മലയാളലിപിപരിഷ്കരണം (1971)

(ലിപിപരിഷ്കരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളഭാഷയുടെ എഴുത്തിലുണ്ടായ ഒരു പ്രധാന മാറ്റമാണ് 1971-ലെ ലിപിപരിഷ്കരണം. ഹാന്റ് കമ്പോസിങ്, ടൈപ്പ് റൈറ്റർ തുടങ്ങിയ സാങ്കേതിക വിദ്യകൾ പ്രചാരത്തിലായിതുടങ്ങിയ കാലത്ത് ഇവയിലൊക്കെ മലയാളലിപിവിന്യാസങ്ങൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുകൾ അധികമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് കേരള സർക്കാർ തന്നെ മുൻകൈ എടുത്ത് ഭാഷാ വികസനത്തിനായി ലിപി പരിഷ്കരണ കമ്മറ്റികൾ രൂപീകരിച്ചു. 1967-ൽ ശൂരനാട് കുഞ്ഞൻപിള്ളയുടേയും 1969-ൽ എൻ.വി കൃഷ്ണവാര്യരുടേയും നേതൃത്വത്തിൽ രൂപവത്കരിച്ച കമ്മറ്റികളാണ് ലിപി പരിഷ്കരണത്തിന് നേതൃത്വം നൽകിയത്.

ചരിത്രം

തിരുത്തുക

ലിപിപരിഷ്കരണത്തിന്റെ ആദ്യ ആശയങ്ങൾ തുടങ്ങിവയ്ക്കുന്നത് കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ നേതൃത്വത്തിൽ ഭാഷാപോഷിണിയിലും മലയാള മനോരമയിലുമുള്ള ലേഖനങ്ങളാണ്. കൂട്ടക്ഷരങ്ങളെ പിരിച്ചെഴുതുകയെന്നതാണു അതിലെ പ്രധാന ആശയങ്ങളിലൊന്ന്. അധികം പ്രയോഗത്തിലില്ലാത്ത കൂട്ടക്ഷരങ്ങളെ ചന്ദ്രക്കലയിട്ട് പിരിക്കുന്നത് അന്ന് അപൂർവ്വമായിരുന്നില്ല. ഏത് കൂട്ടക്ഷരങ്ങളാണ് അങ്ങനെ പിരിയ്ക്കുന്നത് എന്നതിൽ കൃത്യമായ വ്യവസ്ഥയുണ്ടായിരുന്നില്ല. അതത് പ്രസ്സുകളിലെ അച്ചുകളുടെ ലഭ്യതയായിരുന്നു മാനദണ്ഡം. അതുപോലെ, ഉ,ഊ,ഋ, ര/റ എന്നിവയുടെ ചിഹ്നങ്ങളും ചിലപ്പോൾ വ്യഞ്ജനത്തിൽ നിന്നും പിരിച്ച് എഴുതിയിരുന്നു. അച്ചടിയ്ക്കും ടൈപ്പിംഗിനും വേണ്ടി ലിപി ഏകീകരിക്കേണ്ടതിന്റേയും ലളിതമാക്കേണ്ടതിന്റേയും ആവശ്യകതയെ പറ്റി എൻ.വി. കൃഷ്ണവാര്യർ മാതൃഭൂമിയിൽ എഴുതുകയും ഭാഷാ പരിഷ്കരണ കമ്മറ്റി നടപ്പാക്കുകയും ചെയ്തു.

കമ്മറ്റിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് 1971 മാർച്ച് 23-നു സർക്കാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് 1971 ഏപ്രിൽ 15 മുതൽ പുതിയ ലിപി പ്രാബല്യത്തിൽ വന്നു. ആയിരത്തിലധികം ഉണ്ടായിരുന്ന മലയാളം എഴുത്തിലെ ലിപിരൂപങ്ങൾ അങ്ങനെ 90 ആക്കി കുറച്ചു.

