ലാറൈൻ ഡേ

അമേരിക്കന്‍ ചലചിത്ര നടന്‍

ലാറൈൻ ഡേ (ജനനം, ലാ റെയിൻ ജോൺസൺ, ഒക്ടോബർ 13, 1920 - നവംബർ 10, 2007) ഒരു അമേരിക്കൻ അഭിനേത്രിയും റേഡിയോ, ടെലിവിഷൻ മേഖലകളിലെ അവതാരികയും മെട്രോ-ഗോൾഡ്വിൻ-മേയർ സ്റ്റുഡിയോയുടെ മുൻ കരാർ താരവുമായിരുന്നു. ഒരു മുൻനിര നായിക നടിയെന്ന നിലയിൽ, റോബർട്ട് മിച്ചം, ലാന ടേണർ, കാരി ഗ്രാന്റ്, റൊണാൾഡ് റീഗൻ, കിർക്ക് ഡഗ്ലസ്, ജോൺ വെയ്ൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ചലച്ചിത്ര താരങ്ങൾക്കൊപ്പം അവർ അഭിനയിച്ചു. നിരവധി സിനിമാ, ടെലിവിഷൻ വേഷങ്ങളോടൊപ്പം നാടകങ്ങളിലും അഭിനയിച്ച ലാറൈൻ സ്വന്തമായി റേഡിയോ, ടെലിവിഷൻ ഷോകൾ നടത്തുകയും, രണ്ട് പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. ലിയോ ഡുറോച്ചറുമായുള്ള അവരുടെ വിവാഹവും അയാളുടെ ബേസ്ബോൾ കരിയറിലെ പങ്കാളിത്തവും കാരണം അവർ "ബേസ്ബോളിന്റെ പ്രഥമ വനിത" എന്നറിയപ്പെട്ടു. ഫോറിൻ കറസ്‌പോണ്ടന്റ്, മൈ സൺ, മൈ സൺ, ജേർണി ഫോർ മാർഗരറ്റ്, മിസ്റ്റർ ലക്കി, ദ ലോക്കറ്റ് എന്നിവയും ഡോ. കിൽഡെയർ എന്ന ചലച്ചിത്ര പരമ്പരയുമാണ് അവരുടെ അറിയപ്പെടുന്ന സിനിമകൾ.

ലാറൈൻ ഡേ
Day in the 1940s
ജനനം
ലാ റെയിൻ ജോൺസൺ

(1920-10-13)ഒക്ടോബർ 13, 1920
മരണംനവംബർ 10, 2007(2007-11-10) (പ്രായം 87)
അന്ത്യ വിശ്രമംഫോറസ്റ്റ് ലോണഅ‍ മെമ്മോറിയൽ പാർക്ക്
മറ്റ് പേരുകൾലാറെയിൻ ജോൺസൺ
തൊഴിൽനടി
സജീവ കാലം1937–1986
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
ജീവിതപങ്കാളി(കൾ)
Ray Hendricks
(m. 1942; div. 1947)

(m. 1948; div. 1960)

