ലംബാടി

(ലമ്പാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഒരു ഗോത്രവർഗ്ഗമാണ് ലംബാടി‍ അഥവാ ബഞ്ചാര‍. മറ്റു സംസ്ഥാനങ്ങളിലും പരന്നു കിടക്കുന്ന ഇവർ ലംബാടി,സുഗാലി, ഗോർ എന്നിങ്ങനെ വിവിധപേരുകളിലാണ് വിവിധയിടങ്ങളിൽ അറിയപ്പെടുന്നത്. ലംബാടി എന്ന് ആന്ധ്രാപ്രദേശിൽ അറിയപ്പെടുന്ന ഇവരെ തെലുങ്കാന പ്രദേശത്താണ്‌ കൂടുതലായും കണ്ടുവരുന്നത്[1]. തണ്ട എന്നറിയപ്പെടുന്ന കൂട്ടങ്ങളായാണ്‌ ഇവർ ജീവിക്കുന്നത്[2]. കൃഷി, കന്നുകാലിവളർത്തൽ എന്നിവയാണ്‌ കൂടുതൽ പേരുടേയും ഉപജീവനമാർഗ്ഗങ്ങൾ. ‌

ലംബാടി സ്ത്രീയും പുരുഷനും

ഡെക്കാൻ പ്രദേശത്ത് ബഞ്ചാരകളുടെ സാന്നിധ്യം ആരംഭിച്ചിട്ട് ഏകദേശം മുന്നൂറോളം വർഷങ്ങളായി[3]. ഒറ്റപ്പെട്ട ജീവിതം മൂലം ഇക്കൂട്ടരിൽ മിക്കവരും വിദ്യഭ്യാസസമ്പന്നരല്ലെന്നു മാത്രമല്ല ദരിദ്രരുമാണ്‌. പ്രദേശത്തെ മറ്റു വർഗ്ഗക്കാരുമായി താരതമ്യം ചെയ്താൽ ലംബാടികൾ ഉയരമുള്ളവരും വെളുത്തവരും വളഞ്ഞ മൂക്കുള്ളവരുമാണ്‌. റോമ ജിപ്സികളുമായി ബന്ധമുള്ള ഈ ഗോത്രവർഗ്ഗത്തിന്റെ ഉൽഭവം രാജസ്ഥാനിലാണ്‌. ലംബാടി സ്ത്രീകളുടെ പരമ്പരാഗതനൃത്തമായ ലംബാടയിൽ ഉപയോഗിക്കുന്ന വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഈ രാജസ്ഥാൻ ബന്ധത്തെ വിളിച്ചറിയിക്കുന്നു. ഇന്തോ-യുറോപ്യൻ ഗണത്തില്പ്പെടുന്ന ലംബാടി ഭാഷ സംസാരിക്കുന്ന ഏകദേശം 2,867,000 പേരാണ്‌ ഈ സമൂഹത്തിലുള്ളത്. [4] നാടോടികളായിരുന്ന ഇവരുടെ പുതിയതലമുറയിലുള്ളവർ ജോലി ചെയ്ത് ഒരിടത്ത് സ്ഥിരതാമസമാക്കുന്നുണ്ട്[3].

ചരിത്രം

തിരുത്തുക
 
ലംബാടികളുടെ കാളവണ്ടികൾ

വണിക്കുകളായ നാടോടികളായിരുന്നു‌ ബഞ്ചാരകൾ. ഇവരുടെ കൂട്ടത്തെ തണ്ട (tanda) എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ധാന്യങ്ങളും മറ്റും കാളപ്പുറത്തേറ്റി ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലെത്തിച്ച് വിൽക്കുക എന്നതായിരുന്നു ഇവരുടെ തൊഴിൽ.

നഗരങ്ങളിലെ ചന്തകളിലേക്ക് ധാന്യങ്ങൾ എത്തിക്കുന്നതിന്‌ ദില്ലി സുൽത്താൻ അലാവുദ്ദീൻ ഖിൽജി ബഞ്ചാരകളെ ഉപയോഗപ്പെടുത്തിയിരുന്നു. ബഞ്ചാരകളെക്കുറിച്ച് മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകളിലും വിശദീകരിച്ചിട്ടുണ്ട്.

യുദ്ധകാലത്ത് മുഗൾ സൈന്യത്തിനു വേണ്ടിയുള്ള ഭക്ഷ്യധാന്യങ്ങൾ ബഞ്ചാരകളാണ്‌ യുദ്ധഭൂമിയിലെത്തിച്ചിരുന്നത്. ഒരു ലക്ഷത്തോളം കാളകൾ അടങ്ങിയ തണ്ടയായാണ്‌ വൻ സൈന്യത്തിന്‌ ഭക്ഷ്യസാധങ്ങൾ എത്തിച്ചിരുന്നത്.

ഒരിടത്തും സ്ഥിരതാമസമാക്കാത്ത ബഞ്ചാരകൾ സകുടുംബമാണ്‌ ഈ കച്ചവടയാത്രകൾ നടത്തിയിരുന്നത്. എഴുനൂറോളം കുടുംബങ്ങൾ വരെ ഒരു തണ്ടയിൽ ഉണ്ടായിരുന്നു. ദിവസേന ആറോ ഏഴോ മൈൽ ദൂരം മാത്രമേ ഇവർ സഞ്ചരിച്ചിരുന്നുള്ളൂ.

വിലക്കുറവുള്ളയിടങ്ങലീൽ നിന്ന് ധാന്യങ്ങൾ വാങ്ങുകയും മറ്റൊരിടത്തു കൊണ്ടുപോയി കൂടിയ വിലക്ക് വിൽക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം അവിടെനിന്നും വിലക്കുറവിൽ ലഭ്യമാകുന്ന മറ്റെന്തെങ്കിലും വാങ്ങി മറ്റൊരിടത്തേക്ക് നീങ്ങുന്നു[2].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-09-13. Retrieved 2007-10-06.
  2. 2.0 2.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 7 - Tribes, Nomads and Settled Communities, Page 95, ISBN 817450724
  3. 3.0 3.1 http://www.indiaprofile.com/lifestyle/banjaras.htm
  4. http://www.ethnologue.com/show_language.asp?code=lmn

ഇതും കാണുക

തിരുത്തുക

ഗടബകൾ

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലംബാടി&oldid=4082009" എന്ന താളിൽനിന്ന് ശേഖരിച്ചത്