പ്രധാന പരിഷ്കരണങ്ങൾ

തിരുത്തുക

വ്യഞ്ജനങ്ങളോടെ സ്വരങ്ങൾ ചേർക്കുമ്പോഴും കൂട്ടക്ഷരങ്ങൾ സൃഷ്ടിക്കുമ്പോഴും മറ്റും പ്രത്യേക ലിപിരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നത് അവസാനിപ്പിച്ച് പ്രത്യേക ചിഹ്നങ്ങൾ ചേർത്തെഴുതുന്ന രീതി കൊണ്ടുവന്നതാണ് പ്രധാനമാറ്റം:

  1. ഉ, ഊ, ഋ എന്നീ സ്വരങ്ങൾ വ്യഞ്ജങ്ങളോടു ചേരുമ്പോൾ പ്രത്യേക ലിപികൾതന്നെ രൂപമെടുക്കുന്ന രീതിക്കു പകരം അവയ്ക്ക് പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തി. ഉ, ഊ, ഋ എന്നീ സ്വരങ്ങളിൽ ‘ഉ’ ന് ‘ു’ എന്ന ചിഹ്നവും ‘ഊ’ ന് ‘ൂ’ എന്ന ചിഹ്നവും ഋകാകാരത്തിന് വ്യഞ്ജനത്തോടു ചേർന്നുവരുന്ന ചിഹ്നം വേർപെടുത്തി കുറച്ച് വ്യത്യസ്തതയുള്ള ‘ൃ’ എന്ന ചിഹ്നം ഉപയോഗിക്കാൻ തിരുമാനിച്ചു[1] . ഉദാ :- കു, കൂ, കൃ; തു, തൂ, തൃ ഇത്യാദി.
  2. കൂട്ടക്ഷരങ്ങൾക്ക് മുമ്പിൽ രേഫം (ർ) വരുമ്പോൾ മുകളിൽ കുത്തിടുന്ന രീതി ഉപേക്ഷിച്ചു. ഉദാ :- അൎക്കൻ -> അർക്കൻ , പാൎത്തലം -> പാർത്തലം , നേൎച്ച - > നേർച്ച , കാൎത്തിക -> കാർത്തിക, വാൎത്ത -> വാർത്ത.
  3. ഭാഷയിലെ കൂട്ടക്ഷരങ്ങളിൽ ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നിവയൊഴിച്ചുള്ള പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങൾ ചന്ദ്രക്കല (മീത്തൽ) ഇട്ടു വേർത്തിരിയ്ക്കാൻ ശ്രമിച്ചതാണ് മറ്റൊരു പരിഷ്കരണം. ഉദാഹരണമായി ശ്ച എന്നത് ശ്‌ച എന്നും ക്ത എന്നത് ക്‌ത എന്നും എഴുതപ്പെട്ടു തുടങ്ങി.
  4. യ്, ര്, വ്, ല് എന്നീ മധ്യമങ്ങൾ ചേർന്നുവരുന്ന കൂട്ടക്ഷരങ്ങൾ പലപ്രകാരം എഴുതുന്നുണ്ട്. യ്, വ് എന്നിവ ചേരുമ്പോൾ (ക്യ, ത്യ, ക്വ, ത്വ എന്നിങ്ങനെ) പ്രത്യേക ചിഹ്നങ്ങൾ ചേർത്ത് വേർത്തിരിച്ചെഴുതുകയാൺ പതിവ്. ര് അഥവാ റ് / ര് എന്ന വ്യഞ്ജനം ചേരുന്ന കൂട്ടക്ഷരം പ്രത്യേക ചിഹ്നം ചേർത്ത് പ്ര, ക്ര, ത്ര എന്നിങ്ങനെ എഴുതുക. ല് അഥവാ ള് ചേരുന്നിടത്ത് ചന്ദ്രക്കലയിട്ട് വേർത്തിരിച്ചോ പ്ല, ക്ല എന്നിങ്ങനെയോ എഴുതാം.
  5. ഒരക്ഷരത്തിന് കീഴെയായി മറ്റൊരു അക്ഷരമെഴുതുന്ന രണ്ട് തട്ട് രീതി അവസാനിച്ചു.[അവലംബം ആവശ്യമാണ്]
  6. ചില്ലുകൾ (ൺ,ർ,ൽ,ൾ,ൻ)അതുപോലെ തന്നെ നിലനിർത്തുക
  7. റ്റൈപ്പ് റൈറ്റിങ്ങിലും അച്ചടിയിലും പുതിയ രീതി ഉപയോഗിക്കണമെന്നും കൈയ്യെഴുത്തിൽ പഴയ ലിപി ഉപയോഗിക്കാവുന്നതാണെന്നും ലിപി പരിഷ്കരണക്കമ്മറ്റി ശുപാർശ ചെയ്തിട്ടുണ്ട്[1].

നിലവിലെ ലിപികൾ

തിരുത്തുക

മൊത്തം 90 ലിപികളാണ് പുതിയ ലിപി മലയാളത്തിൽ ശുപാർശ ചെയ്യുന്നത്.

