റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍
(റിച്ചാർഡ് സ്റ്റാൾമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിൽ‌, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർക്കിടയിൽ‌ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ‌ കാരണം കൈമോശം‌ വരികയും സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ‌ തുടങ്ങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ‌ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ ഗ്നൂ പ്രോജക്റ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം‌ കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്‌വേയറുകൾ‌ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ‌ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു.[1].

റിച്ചാർഡ്‌ സ്റ്റാൾമാൻ
2019 ൽ സ്റ്റാൾമാൻ
ജനനം
Richard Matthew Stallman

(1953-03-16) മാർച്ച് 16, 1953  (71 വയസ്സ്)
മറ്റ് പേരുകൾrms (RMS)
കലാലയം
തൊഴിൽ
  • Activist
  • programmer
വെബ്സൈറ്റ്stallman.org വിക്കിഡാറ്റയിൽ തിരുത്തുക
ഒപ്പ്

ഗ്നൂ കംപയിലർ‌ കലക്ഷൻ‌ മുതൽ‌ ഇന്നു സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് പ്രധാന ബദലായി നിലകൊള്ളുന്ന ലിനക്സ് ഓപ്പറേറ്റിന്ദ് സിസ്റ്റത്തിന്റെയും അതിന്റെ അനുബന്ധ സാങ്കേതികവിദ്യകളുടെയും ഒരു പ്രധാന ഉറവിടം‌ സ്റ്റാൾമാൻ തുടങ്ങിവെച്ച ഗ്നൂ പ്രൊജക്റ്റ് ആണെന്നു പറയാം.[2]. ഇതു കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനം‌ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ‌ ഉപയോഗിച്ചു വികസിപ്പിക്കുന്ന ഏതു സാങ്കേതികവിദ്യയും പൊതുസമൂഹത്തിനു പൂർണ്ണമായും ലഭ്യമായിരിക്കണമെന്ന ഉദ്ദേശത്തോടെ പകർപ്പുപേക്ഷ എന്ന പുതിയ ജനകീയ പകർപ്പവകാശ നിയമത്തിന്റെയും തുടക്കം‌ കുറിച്ചത് റിച്ചാർഡ് സ്റ്റാൾമാനാണ്.

ആദ്യ കാലം

തിരുത്തുക

1953 മാർച്ച് 16 ന് ഡാനിയേൽ സ്റ്റാൾമാന്റെയും ആലിസ് ലിപ്പ്മാന്റെയും മകനായി ന്യൂയോർക്കിലാണ് റിച്ചാർഡ് സ്റ്റാൾമാന്റെ ജനനം. ഹൈസ്കൂൾ പഠനകാലത്തെ ഒരു വേനലവധിയിൽ‌ ന്യൂയോർക്കിലെ ഐ.ബി.എം സയൻറ്റിഫിക് സെന്റർ വഴിയാണ് സ്റ്റാൾമാൻ കമ്പ്യൂട്ടറുകളുടെ ലോകത്ത് എത്തിച്ചേരുന്നത്. സംഖ്യാപരമായ പ്രശ്നങ്ങൾക്കുത്തരം‌ കണ്ടെത്താൻ വേണ്ടിയുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിച്ചെടുക്കാൻ‌ വേണ്ടിയായിരുന്നു അവിടെ സ്റ്റാൾമാന്റെ നിയമനം‌ എങ്കിലും, ആഴ്ചകൾക്കൊണ്ട് തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ പ്രമാണങ്ങൾ‌ ചിട്ടപ്പെടുത്താൻ ഉപയോഗപ്പെടുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ വികസനത്തിലും ശേഷിച്ച അവധിക്കാലം ചെലവഴിച്ചു.

ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം. ഐ. റ്റി.) യിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബോറട്ടറിയിൽ കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മറായി ചേർന്നു. ഹാർവാഡിലെ പഠനകാലത്തു തന്നെ എം.ഐ.റ്റി. ലാബിലെ ഹാക്കർ‌ സമൂഹത്തിൽ സ്റ്റാൾമാൻ സ്ഥിരാംഗമായിരുന്നു. അവിടെ വെച്ചാണ് ആർ.എം.എസ് എന്ന ചുരുക്കപ്പേര് സ്റ്റാൾമാന് ലഭിക്കുന്നത്.

