. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 60-61
  9. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 69
  10. "ജെ.എഫ്.കെ ആന്റ് ദ സ്റ്റുഡന്റ് എയർലിഫ്ട്". ജെ.എഫ്.കെ.ലൈബ്രറി. Archived from the original on 2014-06-02. Retrieved 02 ജൂൺ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  11. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 73-74
  12. "ദ വിന്നിങ് പാർട്ട്ണർഷിപ്പ്". ദ ഗാർഡിയൻ. 11 ഒക്ടോബർ 2008. Archived from the original on 2014-06-02. Retrieved 02 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  13. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 79
  14. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 92
  15. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 93
  16. "വങ്കാരി മാതായ്" (PDF). യൂണിവേഴ്സിറ്റി കോളേജ് ഓഫ് നെയ്റോബി. Archived from the original (PDF) on 2016-03-05. Retrieved 02 ജൂൺ 2014. {{cite web}}: Check date values in: |accessdate= (help)
  17. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 94-95
  18. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 101
  19. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 106-109
  20. "വങ്കാരി മാതായ്, ബയോഗ്രഫി". നോബൽ കമ്മറ്റി. Archived from the original on 2014-06-03. Retrieved 03 ജൂൺ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  21. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 114-118
  22. "വങ്കാരി മാതായ്". ഓപ്പൺ യൂണിവേഴ്സിറ്റി, ലണ്ടൻ. Archived from the original on 2014-06-03. Retrieved 03 ജൂൺ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  23. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 124-125
  24. "നെയ്റോബി ജേണൽ, സ്കൈസ്ക്രാപേഴ്സ് എനിമി ഡ്രോസ് എ ഡെയിലി ഡോസ് ഓഫ് സ്കോൺ". ന്യൂയോർക്ക് ടൈംസ്. 06 ഡിസംബർ 1989. Archived from the original on 2014-06-03. Retrieved 03 ജൂൺ 2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  25. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 139-151
  26. "കോൺസർവേഷൻ ആന്റ് ഫെമിനിസ്, ആഫ്രിക്കൻ ഗ്രീൻഹാർട്ട്". ദ ഇക്കണോമിസ്റ്റ്. 2006-09-21. Archived from the original on 2014-06-03. Retrieved 2014-07-03.{{cite news}}: CS1 maint: bot: original URL status unknown (link)
  27. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 151-155
  28. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 156-160
  29. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 160-163
  30. വങ്കാരി, മാതായ് (2003). ദ ഗ്രീൻബെൽറ്റ് മൂവ്മെന്റ്, ഷെയറിംഗ് ദ അപ്പ്രോച്ച് ആന്റ് എക്സ്പീരിയൻസ്. ലാന്റേൺ ബുക്സ്. p. 6. ISBN 978-1590560402.
  31. മാതൃഭൂമി ഹരിശ്രീ, 2011 ഒക്ടോബർ 15, പേജ് 11
  32. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 175-179
  33. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 180-183
  34. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 190-193
  35. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 196
  36. "ദ ഗുഡ്, ദ ബാഡ് ആന്റ് ദ അഗ്ലി". ദ ഇക്കോളജിസ്റ്റ്. 01 ഏപ്രിൽ 2001. Archived from the original on 2015-05-22. Retrieved 05 ജൂൺ 2014. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  37. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 193-203
  38. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 208-215
  39. മാർക്, ലേസി (09 ഒക്ടോബർ 2004). "ലൈക്ക് എ ട്രീ, അൺബൗ‍ഡ്". ന്യൂയോർക്ക്ടൈംസ്. Archived from the original on 2014-06-05. Retrieved 05 ജൂൺ 2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  40. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 217-225
  41. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 226-228
  42. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 230-235