സ്വരങ്ങൾ മുതലായവ

ി ്യ ്വ

വ്യഞ്ജനങ്ങൾ

ചില്ലുകൾ

കൂട്ടക്ഷരങ്ങൾ

ക്ക ങ്ക ങ്ങ ച്ച ഞ്ച ഞ്ഞ ട്ട ണ്ട ണ്ണ ത്ത ന്ത ന്ന പ്പ മ്പ മ്മ യ്യ ല്ല വ്വ

പരിഷ്കരണത്തിന് ശേഷം

തിരുത്തുക

പാഠപുസ്തകങ്ങൾ മുതൽ പത്രങ്ങൾ വരെ പൂർണ്ണമായി ഇന്ന് അച്ചടി പുതിയലിപിയിലാണ്. എഴുത്തിൽ സ്കൂളുകളിലും കോളേജുകളിലും ഉള്ളവർ പുതിയലിപിയും മധ്യവയസ്സിനടുത്തും അതിനുമുകളിലും ഉള്ളവർ പഴയലിപിയും പൊതുവെ ഉപയോഗിക്കുന്നു. ഇന്റർനെറ്റിൽ വിവരകൈമാറ്റം സാധ്യമാക്കുന്ന യുണീക്കോഡ് എൻകോഡിംഗിൽ പുതിയലിപിയും പഴയലിപിയും തമ്മിലുള്ള വ്യത്യാസം മിക്കവാറും ഫോണ്ടിൽ തന്നെ സാധ്യമാണ്; ക്യാരക്ടറുകളിൽ വ്യത്യാസം വരുത്തേണ്ട കാര്യമില്ല. അതുകൊണ്ട് യുണീക്കോഡിലെഴുതിയ മലയാളം ഉപയോക്താകൾക്കിന്ന് പഴയലിപിയിലോ, പുതിയലിപിയിലോ അവരവർക്ക് സ്വീകാര്യമായ രീതിയിൽ കാണുവാൻ സാധിക്കും. മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഓ.എസ്, ഐ.ഒ.എസ്., ആൻഡ്രോയിഡ്, ഗൂഗിൾ ക്രോം ഒ.എസ്. മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പുതിയലിപിയാണ് സ്വതേ ഉള്ളത്. അതേസമയം പൊതുവേ ലിനക്സ് വിതരണങ്ങളിൽ സ്വതേ ഉള്ളത് പഴയലിപിയാണ്. അതുപോലെ, ഓൺലൈൻ പത്രങ്ങളിൽ മാതൃഭൂമി മാത്രം[അവലംബം ആവശ്യമാണ്] പഴയലിപി നിർബന്ധമാക്കുന്നു. ബാക്കിയുള്ള പത്രങ്ങളുടെ ഓൺലൈൻ പതിപ്പുകൾ പുതിയലിപി നിർബന്ധമാക്കുകയോ ലിപിരീതി നിഷ്ക്കർഷിക്കാതിരിക്കുകയോ ചെയ്യുന്നു. ഓൺലൈനിൽ മാത്രമുള്ള ന്യൂസ് പോർട്ടലുകളായ malayal.am, azhimukham.com മുതലായവ കാഴ്ച പഴയലിപിയിൽ നിഷ്കർഷിക്കുന്നു. 2013 ഡിസംബറിൽ 4-മുതൽ 6-വരെയുള്ള മലയാളം പാഠപുസ്തകങ്ങൾ പഴയലിപിയിൽ അച്ചടിക്കാനുള്ള തീരുമാനം വിവാദമാവുകയും പിന്നീട് പിൻവലിയ്ക്കുകയും ചെയ്തിരുന്നു. രചന അക്ഷരവേദി എന്ന സംഘടന പഴയലിപിയുടെ പ്രചരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്.

  1. 1.0 1.1 "MALAYALAM SCRIPT-ADOPTION OF NEW SCRIPT FOR USE-ORDERS ISSUED G. O. (P) 37/71/Edn" (PDF). GOVERNMENT OF KERALA -EDUCATION ‘P’ DEPARTMENT. 1971. Archived from the original (PDF) on 2013-09-20 05:51:10. Retrieved 2013-12-29. {{cite web}}: Check date values in: |archivedate= (help); Cite has empty unknown parameter: |month= (help)
"https://ml.wikipedia.org/w/index.php?title=മലയാളലിപിപരിഷ്കരണം_(1971)&oldid=3285831" എന്ന താളിൽനിന്ന് ശേഖരിച്ചത്