Michael Grilikhes
(m. 1961; died 2007)
കുട്ടികൾ6

ആദ്യകാല ജീവിതം, വിദ്യാഭ്യാസം

തിരുത്തുക

1920 ഒക്‌ടോബർ 13-ന് യൂറ്റായിലെ റൂസ്‌വെൽറ്റ് നഗരത്തിൽ ജനിച്ച ലാ റെയ്‌ൻ ജോൺസൺ, ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സിലെ അംഗങ്ങളായ ഒരു ധനാഢ്യ കുടുംബത്തിലെ എട്ട് മക്കളിൽ ഒരാളായിരുന്നു.[1] ക്ലാരൻസ് ഇർവിൻ ജോൺസൺ,  അഡാ എം ജോൺസൺ എന്നിവരായിരുന്നു മാതാപിതാക്കൾ.[2] പിതാവ് ഒരു ധാന്യവ്യാപാരിയും യുറ്റെ ഇന്ത്യൻ ഗോത്രങ്ങൾക്കിടയിലെ ദ്വിഭാഷിയുമായിരുന്നു. അവൾക്ക് ലാമർ എന്ന പേരിൽ ഇരട്ട സഹോദരനുണ്ടായിരുന്നു. ആദ്യകാല മോർമോൺ പയനിയർ ചാൾസ് സി റിച്ച് ആയിരുന്നു അവളുടെ പ്രപിതാമഹൻ.[3][4] കുടുംബം പിന്നീട് കാലിഫോർണിയയിലേക്ക് താമസം മാറ്റുകയും അവിടെ അവളുടെ സുഹൃത്തും സമകാലികനുമായ റോബർട്ട് മിച്ചം ഉൾപ്പെടെയുള്ള ലോംഗ് ബീച്ച് കലാകാരന്മാരോടൊപ്പം അഭിനയ ജീവിതം ആരംഭിക്കുകയും ചെയ്തു.[5][6] ജോർജ്ജ് വാഷിംഗ്ടൺ ജൂനിയർ ഹൈസ്‌കൂളിൽ പഠിച്ച അവർ 1938-ൽ കാലിഫോർണിയയിലെ ലോംഗ് ബീച്ചിലുള്ള പോളിടെക്‌നിക് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയിരുന്നു.[7][8]

ഔദ്യോഗിക ജീവിതം

തിരുത്തുക

ലോംഗ് ബീച്ച് കലാകാരന്മാർക്കിടയിൽനിന്ന് ഒരു ടാലന്റ് സ്കൗട്ടിൻറെ കണ്ടെത്തലിന് ശേഷം, ഗോൾഡ്വിൻ സ്റ്റുഡിയോയുമായി ഒരു കരാർ ഒപ്പിട്ടുകൊണ്ട് അവർ സിനിമാരംഗത്ത് പ്രവേശിച്ചു. 1937-ൽ സ്റ്റെല്ല ഡാളസ് എന്ന ചിത്രത്തിലെ ഒരു ബിറ്റ് വേഷത്തിലൂടെയാണ് അവർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. "കഴിവില്ല" എന്ന കാരണത്താൽ ഉടൻ തന്നെ അവളുമായുള്ള കരാർ സ്റ്റുഡിയോ ഉപേക്ഷിച്ചു. താമസിയാതെ, RKO പിക്‌ചേഴ്‌സിൻറെ നിരവധി ജോർജ്ജ് ഒബ്രിയൻ വെസ്റ്റേൺ ചലച്ചിത്രങ്ങളിലെ പ്രധാന വേഷങ്ങൾ അവരെ തേടിയെത്തുകയും അവയിൽ ലാറൈൻ ജോൺസൺ എന്ന് പേരിൽ അവർ അഭിനയിക്കുകയും ചെയ്തു. 1938-ൽ, തന്റെ മുൻ നാടകശാലാ മാനേജർ ഏലിയാസ് ഡേയെ ആദരിക്കുന്നതിനായി അവർ "ലാറൈൻ ഡേ" എന്ന പേര് സ്വീകരിച്ചു. അദ്ദേഹത്തിൽനിന്നായിരുന്നു അവൾ കൂടുതൽ കാലം പരിശീലനം നേടിയത്. അക്കാലത്ത്, മോർമോൺ അഭിനേതാക്കൾക്കായി ലോസ് ആഞ്ചലസിൽ ഒരു നാടകശാല സ്ഥാപിക്കുന്ന വിഷയത്തിലും അവർ സജീവമായിരുന്നു. റേ ബ്രാഡ്‌ബറി 1939-ൽ കുറച്ചുകാലം അവരോടൊപ്പം ചേർന്നതോടെ ചില സ്റ്റേജ് പ്രോപ് ജോലികളും പരസ്യങ്ങളും ചെയ്യാൻ അവൾ അദ്ദേഹത്തെ അനുവദിച്ചിരുന്നു. 1939-ൽ, മെട്രോ-ഗോൾഡ്വിൻ-മേയറുമായി കരാർ ഒപ്പുവച്ച അവർ, കോളിംഗ് ഡോ. കിൽഡെയർ (1939) എന്ന പേരിൽ തുടങ്ങിയ ഏഴ് ഡോ. കിൽഡെയർ സിനിമാ പരമ്പരകളിലെ ലൂ അയേഴ്സ് അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രത്തിൻറെ പ്രണയിനിയും അന്തിമമായി പ്രതിശ്രുത വധുവുമായ നഴ്‌സ് മേരി ലാമോണ്ട് എന്ന ജനപ്രിയ കഥാപാത്രത്തെ അവതരിപ്പിച്ചു (ലാറൈൻ ഡേ എന്ന പേരിൽ).