എം.ഐ.റ്റി. ദിനങ്ങൾ

തിരുത്തുക

എം.ഐ.റ്റി. ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, സ്റ്റാൾമാൻ ലിസ്പ് മെഷീൻ, പലതരം കമ്പ്യൂട്ടർ‌ പ്രമാണങൾ ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ വികസത്തിൽ പങ്കാളിയായി. ആ കാലത്ത് അമേരിക്കൻ‌ പ്രതിരോധ വകുപ്പിന്റെ ധനസഹായത്തോടെ എം.ഐ.റ്റി. ലാബിൽ പ്രവർത്തിച്ചിരുന്ന പല സോഫ്റ്റ്‌വെയർ വികസന പരിപാടികളിലും കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിൽ‌ കർശന നിയന്ത്രണങൾ‌ നടപ്പാക്കിയിരുന്നു. ഇതിനെതിരായി ശക്തമായി ശബ്ദമുയർത്തിയവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു റിച്ചാർഡ് സ്റ്റാൾമാൻ. 1977ൽ എം.ഐ.റ്റി. ലാബിൽ രഹസ്യവാചകം ഉപയോഗിച്ചു പ്രവേശനം‌ നിയന്ത്രിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ രഹസ്യവാചകം വെളിപ്പെടുത്താൻ ഒരു വഴി കണ്ടെത്തിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ രഹസ്യ വാചകവും കൂടെ രഹസ്യ വാചകം നീക്കം ചെയ്യാനുള്ള ഒരു ആഹ്വാനവും ഇ മെയിൽ വഴിയായി അയച്ചു എന്നും ഇരുപതു ശതമാനത്തോളം കമ്പ്യൂട്ടർ ഉപഭോക്താക്കൾ സ്റ്റാൾമാന്റെ ആഹ്വാനം സ്വീകരിച്ചു അവരുടെ രഹസ്യവാചകം നീക്കം‌ ചെയ്തു എന്നും പറയപ്പെടുന്നു.[3]

എം.ഐ.റ്റി. യിൽ ഭൗതികശാസ്ത്രത്തിൽ ഗവേഷണ പഠനത്തിനായി ചേർന്നെങ്കിലും, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളോടുള്ള താത്പര്യാർത്ഥം‌ സ്റ്റാൾമാൻ തന്റെ ഗവേഷണപഠനം ഇടക്കു വച്ചു നിർത്തുകയായിരുന്നു. എം.ഐ.റ്റി. യിലെ പഠനകാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് രംഗത്ത് ജെറാൾഡ് ജെ. സസ്മാന്റെ കൂടെ സ്റ്റാൾമാൻ എഴുതിയ പ്രബന്ധം‌ ഇന്നും ആ രംഗത്ത് ലഭ്യമായിട്ടുള്ള പ്രബന്ധങളിൽ‌ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.[4]

1980-തുകളുടെ ആദ്യത്തോടെ കച്ചവടസാധ്യത മുന്നിൽ കണ്ടും മറ്റു കമ്പനികളിൽ നിന്നുള്ള മൽസരം ഒഴിവാക്കാൻ വേണ്ടിയും സോഫ്റ്റ്‌വെയർ വികസനത്തിലേർപ്പെട്ടിരുന്ന കമ്പനികൾ പലതും തങൾ വികസിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖഉപഭോക്താവിനു നൽകാൻ വിസമ്മതിച്ചു തുടങി. ഈ പ്രവണത അതിന്നു മുൻപു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും 1980 തുകളുടെ ആദ്യത്തോടെ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പുറത്തു വിടുന്നത് വളരെ അപൂർവ്വമാകുകയും ഉപഭോക്താവിനു സോഫ്റ്റ്‌വെയറിൽ ആവശ്യമായ ഏതൊരു മാറ്റത്തിനും സോഫ്റ്റ്‌വെയർ വികസിപ്പിച്ച കമ്പനിയെ ആശ്രയിക്കേണ്ട ഒരു സ്ഥിതി സംജാതമാവുകയും ചെയ്തു. 1976 ലെ അമേരിക്കൻ പകർപ്പവകാശനിയമം പ്രാബല്യത്തിൽ വന്നതോടെയാണ് ഈ പ്രവണതയ്ക്ക് വേരോട്ടമുണ്ടായി തുടങ്ങിയതെന്നു കരുതപ്പെടുന്നു.