  43. "ദ ലൈഫ് ഓഫ് വങ്കാരി മുത മാതായ്". ഓൾബ്ലാക്ക് വുമൺ.കോം. Archived from the original on 2014-06-07. Retrieved 07 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  44. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 235-252
  45. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 254-259
  46. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 261-270
  47. "ഈസ്റ്റ് ആഫ്രിക്ക - ദ വീക്ക് ഇൻ റിവ്യൂ". ബി.ബി.സി. 20 ജനുവരി 1999. Archived from the original on 2014-06-07. Retrieved 07 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  48. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 270-271
  49. "ആഫ്രിക്ക ആൻ എൻഡ് ടു അൺജസ്റ്റീസ് ലാൻഡ് ഡീൽസ്". ബി.ബി.സി. 16 ഓഗസ്റ്റ് 1999. Archived from the original on 2014-06-07. Retrieved 07 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  50. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 280-284
  51. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 284-285
  52. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 286-289
  53. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 291
  54. "2004 സമാധാനത്തിനുള്ള നോബൽ പുരസ്കാരം". നോബൽ പുരസ്കാര സമിതി. Archived from the original on 2014-06-07. Retrieved 07 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  55. "ആഫ്രിക്കാസ് ഫസ്റ്റ് നോബൽ ല്യൂറേറ്റ് അക്സപ്റ്റ് അവാർഡ് അമിഡ്സ് കോൺട്രോവേഴ്സി ഓവർ എയിഡ്സ്". റേഡിയോ ഫ്രീ യൂറോപ്പ്. 07 ജൂൺ 2004. Archived from the original on 2014-06-07. Retrieved 07 ജൂൺ 2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  56. "10 ക്വസ്റ്റ്യൻസ് - വങ്കാരി മാതായ്". ടൈം മാസിക. 10 ഒക്ടോബർ 2004. Archived from the original on 2014-06-07. Retrieved 07 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  57. അൺബൗഡ്, എ മെമോയർ - വങ്കാരി മാതായ് പുറം 295
  58. "ആഫ്രിക്ക 2013". ഒബാമ ഡയറി.കോം. {{cite web}}: |access-date= requires |url= (help); Check date values in: |accessdate= (help); Missing or empty |url= (help)
  59. "ഒബാമ, പ്രസ്സ് ഫ്രീഡം ഈസ് ലൈക്ക് ടെൻഡിംഗ് എ ഗാർഡൻ". മെയിൽഗാർഡിയൻ. 28 ഓഗസ്റ്റ് 2006. Archived from the original on 2014-06-09. Retrieved 09 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  60. "നോബൽ പ്രൈസ് ല്യൂറേറ്റ് വംഗാരി മാതായ് ഡൈസ്". ദ ഹിന്ദു. 2011-09-26. Archived from the original on 2014-06-01. Retrieved 01 ജൂൺ 2014. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  61. "കെനിയാസ് നോബൽ ല്യൂറേറ്റ് വങ്കാരി മാതായ് ഡൈസ് അറ്റ് ഏജ് ഓഫ് 71". ബി.ബി.സി. 2014-09-26. Archived from the original on 2014-06-09. Retrieved 2014-06-09.{{cite news}}: CS1 maint: bot: original URL status unknown (link)
  62. "വങ്കാരി മാതായ് പുരസ്കാരം". കൊളാബറേറ്റീവ് പാർട്ട്ണർഷിപ്പ് ഓൺ ഫോറസ്റ്റ്. Archived from the original on 2014-06-09. Retrieved 09 ജൂൺ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  63. "വങ്കാരി മാതായ് പുരസ്കാരം 2012". കൊളാബറേറ്റീവ് പാർട്ട്ണർഷിപ്പ് ഓൺ ഫോറസ്റ്റ്. Archived from the original on 2014-06-09. Retrieved 09 ജൂൺ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  64. "നേപ്പാളീസ് ആക്ടിവിസ്റ്റ് വിൻസ് ഫസ്റ്റ് വങ്കാരി മാതായ് അവാർഡ്". നെയ്റോബി സർവ്വകലാശാല (വങ്കാരി മാതായ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ആന്റ് എൻവിറോൺമെന്റൽ സ്റ്റഡീസ്). Archived from the original on 2014-06-09. Retrieved 09 ജൂൺ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  65. "ഓണറിംഗ് ആഫ്രിക്കാസ് ലീഡർഷിപ്പ്". ദ ഹങ്കർ പ്രൊജക്ട്. Archived from the original on 2014-06-07. Retrieved 07 ജൂൺ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

വങ്കാരി, മാതായ് (2007). അൺബോഡ്: എ മെമോയർ. ആങ്കർ. ISBN 978-0307275202.

"https://ml.wikipedia.org/w/index.php?title=വങ്കാരി_മാതായ്&oldid=3790236" എന്ന താളിൽനിന്ന് ശേഖരിച്ചത്