ഐറിഷ് മെലോഡ്രാമയായ മൈ സൺ, മൈ സൺ!  (1940)  എന്ന ചിത്രത്തിലെ ഒരു പ്രധാന പിന്തുണ വേഷം  ഉൾപ്പെടെ, മറ്റ് സ്റ്റുഡിയോകൾക്കായി അവൾ അവതരിപ്പിച്ച വേഷങ്ങൾ എം‌ജി‌എം അവൾക്ക് നൽകിയതിനേക്കാൾ കൂടുതൽ ശക്തമായ കഥാപാത്രങ്ങളായിരുന്നു. ജോയൽ മക്‌ക്രിയയ്‌ക്കൊപ്പം ആൽഫ്രഡ് ഹിച്ച്‌കോക്കിന്റ‍ ത്രില്ലറായ ഫോറിൻ കറസ്‌പോണ്ടന്റ് (1940), റോബർട്ട് മിച്ചം, ബ്രയാൻ അഹെർനെ, ജീൻ റെയ്മണ്ട് എന്നിവരോടൊപ്പം സൈക്കോളജിക്കൽ മിസ്റ്ററി ദി ലോക്കറ്റ് (1946) എന്നിവയിലും അവർ അഭിനയിച്ചു. 1941-ൽ ഹോളിവുഡിലെ ഒന്നാം നമ്പർ "ഭാവി താരം" ആയി  അവർ തെരഞ്ഞെടുക്കപ്പെട്ടു. അതേ വർഷംതന്നെ, ഏഞ്ചൽ സ്ട്രീറ്റ് എന്ന നാടകത്തിന്റ ദേശീയ തിയറ്റർ പര്യടനത്തിൽ ഗ്രിഗറി പെക്കിന്റെ നായികയായി അവർ നാടകരംഗത്തും അരങ്ങേറ്റം കുറിച്ചു. 1946 മെയ് മാസത്തിൽ MGM- സ്റ്റുഡിയോയുമായുള്ള കരാറിൽനിന്ന് സ്വയം വിടുതൽ നേടിയ അവർ ആ വർഷം ഡിസംബറിൽ RKO യുമായി ഒരു കരാർ ഒപ്പിട്ടു. ഒരു സിനിമയ്ക്ക് $100,000 പ്രതിഫലമെന്ന നിലയിൽ അഞ്ച് വർഷക്കാലയളവിൽ വർഷത്തിൽ ഒരു സിനിമ ചെയ്യുമെന്ന് അവർ കരാറിൽ പറഞ്ഞിരുന്നു. സിനിമാ ജീവിതത്തിലുടനീളം, ലാന ടേണർ, കാരി ഗ്രാന്റ്, ജോൺ വെയ്ൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ചലച്ചിത്ര താരങ്ങൾക്കൊപ്പം അവർ ജോടിയായി അഭിനയിച്ചിരുന്നു. 1940-കളിൽ, ലക്സ് റേഡിയോ തിയേറ്ററിലും ദി സ്‌ക്രീൻ ഗിൽഡ് തിയറ്ററിലും അവർ റേഡിയോയിൽ അതിഥി വേഷങ്ങൾ ചെയ്തു.

