ലിയോൺ ടെസ്റൻ ദ ബോർ ഫ്രഞ്ച് അന്തരീക്ഷ ശാസ്ത്രജ്ഞനായിരുന്നു. അന്തരീക്ഷത്തിലെ സ്റ്റ്രാറ്റോസ്ഫീയർ മേഖല കണ്ടെത്തിയതാണ് ഇദ്ദേഹത്തിന്റെ മികച്ച സംഭാവനയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അന്തരീക്ഷ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബലൂണുകൾ ഉപയോഗിച്ചു തുടങ്ങിയതും ടെസ്റൻ ആയിരുന്നു.

ലിയോൺ ടെസ്റൻ ദ ബോർ
ലിയോൺ ടെസ്റൻ ദ ബോർ
ജനനംനവംബർ 5, 1855
പാരിസ്
മരണംജനുവരി 2, 1913
കാൻസ്
ദേശീയതഫ്രാൻസ്
മേഖലകൾmeteorologist
അറിയപ്പെടുന്നത്stratosphere
പ്രധാന പുരസ്കാരങ്ങൾസിമൺസ് സ്വർണ്ണമെഡൽ

ജീവിതരേഖതിരുത്തുക

1855 നവംബർ 5-ന് പാരീസിലായിരുന്നു ടെസ്റൻ ദ ബോറിന്റെ ജനനം. 1880-ൽ പാരീസിലെ സെൻട്രൽ ബ്യൂറോ ഒഫ് മീറ്റിയറോളജിയിലെ അന്തരീക്ഷ പഠനവിഭാഗത്തിൽ ടെസ്റൻ ചേർന്നു. ആഗോളമർദ വിതരണത്തെക്കുറിച്ച് ഇദ്ദേഹം പഠനങ്ങൾ നടത്തിയത് ഇവിടെവച്ചാണ്. ഭൂവിജ്ഞാനീയത്തെക്കുറിച്ചും, ഭൂകാന്തികതയെക്കുറിച്ചും പഠിക്കുക എന്ന ലക്ഷ്യത്തോടെ 1883, 1885, 1887 വർഷങ്ങളിൽ ഇദ്ദേഹം ഉത്തര ആഫ്രിക്കയിൽ പര്യവേക്ഷണയാത്ര നടത്തി. 400 മീറ്റർ ഉയരത്തിൽ കാണുന്ന അന്തരീക്ഷ മർദവിതരണത്തെക്കുറിച്ചു ചില പ്രധാന ചാർട്ടുകൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചത് ഇക്കാലത്തായിരുന്നു. പിന്നീട് ബ്യൂറോയിൽ നിന്നും രാജിവച്ച ടെസ്റൻ സ്വന്തമായി ഒരു സ്വകാര്യ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ട്രേപ്പസിൽ സ്ഥാപിച്ചു (1896). മേഘങ്ങളെക്കുറിച്ച് നടന്ന ഒരു ആഗോളപഠനത്തിലും (1896-97) ടെസ്റൻ പങ്കെടുത്തിരുന്നു.

അന്തരീക്ഷ താപനിലാപഠനംതിരുത്തുക

അന്തരീക്ഷ താപനില 11-13 കി.മീറ്റർ ഉയരം വരെ മാത്രമേ ഉയരത്തിനാനുപാതികമായി കുറയുന്നുള്ളുവെന്ന് ഇദ്ദേഹം കണ്ടെത്തി (1906). അതിനുശേഷം വരുന്ന മേഖലയിലെ താപനിലയിൽ മാറ്റമൊന്നും വരുന്നില്ല എന്നതും ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ മേഖലയ്ക്ക് ഇദ്ദേഹം സ്റ്റ്രാറ്റോസ്ഫീയർ എന്നു നാമകരണം ചെയ്യുകയും ഈ മേഖലയുടെ രാസഘടനയെക്കുറിച്ചുള്ള പഠനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. റോയൽ മീറ്റിയറോളജിക്കൽ സൊസൈറ്റി 1908-ൽ ഇദ്ദേഹത്തെ സിമൺസ് സ്വർണമെഡൽ നൽകി ആദരിച്ചു. 1913 ജനുവരി 2-ന് കേയ്ൻസിൽ വച്ച് ഇദ്ദേഹം നിര്യാതനായി.

അവലബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെസ്റൻ ദ ബോർ ലിയോണ് ഫിലിപ്പ്(1855-1913) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ലിയോൺ_ടെസ്റൻ_ദ_ബോർ&oldid=1766495" എന്ന താളിൽനിന്ന് ശേഖരിച്ചത്