ഉപഭോക്താവിന്റെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളും പരിമിതികളുമുള്ള അനുമതിപത്രത്തോടെയുള്ള സോഫ്റ്റ്‌വെയർ വിപണനം തുടക്കം മുതലെ റിച്ചാർഡ് സ്റ്റാൾമാൻ എതിർത്തു പോന്നിരുന്നു. 1979ൽ പുറത്തിറക്കിയ സ്ക്രൈബ് മാർക്കപ്പ് ലാങ്വേജും ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളും ഉപഭോക്താക്കളിൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളെ "മനുഷ്യരാശിയോടു കാട്ടിയ അപരാധം" എന്നാണു സ്റ്റാൾമാൻ വിശേഷിപ്പിച്ചത്. ഒരാൾ ഒരു സോഫ്റ്റ്‌വെയർ പണം പ്രതിഫലമായി പ്രതീക്ഷിച്ചു വിപണനം ചെയ്യുന്നതിനെ താൻ എതിർക്കുന്നില്ലെന്നും, പക്ഷെ വിപണന സമയത്ത് ഉപഭോക്താവിന്മേൾ അടിച്ചേൽപ്പിക്കുന്ന ഏതു നിയന്ത്രണങ്ങളും അവരോടു കാട്ടുന്ന അപരാധമായി താൻ കരുതുന്നുവെന്നു സ്റ്റാൾമാൻ പിന്നീടും പറയുകയുണ്ടായി.

1980ൽ എം.ഐ.റ്റി. ലാബിൽ പുതുതായി സ്ഥാപിച്ച ലേസർ രശ്മികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അച്ചടിയന്ത്രത്തിന്റെ നിയന്ത്രണ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പരിശോധിക്കാനോ അതിൽ മാറ്റം വരുത്താനോ ഉള്ള അവകാശം സിറോക്സ് കമ്പനി സ്റ്റാൾമാനും സഹപ്രവർത്തകർക്കും നിഷേധിക്കുകയുണ്ടായി. ലാബിൽ‌ മുന്നെ ഉണ്ടായിരുന്ന അച്ചടിയന്ത്രത്തിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയ സ്റ്റാൾമാൻ, അതിൽ അച്ചടി ജോലി കഴിഞാൽ അച്ചടി നിർദ്ദേശം നൽകിയ ആൾക്ക് അറിയിപ്പ് കിട്ടുന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. എം.ഐ.റ്റി. ലാബ് കെട്ടിടത്തിലെ പല നിലകളിലായി ഈ അച്ചടിയന്ത്രത്തെ ആശ്രയിച്ചു ജോലി ചെയ്തിരുന്നവർക്ക് അറിയിപ്പ് സംവിധാനത്തിന്റെ അഭാവം വലിയൊരു അസൗകര്യമായി മാറി, കൂട്ടത്തിൽ സോഫ്റ്റ്‌വെയറിന്റെ നിർമ്മാണരേഖ പുറത്തുവിടില്ലെന്ന സിറോക്സ് കമ്പനിയുടെ തീരുമാനവും. ഈ സംഭവം റിച്ചാർഡ് സ്റ്റാൾമാന്റെ മനസ്സിൽ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ നിലപാട് ഉറപ്പിക്കുകയും ഒരു സോഫ്റ്റ്‌വെയർ വിപണനം ചെയ്യുമ്പോൾ അതിന്റെ നിർമ്മാണരേഖ ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കു അത്യാവശ്യമാണെന്ന തീരുമാനത്തിൽ സ്റ്റാൾമാനെ എത്തിക്കുകയും ചെയ്തു.

സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ റിച്ചാർഡ് സ്റ്റാൾമാന്റെ നിലപാടുറപ്പിച്ച മറ്റൊരു സംഭവം ലിസ്പ് മെഷീനുകൾ എന്നറിയപ്പെട്ടിരുന്ന വിവിധോദ്യേശ കമ്പ്യൂട്ടറുകളുടെ വിപണത്തിനായി എം. ഐ. റ്റി. ലാബിൽ നിന്നു ഉദയം കൊണ്ട രണ്ടു കമ്പനികളുടെ ചരിത്രമാണ്. എം. ഐ. റ്റി. ലാബിൽ സ്റ്റാൾമാന്റെ സഹപ്രവർത്തകരായിരുന്ന റിച്ചാർഡ് ഗ്രീൻബ്ലാറ്റ്, ടോം നൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ ലിസ്പ് മെഷീൻ ഇങ്ക്. എന്നൊരു കമ്പനിയും എം. ഐ. റ്റി. ലാബിനു പുറത്തു നിന്നുള്ള നിക്ഷേപരുടെ പിൻബലത്തിൽ സിംബോളിക്സ് എന്നൊരു കമ്പനിയും ലിസ്പ് കമ്പ്യൂട്ടറുകളുടെ വിപണത്തിനായി രൂപം കൊണ്ടു. രണ്ടു കമ്പനികളും സ്വകാര്യ സോഫ്റ്റ്‌വെയർ രൂപത്തിലായിരുന്നു വിപണനം നടത്തിയിരുന്നതെങ്കിലും സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സിംബോലിക്സിന്റെ തന്ത്രങൾ എം. ഐ. റ്റി. ഹാക്കർ സമൂഹത്തിന്റെ താത്പര്യങൾക്കു വിരുദ്ധമായിരുന്നു. സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർക്ക് എം. ഐ. റ്റി. ലാബിലെ കമ്പ്യൂട്ടറുളുടെ മേൽ കുത്തക നിഷേധിക്കാൻ വേണ്ടി 1981 മുതൽ 1983 വരെ റിച്ചാർഡ് സ്റ്റാൾമാൻ, സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർ പുറത്തിറക്കിയ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് സ്വതന്ത്ര പതിപ്പുണ്ടാക്കാൻ വേണ്ടി തന്റെ സമയം നീക്കി വെച്ചു.[5]

സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സോഫ്റ്റ്‌വെയർ ഉപഭോക്താവിന് സോഫ്റ്റ്‌വെയർ മറ്റുള്ളവരുമായി പങ്കിടാനും,സോഫ്റ്റ്‌വെയറിനെ കുറിച്ച് പഠിക്കാനും വേണമെങ്കിൽ അതിൽ മാറ്റം വരുത്താനും മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനുമുള്ള അവകാശമുണ്ടായിരിക്കണം. ഉപഭോക്താവിനുണ്ടായിരിക്കേണ്ട ഈ അവകാശങ്ങൾ നിഷേധിക്കുന്നത് സ്റ്റാൾമാന്റെ അഭിപ്രായത്തിൽ‌ അസന്മാർഗ്ഗികവും സാമൂഹ്യ വിരുദ്ധവുമാണ്.

1984ൽ സ്റ്റാൾമാൻ എം. ഐ. റ്റി. ലാബിലെ തന്റെ ജോലി ഉപേക്ഷിക്കുകയും, താൻ 1983 സെപ്തംബർ മാസം പ്രഖ്യാപിച്ച ഗ്നു പ്രൊജക്റ്റ്നു വേണ്ടി തന്റെ മുഴുവൻ സമയം മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.

എം‌ഐ‌ടിയിൽ നിന്നും ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനിൽ നിന്നുമുള്ള വിവാദവും രാജിയും

തിരുത്തുക

സമ്പന്നർക്കും വരേണ്യവർഗത്തിനുമായി എസ്‌കോർട്ട് സേവനം (പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ) നല്കിവന്ന വിവാദ അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്‌സ്റ്റൈന്റെ ഇരകളിലൊരാളായ വിർജീനിയ ജിയുഫ്രെ എന്ന യുവതി അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപിൽ എം‌ഐ‌.ടി.യിലെ പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരുന്ന മാർവിൻ ലീ മിൻസ്കിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിർദ്ദേശിക്കപ്പെട്ടു എന്നു വെളിപ്പെടുത്തുകയുണ്ടായി.  പ്രൊഫസർ മാർവിൻ മിൻസ്കിയെ ഭാഗികമായി ന്യായീകരിച്ചുകൊണ്ടു് സ്റ്റാൾമാൻ ഒരു ആഭ്യന്തര സി.‌എസ്‌.ഐ‌.എൽ. പട്ടികയിൽ പ്രസ്താവനകൾ നടത്തിയതായി 2019 സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതു വിവാദമായതിനെത്തുടർന്നു് സ്റ്റാൾമാൻ എംഐ.ടി.യിൽ നിന്നും ഫ്രീ സോഫ്റ്റ്‍വെയർ ഫൗണ്ടേഷനിൽ നിന്നും രാജിവച്ചു.[6] എങ്കിലും ഗ്നു പദ്ധതിയുടെ തലവനായി ഇപ്പോഴും അദ്ദേഹം പ്രവർത്തിക്കുന്നു.[7]