1951 മെയ് മാസത്തിൽ, ഡേഡ്രീമിംഗ് വിത്ത് ലാറൈൻ, ദി ലാറൈൻ ഡേ ഷോ എന്നീ പേരുകളിൽ മാറിമാറി അവർ ഒരു ടെലിവിഷൻ ഷോ അവതരിപ്പിക്കാൻ തുടങ്ങി. 1952 മെയ് മാസത്തിൽ WMGM  എന്ന ന്യൂയോർക്ക് റേഡിയോ സ്റ്റേഷനുമായി അർദ്ധരാത്രി മുതൽ പുലർച്ചെ 3 വരെയുള്ളതും രാഷ്ട്രീയം, ഷോ ബിസിനസ്സ്, കായികം എന്നിവയുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ അവതരിപ്പിക്കുന്നതുമായ ഒരു അഭിമുഖ പരമ്പരയിൽ അവൾ ഒപ്പുവച്ചു. ലോസ്റ്റ് ഹൊറൈസൺ, 1973-ലെ ദി വിമന്റെ പുനരുജ്ജീവനം, ദി ടൈം ഓഫ് ദി കുക്കൂവിന്റെ പുനരുജ്ജീവനം എന്നീ നാടകങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു.

സ്വകാര്യജീവിതം

തിരുത്തുക

ലാറൈൻ ഡേയുടെ ആദ്യ വിവാഹം 1942 മെയ് 16-ന് സാന്താ മോണിക്ക വിമാനത്താവളത്തിലെ ഒരു ഡാൻസ് ബാൻഡ് ഗായകനും പിന്നീട് എയർപോർട്ട് എക്‌സിക്യൂട്ടീവുമായിത്തീർന്ന ജെയിംസ് റേ ഹെൻഡ്രിക്സുമായി ആയിരുന്നു. ദമ്പതികൾ ക്രിസ്റ്റഫർ, ആഞ്ചല, മിഷേൽ എന്നിങ്ങനെ  മൂന്ന് കുട്ടികളെ ദത്തെടുത്തിരുന്നു. 1946 ഡിസംബറിൽ ഡേ ഹെൻഡ്രിക്സിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷിച്ചു. 1947 ജനുവരി 20-ന് ഹെൻഡ്രിക്സിൽ നിന്ന് ഇടക്കാല വിവാഹമോചനം ലഭിച്ച ഡേയ്ക്ക് പുനർവിവാഹത്തിനായി ഒരു വർഷംകൂടി കാത്തിരിക്കേണ്ടി വന്നു.

