ല്യൂഗി ഡല്ലാപിക്കോല ഇറ്റാലിയൻ സംഗീതജ്ഞനായിരുന്നു. 1904 ഫെബ്രുവരി 3-ന് യുഗോസ്ലാവിയയിൽ ജനിച്ചു.

ജീവിതലക്ഷ്യം

തിരുത്തുക

അവാന്ത്ഗാർഡ് സംഗീത പാരമ്പര്യത്തിലെ ആചാര്യന്മാരിലൊരാളായ ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതം തിക്താനുഭവങ്ങൾ നിറഞ്ഞതായിരുന്നു. ഡല്ലാപിക്കോല കത്തോലിക്കാമതവിശ്വാസിയും ഭാര്യ ജൂതമതവിശ്വാസിയുമായിരുന്നു. ജൂതരെന്ന മുദ്രകുത്തി രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ ഭരണകൂടം ഇദ്ദേഹത്തെയും കുടംബത്തെയും തടവിലടച്ചു. തടവറയിലെ പീഡനങ്ങളും മനുഷ്യത്വമില്ലായ്മയും ഇദ്ദേഹത്തിന്റെ സംഗീതസങ്കല്പത്തെ ഇളക്കിമറിച്ചു. സ്വാതന്ത്ര്യം, മാനവികത എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു സംഗീതം ചിട്ടപ്പെടുത്തുകയായിരുന്നു ജീവിതലക്ഷ്യം. 1939-ൽ ട്വെൽവ് ടോൺ സിസ്ററത്തെ തന്റേതായ രീതിയിൽ അവലംബിച്ചു കൊണ്ടു ഇദ്ദേഹം അത് യാഥാർഥ്യമാക്കിത്തുടങ്ങി. സോംഗ്സ് ഒഫ് ക്യാപ്റ്റിവിറ്റി (1938-41) സോംഗ്സ് ഒഫ് ലിബറേഷൻ (1955) എന്നിവ സ്വാതന്ത്ര്യത്തിന്റേയും പീഡനങ്ങളുടേയും സംയുക്തഭാവങ്ങളൊത്തുചേർന്ന സംഗീതശില്പങ്ങളാണ്. ദ് പ്രിസണർ എന്ന ഓപ്പറ(1944-48) യും ഇതേ സ്വഭാവങ്ങൾ തന്നെയാണ് പുലർത്തുന്നത്.

ഇറ്റാലിയൻ ഭാവഗായകൻ

തിരുത്തുക

ഇറ്റാലിയൻ ഭാവഗാന പാരമ്പര്യത്തെയും അഗാധമായ ആശയവിനിയോഗാത്മകതയെയും സമന്വയിപ്പിക്കുന്ന ഒന്നായിരുന്നു ഡല്ലാപിക്കോലയുടെ രചനാശൈലി. അതിൽ ഓരോ ഭാവവും അങ്ങേയറ്റം സുതാര്യമായിരുന്നു, രൂപഘടന എല്ലായ്പ്പോഴും അയവുള്ളതുമായിരുന്നു. മസ്സാച്ചുസെറ്റ്സിലെ ബെർക് ഷെയ് ർ മ്യൂസിക് സെന്ററിൽ 1951 മുതൽ 52 വരെ ഇദ്ദേഹം സംഗീതപഠനം നടത്തി. ന്യൂയോർക്കിലെ ക്യൂൻസ് കോളജിലും (1956-57, 1959-60) കാലിഫോർണിയ യൂണിവേഴ്സിറ്റിയിലും (1962-63) സംഗീതാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണണ്ട്.

വിഖ്യാത രചനകൾ

തിരുത്തുക

ഇദ്ദേഹത്തിന്റെ വിഖ്യാത രചനകളാണ്:

  • യൂളീസസ് (1969)
  • വേരിയേഷൻസ് ഫോർ ഓർക്കെസ്ട്ര (1954)
  • ക്രിസ്തുമസ് കന്റാറ്റ (1957)
  • സിക്യൂട്ട് ഉമ്പ്ര (1970)

എന്നിവയാണ്. ജീവിതത്തിന്റെ കൂടുതൽ കാലവും ഫ്ളോറൻസിൽ ചെലവഴിച്ച ഡല്ലാപിക്കോല ഇവിടെ വച്ച് 1975 ഫെബ്രുവരി 19-ന് നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡല്ലാപിക്കോല, ല്യൂഗി (1904-75) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ല്യൂഗി_ഡല്ലാപിക്കോല&oldid=3644212" എന്ന താളിൽനിന്ന് ശേഖരിച്ചത്