ഗ്നു പദ്ധതി

തിരുത്തുക
 
2014 സ്വതന്ത്ര സോഫ്റ്റ്‍വെയർ കോൺഫറൻസിൽ പങ്കെടുക്കാൻ റിച്ചാഡ് സ്റ്റാൾമാൻ കേരളത്തിലെത്തിയപ്പോൾ

സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരെ ഉപഭോക്താക്കൾക്ക് ഒരു ബദൽ നൽകുകയെന്ന ഉദ്ദേശത്തോടെ 1983 സെപ്തംബർ മാസം 27 ആം തീയതിയാണ് റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു പ്രൊജ്ക്റ്റിനു തുടക്കം കുറിക്കുന്നത്. സ്റ്റാൾമാൻ ഗ്നു പ്രൊജക്റ്റിനെ പറ്റി തന്റെ തന്നെ വാചകങളിൽ ഇങനെയാണ് വിശേഷിപ്പിക്കുന്നത്.

"ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച ആളെന്ന നിലയിൽ ഈ പ്രൊജക്റ്റിനു വേണ്ട ശരിയായ വൈദഗ്ദ്ധ്യം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. വിജയം ഉറപ്പു നൽകുന്നില്ലെങ്കിലും ഞാൻ ഈ ജോലിക്കു പ്രാപ്തനായ ഒരാളാണ് ഞാനെന്ന് കരുതുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം, യുനിക്സ് ഉപയോഗിച്ച് പരിചയമുള്ളവർക്ക് പെട്ടെന്നു ഉപയോഗത്തിൽ കൊണ്ടുവരാൻ തക്ക വണ്ണം നിലവിലുള്ള യുനിക്സ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ഒത്തു പോകുന്ന നിലയിൽ വികസിപ്പിക്കാനുദ്ദേശിക്കുന്നു".[1]

1985ൽ ഗ്നു എന്ന പേരിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കാനുള്ള തന്റെ തീരുമാനത്തിന്റെ പ്രചോദനത്തെ പറ്റിയും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങളെ കുറിച്ചും വിശദീകരിക്കാൻ വേണ്ടി, റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു വിജ്ഞാപനം പുറത്തിറക്കി. ഇതു കൂടാതെ ഗ്നു പദ്ധതിയിൽ‌ ഭാഗവാക്കാവുന്ന പ്രോഗ്രാമ്മർമാരെ നിയമിക്കാനും അവർക്കും അവർ വികസിപ്പിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകൾക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിനു തന്നെയും നിയമ പരിരക്ഷ നൽകുക എന്ന ഉദ്ദേശത്തോടുകൂടി സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്കും സ്റ്റാൾമാൻ രൂപം നൽകി. ഈ സംഘടനയുടെ പ്രസിഡ്ന്റ് സ്ഥാനത്ത് ഇന്നും റിച്ചാർഡ് സ്റ്റാൾമാനാണ്, പ്രതിഫലമില്ലാതെയാണ് അദ്ദേഹം ഈ ജോലി ഏറ്റെടുത്തിരുക്കുന്നത്.[8] സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഭാഗമായി, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിതരണത്തിലും, മാറ്റം വരുത്തി ഉപയോഗിക്കാനുമുള്ള ഉപഭോക്താക്കളുടെ അവകാശം നിയമപരമായി സംരക്ഷിക്കാനായി പകർപ്പുപേക്ഷ എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ജനകീയ പകർപ്പവകാശ നിയമത്തിന്റെ വികസനത്തിലും സ്റ്റാൾമാൻ മുഖ്യ പങ്കു വഹിച്ചു. സ്റ്റാൾമാൻ വിഭാവനം ചെയ്ത, പകർപ്പുപേക്ഷ രീതിയിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗ അനുവാദപത്രം ആദ്യമായി ഉപയോഗിച്ചത് ഇമാക്സ് സാർവ്വജനിക അനുവാദപത്രത്തിലാണ്. പിന്നീട് ഗ്നു സാർവ്വജനിക അനുവാദപത്രമെന്ന നിലയിൽ ഗ്നു പദ്ധതി പ്രകാരം വികസിപ്പിച്ചെടുക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകൾക്കും ഉപയോഗിച്ചു തുടങി.