1947 ജനുവരി 21-ന്, ഡേ മെക്സിക്കോയിലെ ജുവാരസിലേക്ക് പോകുകയും അവിടെവച്ച് അവൾക്ക് രണ്ടാമത്തെ വിവാഹമോചന ഉത്തരവ് ലഭിക്കുകയും ചെയ്തു. ആ ദിവസത്തിനുശേഷം, അവൾ ടെക്സസിലെ എൽ പാസോയിലേക്ക് യാത്ര ചെയ്യുകയും, അവിടെവച്ച് ബേസ്ബോൾ മാനേജർ ലിയോ ഡ്യൂറോച്ചറിനെ വിവാഹം കഴിക്കുകയും ചെയ്തു. കാലിഫോർണിയയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഹെൻഡ്രിക്‌സിൽ നിന്ന് ഇടക്കാല വിവാഹമോചനം അനുവദിച്ച ജഡ്ജി, അവൾക്ക് ലഭിച്ച മെക്‌സിക്കൻ വിവാഹമോചനം നിയമപരമല്ലെന്നും, വിവാഹമോചനത്തിന് അന്തിമ തീർപ്പാകുവാൻ ഒരു വർഷക്കാലം കാത്തിരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, അവളുടെ ടെക്‌സസ് വിവാഹവും നിയമവിരുദ്ധമായി കണക്കാക്കി. ഏകദേശം ഒരു വർഷത്തിലധികം കാലത്തെ കാത്തിരിപ്പിന് ശേഷം, ഡേയും ഡ്യൂറോച്ചറും 1948 ഫെബ്രുവരി 16-ന് കാലിഫോർണിയയിലെ സാന്താ മോണിക്കയിൽ വെച്ച് പുനർവിവാഹം കഴിച്ചു. ദമ്പതികൾ ന്യൂയോർക്കിലേക്ക് താമസം മാറിയതിന് ശേഷം, ബേസ് ബോളിനെക്കുറിച്ച് മനസ്സിലാക്കാൻ തനിക്ക് കഴിയാവുന്നത്ര എല്ലാ പുസ്തകങ്ങളും ഡേ വായിച്ചു. ബേസ്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ ന്യൂയോർക്ക് ചാപ്റ്റർ 1951-ലെ വാർഷിക അത്താഴവിരുന്നിൽ ആദരിച്ച ആദ്യത്തെ വനിതയായി അവർ മാറി. ഡ്യൂറോച്ചറുമായുള്ള വിവാഹസമയത്ത്, ഡേയെ പലപ്പോഴും "ബേസ്ബോളിന്റെ പ്രഥമ വനിത" എന്ന് വിളിച്ചിരുന്നു. ഡ്യൂറോച്ചർ ന്യൂയോർക്ക് ജയന്റ്സിനെ നിയന്ത്രിക്കുന്ന സമയത്ത്, അവൾ ഡേ വിത്ത് ദി ജയന്റ്സ് (1952) എന്ന പുസ്തകം എഴുതി. ന്യൂയോർക്ക് ജയന്റ്സിൻറെ സ്വദേശ മത്സരങ്ങൾക്ക് മുമ്പ് സംപ്രേക്ഷണം ചെയ്യപ്പെട്ട 15 മിനിറ്റ് നീണ്ട ടെലിവിഷൻ അഭിമുഖ പരിപാടിയായ ഡേ വിത്ത് ദി ജയന്റ്സിന്റെ അവതാരകയും അവൾ ആയിരുന്നു. ഡേയും ഡ്യൂറോച്ചറും 1960 ജൂണിൽ വിവാഹമോചനം നേടി. ദ അമേരിക്ക വി ലവ് (1972) ആയിരുന്നു അവൾ എഴുതിയ മറ്റൊരു പുസ്തകം.

1961 മാർച്ച് 7-ന്, ഡേ ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവ് മൈക്കൽ ഗ്രിലിക്കസിനെ വിവാഹം കഴിച്ചു. അവർക്ക് ഡാന ലാറൈൻ (ജനനം,നവംബർ 13, 1962), ജിജി (ജനനം, ഒക്ടോബർ 6, 1964) എന്നീ രണ്ട് പെൺമക്കളുണ്ട്.

  1. Harmetz, Aljean (November 13, 2007). "Actress Laraine Day dies in Utah at 87". Deseret News Publishing Company. Deseret News. Archived from the original on 2018-06-14. Retrieved 3 May 2018.
  2. Capace, Nancy (2001). Encyclopedia of Utah. St. Clair Shores, MI: Somerset Publishers, Inc. pp. 180–182. ISBN 9780403096091.
  3. Oliver, Myrna (November 12, 2007). "Laraine Day, 87; 'Dr. Kildare' film actress had love of baseball". Los Angeles Times. Retrieved April 16, 2013.
  4. "Laraine Day". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2007-11-13. Retrieved 2018-05-02.
  5. Grobaty, Tim (2012). Location Filming in Long Beach. Charleston, SC: The History Press. ISBN 9781614237761. Retrieved 3 May 2018.
  6. Bergan, Ronald (November 12, 2007). "Laraine Day". Guardian News and Media. The Guardian. Retrieved 3 May 2018.
  7. Capace, Nancy (2001). Encyclopedia of Utah. St. Clair Shores, MI: Somerset Publishers, Inc. pp. 180–182. ISBN 9780403096091.
  8. Grobaty, Tim (2012). Location Filming in Long Beach. Charleston, SC: The History Press. ISBN 9781614237761. Retrieved 3 May 2018.
"https://ml.wikipedia.org/w/index.php?title=ലാറൈൻ_ഡേ&oldid=4135092" എന്ന താളിൽനിന്ന് ശേഖരിച്ചത്