ലിനക്സ് വിതരണം

ലിനക്സ് കേർണൽ ഉൾപ്പെടുന്ന യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം

യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം കേർണൽ ആയ ലിനക്സ് കേർണലും അതിനു മുകളിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന ആപ്ലിക്കേഷനുകളുമടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ലിനക്സ് വിതരണം എന്നു വിളിക്കുന്നു. പുതിയ തലമുറ ലിനക്സ് വിതരണങ്ങൾ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്, വേഡ് പ്രോസസ്സർ, ബ്രൗസർ, ഫയൽ മാനേജർ തുടങ്ങിയ നിരവധി നിത്യോപയോഗ സോഫ്റ്റ്‌‌വേറുകളും ഉൾക്കൊള്ളുന്നു. ഒട്ടുമിക്ക ലിനക്സ് വിതരണങ്ങളും ഗ്രാഫിക്സിനായി എക്സ് വിൻഡോ സിസ്റ്റം ഉപയോഗിക്കുന്നു. ലിനക്സ് കെർണലും അനുബന്ധ ആപ്ലിക്കേഷനുകളും സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായതിനാൽ നിരവധി ലിനക്സ് വിതരണങ്ങൾ ലഭ്യമാണ്. ഡെബിയൻ ഗ്നു/ലിനക്സ്, ഉബുണ്ടു, ഫെഡോറ തുടങ്ങിയവ ഇന്ന് ഏറെ പ്രചാരത്തിലുള്ള ലിനക്സ് വിതരണങ്ങളാണ്. ലിനക്സ് വിതരണങ്ങളിൽ ചിലവ കമ്പനികൾ വികസിപ്പിക്കുന്നതും, ചിലവ ഉപയോക്തൃസമൂഹങ്ങൾ വികസിപ്പിക്കുന്നതുമാണ്. ലിനക്സ് വിതരണങ്ങളെല്ലാം ലിനക്സ് കെർണൽ ആണുപയോഗിക്കുന്നതെങ്കിലും അവയിലെ ആപ്ലിക്കേഷനുകൾ പരസ്പരം മാറി പ്രവർത്തിക്കണമെന്നില്ല.

ചരിത്രം

തിരുത്തുക

സോഫ്റ്റ്‌‌വേറുകൾ കുത്തക സ്വഭാവം കൈക്കൊണ്ടുവന്നതും അവയുടെ സ്രഷ്ടാക്കൾ അവ റിവേഴ്സ് എഞ്ചിനീറിങ് ചെയ്യുന്നതു പോലും തടയുകയും ചെയ്തപ്പോൾ റിച്ചാർഡ് സ്റ്റാൾമാന്റെ നേതൃത്വത്തിൽ ഒരുകൂട്ടം സോഫ്റ്റ്‍വെയർ വിദഗ്ദ്ധർ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാദമുയർത്തി സ്വതന്ത്രമായ ഒരു പദ്ധതി വിഭാവനം ചെയ്തു. ഗ്നു എന്നാണീ പദ്ധതി വിളിക്കപ്പെട്ടത്. എന്നാൽ ഗ്നു പദ്ധതിയ്ക്കാവശ്യമുള്ള ഓപ്പറേറ്റിങ് സിസ്റ്റം കെർണൽ ലഭ്യമല്ലായിരുന്നതിനാൽ ലിനസ് ടോൾ‌‌വാർഡ്സ് എന്നൊരാൾ സൃഷ്ടിച്ച ലിനക്സ് എന്ന സ്വതന്ത്ര കേർണൽ പദ്ധതിയിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ലിനക്സ് കെർണൽ സ്വതന്ത്രമായിരുന്നതിനാൽ നിരവധിയാളുകളും സംഘടനകളും അത് സ്വന്തം ഇഷ്ടപ്രകാരം ക്രമീകരിച്ചുപയോഗിക്കാൻ തുടങ്ങി. കാലികമായ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത തരം ലിനക്സ് വിതരണങ്ങളുണ്ടായി.

എച്ച്.ജെ. ലൂ വിന്റെ ബൂട്ട്-റൂട്ട് എന്ന വിതരണം, എംസിസി. ഇന്റെറിം ലിനക്സ്, റ്റാമു (TAMU), എസ്.എൽ.എസ്. (SLS) തുടങ്ങിയവയാണ് ആദ്യ ലിനക്സ് വിതരണങ്ങൾ. ഇവയൊന്നും ഇന്നു നിലനിൽപ്പില്ല. എന്നാൽ എസ്.എൽ.എസിൽ നിന്നും വികസിപ്പിച്ച് പാട്രിക് വോൾക്കെർഡിങ് എന്നൊരാൾ 1993-ൽ പുറത്തിറക്കിയ സ്ലാക്ക് വേർ എന്ന വിതരണം ഇന്നും സജീവമായുള്ള ഒന്നാണ്[1].

വിതരണങ്ങളുടെ തരംതിരിവുകൾ

തിരുത്തുക

ലിനക്സ് വിതരണങ്ങൾ വ്യത്യസ്ത രീതിയിൽ തരംതിരിക്കാറുണ്ട്.

  • വാണിജ്യോദ്ദേശത്തോടെയുള്ളവ വ്യാണിജ്യോദ്ദേശമില്ലാത്തവ
  • ഉപയോക്താക്കളുടെ ഉപയോഗ വൈദഗ്ദ്ധ്യവും, ഉപയോഗ രീതിയുമനുസരിച്ച്
  • വിവിധ ഹാർഡ്‌‌വേറുകളെ പിന്തുണയ്ക്കുന്നവ, പ്രത്യേക ഹാർഡ്‌‌വേറുകൾക്കു മാത്രമുള്ളത്
  • സെർവറുകൾ, ഡെസ്ക്ക്ടോപ്പുകൾ, എംബെഡെഡ് സിസ്റ്റങ്ങൾ എന്നിവയ്ക്കുള്ളത്
  • പ്രത്യേകാവശ്യങ്ങൾക്ക് (ഉദാ: ഫയർവാൾ, നെറ്റ്‌‌വർക്ക് റൂട്ടർ, കമ്പ്യൂട്ടർ ക്ലസ്റ്റർ)

ഉപയോക്താക്കളുടേയോ നിർമ്മാതാക്കളുടേയോ സാങ്കേതികമോ സംഘാടനപരമോ അല്ലെങ്കിൽ വിശ്വാസഗതിയ്ക്കോ അനുസരിച്ചാണ് ശരിക്കും ഈ വൈവിധ്യം സാധ്യമാകുന്നത്.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിനക്സ്_വിതരണം&oldid=4088224" എന്ന താളിൽനിന്ന് ശേഖരിച്ചത്