ഗ്നു പദ്ധതിയിൽ‌ വികസിപ്പിക്കപ്പെട്ട പല സുപ്രധാന സോഫ്റ്റ്‌വെയറുകളുടെയും വികസന ചുമതല റിച്ചാർഡ് സ്റ്റാൾമാൻ നിർവഹിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമ്മുകൾ വികസിപ്പിച്ചെടുക്കാൻ ഉതകുന്ന ഇമാക്സ് എഡിറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാനനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാൻ ഉപയോഗിക്കുന്ന ഗ്നു കമ്പയിലർ ശേഖരം, പ്രോഗ്രാമിലുള്ള തെറ്റ് കണ്ടുപിടിച്ച് തിരുത്താൻ സഹായിക്കുന്ന ജി.ഡി.ബി ഡീബഗ്ഗർ, പ്രത്യേക ഉപയോഗത്തിനായി വികസിപ്പിച്ചെടുത്ത ഒരു കൂട്ടം കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ ഒരുമിച്ച് ചേർത്ത് ഒരു വിതരണ സംവിധാനമായി മാറ്റാൻ സഹായിക്കുന്ന ജി. മേക്ക് എന്ന സോഫ്റ്റ്‌വെയർ സങ്കേതം തുടങിയവയെല്ലാം സ്റ്റാൾമാന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തവയാണ്. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിൽ ഗ്നു പദ്ധതിയിലെ പ്രധാന അഭാവം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗത്തിന്റെതായിരുന്നു. 1990ൽ ചില ഗ്നു പദ്ധതി പ്രവർത്തകർ ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്ന ജോലി ആരംഭിച്ചെങ്കിലും വ്യാപക ഉപയോഗത്തിനായുള്ള പൂർണ്ണത കൈവരിക്കുന്നതിന്നു മുന്നെയാണ് ഗ്നു പദ്ധതിയിൽ വികസിപ്പിക്കപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ലിനസ് ട്രോവാൾഡ് എന്ന ഫിൻലാന്റുകാരൻ വിദ്യാർത്ഥി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്നത്. അങ്ങനെ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ബദലായി ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന റിച്ചാർഡ് സ്റ്റാൾമാന്റെ സ്വപ്നം ലിനസ് ട്രോവാൾഡ് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രഭാഗത്തിന്റെയും ഗ്നു പദ്ധതിയിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളുടെയും രൂപത്തിൽ സഫലമായിത്തുടങ്ങി.[9] [10]

  1. 1.0 1.1 റിച്ചാർഡ് സ്റ്റാൾമാൻ.ഗ്നു പദ്ധതി പ്രഖ്യാപനം 1983 സെപ്തംബർ 27.
  2. ഗ്നു ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ച്.
  3. സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 4.
  4. റിച്ചാർഡ് സ്റ്റാൾമാൻ,ജെറാൾഡ് ജെ. സസ്മാൻ Forward Reasoning and Dependency-Directed Backtracking In a System for Computer-Aided Circuit analysis.
  5. സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 7
  6. "Richard M. Stallman resigns".
  7. "Richard Stallman To Continue As Head Of The GNU Project".
  8. റിച്ചാർഡ് സ്റ്റാൾമാൻ. ഗ്നു വിജ്ഞാപനം
  9. "സ്വതന്ത്ര ഗ്നു/ലിനക്സ് വിതരണങ്ങൾ". Archived from the original on 2013-05-19. Retrieved 2013-05-26.
  10. സ്വതന്ത്ര ഗ്നു/ലിനക്സ് ലേഖകർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

സാം വില്ല്യംസ്(2010) ഫ്രീ ആസ് ഇൻ ഫ്രീഡം ISBN 978-0-9831592-1-6

ഇവയും കാണുക

തിരുത്തുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക